ഗില്ലിനു കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം 🙏

“Goalkeeper is the last defender and first attacker”

കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മികച്ച ഗോൾ കീപ്പറുടെ അഭാവം. കഴിഞ്ഞ സീസണിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ചതും ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയായിരിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2021-2022 സീസൺ മുതൽ 3+1 റൂൾ നടപ്പിലാക്കാൻ ഒരുങ്ങുകയും ഇന്ത്യൻ താരങ്ങൾക്കു പ്രാധാന്യമേറുകയും ചെയ്യുന്ന ഈ അവസരത്തിൽ ഓരോ ടീമും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത് മികച്ച ഗോൾകീപ്പർമാരെ ടീമിൽ എത്തിക്കാൻ വേണ്ടി തന്നെയാണ്.

അങ്ങനെ ഗോൾകീപ്പർമാരെ ടീമിൽ എത്തിക്കുമ്പോൾ പരിചയസമ്പന്നരോടൊപ്പം ദീർഘകാല പദ്ധതികളിൽ ഉൾപ്പെടുത്താവുന്ന യുവ പ്രതിഭകളെ കൂടി ടീമിൽ എത്തിക്കേണ്ടത് ഓരോ ടീമിന്റെയും നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്.

 

ഇന്നു ഇന്ത്യൻ ഫുട്ബോളിന്റെ മുൻ നിരയിൽ ഉള്ള പ്രതിഭാധനരായ അപൂർവ്വം യുവ ഗോൾകീപ്പർമാരിൽ ഒരാൾ ആണ് പ്രഭ്സുഖൻ സിങ് ഗിൽ ❤

 

പ്രതിഭാധനനായ യുവ ഗോൾകീപ്പർ ഗില്ലിനു കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം 🙏

 

19 വയസ്സ് മാത്രം ആണ് ഗില്ലിന്റെ പ്രായം.

പഞ്ചാബിലെ ലുധിയാന സ്വദേശി.

 

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയി ക്രോസ്സ് ബാറിനു കീഴിൽ എത്താൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന പ്രതിഭാശാലിയായ ഗോൾകീപ്പർ ആണ് ഗിൽ.

ബെംഗളൂരു എഫ് സിയിൽ നിന്നാണ് 2 വർഷത്തെ കരാറിൽ ഗില്ലിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പുതുക്കാൻ കഴിയുന്ന കരാർ ആണ് ഗില്ലിനു ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള യുവ ഗോൾകീപ്പർമാരിൽ ഒരാൾ ആയ പ്രതിഭാശാലിയായ ഗില്ലിന്റെ ട്രാൻസ്ഫർ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്നായി വിലയിരുത്താം.

6 അടിയിൽ കൂടുതൽ ഉയരം ഉള്ള ഗോൾകീപ്പർ ആണ് ഗിൽ.

 

ആരാണ് പ്രഭ്സുഖൻ സിങ് ഗിൽ ???

 

ഗിൽ സഹോദരന്മാരിൽ ഇളയവൻ ആണ് പ്രഭ്സുഖൻ സിങ് ഗിൽ.മൂത്ത സഹോദരൻ ഗുർസീംരത് സിങ് ഗിൽ ബെംഗളൂരു എഫ്സിയുടെ പ്രതിരോധനിര താരമാണ്.

പഞ്ചാബിലെ ലുധിയാനയിലെ സാരഭ വില്ലേജിൽ ആയിരുന്നു പ്രഭ്സുഖൻ സിങ്ങിന്റെ ജനനം.ഒരു സ്പോർട്സ് കുടുംബമായിരുന്നു ഗില്ലിന്റേത്.ഗില്ലിന്റെ അച്ഛൻ ഒരു ഹോക്കി പ്ലെയർ ആയിരുന്നു.കുട്ടിക്കാലം മുതൽക്കേ ഫുട്ബാളിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഗിൽ അക്കാലത്തു ഫുട്ബോളർ ആയ തന്റെ സഹോദരനോടൊപ്പം പ്രാക്ടീസ് സെഷനുകളും മത്സരങ്ങളും നേരിൽ കാണാൻ പോകുമായിരുന്നു.ആ ദിവസങ്ങൾ തന്നെയാണ് ഗില്ലിൽ ഒരു പ്രൊഫെഷണൽ ഫുട്ബോളർ ആയിത്തീരണം എന്ന മോഹം നട്ടു വളർത്തിയത്.

