സ്വാഗതം കിബു 💛

ഹോസെ അന്റോണിയോ വിചുന ഒച്ചാൻഡോറീന ❤

” കിബു ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പാനിഷ് പരിശീലകൻ.
പോളിഷ് പൗരത്വവും കിബു വിചുനയ്ക്കുണ്ട്.

മോഹൻ ബഗാനിനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ.48 വയസ്സാണ് പ്രായം.

നോർത്തേൺ സ്പെയിനിലെ ഒരു വമ്പൻ ബിസിനസ് ഫാമിലിയിൽ ജനിച്ച കിബുവിന് മുന്നിൽ രണ്ടു ഓപ്ഷനുകൾ ആണ് ഉണ്ടായിരുന്നത്.ബിസിനസ് അല്ലെങ്കിൽ ഫുട്ബോൾ. എന്നാൽ കിബു തിരഞ്ഞെടുത്തത് തന്റെ സ്വപ്നമായ ഫുട്ബോൾ തന്നെയായിരുന്നു.
പതിനാറാം വയസ്സിൽ തന്റെ സ്കൂളിലെ ജൂനിയർ താരങ്ങൾക്ക് പരിശീലനം നൽകിക്കൊണ്ടായിരുന്നു കിബു തന്റെ ഫുട്ബോൾ കോച്ചിങ് കരിയർ ആരംഭിക്കുന്നത്.പിന്നീട് നവർറ യൂണിവേഴ്സിറ്റി ടീമിനു വേണ്ടി കളിക്കുകയും ജൂനിയർ താരങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു.യൂണിവേഴ്സിറ്റി ടീമിന്റെ പരിശീലകൻ ആയിരുന്ന ഗോയോ മനേറോ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ ആയിരുന്നപ്പോൾ ടീമിന്റെ ചുമതല നല്കിയിരുന്നതും കിബുവിനായിരുന്നു. യൂണിവേഴ്സിറ്റി കരിയറിന്റെ അവസാന നാളുകളിൽ റൗൾ ഗാർഷ്യ, നാച്ചോ മോൺ റിയാൽ തുടങ്ങിയ വിഖ്യാത താരങ്ങൾക്ക് പരിശീലനം നൽകാനും കിബുവിന് കഴിഞ്ഞു.

