സന്ദീപ് സിങ്ങിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം🙏

ഐ ലീഗ് ക്ലബ് ആയ ട്രാവു എഫ് സിയിൽ നിന്നുള്ള പ്രതിഭാധനനായ പ്രതിരോധനിര താരം സന്ദീപ് സിങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

ഒരു വർഷത്തെ കരാർ ആണ് സന്ദീപ് സിങ്ങിനു കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷം കൂടി കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടതാണ് കരാർ.

ആരാണ് സന്ദീപ് സിങ് ???

സൊറൈശം സന്ദീപ് സിങ് 🔴⚫️

സെന്റർബാക്ക്.

റൈറ്റ് വിങ്ബാക്ക് പൊസിഷനിലും സന്ദീപ് സിങ് കളിച്ചിട്ടുണ്ട്.

മണിപ്പൂർ സ്വദേശി, 25 വയസ്സാണ് പ്രായം.

ഫുട്ബാളിൽ അഭിനിവേശം ഉണ്ടായിട്ടും പ്രൊഫഷണൽ ഫുട്ബോളിൽ എത്തിപ്പെടുമെന്നു സ്വപ്നത്തിൽ പോലും സന്ദീപ് സിങ് വിചാരിച്ചിരുന്നില്ല.

കുട്ടിക്കാലത്തു തന്നെ ഫുട്ബോളിൽ തന്റെ പ്രതിഭ പ്രകടിപ്പിച്ചിരുന്ന സന്ദീപ് സിങ്ങിനു പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും കൂടെ ഉണ്ടായിരുന്നു.

താൻ ജനിച്ചു വളർന്ന മണിപ്പൂരിലെ ലോക്കൽ ടൂർണ്ണമെന്റുകളിലൂടെയായിരുന്നു സന്ദീപ് സിങ് എന്ന പ്രതിഭാശാലിയായ ഫുട്ബോളറുടെ കരിയറിനു തുടക്കമായത്.നിരവധി ലോക്കൽ ടൂർണ്ണമെന്റുകളിൽ കളിക്കാനിറങ്ങുകയും തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സന്ദീപ് സിങിനെ 2010-2011ൽ ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർസ്കൂൾ ചാംപ്യൻഷിപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുത്തു.ഏഷ്യയിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന 60 വർഷത്തെ പാരമ്പര്യമുള്ള ദേശീയ തലത്തിലെ ഏറ്റവും മികച്ച ഇന്റർസ്കൂൾ ടൂർണമെന്റ് ആണ് സുബ്രതോ കപ്പ്.

സുബ്രതോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ സന്ദീപ് സിങ്ങിനെ ഇന്ത്യൻ അണ്ടർ-19 ടീമിന്റെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.ഗോവയിൽ ആയിരുന്നു ക്യാമ്പ്.ആ ക്യാമ്പ് ആണ് സന്ദീപ് സിങിന്റെ കരിയറിനു വഴിത്തിരിവാകുന്നത്.

ഇന്ത്യൻ അണ്ടർ-19 ക്യാമ്പിൽ വെച്ചാണ് സന്ദീപ് സിങ്ങിനു ഷില്ലോങ് ലജോങ് എഫ് സിയിൽ നിന്നും ഓഫർ ലഭിക്കുന്നത്.

തുടർന്നു സന്ദീപ് സിങ് രാജ്യത്തെ പ്രശസ്ത അക്കാഡമികളിൽ ഒന്നായ ഷില്ലോങ് ലജോങ് എഫ് സി അക്കാഡമിയിൽ എത്തി.അക്കാഡമിയിലെ വിദഗ്ദ്ധ പരിശീലനത്തോടൊപ്പം 2012 മുതൽ ഷില്ലോങ് ലജോങ് ജൂനിയർ ടീമുകൾക്കായി സന്ദീപ് സിങ് കളിക്കാൻ തുടങ്ങി.ഷില്ലോങ് ലജോങ് യൂത്ത് ടീമുകൾക്കായി നിരവധി മത്സരങ്ങളിൽ കളത്തിലിറങ്ങിയ സന്ദീപ് സിങ്ങിന്റെ ഷില്ലോങ് ലജോങ് സീനിയർ ടീമിലെ അരങ്ങേറ്റം 2015 സീസൺ ഐ ലീഗിൽ പൂണെ എഫ് സിക്കെതിരെ ആയിരുന്നു.പൂണെയിലെ ബലേവാഡി സ്പോർട്സ് കോംപ്ലക്സിൽ ആയിരുന്നു മത്സരം.

