ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ ||സ്വാഗതം ബകാരി കോൺ

  • October 21, 2020
  • manjappada
  • Club News
  • 0
  • 1461 Views

ഫ്രഞ്ച് വമ്പൻമാരായ ലിയോണിൽ 5 സീസണുകൾ തകർത്തു കളിച്ച പ്രതിഭാശാലി.

ചാമ്പ്യൻസ് ലീഗ് – യൂറോപ്പ ലീഗ് ഉൾപ്പടെയുള്ള യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മാത്രം 34 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാധനനായ ഫുട്ബോളർ.

വെസ്റ്റേൺ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ്‌ മത്സരങ്ങളും ഉൾപ്പടെ 81 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രതിരോധനിര താരം.

ലാലിഗ, ലിഗ് 1,സൂപ്പർ ലിഗ്,പ്രീമിയർ ലിഗ ഉൾപ്പടെ 316 ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ആഫ്രിക്കൻ ഡിഫെൻഡർ.

2 ഫ്രഞ്ച് കപ്പും ഒരു ഫ്രഞ്ച് സൂപ്പർ കപ്പും നേടിയ അതുല്യ പ്രതിഭ.

സ്വാഗതം ബകാരി കോൺ

പൊസിഷൻ : സെന്റർബാക്ക്

വയസ്സ് : 32

ഉയരം : 6 അടി 2 ഇഞ്ച്

ഏകദേശം 3.5 കോടി രൂപ വില മതിക്കുന്ന ഈ ആഫ്രിക്കൻ താരത്തെ ഒരു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

ബുർകിനോ ഫാസോയുടെ തലസ്ഥാനമായ ഔഗഡൗഗൗയിൽ ആയിരുന്നു ബകാരി കോണിന്റെ ജനനം.

2002-ൽ ബുർകിനേബ് ക്ലബ്ബ് ആയ സിഎഫ്പിടികെ അബിഡ്ജാനിലൂടെയാണ് ബകാരി കോണിന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്.2 സീസണുകൾക്കു ശേഷം ബകാരി തന്റെ പ്രദേശത്തെ ലോക്കൽ ക്ലബ്ബ് ആയ ഇടോയ്ലെ ഫിലാന്റെ എഫ്‌സിയിൽ എത്തി.തൊട്ടടുത്ത സീസണിൽ അതേ ക്ലബ്ബിലൂടെ ബകാരി തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചു.2007 മെയ്‌ 29നായിരുന്നു ബകാരി കോണിന്റെ സീനിയർ തലത്തിലെ അരങ്ങേറ്റം.അവർക്കായി അരങ്ങേറ്റ സീസണിൽ 37 മത്സരങ്ങൾ കളിക്കാനിറങ്ങിയ ബകാരി ഒരു ഗോളും സ്വന്തമാക്കി.

തുടർന്നു 2006 ജൂലൈയിൽ ഫ്രഞ്ച് സെക്കന്റ്‌ ഡിവിഷൻ ലീഗിൽ കളിക്കുന്ന ഗ്വിൻഗാമ്പ് എഫ്‌സിയുടെ റിസർവ് ടീമിൽ ബകാരി എത്തി.ഗ്വിൻഗാമ്പിൽ തുടക്ക മത്സരങ്ങളിൽ തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ബകാരിയിൽ പ്രകടമായിരുന്നു.രണ്ടു സീസണുകളിൽ ആയി 25 മത്സരങ്ങളിൽ ആണ് ബകാരി ഗ്വിൻഗാമ്പ് റിസർവ് ടീമിനായി കളത്തിലിറങ്ങിയത്.റിസർവ് ടീമിലെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് ബകാരിക്കു ഗ്വിൻഗാമ്പ് എഫ്സി അവരുടെ മെയിൻ ടീമിലേക്കു സ്ഥാനക്കയറ്റം നൽകി.2007 മെയ്‌ മാസത്തിൽ ടൂർസ് എഫ്സിക്കെതിരെ ആയിരുന്നു ബകാരിയുടെ ഫ്രഞ്ച് സെക്കന്റ്‌ ഡിവിഷൻ ലീഗ് ആയ ലിഗ് 2വിലെ അരങ്ങേറ്റം.

