Welcome Vicente Gómez 💛

വരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി.

കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ്‌ പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ ലാലിഗയിൽ ലാസ് പാൽമസിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭാധനനായ ഫുട്ബോളർ.

 

ലാലിഗയിൽ 75 മത്സരങ്ങളും സെഗുണ്ട ഡിവിഷൻ ലീഗിൽ 195 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും ഉൾപ്പടെ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്പാനിഷ് മിഡ്ഫീൽഡർ.

 

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും വലിയ പോരായ്മയായ ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷൻ ഭരിക്കാൻ ശേഷിയുള്ള ഹൈ പ്രൊഫൈൽ മിഡ്ഫീൽഡർ.

 

ആരാണ് പ്രതിഭാശാലി ???

 

ഹോസെ വിൻസെന്റെ ഗോമസ് ഉംപിയെറ്‍റെസ് ❤️

 

വിൻസെന്റെ ഗോമസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പാനിഷ് താരം.

വയസ്സ് : 32

പൊസിഷൻ : ഡിഫൻസീവ് മിഡ്ഫീൽഡ്

ഉയരം : 6 അടി 2 ഇഞ്ച്

ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനു പുറമെ സെൻട്രൽ മിഡ്ഫീൽഡർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരമാണ് വിൻസെന്റെ ഗോമസ്.

ആറരക്കോടിയിലേറെ രൂപ മാർക്കറ്റ് വാല്യൂവുള്ള വിൻസെന്റെ ഗോമസിനു 3 വർഷത്തെ കരാർ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചു മനസിലാക്കാം.

സ്പെയിനിലെ ദ്വീപസമൂഹമായ കാനറി ഐലൻഡിലെ ലാസ്‌ പാൽമാസിൽ ആയിരുന്നു വിൻസെന്റെ ഗോമസിന്റെ ജനനം.

കാനറി ഐലൻഡിലെ പ്രാദേശിക ക്ലബ്‌ ആയ അസോസിയേഷൻ ഡീപോർട്ടീവോ ഹുറകാനിലൂടെയായിരുന്നു വിൻസെന്റെ ഗോമസിന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്.യൂത്ത് ടീമിലെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2007-ൽ ഗോമസിനെ അവരുടെ സീനിയർ ടീമിൽ ഉൾപ്പെടുത്തി.18 വയസ്സ് മാത്രം ആയിരുന്നു അപ്പോൾ വിൻസെന്റെ ഗോമസിന്റെ പ്രായം.സ്പാനിഷ് തേർഡ് ഡിവിഷനിൽ മത്സരിച്ചിരുന്ന ഡീപോർട്ടീവോ ഹുറകാൻ ക്ലബിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറിയ വിൻസെന്റെ ഗോമസിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പ്രശസ്ത കനേറിയൻ ക്ലബ്‌ ആയ യൂണിയൻ ഡീപോർട്ടീവോ ലാസ് പാൽമാസ് 2009ൽ ഗോമസിനെ തങ്ങളുടെ ടീമിൽ എത്തിച്ചു.അതായിരുന്നു ഗോമസിന്റെ കരിയറിലെ വഴിത്തിരുവായി മാറിയത്.ലാസ് പാൽമാസിലെ ആദ്യ സീസണിൽ റിസർവ് ടീമിനൊപ്പം സ്പാനിഷ് ഫോർത്ത് ലെവലിൽ ആയിരുന്നു വിൻസെന്റെ ഗോമസ് കളിച്ചത്.ലാസ് പാൽമാസ് റിസർവ് ടീമിനായി തന്റെ അരങ്ങേറ്റ സീസണിൽ tercera ഡിവിഷൻ ലീഗിൽ വിൻസെന്റെ ഗോമസ് 28 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും ഒരു ഗോൾ നേടുകയും ചെയ്തു. റിസർവ് ടീമിലെ അരങ്ങേറ്റ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2010 ജൂണിൽ വിൻസെന്റെ ഗോമസിനെ ലാസ് പാൽമാസ് തങ്ങളുടെ സീനിയർ ടീമിലേക്കു പ്രൊമോട്ട് ചെയ്തു.