2013 മുതൽ 4 വർഷത്തോളം ഷില്ലോങ് ലജോങ്ങിൽ തുടർന്ന സന്ദീപ് സിങ് തന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ആയ താങ്‌ബോയ് സിങ്‌ടോയെ കണ്ടുമുട്ടിയതും ഷില്ലോങ് ലജോങ്ങിൽ തന്നെ ആയിരുന്നു.ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നിലവിൽ ഇന്ത്യയിലെ വിവിധ ടീമുകളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം യുവ താരങ്ങളുടെ ഡെവലപ്മെന്റിൽ പ്രധാന പങ്കു വഹിച്ച പരിശീലകൻ ആണ് എ എഫ് സിയുടെ പ്രോ ലൈസൻസ് നേടിയിട്ടുള്ള മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനും റിസർവ് ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടറുമായിരുന്ന താങ്‌ബോയ് സിങ്‌ടോ.സന്ദീപ് സിങ് തന്റെ കരിയറിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നതും താങ്‌ബോയ് സിന്റോയോടു തന്നെയാണ്.

തുടർന്നു 2017-ൽ ഷില്ലോങ് ലജോങ്ങിൽ നിന്നും മണിപ്പൂരി സ്റ്റേറ്റ് ലീഗ് ക്ലബ്‌ ആയ സാഗോൾബാൻഡ് യുണൈറ്റഡ് എഫ് സിയിൽ എത്തിയ സന്ദീപ് സിങ് പല മത്സരങ്ങളിലും ടീമിന്റെ നിർണ്ണായക താരം ആയി മാറി.

ആ സീസണിൽ കുറച്ചു മത്സരങ്ങൾ സാഗോൾബാൻഡ് യുണൈറ്റഡ് എഫ് സിയിൽ കളിച്ച ശേഷം ഐ ലീഗ് സെക്കന്റ് ഡിവിഷൻ ലീഗ് ക്ലബ്‌ ആയ ട്രാവു എഫ് സിയിൽ എത്തിയ സന്ദീപ് സിങ് അവർക്കായി 8 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും ഒരു ഗോൾ നേടുകയും ചെയ്തു.സന്ദീപ് സിങ് ഉൾപ്പടെയുള്ള യുവ താരങ്ങളുടെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ട്രാവു എഫ് സി ആ സീസൺ സെക്കന്റ്‌ ഡിവിഷൻ പ്ലേഓഫിൽ എത്തി.പ്ലേഓഫിൽ 3 മത്സരങ്ങൾ കളിച്ച സന്ദീപ് സിങ് തന്റെ മിന്നും ഫോം തുടർന്നു.പക്ഷെ ട്രാവു എഫ് സിയ്ക്ക് ആ സീസണിൽ ഐ ലീഗിലേക്ക് യോഗ്യത നേടാനായില്ല.

തുടർന്നു 4 മാസത്തെ ലോണിൽ ട്രാവു എഫ് സിയിൽ നിന്നും സന്ദീപ് സിങ്ങിനെ ഇന്ത്യൻ സൂപ്പർ ലീഗ് ടീം ആയ എ ടി കെ തങ്ങളുടെ നിരയിൽ എത്തിച്ചു.ട്രാവു എഫ് സിയിലെ മികച്ച പ്രകടനം തന്നെയായിരുന്നു അടിസ്ഥാനം.ആ സീസണിൽ തിരിച്ചടികൾ നേരിട്ടു പോയിന്റ് പട്ടികയിൽ പിന്നിൽ ആയിരുന്ന എ ടി കെ തങ്ങളുടെ ഹെഡ് കോച്ച് സ്റ്റീവ് കോപ്പലിനെ പുറത്താക്കുകയും താത്കാലിക പരിശീലകർ ആയി ആദ്യം റോബി കീനിനെയും (പ്ലയെർ /കോച്ച് ) പിന്നീട് ആഷ്‌ലി വെസ്റ്റ് വുഡിനെയും നിയമിച്ചു.