ഗ്വിൻഗാമ്പ് എഫ്‌സിക്കായി തകർത്തു കളിച്ച ബകാരി അവർക്കായി ഫ്രഞ്ച് സെക്കന്റ്‌ ഡിവിഷൻ ലീഗിൽ 92 മത്സരങ്ങളിൽ ടീം സ്‌ക്വാഡിൽ ഉൾപ്പെടുകയും അതിൽ 71 മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങുകയും ചെയ്തു.അവർക്കായി ഫ്രഞ്ച് തേർഡ് ഡിവിഷൻ ചാമ്പ്യൻഷിപ്പിലും 23 മത്സരങ്ങൾ അദ്ദേഹം കളിച്ചു.

2008-2009 സീസണിൽ ഗ്വിൻഗാമ്പ് റെന്നസിനെ തോല്പിച്ചു ഫ്രഞ്ച് കപ്പ് നേടിയപ്പോൾ അതിൽ നിർണ്ണായക പങ്കുവഹിക്കാൻ ബകാരിക്കു കഴിഞ്ഞു.

5 സീസണുകളിൽ ആയി യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ,ഫ്രഞ്ച് സെക്കന്റ്‌ ഡിവിഷൻ ലീഗ്, കോപ്പ ഫ്രാൻസ്, കോപ്പ ലാ ലിഗ്, സൂപ്പർ കപ്പ് മത്സരങ്ങൾ ഉൾപ്പടെ 117 മത്സരങ്ങൾ ആണ് ബകാരി ഗ്വിൻഗാമ്പ് എഫ്‌സിക്കായി കളത്തിലിറങ്ങിയത്.5 ഗോളുകൾ നേടുകയും ചെയ്തു.ഫ്രഞ്ച് സെക്കന്റ്‌ ഡിവിഷൻ ലീഗിൽ മാത്രം ഗ്വിൻഗാമ്പ് എഫ്‌സിക്കായി 76 മത്സരങ്ങളിൽ ബകാരി ബൂട്ടണിഞ്ഞു.

5 വർഷവും 32 ദിവസങ്ങളുമാണ് ബകാരി ഗ്വിൻഗാമ്പ് കരിയറിൽ ചിലവഴിച്ചത്.

ഗ്വിൻഗാമ്പ് എഫ്‌സിയിലെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2011-ൽ ബകാരിയെ ഫ്രഞ്ച് ടോപ് ഡിവിഷൻ ക്ലബ്ബ് ആയ ലിയോൺ സ്വന്തമാക്കി.ലിയോൺ പരിശീലകൻ റെമി ഗാർഡെ ആ സീസണിൽ ആദ്യം ടീമിൽ എത്തിച്ച താരം ആയിരുന്നു ബകാരി കോൺ.3.8 മില്യൺ യൂറോ മുടക്കി 5 വർഷത്തെ കരാറിൽ ആയിരുന്നു ബകാരിയെ ലിയോൺ ടീമിൽ എത്തിച്ചത്.ആദ്യം ലിയോണിന്റെ റിസർവ് ടീമിൽ ആയിരുന്നു ബകാരിയെ ഉൾപ്പെടുത്തിയിരുന്നത്.എന്നാൽ റിസർവ് ടീമിലെ മിന്നും പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു തന്നെ ബകാരി ലിയോൺ സീനിയർ ടീമിൽ ഇടം നേടി.2011 ഓഗസ്റ്റിൽ എസി അജാസ്സിയോക്കെതിരെയായിരുന്നു ബകാരിയുടെ ഫ്രഞ്ച് ടോപ് ഡിവിഷൻ ലീഗ് ആയ ലിഗ് 1ലെ അരങ്ങേറ്റം.തുടർന്നു ലിയോണിനായി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ കളിക്കാനിറങ്ങിയ ബകാരി 2 മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കുകയും റുബിൻ കാസൻ എഫ്‌സിക്കെതിരെ ഗോൾ നേടി ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് പ്രവേശനത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.തുടർന്നു 2011 ഓഗസ്റ്റ് 14നു ഡച്ച് വമ്പൻമാരായ അയാക്സിനെതിരായ എവേ മത്സരത്തിൽ ബകാരി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ചു.തൊട്ടടുത്ത മത്സരത്തിൽ ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സഗ്റബിനെതിരായ മത്സരത്തിൽ ആയിരുന്നു ബകാരിയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ.