തന്റെ സഹോദരൻ ഗുർസീംരത് സിങ് ഗില്ലിന്റെ നിർദ്ദേശത്തെത്തുടർന്നാണ് പ്രഭ്സുഖൻ സിങ് ഗിൽ പ്രശസ്തമായ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയുടെ ട്രയൽസിൽ പങ്കെടുക്കുന്നത്.ഡിഫൻഡർ ആയി കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗിൽ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയുടെ ട്രയൽസിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അക്കാഡമിയിൽ പരിശീലനവേളകളിലും മത്സരങ്ങളിലും ഡിഫൻഡർ ആയി കളി തുടർന്ന ഗില്ലിനോടു പെട്ടെന്നൊരു ദിവസം അക്കാഡമി പരിശീലകൻ ഹർജീന്ദർ സിങ് ഗോൾകീപ്പിങ് ഗ്ലൗസ് ഏൽപ്പിച്ചു.ഗില്ലിന്റെ ഉയരം ഗോൾകീപ്പറിനു യോജിച്ചതാണെന്നു തിരിച്ചറിഞ്ഞ ഹർജീന്ദർ സിങ് ഗില്ലിനോടു ഗോൾകീപ്പർ ആയി തുടരാനും നിർദേശിച്ചു.ഭൂരിഭാഗം ടീമുകളും ഉയരമുള്ള സ്‌ട്രൈക്കർമാരെയും ഡിഫെൻഡർമാരെയും തേടുന്ന അവസരത്തിൽ തന്നെ ഗോൾകീപ്പർ ആയി നിർദേശിച്ച അക്കാഡമി പരിശീലകന്റെ തീരുമാനത്തിൽ ക്ഷുഭിതനായാണ് അന്നു ഗിൽ അക്കാഡമിയുടെ ഹോസ്റ്റൽ റൂമിൽ മടങ്ങിയെത്തിയത്.റൂമിൽ തിരിച്ചെത്തിയ ഗിൽ പൊട്ടിക്കരഞ്ഞു.ഡിഫൻഡർ ആയി കളിക്കാൻ ആഗ്രഹിച്ച ഗില്ലിനു ഗോൾകീപ്പർ ആയി തുടരാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ച ഗില്ലിനു റിട്ടയേർഡ് ആർമി ഓഫിസർ ആയ തന്റെ അച്ഛന്റെ മുഖം ആണ് ആദ്യം മനസ്സിൽ തെളിഞ്ഞത്.മടങ്ങിച്ചെന്നാൽ തന്നെ വീട്ടിൽ കയറ്റില്ല എന്ന ഉത്തമ ബോധ്യം ഗില്ലിനുണ്ടായിരുന്നു.ത്യാഗം സഹിച്ചും അക്കാഡമിയിൽ തുടരാൻ തീരുമാനിച്ച ഗില്ലിന്റെ ചിന്തകളിൽ തന്റെ വീടിനു 20 കി.മീ മാത്രം അകലത്തിൽ താമസിക്കുന്ന ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ വമ്പൻ ടീമുകളിൽ കളിച്ചിട്ടുള്ള രബീന്ദ്ര സിങ് കടന്നു വന്നു.അക്കാലത്തു സ്വന്തം ഇഷ്ടം ത്യജിച്ചു കോച്ചിന്റെ ഇഷ്ടം അനുസരിച്ചു പല പൊസിഷനുകളിൽ കളിക്കുകയും കരിയറിൽ വിജയിക്കുകയും ചെയ്തിരുന്ന രബീന്ദ്ര സിങ്ങിനെ ഗിൽ തന്റെ മുത്തച്ഛനെപ്പോലെയാണ് കണ്ടിരുന്നത്.

തുടർന്നു ചണ്ഡീഗഢ് അക്കാഡമിയിൽ പരിശീലനത്തിനു തിരിച്ചെത്തിയ ഗിൽ മനസ്സു കൊണ്ടും ശരീരം കൊണ്ടും പ്രകടനമികവു കൊണ്ടും ഒരു ഗോൾകീപ്പർ ആയി രൂപം പ്രാപിച്ചു.അവൻ പതിയെ ഗോൾകീപ്പിങ് ഇഷ്ടപ്പെടാൻ തുടങ്ങി.