ലോൺ അടിസ്ഥാനത്തിൽ എ ടി കെയിൽ എത്തിയ സന്ദീപ് സിങ്ങിനു എ ടി കെയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല.

ലോൺ കാലാവധി പൂർത്തിയാക്കി വീണ്ടും ട്രാവു എഫ് സിയിൽ തിരിച്ചെത്തിയ സന്ദീപ് സിങ് ട്രാവു എഫ് സിയുടെ പ്രതിരോധത്തിൽ ഉരുക്കുകോട്ടയായി നിലകൊണ്ടു.ലൈശ്രം നന്ദകുമാർ ആയിരുന്നു ട്രാവു എഫ് സിയുടെ പരിശീലകൻ.

ആ സീസൺ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ പ്ലേഓഫ് ഉൾപ്പടെ 15 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ സന്ദീപ് സിങ് ട്രാവു എഫ് സിയെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ചാമ്പ്യൻമാരാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.ലോൺ സ്റ്റാർ കശ്മീർ, ബെംഗളൂരു ഓസോൺ എഫ് സി തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണു ട്രാവു എഫ് 2018-2019 സീസൺ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ചാമ്പ്യന്മാർ ആയി ചരിത്രത്തിൽ ആദ്യമായി ഐ ലീഗിനു യോഗ്യത നേടിയത്.

2019-2020 സീസണിൽ ചരിത്രത്തിൽ ആദ്യമായി ഐ ലീഗിൽ മത്സരിക്കാനിറങ്ങിയ ട്രാവു എഫ് സി തങ്ങളുടെ മുഖ്യ പരിശീലകൻ ആയി സൈപ്രസിൽ നിന്നുള്ള ദിമിട്രസ് ദിമിട്രോവിനെ നിയമിച്ചു.

ദിമിട്രോവിനു കീഴിൽ തങ്ങളുടെ കന്നി ഐ ലീഗ് സീസണിലെ ആദ്യ 4 മത്സരങ്ങളും വിജയത്തോടെ തുടങ്ങിയ ട്രാവു എഫ് സിയ്ക്കു തിരിച്ചടിയായി പരിശീലകൻ ദിമിട്രസ് ദിമിട്രോവിനെതിരെ മാച്ച് ഫിക്സിങ് ആരോപണങ്ങൾ ഉയർന്നു വരുകയും ക്ലബ്‌ ദിമിട്രോവിനെ പുറത്താക്കുകയും ചെയ്തു.തുടർന്നുള്ള മത്സരങ്ങളിൽ കെയർ ടേക്കർ മാനേജർ ആയി ലൈശ്രം ഇബോംച്ച സിങ്ങിനെ ട്രാവു എഫ് സി നിയമിക്കുകയും ചെയ്തു.കോവിഡ് പ്രതിസന്ധിയെത്തുടർന്നു 2019-2020 സീസൺ ഐ ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കുമ്പോഴും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ്‌ ബംഗാളിനേക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ അഞ്ചാം സ്ഥാനത്തായിരുന്നു ട്രാവു എഫ് സി.ഒരു മത്സരം കൂടുതൽ കളിക്കുകയും ചെയ്തിരുന്നു.