ലിയോണിനായി ചാമ്പ്യൻസ് ലീഗിൽ മാത്രം 9 മത്സരങ്ങളിൽ സ്‌ക്വാഡിൽ ഇടം നേടിയ ബകാരി 6 മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങുകയും ചെയ്തു.റയൽ മാഡ്രിഡ്‌, അയാക്സ്,ഡൈനാമോ സഗ്റബ് തുടങ്ങിയ വമ്പന്മാർക്കെതിരെ ചാമ്പ്യൻസ് ലീഗിൽ കളിക്കാനും ലിയോണിൽ ബകാരിക്കു കഴിഞ്ഞു.

ശേഷം യൂറോപ്പ ലീഗിലും ലിയോണിനായി ബകാരി കളിച്ചു.2012 ഓഗസ്റ്റിൽ ചെക്ക് റിപ്പബ്ലിക്കൻ ക്ലബ്ബ് ആയ സ്പാർട്ട പ്രാഹക്കെതിരെയായിരുന്നു ബകാരിയുടെ യൂറോപ്പ ലീഗ് അരങ്ങേറ്റം.യൂറോപ്പ ലീഗിൽ ലിയോണിനായി 21 തവണ സ്‌ക്വാഡിൽ ഉൾപ്പെട്ട ബകാരി 18 മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങി.അതിൽ 15 മത്സരങ്ങളിലും ടീമിന്റെ ആദ്യ ഇലവനിൽ ബകാരി കളിക്കാനിറങ്ങി.

യുവന്റസ്, റയൽ ബെറ്റിസ്‌ തുടങ്ങിയ പ്രമുഖ ടീമുകൾക്കെതിരെ യൂറോപ്പ ലീഗിൽ കളിക്കാനും ബകാരിക്കു സാധിച്ചു.

2011-2012 സീസണിൽ ലിയോണിനു ഫ്രഞ്ച് കപ്പ്‌ നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് ബകാരി കോൺ.2011-2012 സീസൺ ബകാരിയുടെ കരിയറിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

2012 സീസണിനു ശേഷം ബകാരിയെ ടീമിൽ എത്തിക്കാൻ ഇംഗ്ലീഷ് ക്ലബുകൾ ആയ ന്യൂകാസിൽ യുണൈറ്റഡും കാർഡിഫ് സിറ്റിയും ശ്രമിച്ചിരുന്നു.

2012-2013 സീസണിൽ ലിയോണിനു ഒപ്പം ഫ്രഞ്ച് സൂപ്പർ കപ്പ് നേടാനും ബകാരിക്കു കഴിഞ്ഞു.

2014-2015 സീസണിലും 2015-2016 സീസണിലും ലിയോണിനു ഫ്രഞ്ച് ലീഗിൽ റണ്ണേഴ്‌സ് അപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും ബകാരി പ്രധാന പങ്കുവഹിച്ചു.

കോപ്പ ഫ്രാൻസ്, കോപ്പ ലാ ലിഗ് മത്സരങ്ങൾ ഉൾപ്പടെ ഫ്രഞ്ച് ലിഗ് 1 ക്ലബ്ബ് ആയ ലിയോണിനു വേണ്ടി 5 സീസണുകളിൽ ആയി 141 മത്സരങ്ങൾ ആണ് ബകാരി കളിച്ചത്.8 ഗോളുകളും 1 അസിസ്റ്റും സ്വന്തം പേരിൽ കുറിക്കാനും ലിയോണിൽ ബകാരിക്കു കഴിഞ്ഞു.