തകർപ്പൻ പ്രകടനങ്ങളുമായി ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ നിറഞ്ഞു നിന്ന ഗിൽ ആദ്യം ഇടം നേടിയത് ഇന്ത്യൻ അണ്ടർ-14 ദേശീയ ടീമിലായിരുന്നു.അണ്ടർ-14 ടീമിലെ തകർപ്പൻ പ്രകടനങ്ങളെത്തുടർന്നു ഗില്ലിനു ഇന്ത്യയിൽ നടക്കുന്ന അണ്ടർ -17 ലോകകപ്പിനു വേണ്ടി രൂപീകരിച്ച എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിലേക്ക് ട്രയൽസിനു ക്ഷണം ലഭിച്ചു.ഇന്നു നാം കാണുന്ന പ്രതിഭാധനരായ യുവ പ്രതിഭകളെ രാജ്യത്തിനു സംഭാവന ചെയ്ത നിക്കോളായ് ആദം എന്ന ജർമ്മൻ പരിശീലകൻ മുഖ്യ ചുമതല വഹിച്ച എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയുടെ ട്രയൽസ് വിജയകരമായി പൂർത്തിയാക്കി അക്കാഡമിയിൽ ഇടം നേടിയ ഗിൽ തുടർന്നു 2015-ൽ ഇന്ത്യൻ അണ്ടർ-16 ടീമിൽ ഇടം നേടി.അണ്ടർ-16 ടീമിലെ തുടർച്ചയായ മികച്ച പ്രകടനങ്ങൾ ഗില്ലിനു പോർച്ചുഗീസ് പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് പരിശീലകനായുള്ള അണ്ടർ -17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തു.ടീമിന്റെ രണ്ടാം ഗോൾകീപ്പർ ആയിട്ടാണ് ഗില്ലിനെ പരിശീലകൻ പരിഗണിച്ചിരുന്നത്.ഇന്ത്യൻ അണ്ടർ-17 ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ധീരജ് സിങ് തകർപ്പൻ പ്രകടനങ്ങളുമായി നിറഞ്ഞു നിന്ന ആ ലോകകപ്പിൽ ഗില്ലിനു ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല.എങ്കിലും ടീം ക്യാമ്പിൽ ലഭിച്ച വിദഗ്ദ്ധ പരിശീലനവും അനുഭവങ്ങളും അറിവും ഗില്ലിനു തന്റെ കരിയറിൽ തുണയായി.

അണ്ടർ-17 ലോകകപ്പിലെ മത്സരങ്ങൾ ബെഞ്ചിൽ ഇരുന്നു കാണേണ്ടി വന്നതാണ് തന്റെ ജീവിതത്തിലെ വേദനജനകമായ നിമിഷങ്ങൾ ആയി ഗിൽ കരുതുന്നത്.

അണ്ടർ-17 ലോകകപ്പിനു ശേഷം 2017 ഒക്ടോബറിൽ ഗില്ലിനെ എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ-20 ടീമിലേക്ക് തിരഞ്ഞെടുത്തു.

തുടർന്നു 2018-ൽ നടന്ന എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി സ്പെയിനിലെ വലൻസിയയിൽ നടന്ന കോട്ടിഫ് കപ്പിൽ ഗിൽ കളിച്ചു.