സ്പെയിനിലെ സി എ ഒസാസുന യൂത്ത് ടീമിന്റെ പരിശീലകൻ ആയിട്ടാണ് കിബു തന്റെ 18 വർഷം നീണ്ട ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന പ്രൊഫെഷണൽ പരിശീലക കരിയർ ആരംഭിക്കുന്നത്.
സ്പെയിനിലും പോളണ്ടിലുമായി നിരവധി ക്ലബുകളെ പരിശീലിപ്പിച്ച കിബു കരിയറിന്റെ ആദ്യ പകുതിയിൽ ഭൂരിഭാഗം ക്ലബുകളിലും സഹ പരിശീലകന്റെ ചുമതലയാണ് വഹിച്ചിരുന്നത്.
2019-ൽ ആണ് കിബു ഇന്ത്യയിൽ എത്തുന്നത്.മോഹൻ ബഗാനിന്റെ മുഖ്യ പരിശീലകൻ ആയിട്ടായിരുന്നു കിബു ഇന്ത്യയിൽ എത്തിയത്.ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളും വ്യത്യസ്തമായ കളി ശൈലിയും കാലാവസ്ഥയും ഒക്കെ പ്രീ സീസണിൽ കിബുവിന് തിരിച്ചടിയായി.ചില മത്സരങ്ങളിൽ തോൽവി ഏറ്റു വാങ്ങി.യുവ താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ വിജയ സംഘമാക്കി മാറ്റുക എന്നതായിരുന്നു കിബുവിന് മുന്നിൽ ഉണ്ടായിരുന്ന ആദ്യ വെല്ലുവിളി.അതിനു കിബു ആദ്യം ചെയ്തത് ഡ്രസ്സിങ് റൂം അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതായിരുന്നു.തന്റെ കളിക്കാരെ കുടുംബാംഗങ്ങളെ പോലെ കാണുന്ന ഒരു നല്ല പേഴ്സണാലിറ്റിക്ക് കൂടി ഉടമയായ കിബുവിനു ഇക്കാര്യത്തിൽ വിജയിക്കാനായി.ഡ്രസ്സിങ് റൂമിലെ ഒത്തിണക്കം ഗ്രൗണ്ടിലെ പ്രകടനത്തിലും മാറ്റങ്ങൾ ഉണ്ടാക്കും എന്നു നല്ലതു പോലെ അറിയാവുന്ന പ്രൊഫെഷണൽ പരിശീലകൻ ആയിരുന്നു കിബു. പ്രീ സീസണിൽ നിരവധി മത്സരങ്ങൾ കളിക്കാനായതിനാൽ ടാക്റ്റിക്സിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് വരുത്തേണ്ടതെന്നും ടീമിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് വരുത്തേണ്ടതെന്നും കിബുവിന് നല്ല ബോധ്യം ഉണ്ടായിരുന്നു.ഐ ലീഗ് സീസണിന്റെ ആദ്യ രണ്ടു മത്സരങ്ങൾ പതർച്ചയോടെ തുടങ്ങിയ മോഹൻ ബഗാൻ രണ്ടാം മത്സരത്തിൽ ചർച്ചിൽ ബ്രദെയ്‌സിനോടു 2-4 എന്ന സ്‌കോറിൽ തോറ്റു.(പിന്നീട് സെക്കൻഡ് ലെഗിൽ 3-0 എന്ന സ്കോറിനു മോഹൻ ബഗാൻ ചർച്ചിലിനെ തോൽപ്പിച്ചു) തോറ്റെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു മോഹൻ ബഗാനിന്റേത്.
പിന്നീടിങ്ങോട്ട് 14 മത്സരങ്ങൾ തോൽവിയറിയാതെ (സീസൺ ക്യാൻസൽ ചെയ്യുന്നത് വരെ) കുതിക്കുന്ന കിബുവിന്റെ മോഹൻ ബഗാനെയാണ് കണ്ടത്.ഷെയ്ഖ് സഹിലും നോങ്ഡാംബ നായോറവും ശുഭ ഘോഷും ഉൾപ്പടെയുള്ള യുവ ഇന്ത്യൻ താരങ്ങളും ഫ്രാൻ ഗോൺസാലസും ജോസെബ ബെയ്ട്ടിയയും മോറാന്റെയും ഉൾപ്പടെയുള്ള വിദേശ താരങ്ങളും ഉൾപ്പെട്ട കിബുവിന്റെ ടീം ഐ ലീഗ് ചാമ്പ്യൻ പട്ടത്തിലേക്കാണ് മുന്നേറിയത്.ഓരോ മത്സരത്തിലും എതിരാളികൾക്ക് അനുസരിച്ചു വ്യത്യസ്ത ടാക്റ്റിസ് ആണ് കിബു പുറത്തെടുത്തത്.സെന്റർ ബാക്ക് ആയി കളി തുടങ്ങിയ യുവ താരം ഷെയ്ഖ് സഹിലിനെ ഡിഫെൻസിവ് മിഡ്ഫീൽഡർ ആക്കി.മലയാളി താരം വി പി സുഹൈറിനെ സാഹചര്യങ്ങൾക്ക് അനുസരിച്ചു സെക്കന്ററി സ്‌ട്രൈക്കർ ആയും റൈറ്റ് വിങ്ങർ പൊസിഷനിലും കളിപ്പിച്ചു. ഡിഫെൻസിവ് മിഡ്ഫീൽഡർ ആയ ഫ്രാൻ ഗോൺസാലസിനെ സെന്റർ ബാക്ക് ആയി വരെ കളിപ്പിച്ചു. യുവ ഇന്ത്യൻ താരം നോങ്ഡാംബ നയോറത്തിനെ ഫ്രീ ആയി കളിക്കാൻ വിട്ടു.അതിനു പ്രയോജനവും ഉണ്ടായി.വിങ്ങുകളിലൂടെയുള്ള നീക്കങ്ങൾ വിങ്ങുകളിൽ അവസാനിപ്പിക്കാതെ ബോക്സിനുള്ളിൽ കട്ട്‌ ചെയ്തു കയറുകയും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നയോറത്തെ പിന്നീട് കാണാൻ കഴിഞ്ഞു. ഐ ലീഗിൽ 5 അസിസ്റ്റുകളുമായി ഇന്ത്യൻ താരങ്ങളിൽ മുന്നിൽ എത്താനും നയോറത്തിനു കഴിഞ്ഞു.ശുഭ ഘോഷ് എന്ന യുവ ഇന്ത്യൻ സ്‌ട്രൈക്കറുടെ പ്രകടനം മെച്ചപ്പെടുത്താനും കിബുവിന് കഴിഞ്ഞു.

ഹൈ പ്രെസ്സിങ് – പാസ്സിങ് ഫുട്ബോൾ ആണ് കിബുവിന്റെ ശൈലി. എന്നാൽ പ്രതിരോധവും ഭദ്രമാക്കിയുള്ള ശൈലിയാണ് അവലംബിക്കുന്നത്.
35 ഗോളുകൾ ആണ് കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നേടിയത്.ഇതിൽ നിന്നു തന്നെ വ്യക്തം.13 ഗോളുകൾ മാത്രം ആണ് വഴങ്ങിയത്.