2015-2016 സീസണിനു ശേഷം ടർക്കിഷ് വമ്പൻമാരായ ബെസിക്താസ് ഉൾപ്പടെയുള്ള ക്ലബുകൾ ബകാരിയെ സ്വന്തമാക്കാനായി രംഗത്തു വന്നു.ലെസ്റ്റർ സിറ്റിയും ബകാരിയെ ലക്ഷ്യമിട്ടിരുന്നു.ഇംഗ്ലീഷ് ക്ലബ്ബ് ഫുൾഹാം ബകാരിയുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിൽ എത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ പിന്മാറുകയായിരുന്നു.

എന്നാൽ മറ്റു ക്ലബുകളെ മറികടന്നു 2016 ജൂണിൽ സ്പാനിഷ് ലാലിഗ ക്ലബ്ബ് ആയ മലാഗ ബകാരിയുമായി കരാറിൽ എത്തി.3 വർഷത്തേക്കായിരുന്നു കരാർ.എന്നാൽ ബകാരിക്കു മലാഗയിലെ നാളുകൾ അത്ര സുഖകരമായിരുന്നില്ല. ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബകാരി കോണിനു 18 മത്സരങ്ങൾ ആണ് ലാലിഗയിൽ പരിക്കു മൂലം നഷ്ടപ്പെട്ടത്.7 മത്സരങ്ങളിൽ മാത്രം ആണ് ആ സീസണിൽ ബകാരി മലാഗക്കായി ലാലിഗയിൽ കളിക്കാനിറങ്ങിയത്.ഒരു മത്സരത്തിൽ ഒഴികെ ബാക്കി മത്സരങ്ങളിൽ എല്ലാം 90 മിനിട്ടും കളിക്കാൻ മലാഗയിൽ ബകാരിക്കു കഴിഞ്ഞു.കോപ്പ ഡെൽ റെയ് മത്സരങ്ങൾക്കുള്ള മലാഗ സ്‌ക്വാഡിലും ബകാരിയെ ഉൾപ്പെടുത്തിയിരുന്നു എങ്കിലും അദ്ദേഹത്തിനു കളിക്കാൻ കഴിഞ്ഞില്ല.

ആ സീസൺ അവസാനം മലാഗ ലാലിഗയിൽ നിന്നും തരംതാഴ്ത്തപ്പെട്ടു.

ശേഷം ബകാരിക്കായി ഇംഗ്ലീഷ് ക്ലബ്ബ് ബോൾട്ടൻ വാൻഡറേർസിന്റെ പരിശീലകൻ ഫിൽ പാർക്കിൻസൻ രംഗത്തു വന്നു.മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്ലബുകളും ബകാരിക്കായി രംഗത്തുണ്ടായിരുന്നു.

എന്നാൽ മലാഗ പരിശീലകൻ മൈക്കലിന്റെ ദീർഘകാല പദ്ധതികളിൽ ബകാരി ഉൾപ്പെടാത്തതിനാൽ അദ്ദേഹത്തെ ഫ്രഞ്ച് ക്ലബ്ബ് ആയ സ്ട്രാസ്ബൗർഗിൽ ലോണിൽ അയക്കാൻ മലാഗ എഫ്‌സി തീരുമാനിച്ചു.ഒരു സീസണിലേക്കുള്ള ലോൺ ഡീലിൽ ബകാരിയെ സ്ട്രാസ്ബൗർഗിന് ലോൺ കാലാവധി കഴിഞ്ഞാൽ സ്ഥിരം കരാറിൽ സ്വന്തമാക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു.

അങ്ങനെ 2017 ഓഗസ്റ്റിൽ ഒരു സീസണിലേക്ക് മാത്രമായുള്ള ലോൺ ഡീലിൽ ബകാരി ഫ്രഞ്ച് ടോപ് ഡിവിഷൻ ക്ലബ്ബ് ആയ സ്ട്രാസ്ബൗർഗിൽ എത്തി.