2010 സെപ്റ്റംബറിൽ കോപ്പ ഡെൽ റെയ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ റയൽ വല്ലഡോയിഡിനെതിരെ വിൻസെന്റെ ഗോമസ് തന്റെ പ്രൊഫെഷണൽ അരങ്ങേറ്റം നടത്തി.മത്സരത്തിൽ ലാസ് പാൽമാസ് പരാജയപ്പെട്ടെങ്കിലും ടീമിന്റെ രണ്ടാം ഗോൾ വിൻസെന്റെ ഗോമസിന്റെ വകയായിരുന്നു.തുടർന്നു 3 ദിവസങ്ങൾക്കു ശേഷം ആയിരുന്നു സ്പാനിഷ് സെക്കന്റ്‌ ഡിവിഷൻ ലീഗ് ആയ സെഗുണ്ട ഡിവിഷനിൽ ഗോമസിന്റെ അരങ്ങേറ്റം.എസ്ഡി ഹ്യൂസ്കക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ ഡേവിഡ് ഗോൺസാലസിനു പകരമായിരുന്നു വിൻസെന്റെ ഗോമസിന്റെ ലാസ് പാൽമാസിനു വേണ്ടിയുള്ള സെഗുണ്ട ഡിവിഷൻ ലീഗ് അരങ്ങേറ്റം.2011-ൽ ജിറോണ എഫ്‌സിക്കെതിരായായിരുന്നു ഗോമസിന്റെ സെഗുണ്ട ഡിവിഷൻ ലീഗിലെ ആദ്യ ഗോൾ പിറന്നത്.

സെഗുണ്ട ഡിവിഷൻ ലീഗിലെ തന്റെ കന്നി സീസണിൽ പാക്കോ ജിമസ് എന്ന സ്പാനിഷ് പരിശീലകനു കീഴിൽ 26 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ വിൻസെന്റെ ഗോമസ് തകർപ്പൻ പ്രകടനങ്ങളിലൂടെ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറി.തുടർന്നു ലാസ് പാൽമാസ് വിൻസെന്റെ ഗോമസുമായുള്ള കരാർ 4 വർഷത്തേക്കു കൂടി പുതുക്കി.

എന്നാൽ ആ സീസണിൽ മോശം പ്രകടനം നടത്തിയ ലാസ് പാൽമാസിന്റെ മുഖ്യ പരിശീലകൻ ആയി സെർജിയോ ലൊബേറ ചുമതലയേറ്റു.ബാർസലോണ യൂത്ത് ടീമുകളുടെ പരിശീലകൻ ആയിരുന്ന അതേ സെർജിയോ ലൊബേറ തന്നെയാണ് പിന്നീട് ഇന്ത്യയിൽ എത്തി എഫ്‌സി ഗോവയെ മികച്ച ടീം ആയി രൂപപ്പെടുത്തിയതും ഇപ്പോൾ മുംബൈ സിറ്റിയുടെ ചുമതല ഏറ്റെടുത്തതും.

സെർജിയോ ലൊബേറയ്ക്കു കീഴിൽ 2012-2013 സീസണിൽ സെഗുണ്ട ഡിവിഷനിൽ 24 മത്സരങ്ങൾ കളിച്ച വിൻസെന്റെ ഗോമസ് തൊട്ടടുത്ത സീസണിൽ മിന്നും ഫോമിലേക്കുയർന്നു.

2013-2014 സീസണിൽ ലാസ്‌ പാൽമാസിനായി 38 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ വിൻസെന്റെ ഗോമസ് 5 ഗോളുകളും നേടി.ഒരു കോപ്പ ഡെൽ റെയ് മത്സരത്തിലും ആ സീസണിൽ ഗോമസ് കളിച്ചു.