സൈപ്രസ് പരിശീലകൻ ദിമിട്രസ് ദിമിട്രോവ് ട്രാവു എഫ് സിയുടെ പരിശീലക ചുമതല വഹിച്ച മത്സരങ്ങളിൽ ഉൾപ്പടെ 11 മത്സരങ്ങളിൽ ആണ് സന്ദീപ് സിങ് കഴിഞ്ഞ ഐ ലീഗ് സീസണിൽ കളിക്കാനിറങ്ങിയത്.ഇതിൽ 10 മത്സരങ്ങളിലും ആദ്യ ഇലവനിൽ സന്ദീപ് സിങ് കളിക്കാനിറങ്ങി.ട്രാവു എഫ് സിയുടെ കന്നി ഐ ലീഗ് സീസണിലെ മികച്ച പ്രകടനത്തിൽ നിർണ്ണായക വഹിച്ച താരങ്ങളിൽ ഒരാൾ സന്ദീപ് സിങ് ആയിരുന്നു എന്ന കാര്യത്തിൽ തർക്കം ഇല്ല.81% ആയിരുന്നു കഴിഞ്ഞ സീസണിൽ സന്ദീപ് സിങ്ങിന്റെ പാസ്സിങ് ആക്യുറസി.

അഭിഷേക് ദാസ്, ദെനചന്ദ്ര മീതെയ്, ദീപക് ദേവ്‌റാനി തുടങ്ങിയ ഇന്ത്യൻ പ്രതിരോധനിര താരങ്ങൾക്കൊപ്പവും വിദേശ താരങ്ങൾക്കൊപ്പവും ട്രാവു എഫ് സിയിൽ മികച്ച സഖ്യം ഉണ്ടാക്കാനും തകർത്തു കളിക്കാൻ സന്ദീപ് സിങ്ങിനു കഴിഞ്ഞു.ട്രാവു എഫ് സിയിലെ തുടർച്ചയായ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ സന്ദീപ് സിങ്ങിനെ ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബുകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് സന്ദീപ് സിങ്ങുമായി കരാറിൽ എത്തുകയായിരുന്നു.

മികച്ച ശാരീരിക ക്ഷമതയുള്ള താരമാണ് സന്ദീപ് സിങ്.ടൈറ്റ് മാൻ മാർക്കിങ്ങിലും മിടുക്കൻ ആണ് സന്ദീപ്. വൺ ടു വൺ ബോളുകളും ഏരിയൽ ബോളുകളും വിൻ ചെയ്യാൻ വിദഗ്ദ്ധൻ ആയ സന്ദീപ് ടാക്കിളുകളിലും മികച്ചു നിൽക്കുന്ന താരമാണ്.

സെൽഫ് കണ്ട്രോളും മെന്റൽ സ്ട്രെങ്തും ആണ് ഒരു ഡിഫെൻഡറിന്റെ ഏറ്റവും വലിയ വിജയമെന്നും സന്ദീപ് സിങ് കരുതുന്നു.

നിരവധി മത്സരങ്ങളുടെ പരിചയമുള്ള 25 വയസ്സ് പ്രായമുള്ള സന്ദീപ് സിങ്‌ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യൻ കിബു ഫസ്റ്റ് ചോയ്സ് ഇന്ത്യൻ സെന്റർബാക്ക് ആയി പരിഗണിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാൾ ആണ്.

പ്രതിഭാശാലിയായ സെന്റർ ബാക്ക് ആണ് സന്ദീപ് സിങ് എന്ന കാര്യത്തിൽ തർക്കമില്ല.കഠിനാദ്ധ്വാനിയായ സന്ദീപ് സിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സിനു ഒരു മികച്ച സെന്റർ ബാക്ക് ഓപ്ഷൻ ആണ് ലഭിച്ചിരിക്കുന്നത്.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ഏറെയിഷ്ടപ്പെടുന്ന സന്ദീപ് സിങ് കഠിനാദ്ധ്വാനത്തിൽ മാതൃകയാക്കിയിരിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു മുമ്പിൽ കളിക്കുന്നതിനും കാത്തിരിക്കുകയാണ് സന്ദീപ് സിങ്.ക്ലബ്ബിന്റെ കിരീട നേട്ടത്തിനായി കൈയ്യും മെയ്യും മറന്നു അദ്ധ്വാനീക്കുമെന്നും സന്ദീപ് സിങ് ഉറപ്പ് നൽകുന്നു.💛

വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സന്ദീപ് സിങ്ങിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.

Facebook Comments

error: Content is protected !!