2017-2018 സീസണിൽ 27 ലിഗ് 1 മത്സരങ്ങളിൽ ആണ് ബകാരി സ്ട്രാസ്ബൗർഗിനായി കളത്തിലിറങ്ങിയത്.2 ഗോളുകളും സ്വന്തമാക്കിയ ബകാരി 2 മത്സരങ്ങളിൽ ഒഴികെ മുഴുവൻ മത്സരങ്ങളിലും 90 മിനിട്ടും കളത്തിലുണ്ടായിരുന്നു.3 കോപ്പ ഫ്രാൻസ് മത്സരങ്ങളിലും 2 കോപ്പ ലാ ലിഗ് മത്സരങ്ങളിലും ക്ലബ്ബിനായി ആ സീസണിൽ ബകാരി ബൂട്ടണിഞ്ഞു.

ആ സീസണിൽ ലോൺ ഡീലിൽ സ്ട്രാസ്ബൗർഗിൽ എത്തിയ ബകാരി അവർക്കായി മിന്നും ഫോമിൽ കളിച്ചു.ആ സീസണിൽ മൊത്തം 33 മത്സരങ്ങളിൽ ആണ് ബകാരി സ്ട്രാസ്ബൗർഗിനായി കളിക്കാനിറങ്ങിയത്.2 ഗോളുകളും ആ സീസണിൽ ബകാരി സ്വന്തമാക്കി.തുടർന്നു 2018 ജൂലൈയിൽ ക്ലബുമായുള്ള കരാർ ബകാരി റദ്ദാക്കി.

തുടർന്നു 2018-2019 സീസണിൽ ടർക്കിഷ് ടോപ് ഡിവിഷൻ ക്ലബ്ബ് ആയ എംകെഇ അൻകാറഗുചുവിൽ ബകാരി എത്തി. ടർക്കിഷ് ടോപ് ഡിവിഷൻ ലീഗിലേക്കു പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ക്ലബ്ബ് ആയിരുന്നു എംകെഇ അൻകാറഗുചു.ആ സമയത്തു മറ്റു ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ ബകാരിക്കു ഉണ്ടായിരുന്നു. എന്നാൽ ടർക്കിഷ് ക്ലബ്ബിന്റെ പ്രോജെക്ടിൽ അകൃഷ്‌ടനായ ബകാരി ആ ക്ലബ്‌ തിരഞ്ഞെടുക്കുകയായിരുന്നു.പുതുക്കാൻ കഴിയുന്ന വ്യവസ്ഥകൾ അടങ്ങിയ 2 വർഷത്തെ കരാർ ആയിരുന്നു ബകാരിക്കു അൻകാറഗുചു നൽകിയത്.

ആ സീസണിൽ 14 സൂപ്പർ ലിഗ് മത്സരങ്ങളിൽ ബകാരി അൻകാറഗുചുവിനായി ബൂട്ടണിഞ്ഞു.ഭൂരിഭാഗം മത്സരങ്ങളിലും 90 മിനിട്ടും ബകാരി കളത്തിലുണ്ടായിരുന്നു.അവർക്കായി ആ സീസണിൽ 2 കപ്പ് കോമ്പറ്റിഷൻ മത്സരങ്ങൾ ഉൾപ്പടെ 16 മത്സരങ്ങൾ ബകാരി കളിച്ചു.