തുടർന്നു 2014-2015 സീസണിൽ ലാസ് പാൽമാസിന്റെ പരിശീലകനായി സ്പാനിഷ് പരിശീലകൻ ഫ്രാൻസിസ്‌കോ ഹെരേര ലോറൻസോ എത്തി.ഹെരേരയ്ക്കു കീഴിൽ ആ സീസണിൽ ടീമിന്റെ കേന്ദ്രബിന്ദു ആയി മാറിയ വിൻസെന്റെ ഗോമസ് ലാസ്‌ പാൽമാസിനായി സെഗുണ്ട ഡിവിഷൻ ലീഗിൽ 31 മത്സരങ്ങളിൽ കളിക്കുകയും 3 ഗോളുകൾ നേടുകയും ചെയ്തു ടീമിനു സ്പാനിഷ് ടോപ് ഡിവിഷൻ ലീഗ് ആയ ലാലിഗയിലേക്കു സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.പ്ലേഓഫിലൂടെയിരുന്നു ലാസ് പാൽമാസിന്റെ ലാലിഗ പ്രവേശനം.

13 വർഷങ്ങൾക്കു ശേഷം ആയിരുന്നു ലാസ് പാൽമാസിന്റെ ലാലിഗയിലേക്കുള്ള തിരിച്ചുവരവ്.

പാകോ ഹെരേരക്കു കീഴിൽ 2015-2016 സീസണിൽ അന്റോണിയോ ഗ്രീസ്മാനും ഡിയഗോ ഗോഡിനും ഫെർണാണ്ടോ ടോറസും ഉൾപ്പെട്ട അത്ലറ്റികോ മാഡ്രിഡിനെതീരെയായിരുന്നു വിൻസെന്റെ ഗോമസിന്റെ ലാലിഗ അരങ്ങേറ്റം.ആ മത്സരത്തിൽ ലാസ് പാൽമാസ് ഒരു ഗോളിന്റെ തോൽവിയറിഞ്ഞു.പതർച്ചയോടെയാണ് ലാസ് പാൽമാസ് ആ സീസണിൽ കളിയാരംഭിച്ചത്.ആദ്യ 8 ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി റെലഗേഷൻ ഭീഷണിയിൽ ആയിരുന്ന ലാസ് പാൽമാസ് തങ്ങളുടെ മുഖ്യ പരിശീലകൻ ഫെറെരയെ പുറത്താക്കുകയും പ്രഗത്ഭ സ്പാനിഷ് പരിശീലകൻ കിക്വെ സെറ്റിയനെ ചുമതലയേൽപ്പിക്കുകയും ചെയ്തു.സെറ്റിയൻ ചുമതലയേറ്റെടുത്ത ഉടൻ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 4 ഡിഫെൻഡർമാരോടൊപ്പം 2 ഹോൾഡിങ് മിഡ്ഫീൽഡർമാരെയും അണിനിരത്തി.മിഡ്ഫീൽഡിലെ സഹ താരങ്ങൾ ആയ പാക്കോ ജിമസിനും യുവാൻ മാനുവൽ റോഡ്രിഗസിനുമൊപ്പം വിൻസെന്റെ ഗോമസ് മികച്ച സഖ്യം രൂപപ്പെടുത്തുകയും ചെയ്തു.വിൻസെന്റെ ഗോമസ് സെറ്റിയനു കീഴിൽ ഹോൾഡിങ് മിഡ്ഫീൽഡർ ചുമതല ഭംഗിയായി നിർവ്വഹിക്കുകയും ആ സീസണിൽ ലാസ് പാൽമാസിനെ റെലഗേഷനിൽ നിന്നും കരകയറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

2015-2016 സീസണിൽ 21 മത്സരങ്ങൾ ലാലിഗയിൽ ലാസ് പാൽമസിനായി കളിക്കാനിറങ്ങിയ വിൻസെന്റെ ഗോമസ് ഒരു ഗോൾ നേടുകയും ചെയ്തു.5 കോപ്പ ഡെൽ റെയ് മത്സരങ്ങളിലും വിൻസെന്റെ ഗോമസ് ആ സീസണിൽ കളിക്കാനിറങ്ങി.

2015-2016 സീസണിനു അവസാനം വിൻസെന്റെ ഗോമസുമായുള്ള കരാർ ലാസ് പാൽമാസ് 2 വർഷത്തേക്കു കൂടി പുതുക്കി.

