വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ്‌ പരിശീലകനായി ചുമതലയേറ്റെടുത്ത ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം യൂസഫ് അൻസാരിയെക്കുറിച്ചു മനസിലാക്കാം.

പുതുതലമുറ അറിയാതെ പോകുന്ന ഇതിഹാസ താരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യൻ ഫുട്ബോളിലെ ഈ ഇതിഹാസ ഗോൾകീപ്പറിന്റെ പേരും ഉണ്ടാകാം.

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ്‌ പരിശീലകനായി ചുമതലയേറ്റെടുത്ത ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം യൂസഫ് അൻസാരിയെക്കുറിച്ചു മനസിലാക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ പരിശീലക ചുമതലയിൽ നിന്നാണ് അദ്ദേഹം സീനിയർ ടീമിന്റെ ഗോൾകീപ്പിങ് പരിശീലക ചുമതലയിൽ എത്തുന്നത്.

മുഹമ്മദ്‌ യൂസുഫ് അൻസാരി

56 വയസ്സ് പ്രായം.

7 വർഷത്തോളം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഗോൾകീപ്പർ.

സെൻട്രൽ മുംബൈയിലെ മൻഡാൻപുര എന്ന പരിമിതമായ സൗകര്യങ്ങൾ ഉള്ള സ്ഥലത്തു നിന്നും ഉയർന്നു വന്നു ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ പ്രതിഭാശാലിയായ ഗോൾകീപ്പർ ആയിരുന്നു യുസഫ് അൻസാരി.ഇന്ത്യൻ റെയിൽവേർസിന്റെ താരവും പരിശീലകനുമായിരുന്നു യൂസഫ് അൻസാരിയുടെ പിതാവ്.അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതൽ ഫുട്ബോൾ യൂസഫ് അൻസാരിക്കു ഒരു അഭിനിവേശമായി മാറി.

മൻഡാൻപുര മുനിസിപ്പൽ സ്കൂളിലെ കളിമൺ ഗ്രൗണ്ടിൽ തൊട്ടടുത്ത ബസാറിൽ നിന്നും വാങ്ങിയ വില കുറഞ്ഞ ഷൂസുകളുമായി കളിക്കാനിറങ്ങി പിന്നീട് മൻഡാൻപുരയുടെ അഭിമാനമായി മാറിയ ഇതിഹാസ താരമാണ് യൂസഫ് അൻസാരി.

1992-ൽ എയർ ഇന്ത്യ ഫുട്ബോൾ ക്ലബ്ബിലൂടെയായിരുന്നു യൂസഫ് അൻസാരിയുടെ ക്ലബ്‌ കരിയർ ആരംഭിക്കുന്നത്.തുടർന്നു നാഷണൽസിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനു വേണ്ടിയും അൻസാരി ഗ്ലൗവ് അണിഞ്ഞു.

1990 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾകീപ്പർ കുപ്പായത്തിൽ നിരവധി മത്സരങ്ങൾ യുസഫ് അൻസാരി കളിച്ചു.

ഇന്ത്യൻ ദേശീയ ടീമിനായി ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും 1993 ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിലുമെല്ലാം അദ്ദേഹം ഗോൾവല കാത്തു.

1993-ൽ ലെബനനിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ചെന്നൈയിൽ നടന്ന ജവഹർലാൽ നെഹ്‌റു ഗോൾഡ് കപ്പ്, സൗത്ത് കൊറിയക്കെതിരെ നടന്ന രണ്ടാം പാദ ലോകകപ്പ് യോഗ്യതാ മത്സരം, 1993-ൽ പാകിസ്ഥാനിൽ നടന്ന SAARC കപ്പ്‌ ഗോൾഡ് മെഡൽ, ധാക്കയിൽ നടന്ന സാഫ് ഗെയിംസ് വെള്ളി മെഡൽ, 1994-ൽ നടന്ന ഇന്ത്യ -നോർവേ സൗഹൃദ മത്സരം,1995-ൽ കൊൽക്കത്തയിൽ നടന്ന ഗോൾഡ് കപ്പ്‌ മെഡൽ ,1995-ൽ കൊളംബോയിൽ നടന്ന SAARC കപ്പ്‌ വെള്ളി മെഡൽ, 1997-ൽ ചെന്നൈയിൽ നടന്ന SAARC കപ്പ്‌ ഗോൾഡ് മെഡൽ, 1997-ൽ ഗോവയിൽ നടന്ന ഇന്ത്യ- പോർച്ചുഗൽ സൗഹൃദ മത്സരം, 1997-ൽ മലേഷ്യയിൽ നടന്ന ഏഷ്യ കപ്പ് തുടങ്ങിയ നേട്ടങ്ങൾ യൂസഫ് അൻസാരി എന്ന ഇതിഹാസ ഗോൾകീപ്പറുടെ കരിയറിലെ പൊൻതൂവലുകൾ ആണ്.