കോട്ടിഫ്‌ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൗറിഷ്യ, മൗറിതാന്യ ടീമുകളോട് തോൽവി ഏറ്റുവാങ്ങുകയും വെനസ്വേലയോട് ഗോൾ രഹിത സമനില വഴങ്ങുകയും ചെയ്തു ടൂർണമെന്റിൽ നിന്നും പുറത്താകലിന്റെ വക്കിൽ എത്തി നിൽക്കുകയും ചെയ്തിരുന്ന ഇന്ത്യൻ അണ്ടർ-20 ടീമിനു അടുത്ത മത്സരത്തിൽ നേരിടേണ്ടിയിരുന്നത് 6 തവണ അണ്ടർ-20 ലോകകപ്പ് നേടി ചരിത്രമുള്ള കരുത്തരായ അർജന്റീനയെയായിരുന്നു.ഇപ്പോഴത്തെ അർജന്റീനിയൻ സീനിയർ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണിയും പാബ്ലോ ഐമറും പരിശീലകർ ആയുള്ള പ്രതിഭാധനരായ താരങ്ങൾ അടങ്ങിയ അർജന്റീന.ആ അർജന്റീനിയൻ അണ്ടർ-20 ടീമുമായുള്ള മത്സരത്തിന്റെ നാലാം മിനിറ്റിൽ ദീപക് താൻഗ്രിയിലൂടെ ആദ്യ ഗോൾ നേടിയ ഇന്ത്യ അറുപത്തിയെട്ടാം മിനിറ്റിൽ അൻവർ അലിയിലൂടെ രണ്ടാം ഗോളും നേടി.എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച അർജന്റീനയുടെ ലോകോത്തര നിലവാരമുള്ള യുവ താരങ്ങളുടെ തുടരെയുള്ള അക്രമണങ്ങൾക്ക് മുന്നിൽ ഉരുക്കുകോട്ടയായി നിലകൊണ്ടു ഫ്ലോയ്ഡ് പിന്റോ പരിശീലകനായുള്ള ഇന്ത്യൻ അണ്ടർ-20 ടീമിനു ചരിത്ര വിജയം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രഭ്സുഖൻ സിങ് ഗിൽ എന്ന പ്രതിഭാശാലിയായ യുവ ഗോൾകീപ്പർ ആയിരുന്നു.മത്സരത്തിന്റെ 56ആം മിനിറ്റിലെയും 61ആം മിനിറ്റിലെയും ഗില്ലിന്റെ തകർപ്പൻ സേവുകൾ ആരും മറക്കാനിടയില്ല.ഗോൾ തിരിച്ചടിച്ചു വിജയം നേടുന്നതിനായി അർജന്റീനിയൻ താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം ഗിൽ എന്ന വന്മതിലിൽ തട്ടി നിഷ്പ്രഭമായി.10 പേരായി ചുരുങ്ങിയിട്ടും കരുത്തരായ അർജന്റീനയെ ഇന്ത്യയുടെ ചുണക്കുട്ടികൾ അട്ടിമറിച്ചു.ഒരു കാലത്തു അർജന്റീന പോലെയുള്ള വമ്പൻ ടീമിനെതിരെ സമനില പോലും സ്വപ്‍നം മാത്രം ആയിരുന്ന ഇന്ത്യൻ ടീമിനായി ചരിത്ര വിജയമാണ് ഗിൽ അടക്കമുള്ള യുവ പ്രതിഭകളുടെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യ നേടിയെടുത്തത്.അതിലൂടെ ലയണൽ സ്‌കലോണി, പാബ്ലോ ഐമർ തുടങ്ങിയ പ്രഗത്ഭരുടെ പ്രശംസ പിടിച്ചു പറ്റാനും ഗിൽ ഉൾപ്പടെയുള്ള യുവ പ്രതിഭകൾക്ക് കഴിഞ്ഞു.