ശേഷം 2016-2017 സീസണിൽ ലാലീഗയിൽ പതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലാസ് പാൽമാസിനായി 29 മത്സരങ്ങൾ കളിച്ച വിൻസെന്റെ ഗോമസ് 2 ഗോളുകളും നേടി.

ആ സീസണിനു അവസാനം ക്വികെ സെറ്റിയൻ ലാസ് പാൽമാസിന്റെ പടിയിറങ്ങി.

തുടർന്നു തൊട്ടടുത്ത സീസണിൽ തുടർ തോൽവികളുമായി കളിയാരംഭിച്ച ലാസ് പാൽമാസിൽ 3 മാസത്തിനിടയിൽ മനോലോ മാർക്കസും പാകോ അയെസ്റ്റെരാനും തുടർന്നു പാകോ ജിമസ് മാർട്ടിനും മുഖ്യ പരിശീലകരായി എത്തി.ആ സീസണിൽ മോശം പ്രകടനം തുടർന്ന ലാസ് പാൽമാസ് ലാലിഗയിൽ പോയിന്റ് പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തു ഫിനിഷ് ചെയ്യുകയും ലാലിഗയിൽ നിന്നും സെക്കന്റ്‌ ഡിവിഷൻ ലീഗ് ആയ സെഗുണ്ട ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്തു.

ആ സീസണിൽ ലാലിഗയിൽ ലാസ് പാൽമാസിനായി 25 മത്സരങ്ങളിൽ ആണ് വിൻസെന്റെ ഗോമസ് കളിക്കാനിറങ്ങിയത്.3 കോപ്പ ഡെൽ റെയ് മത്സരങ്ങളിലും ആ സീസണിൽ ഗോമസ് ടീമിനായി കളത്തിലിറങ്ങി.കളിച്ച മത്സരങ്ങളിൽ എല്ലാം വിൻസെന്റെ ഗോമസ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.

ലാസ് പാൽമാസിനായി സീനിയർ കരിയറിൽ 8 സീസണുകൾ ആണ് വിൻസെന്റെ ഗോമസ് കളിച്ചത്.അവരുടെ യൂത്ത് ടീമിനായി ഒരു സീസണിലും ഗോമസ് കളത്തിലിറങ്ങിയിട്ടുണ്ട്.ലാലീഗയിലും സെഗുണ്ട ഡിവിഷൻ ലീഗിലും കോപ്പ ഡെൽ റെയിലും പ്ലെഓഫിലുമായി 242 മത്സരങ്ങൾ ലാസ് പാൽമാസിനായി മാത്രം കളിച്ച വിൻസെന്റെ ഗോമസ് 15 ഗോളുകളും 5 അസിസ്റ്റുകളും അവർക്കായി തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.

തുടർന്നു മുൻ ലാസ് പാൽമാസ് ക്യാപ്റ്റനും പ്രശസ്ത സ്പാനിഷ് ക്ലബ്‌ ആയ ഡിപ്പോർട്ടീവോ ലാ കൊരുണ റിസർവ് ടീമിന്റെ പരിശീലകനുമായ യുവാൻ കാർലോസ് വലെറോണിന്റെ നിർദ്ദേശത്തെത്തുടർന്നാണു 9 വർഷത്തെ ലാസ് പാൽമാസ് കരിയർ അവസാനിപ്പിച്ചു വിൻസെന്റെ ഗോമസ് ഡിപ്പോർട്ടീവോ ലാ കൊരുണയിൽ എത്തുന്നത്.3 വർഷത്തെ കരാർ ആയിരുന്നു ഡിപ്പോർട്ടീവോ ലാ കൊരുണയുമായി വിൻസെന്റെ ഗോമസിനു ഉണ്ടായിരുന്നത്.ലാസ് പാൽമാസിനെ പോലെ തന്നെ ലാലിഗയിൽ നിന്നും ഡിപ്പോർട്ടീവോ ലാ കൊരുണയും തരംതാഴ്ത്തപ്പെട്ടിരുന്നു.