തുടർന്നു 2019-ൽ ടർക്കിഷ് ക്ലബുമായുള്ള കരാർ റദ്ദാക്കി റഷ്യൻ പ്രീമിയർ ലീഗയിൽ മത്സരിക്കുന്ന ആർസെനൽ ടുലയിൽ ബകാരി എത്തി.അവർക്കായി ഒരു പ്രീമിയർ ലിഗ മത്സരത്തിലും ഒരു റഷ്യൻ കപ്പ് മത്സരത്തിലും മാത്രമാണ് ബകാരി കഴിഞ്ഞ സീസണിൽ കളിച്ചത്.റഷ്യൻ പ്രീമിയർ ലീഗയിൽ ആദ്യ 4 മത്സരങ്ങളിൽ ബെഞ്ചിൽ ആയിരുന്ന ബകാരി സീസണിലെ അഞ്ചാം മത്സരത്തിൽ റുബിൻ കസനെതിരെ പ്രീമിയർ ലീഗയിൽ കളത്തിലിറങ്ങിയെങ്കിലും പരിക്കേറ്റതിനാൽ തുടർന്നുള്ള മത്സരങ്ങൾ നഷ്ടപ്പെട്ടു.തുടർന്നു മടങ്ങിയെത്തിയെങ്കിലും പരിക്കിൽ നിന്നും പൂർണ്ണ മുക്തി നേടാൻ കഴിയാഞ്ഞതിനാൽ ബെഞ്ചിൽ തന്നെയായിരുന്നു ബകാരിയുടെ സ്ഥാനം.2019 ഡിസംബറിൽ അർസെനൽ ടുലയുമായുള്ള ബകാരിയുടെ കരാർ പരസ്പര സമ്മതത്തോടെ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ സീസൺ ഒഴിച്ചു നിർത്തിയാൽ ബകാരിയുടെ കരിയറിൽ ദീർഘകാലം പുറത്തിരിക്കേണ്ടി വന്ന പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.നിലവിൽ പരിക്കിൽ നിന്നും പൂർണ്ണ മുക്തനാണ് ബകാരി കോൺ. ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്തും കഠിന പരിശീലനത്തിൽ ആയിരുന്നു ബകാരി.

ബുർകിനോ ഫാസോ ദേശീയ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആണ് ബകാരി കോൺ.

2007 മെയ്‌ മാസത്തിൽ 19 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് ദിദിയർ നോർത്തോക്സിനു കീഴിൽ ബകാരി ബുർകിനോ ഫാസോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്.

20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 11 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും 19 ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും 22 ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരങ്ങളും ഉൾപ്പടെ 72 അന്താരാഷ്ട്ര മത്സരങ്ങൾ ബകാരി കോൺ ബുർകിനോ ഫാസോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

2012-2013 സീസണിൽ ബുർകിനോ ഫാസോയെ ആഫ്രിക്കൻ നേഷൻസ് കപ്പ് റണ്ണേഴ്‌സ് അപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ ബകാരി നിർണ്ണായക പങ്കുവഹിച്ചു.

2010,2012,2013,2015,2017 തുടങ്ങി തുടർച്ചയായ 5 ആഫ്രിക്കൻ നേഷൻസ് കപ്പ് സീസണുകളിൽ ബകാരി ബുർകിനോ ഫാസോക്കായി കളിച്ചു.

പല മത്സരങ്ങളിലും ബുർകിനോ ഫാസോയെ നയിച്ചതും ബകാരി തന്നെയായിരുന്നു.

എന്താണ് ബകാരി കോണിന്റെ പ്രത്യേകതകൾ ???