അന്താരാഷ്ട്ര തലത്തിൽ പലസ്തിനിൽ നടന്ന എ എഫ് സി അണ്ടർ -19 ചാമ്പ്യൻഷിപ്പ്, മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് കപ്പിലെ മൂന്നാം സ്ഥാനം, നേപ്പാളിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിലെ റണ്ണേഴ്‌സ് അപ്പ്, മലേഷ്യയിൽ നടന്ന ഫ്രാൻസ് ഇന്റർനാഷണൽ കപ്പ്, നേപ്പാളിൽ നടന്ന ഇന്ത്യൻ അണ്ടർ -14 എ എഫ് സി ഫുട്ബോൾ ഫെസ്റ്റിവൽ കപ്പ്‌ തുടങ്ങിയവ യൂസഫ് അൻസാരിയുടെ നേട്ടങ്ങൾ ആണ്.

1993-ൽ അന്നത്തെ ശക്തരായ ഏഷ്യൻ ടീമുകളിൽ ഒന്നായ സിറിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരമായി അദ്ദേഹം കണക്കാക്കുന്നത്.ആ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്രോസ്സ് ബാറിനു കീഴിൽ യൂസഫ് അൻസാരിയുടെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ക്ലബ്‌ തലത്തിൽ കൊൽക്കത്തയിൽ നടന്ന ഐ ലീഗ് അണ്ടർ -19 ചാമ്പ്യൻഷിപ്പ്, ഐഎഫ്എ ഷീൽഡ് റണ്ണേഴ്‌സ് അപ്പ്, പൂനെയിൽ നടന്ന ഐ ലീഗ് അണ്ടർ -19 ചാമ്പ്യൻഷിപ്പ്, ജംഷെദ്‌പൂരിൽ നടന്ന ഐ ലീഗ് അണ്ടർ -19 ചാമ്പ്യൻഷിപ്പ്, ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷൻ കപ്പ്, സി എഫ് എ വിന്നേഴ്സ് കപ്പ് തുടങ്ങിയവയും ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ ആണ്.

ഗോൾകീപ്പർ എന്ന നിലയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ച എയർ ഇന്ത്യയിൽ തന്നെ യുസുഫ് അൻസാരി പിന്നീട് പരിശീലകനായി തിരിച്ചെത്തി.ടീമിന്റെ മുഖ്യ പരിശീലകൻ ആയും ഗോൾകീപ്പിങ് പരിശീലകനായും അദ്ദേഹം ചുമതലകൾ വഹിച്ചു.

നീണ്ട കാലം മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിന്റെ പരിശീലകൻ ആയിരുന്ന യൂസഫ് കഴിഞ്ഞ വർഷവും മഹാരാഷ്ട്ര സന്തോഷ്‌ ട്രോഫി ടീമിന്റെ മുഖ്യ പരിശീലകൻ ആയിരുന്നു.മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും ഗോൾകീപ്പിങ് പരിശീലകനായും തിളങ്ങിയ യുസുഫ് അൻസാരി ഇന്ത്യൻ ദേശീയ യൂത്ത് ടീമുകളുടെയും ജമ്മു & കശ്മീർ സ്റ്റേറ്റ് അക്കാഡമിയുടെയുമൊക്കെ പരിശീലക ചുമതലകൾ വഹിച്ചിട്ടുണ്ട്.

പിന്നീട് ഇന്ത്യൻ ആരോസിന്റെ ഗോൾകീപ്പിങ് പരിശീലകനായി യൂസഫ് അൻസാരി ചുമതലയേറ്റെടുത്തു.