2018-2019 സീസണിൽ സെഗുണ്ട ഡിവിഷനിൽ ഡച്ച് ഇതിഹാസം ക്‌ളാരൻസ് സീഡോർഫ്‌ പരിശീലന ചുമതല വഹിച്ച ഡിപ്പോർട്ടീവോ ലാ കൊരുണയിൽ 34 മത്സരങ്ങൾ കളിച്ച വിൻസെന്റെ ഗോമസ് അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
ആ സീസൺ പൂർത്തിയായതോടെ കാമറൂൺ ദേശീയ ടീമിന്റെ മുഖ്യ പരിശീലന ചുമതല ഏറ്റെടുക്കാനായി ക്‌ളാരൻസ് സീഡോർഫ് ടീം വിട്ടു.

തുടർന്നു ആദ്യം ലൂയിസ് സെസാർ സംപ്രഡോയും പിന്നീട് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു ഫെർണാണ്ടോ വാസ്ക്വസും ടീമിന്റെ പരിശീലക ചുമതല വഹിച്ച 2019-2020 സെഗുണ്ട ഡിവിഷൻ ലീഗ് സീസണിൽ 25 മത്സരങ്ങളിൽ വിൻസെന്റെ ഗോമസ് കളിച്ചു.പത്തൊൻപതാം സ്ഥാനത്താണ് ഡിപ്പോർട്ടീവോ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.

2 സീസണുകളിൽ ആയി കോപ്പ ഡെൽ റെയ് മത്സരമുൾപ്പടെ 60 മത്സരങ്ങളിൽ ആണ് വിൻസെന്റെ ഗോമസ് ഡിപ്പോർട്ടീവോ ലാ കൊരുണ ജേഴ്സിയിൽ കളിക്കാനിറങ്ങിയത്.

ക്ലബുമായുള്ള കരാർ ഒരു വർഷം ബാക്കി നിൽക്കെയാണ് പരസ്പര സമ്മതത്തോടെ കരാർ റദ്ദു ചെയ്തു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനു വേണ്ടി തന്നെയാണ് വിൻസെന്റെ ഗോമസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

 

എന്താണ് വിൻസെന്റെ ഗോമസിന്റെ പ്രത്യേകതകൾ ???

ഒരു ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ആണ് വിൻസെന്റെ ഗോമസ്.അതായത് ടീമിന്റെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ പങ്കു വഹിക്കുന്ന താരം.

ക്വാളിറ്റി തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ലാലിഗയിൽ മെസ്സിയും റൊണാൾഡോയും ഗ്രീസ്മാനും ഉൾപ്പടെയുള്ള ലോകോത്തര താരങ്ങൾക്കെതിരെ കളിച്ചുള്ള മത്സരപരിചയവും വിൻസെന്റെ ഗോമസിനുണ്ട്.ആറടിയിൽ കൂടുതൽ ഉയരമുള്ള താരമായ വിൻസെന്റെ ഗോമസിനു പാസ്സിങ് ആക്യുറസിയും വിഷനുമുണ്ട്.വ്യകതിഗത ഏരിയൽ ഡ്യുവൽസിലും ഇദ്ദേഹം മികവ് പുലർത്തുന്നു.ഇന്റർസെപ്‌ഷൻസിലും ഹെഡ്ഢിങ്ങിലും ടാക്കിൾസിലും മികവു പുലർത്തുന്ന താരമാണ് ഗോമസ്.ഇരു കാലുകളും ഉപയോഗിച്ചു ഒരുപോലെ കളിക്കാൻ കഴിയുന്ന ഇദ്ദേഹം മികച്ച ശാരീരിക ക്ഷമതയുള്ള താരം കൂടിയാണ്.ഇദ്ദേഹം കരിയറിൽ അധികനാൾ പരിക്കേറ്റു പുറത്തിരുന്നിട്ടില്ല എന്നുള്ളതും പ്രതീക്ഷയാണ്.അത്യാവശ്യം ഡ്രിബ്ലിങ്‌ സ്‌കിൽസ് ഉള്ള ഇദ്ദേഹത്തിനു ജംപിങ് റീച്ചും ഫിനിഷിങ് പാടവവുമുണ്ട്.അഗ്രെസ്സീവ് പ്ലയെർ ആയ വിൻസെന്റെ ഗോമസ് മാർക്കിങ്ങിലും മികവ് പുലർത്തുന്നു.ലോങ്ങ്‌ പാസ്സുകൾ നൽകാനും ലോങ്ങ്‌ ഷോട്ടുകൾ പായിക്കാനും കൃത്യമായി പൊസിഷൻ ചെയ്യാനും കുറിയ പാസ്സുകളിലൂടെ ബിൽഡ് അപ്പ് നടത്താനും ഇദ്ദേഹത്തിനു കഴിയും.മികച്ച ബോൾ കണ്ട്രോളും പാസ്സിങ് റേഞ്ചുമുള്ള പ്ലെയർ കൂടിയാണ് വിൻസെന്റെ ഗോമസ്.