തുടർന്നു ഇന്ത്യൻ ഫുട്ബാളിന്റെ ഡെവലപ്മെന്റൽ ടീം ആയ ഇന്ത്യൻ ആരോസിൽ കളിക്കാൻ എത്തിയ ഗിൽ അവിടെയും ധീരജ് സിങ്ങിന്റെ നിഴലിൽ രണ്ടാം ഗോൾകീപ്പർ ആയി സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.ആ ഐ ലീഗ് സീസണിന്റെ പകുതിയിൽ ധീരജ് സിങ് സ്കോട്ട്ലൻഡിലെ മദർവെൽ എഫ്സിയിലേക്ക് ട്രയൽസിനായി പോയ അവസരത്തിലാണ് ഗില്ലിനു ഇന്ത്യൻ ആരോസിനായി ആദ്യമായി കളിക്കാൻ അവസരം ലഭിക്കുന്നത്.ഐ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ജനുവരി 2നു തന്റെ ജന്മദിനത്തിൽ ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിന്റെ ഭാഗം ആയ ഈസ്റ്റ്‌ ബംഗാളിനെതിരെ ഇന്ത്യൻ ആരോസ് ഗോൾകീപ്പർ ജേഴ്സിയിൽ ഗിൽ അരങ്ങേറ്റം കുറിച്ചു.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷമായി ഗിൽ കരുതുന്നതും ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള ആ അരങ്ങേറ്റ മത്സരമാണ്.ഗില്ലിനു ആരോസിലെ ആദ്യ മത്സരം അത്ര സുഖകരമായ അനുഭവമായിരുന്നില്ല.പതർച്ചയോടെ ആരോസിൽ കളി തുടങ്ങിയ ഗില്ലിനു പൂർണ്ണ പിന്തുണയുമായി അന്നത്തെ ഇന്ത്യൻ ആരോസിന്റെ പോർച്ചുഗീസ് പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് ഉണ്ടായിരുന്നു.പതിയെ താളം വീണ്ടെടുത്ത ഗിൽ 2017-2018 സീസണിൽ 12 മത്സരങ്ങളിൽ ഇന്ത്യൻ ആരോസിനായി കളിക്കാനിറങ്ങി.പല മത്സരങ്ങളിലും തകർപ്പൻ സേവുകളുമായി ഗിൽ ഗോൾപോസ്റ്റിനു മുന്നിൽ ഉറച്ചു നിന്നെങ്കിലും ഇന്ത്യൻ താരങ്ങൾ മാത്രം അടങ്ങിയ ഇന്ത്യൻ ആരോസിനു പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു എത്താനേ കഴിഞ്ഞുള്ളൂ.പക്ഷെ ഈ 12 മത്സരങ്ങളിലൂടെ വിലപ്പെട്ട മത്സരപരിചയം നേടിയെടുക്കാൻ ഗില്ലിനു കഴിഞ്ഞു.

തുടർന്നു 2018-2019 സീസണിൽ 18 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇന്ത്യൻ ആരോസിന്റെ ഗോൾ വല കാത്തത്.ആ സീസണിലും മിന്നും ഫോമിൽ കളിച്ച ഗിൽ പല മത്സരങ്ങളിലും മികച്ച പ്ലയെറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.ആരോസ് പരിശീലകൻ ഫ്ലോയ്ഡ് പിന്റോയുടെ ഇഷ്ട താരമായി മാറാനും അതിലൂടെ ഗില്ലിനു കഴിഞ്ഞു.ആ സീസണിൽ ഗിൽ ഉൾപ്പടെയുള്ള യുവ താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലീഗ് പട്ടികയിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ ഫിനിഷ് ചെയ്യാനും ഇന്ത്യൻ ആരോസിനു കഴിഞ്ഞു.

തുടർന്നു 3 സൂപ്പർ കപ്പ് മത്സരങ്ങളിലും ഇന്ത്യൻ ആരോസിനായി കളത്തിലിറങ്ങിയ ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകൾക്കെതിരെ തകർപ്പൻ സേവുകളുമായി ഗോൾവലയ്ക്കു മുന്നിൽ നിറഞ്ഞു നിന്നു.

ഇന്ത്യൻ ആരോസിൽ 33 മത്സരങ്ങളിൽ ഗോൾവല കാത്ത ഗിൽ 8 ക്ലീൻഷീറ്റുകൾ ആണ് നേടിയത്.

ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ ആയിരുന്ന യൂസുഫ് അൻസാരി എന്ന ഇതിഹാസ ഗോൾകീപ്പിങ് പരിശീലകന്റെ കീഴിൽ പരിശീലനം നേടാനും ഇന്ത്യൻ ആരോസിൽ ഗില്ലിനു കഴിഞ്ഞു.ഫ്ലോയ്ഡ് പിന്റോ എന്ന പരിശീലകനെയും ഗിൽ നന്ദിയോടെ സ്മരിക്കുന്നു.

തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഗോൾകീപ്പർ ഗില്ലിനെ തൊട്ടടുത്ത സീസണിൽ മിഡ്ഫീൽഡർ സുരേഷ് വാങ്ജത്തിനൊപ്പം ബെംഗളൂരു എഫ്സി റാഞ്ചി.