സ്പെയിനിൽ നടന്ന കോട്ടിഫ് കപ്പിൽ ഇന്ത്യൻ അണ്ടർ-20 ടീം അർജന്റീനയെ തോല്പിച്ചു ചരിത്രം കുറിച്ചപ്പോൾ ആ ടീമിന്റെ ഗോൾകീപ്പിങ്‌ പരിശീലകനായിരുന്നു യൂസഫ് അൻസാരി.ആ മത്സരത്തിൽ ടീമിന്റെ ഗോൾകീപ്പർ പ്രഭ്ശുഖൻ സിങ് ഗിൽ മിന്നും സേവുകളുമായി ഗോൾവലയ്ക്കു മുന്നിൽ നിറഞ്ഞു നിന്നിരുന്നു.

ഇന്ത്യൻ ആരോസിൽ നിന്നാണ് യൂസഫ് അൻസാരി കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് – യൂത്ത് ടീമുകളുടെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്.

സഹ പരിശീലകൻ, മുഖ്യ പരിശീലകൻ, ഗോൾകീപ്പിങ് പരിശീലകൻ, മെന്റർ അങ്ങനെ ഫുട്ബോളിൽ വിവിധ ചുമതലകളിൽ നിരവധി വർഷത്തെ പരിചയമുള്ള ഇതിഹാസമാണ് യൂസഫ് അൻസാരി.

പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടും ഫുട്ബാളിൽ നൽകിയ സംഭാവനകളെ ആദരിച്ചു കൊണ്ടു എയർ ഇന്ത്യ അദ്ദേഹത്തെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിച്ചു. പരിമിതമായ വിദ്യാഭാസമുള്ള ഏതൊരാൾക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു തസ്തികയിൽ എത്താൻ അദ്ദേഹത്തിനു ഫുട്ബോളിലൂടെ സാധിച്ചു.പുതു തലമുറയ്ക്കുള്ള പാഠം കൂടിയാണ് യൂസഫ് അൻസാരി.

ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ ഈ സീസണിൽ എത്തിയ പ്രഭ്ശുഖൻ സിങ് ഗില്ലും പ്രീ സീസൺ ടീമിൽ ഇടം നേടിയ മുഹീത് ഷബീർ ഖാനും അടക്കമുള്ള യുവ ഗോൾകീപ്പർമാർ യുസഫ് അൻസാരിയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയവർ ആണ്.പ്രഭ്ശുഖൻ സിങ് ഗില്ലിനു ഇന്ത്യൻ ആരോസിൽ യൂസഫ് അൻസാരി തീവ്ര പരിശീലനം തന്നെ നൽകിയിരുന്നു.മുഹീത് ഷബീർ ഖാനെ കശ്മീർ സ്റ്റേറ്റ് അക്കാഡമിയിൽ നിന്നും ഇന്ത്യൻ ആരോസ് ക്യാമ്പിൽ ട്രയൽസിനെത്തിച്ചതും യൂസഫ് തന്നെയായിരുന്നു.

ഗോൾകീപ്പർ പരിശീലകൻ എന്ന നിലയിൽ മാത്രം അല്ല മുഖ്യ പരിശീലകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് റിസർവ് ടീമിന്റെ കേരള പ്രീമിയർ ലീഗ് ഫൈനലിലും ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനു തുണയായിട്ടുണ്ട്.

ആൽബിനോ ഗോമസ്, പ്രഭ്ശുഖൻ സിങ് ഗിൽ, ബിലാൽ ഖാൻ, മുഹീത് ഷബീർ ഖാൻ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാർക്കു മികച്ച അവസരമാണ് യൂസഫ് അൻസാരി എന്ന ഇതിഹാസത്തിന്റെ കീഴിലുള്ള പരിശീലനത്തിലൂടെ ലഭിക്കുന്നത്.

സൈഡ് ബെഞ്ചിൽ ഒതുങ്ങിയിരിക്കാതെ യുവ താരങ്ങൾക്ക് കൃത്യമായ ഉപദേശങ്ങൾ നൽകുകയും തെറ്റുകൾ തിരുത്താൻ സഹായിക്കുകയും ചെയ്യുന്ന പരിശീലകൻ ആണ് യൂസഫ് അൻസാരി.പ്രതികൂല സാഹചര്യങ്ങലെ അനുകൂലമാക്കി മാറ്റിയും വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചും തന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന യൂസഫ് അൻസാരി.എന്ന പരിചയസമ്പന്നൻ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.

അദ്ദേഹത്തിന്റെ തുടർന്നുള്ള കരിയറിലും എല്ലാ ഭാവുകങ്ങൾ നേരുന്നു.

Facebook Comments

error: Content is protected !!