റോക്ക് & സോളിഡ് ഡിഫെൻഡർ ആണ് ബകാരി കോൺ.ക്വാളിറ്റി തന്നെയാണ് ബകാരിയുടെ ഏറ്റവും വലിയ പ്രത്യേകത.മുന്നോട്ടു കളിക്കാൻ ആഗ്രഹിക്കുന്ന ടെക്‌നിക്കൽ എബിലിറ്റിയുള്ള ബോൾ പ്ലെയിങ് സെന്റർബാക്ക് ആയ ബകാരി ഫിസിക്കൽ സ്ട്രെങ്ത് കൈമുതലായുള്ള പ്ലയെർ ആണ്.ബകാരിയുടെ മികച്ച ഉയരം അദ്ദേഹത്തിനു ഹെഡ്ഢിങ്ങിൽ മുൻതൂക്കം നൽകുന്നു.ഇദ്ദേഹത്തിന്റെ ജംപിങ് റീച്ചും മികച്ചതാണ്. അതുകൊണ്ടു തന്നെ ബകാരിയുടെ സാന്നിദ്ധ്യം സെറ്റ് പീസുകളിലും ടീമിനു പ്രതീക്ഷ നൽകുന്നു.ബ്രേവ് ഡിഫെൻഡർ ആയ ബകാരി സ്റ്റാൻഡ് അപ്പ്‌ ടാക്കിൾസിലും സ്ലൈഡിങ് ടാക്കിൾസിലും മികവു പുലർത്തുന്ന താരമാണ്.മാൻ മാർക്കിങ്ങിലും ഏരിയൽ ഡ്യുവൽസിലും മികവ് പുലർത്തുന്ന താരമാണ് ബകാരി.കൃത്യമായി പൊസിഷൻ ചെയ്യാൻ കഴിവുള്ള ബകാരി മികച്ച വർക്ക്‌റേറ്റുള്ള പ്ലയെർ ആണ്.അഗ്രെസ്സീവ് ഡിഫെൻഡർ ആയ ബകാരി കളിക്കളത്തിൽ അത്യാവശ്യം വേഗതയോടെ മുന്നേറുന്ന താരമാണ്.പാസ്സിങ് റേഞ്ചുള്ള ഡിഫെൻഡർ ആയ ബകാരിയുടെ ലീഡർഷിപ്പ് ക്വാളിറ്റിയും ഒരു പ്രത്യേകതയാണ്.എല്ലാത്തിലും ഉപരിയായി ഒരു ടീം പ്ലയെർ ആയ ബകാരി കൃത്യമായ ലക്ഷ്യങ്ങളോടെ കളത്തിലിറങ്ങുന്ന താരമാണ്.ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഫ്രഞ്ച് ലീഗിലും ഉൾപ്പടെ ലോകോത്തര താരങ്ങൾക്കെതിരെ കളിച്ചുള്ള മത്സരപരിചയം ബകാരി കോണിനെ വ്യത്യസ്തനാക്കുന്നു.

ക്ലബ്ബ് ഫുട്ബോളിൽ 317 മത്സരങ്ങൾ കളിച്ചിട്ടുള്ള ബകാരി 5 ഡയറക്റ്റ് റെഡ് കാർഡുകളും 3 ഇൻഡയറക്റ്റ് റെഡ് കാർഡുകളും മാത്രം ആണ് തന്റെ കരിയറിൽ വഴങ്ങിയിട്ടുള്ളത്.ബകാരിയുടെ കരിയറിലെ 5 ഡയറക്റ്റ് റെഡ് കാർഡുകളിൽ 3 എണ്ണവും അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു എന്നതു ശ്രദ്ധേയമാണ്.

ഇന്ത്യയിലെ മത്സരസാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതാണ് ബകാരി കോണിന് മുന്നിലുള്ള ആദ്യ വെല്ലുവിളി.

പരിക്കുകൾ വേട്ടയാടിയില്ലെങ്കിൽ വരുന്ന സീസണിൽ കോസ്റ്റക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിൽ വന്മതിൽ ആയി മാറാൻ ശേഷിയുള്ള താരമാണ് ബകാരി കോൺ.

ക്ലബ് ഫുട്ബാളിൽ മാത്രം 316 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ബകാരി കോൺ 14 ഗോളുകളും 3 അസിസ്റ്റുകളും തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ടോപ് ഡിവിഷൻ ലീഗുകളിലും നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ക്വാളിറ്റി ഡിഫെൻഡറിനെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ കോസ്റ്റ നമൊയ്നെസു – ബകാരി കോൺ ആഫ്രിക്കൻ സഖ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇനി തെളിയിക്കേണ്ടത് കാലമാണ്.

വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കോസ്റ്റക്കു കഴിയട്ടെ എന്നാശംസിക്കുന്നു

Facebook Comments

error: Content is protected !!