സഹോദരൻ ഗുർസീംരത് സിങ് ഗില്ലിനൊപ്പം പ്രഭ്സുഖൻ സിങ് ഗില്ലും കൂടി ചേർന്നപ്പോൾ ബെംഗളൂരു എഫ്സി ഗിൽ സഹോദരന്മാരുടെ സംഗമ വേദിയായി മാറി.

ഗുർപ്രീത് സിങ് സന്ധു എന്ന പരിചയസമ്പന്നനായ ഗോൾകീപ്പർ തകർത്തു കളിച്ചു കൊണ്ടിരിക്കുന്ന ബെംഗളൂരു എഫ് സി ടീമിൽ കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിൽ മാത്രം ആണ് പരിശീലകൻ കാർലെസ് ക്വാഡ്രാറ്റ് ഗില്ലിനു അവസരം നൽകിയത്.ഇതിനിടെ ഭൂട്ടാനീസ് ക്ലബ്‌ പാരോ എഫ് സിക്കെതിരായ എഎഫ്സി കപ്പ് മത്സരത്തിൽ ഗില്ലിനു കളിക്കാൻ ക്വാഡ്റാറ്റ് അവസരം നൽകുകയും ഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.

ബെംഗളൂരു എഫ് സിയിൽ സ്പാനിഷ് ഗോൾകീപ്പിങ് പരിശീലകരായ ജൂലെൻ എസ്നയോളയ്ക്കും ജാവി പിനില്ലോസിനും കീഴിൽ വിദഗ്ദ്ധ പരിശീലനം നേടാൻ കഴിഞ്ഞത് ഇതിനിടയിൽ ഗില്ലിനു നേട്ടമായി.

തുടർന്നു കഴിഞ്ഞ സീസണിന്റെ അവസാനം ആണ് ഗില്ലുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തുന്നത്.വമ്പൻ ഓഫർ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗില്ലിനു നൽകിയത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.ഗുർപ്രീത് സിങ് സന്ധു എന്ന ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ടീമിൽ ഉള്ളപ്പോൾ ബെംഗളൂരു എഫ് സിയിൽ തനിക്കു അധികം അവസരങ്ങൾ ലഭിക്കില്ല എന്നു ഗില്ലിനും ഉറപ്പായിരുന്നു.അതു തന്നെയാണ് ഗിൽ ബെംഗളൂരു എഫ് സി വിടാനുള്ള കാരണവും.

ഒരു കാര്യം ഉറപ്പാണ്. ധീരജ് സിങിന്റെയോ ഗുർപ്രീത് സിങ് സന്ധുവിന്റെയോ നിഴലിൽ നിൽക്കേണ്ട ആൾ അല്ല പ്രഭ്സുഖൻ സിങ് എന്ന പ്രതിഭാധനനായ ഗോൾകീപ്പർ.

ബെംഗളൂരു എഫ് സി പോലെയുള്ള തികച്ചും പ്രൊഫഷണൽ ആയുള്ള ഒരു ടീമിൽ നിന്നും വിളിയെത്തുകയും അവിടെ വിദഗ്ദ്ധ പരിശീലനം ലഭിക്കുകയും ചെയ്ത ഗില്ലിന്റെ പ്രതിഭയിൽ ആർക്കും തർക്കമുണ്ടാവില്ല.

 

എന്താണ് ഗില്ലിന്റെ പ്രത്യേകതകൾ ???