പരിശീലകൻ ഏൽപ്പിക്കുന്ന ജോലി ഭംഗിയായ നിർവ്വഹിക്കുന്ന താരം എന്നു ചുരുക്കത്തിൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.

ഒരു സൈലന്റ് കില്ലർ എന്നു തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
ഏതൊരു താരത്തെയും പോലെ ചില പോരായ്മകളും ഇദ്ദേഹത്തിനുണ്ട്.ഇന്ത്യയിൽ കാലാവസ്ഥയും പുതിയ മത്സരസാഹചര്യങ്ങളും ഉൾപ്പടെയുള്ള വെല്ലുവിളികൾ ആണ് വിൻസെന്റെ ഗോമസിനു നേരിടാനുള്ളത്.ആ വെല്ലുവിളികൾ നേരിടാൻ അദ്ദേഹം പ്രാപ്തനാണ്.

വിഖ്യാത പരിശീലകൻ കിക്വെ സെറ്റിയൻ, സെർജിയോ ലോബേറ, പാകോ ഹെരേര, ക്‌ളാരൻസ് സീഡോർഫ് തുടങ്ങിയ പ്രഗത്ഭ പരിശീലകരുടെ കീഴിൽ കളിച്ച പ്രതിഭാശാലിയാണ് വിൻസെന്റെ ഗോമസ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ എത്താൻ തീരുമാനമെടുക്കുന്നതിനു മുമ്പ് തീർച്ചയായും വിൻസെന്റെ ഗോമസ് ലാസ് പാൽമാസിൽ തന്റെ പരിശീലകൻ ആയിരുന്ന മുൻ ബാർസ യൂത്ത് ടീം പരിശീലകനും നിലവിൽ മുംബൈ സിറ്റി എഫ്‌സി പരിശീലകനുമായ സെർജിയോ ലൊബേറയുടെ അഭിപ്രായം തേടിയിട്ടുണ്ടാകും എന്നു തന്നെ കരുതുന്നു.

വിൻസെന്റെ ഗോമസ് എന്ന പരിചയസമ്പന്നനായ മിഥ്ഫീൽഡറിനു 3 വർഷ കരാർ നൽകി ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത് ആ താരത്തിന്റെ പ്രതിഭയിൽ ഉള്ള പൂർണ്ണ വിശ്വാസം ഒന്നുകൊണ്ടു തന്നെയാണ്.

പ്രതിഭാധനരായ മിഡ്ഫീൽഡർമാർ അണിനിരന്ന 2016-2017 സീസണിൽ ലാലിഗ ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ട പ്രതിഭാശാലിയാണ് വിൻസെന്റെ ഗോമസ്.

മിഡ്ഫീൽഡ് ഭരിക്കാൻ പ്രാപ്തിയുള്ള പ്ലെയറിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

 

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ട്രാൻസ്ഫർ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.

 

ഇനി കാലം തെളിയിക്കട്ടെ.

 

വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ വിൻസെന്റെ ഗോമസ് എന്ന സ്പാനിഷ് മിഡ്ഫീൽഡറിനു കഴിയട്ടെ എന്നാശംസിക്കുന്നു.

Facebook Comments

error: Content is protected !!