ആറടിയിൽ കൂടുതൽ ഉയരമുള്ള ഗോൾകീപ്പർ ആണ് ഗിൽ.ബുദ്ധിമുട്ടേറിയ പന്തുകൾ പോലും പറന്നു കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള പ്രതിഭാശാലി.ഗെയിം റീഡിങ്ങും ബോൾ ഹാൻഡിൽ ചെയ്യാനുള്ള കഴിവും കൈമുതലായുള്ള ഗോൾകീപ്പർ ആണ് ഗിൽ.മികച്ച റിഫ്ളക്സും പഞ്ച് ചെയ്തു അപകടം ഒഴിവാക്കാനുള്ള പ്രവണതയും ഗില്ലിന്റെ മറ്റു പ്രത്യേകതകൾ ആണ്.വൺ ഓൺ വൺ സിറ്റുവേഷനുകളിലും ഗില്ലിനു പ്രത്യേക കഴിവുണ്ട്.കൈകളും കാലുകളും ഉപയോഗിച്ചു മികച്ച രീതിയിൽ പന്തു നിയന്ത്രിക്കാനും നീക്കങ്ങൾക്കും കഴിവുള്ള ഇന്ത്യയിലെ അപ്പൂർവം ഗോൾകീപ്പർമാരിൽ ഒരാൾ ആണ് ഗിൽ.ബോക്സിൽ നിന്നും റഷ് ഔട്ട്‌ ചെയ്തു എതിർ ടീം അക്രമണത്തിന്റെ മുനയൊടിക്കാനും ടീമിന്റെ പ്രത്യാക്രമണങ്ങൾക്ക് തുടക്കമിടാനും കഴിവുള്ള ഗിൽ ഒരു “Brave” ഗോൾകീപ്പർ ആണ്.ഡിസിഷൻ മേക്കിങ്ങിലും മികച്ചു നിൽക്കുന്ന ഗിൽ ലീഡർഷിപ്പ് ക്വാളിറ്റിയുള്ള ഗോൾകീപ്പർ കൂടിയാണ്.

ഗില്ലിനു തന്റെ പൊസിഷനിങ്ങും പാസ്സിങ്ങും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.അനുദിനം മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഗോൾകീപ്പർ ആണ് ഗിൽ.

 

ഇതിഹാസ ഗോൾകീപ്പർ ജിയാൻ ലൂയി ബഫൺ ആണ് ഗില്ലിന്റെ ഇഷ്ട താരം.ഗില്ലിന്റെ റോൾ മോഡലും ബഫൺ തന്നെയാണ്.

റയൽ മാഡ്രിഡ്‌ ആണ് ഗില്ലിന്റെ ഇഷ്ട ക്ലബ്‌.

ഇന്ത്യൻ അണ്ടർ-19 ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായായ ഗിൽ എഎഫ്സി അണ്ടർ-19 യോഗ്യതാ മത്സരങ്ങളിലും ടീമിന്റെ ഗോൾവല കാത്തു.ഇന്ത്യൻ അണ്ടർ-23 ദേശീയ ടീമിലും അംഗമാണ് ഈ പ്രതിഭാശാലി.

19 വയസ്സ് മാത്രം പ്രായം ഉള്ള ഗില്ലിനു മുന്നിൽ ധാരാളം സമയം ഉണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബുവിനും പോളിഷ് ഗോൾകീപ്പിങ് പരിശീലകൻ ബാർട്ടോസ് ഗ്രൊസാകിനുമൊപ്പം പരിശീലനത്തിനുള്ള മികച്ച അവസരം കൂടിയാണ് ഗില്ലിനു കൈവന്നിരിക്കുന്നത്.

ആൽബിനോ ഗോമസ്, ബിലാൽ ഖാൻ തുടങ്ങിയ ഗോകീപ്പർമാർ കൂടി അടങ്ങിയ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയി കളിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നതും ഗില്ലിനു തന്നെയാണ്.അതിനു കാരണം പ്രകടന മികവു തന്നെയാണ്.

കടുത്ത മത്സരങ്ങൾ നേരിടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ബിഗ് സ്റ്റേജ് ആണ് ഗില്ലിനെ കാത്തിരിക്കുന്നത്. നിരന്തരം മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനിയായ പ്രഭ്സുഖൻ ഗിൽ ആ വെല്ലുവിളി നേരിടാൻ പ്രാപ്തനാണ്.

പ്രതീക്ഷയാണ് ഗിൽ.

ഇനി തെളിയിക്കേണ്ടത് കാലമാണ്.

 

ഈ കോവിഡ് പ്രതിസന്ധി കാലത്തും വീട്ടിൽ മിനി ജിംനേഷ്യം ഒരുക്കി ശാരീരിക ക്ഷമത നിലനിർത്താനുള്ള കഠിനശ്രമത്തിൽ ആണ് ഗിൽ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ ദേശീയ സീനിയർ ടീമും ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ അതുല്യ പ്രതിഭയ്ക്ക് വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.💛

Facebook Comments