യുവന്റസിന്റെ വിഖ്യാത പരിശീലകൻ മൗറിസിയോ സരിയെ അദ്ദേഹത്തിന്റെ ആരാധകർ “സരിബോൾ” എന്നു വിളിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും.അതു അദ്ദേഹത്തിന്റെ ശൈലിയ്ക്ക് ആരാധകർ നൽകിയ പേരാണ്. അതുപോലെ കിബുവിന്റെ ഹൈ പ്രെസ്സിങ് ഫുട്ബോൾ ശൈലിയ്ക്ക് മോഹൻ ബഗാൻ ആരാധകർ “Vicunaball” എന്നു സ്നേഹപൂർവ്വം വിശേഷണം നൽകി.
ഇതിഹാസ പരിശീലകൻ പെപ്പ് ഗ്വാഡിയോളയെ ഏറെയിഷ്ടപ്പെടുന്ന കിബു പിന്തുടരുന്നതും അദ്ദേഹത്തിന്റെ ശൈലി തന്നെയാണ്.ടിക്കി -ടാക്ക എന്നും (ഷോർട്ട് പാസ്സ് കളിച്ചു പൊസഷൻ keep ചെയ്തു മുന്നേറുന്ന ഹൈ പ്രെസ്സിങ് ഫുട്ബോൾ ശൈലി) “Rondo ” എന്നും (രണ്ടു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ഒരു ഗ്രൂപ്പ്‌ പൊസഷൻ ഫുട്ബോൾ കളിച്ചു മുന്നേറുമ്പോൾ ഒരു ചെറിയ ഗ്രൂപ്പ്‌ പൊസഷൻ നേടിയെടുക്കാൻ ശ്രമിക്കുന്ന ശൈലി) ആരാധകർ വിശേഷിപ്പിക്കുന്ന ശൈലിയാണ് കിബു പിന്തുടരുന്നത്. തന്റെ ശൈലിയിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത പരിശീലകൻ ആണ് കിബു വിചുന.
ശാരീരിക ക്ഷമതയ്ക്കും മുൻതുക്കം നൽകുന്ന പരിശീലകൻ ആണ് കിബു.ഇക്കാര്യത്തിൽ കിബുവിന് എല്ലാവിധ പിന്തുണയുമായി പോളിയസ് രഗോസ്‌കസ് എന്ന ലിത്വാനിയാൻ ഫിസിക്കൽ ട്രെയ്നറും കൂടെയുണ്ട്.മോഹൻ ബഗാൻ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകൾക്കു പിന്നിലും രഗോസ്‌കസിന്റെ പങ്കുണ്ട്. അസിസ്റ്റന്റ് കോച്ച് ആയി പോളണ്ടുകാരൻ തോമസ് ഷോർസും കിബുവിന്റെ സംഘത്തിൽ ഉണ്ട്.
ലാലീഗയുടെ പോളണ്ടിലെയും ഉക്രൈനിലേയും baltic രാജ്യങ്ങളിലെയും അംബാസഡർ ആണ് കിബുവിന്റെ ഭാര്യ.

ഐ ലീഗിൽ 4 മത്സരങ്ങൾ ശേഷിക്കെ 39 പോയിന്റുമായി മറ്റൊരു ടീമിനും മറികടക്കാനാവാത്തവിധം ലീഡ് നേടി മോഹൻ ബഗാൻ ചാമ്പ്യൻ പട്ടം ഉറപ്പിച്ച അവസരത്തിലാണ് കോവിഡ് -19 ഭീഷണി ഉണ്ടാകുന്നതും ഐ ലീഗ് മത്സരങ്ങൾ നിർത്തി വയ്ക്കുന്നതും പിന്നീട് സീസൺ ക്യാൻസൽ ചെയ്യുന്നതും.

കിബുവിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ജംഷെഡ്പൂർ എഫ് സി, ബെംഗളൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി തുടങ്ങിയ ടീമുകളും ശ്രമങ്ങൾ നടത്തിയിരുന്നു എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഐ ലീഗിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുമ്പോൾ കുറച്ചു കൂടി വലിയ വെല്ലുവിളിയാണ് കിബുവിനെ കാത്തിരിക്കുന്നത്.ഐ എസ് എല്ലിൽ കോമ്പറ്റീഷൻ കൂടുതൽ ആണെന്നത് സത്യം തന്നെയാണ്. മോഹൻ ബഗാനിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ഇന്ത്യൻ താരങ്ങൾ കിബുവിന് കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കും എന്നതു മുൻ‌തൂക്കം നൽകുന്നു.
യുവ താരങ്ങൾക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള കിബു ബ്ലാസ്റ്റേഴ്സിൽ സാമുവൽ, നൊങ്ഡാംബ നയോറം, വിക്രം പ്രതാപ് സിങ് (ലോണിൽ ആരോസിലേക്ക് പോയില്ലെങ്കിൽ), ജീക്സൺ സിങ് തുടങ്ങിയ യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും അതിനൊപ്പം റിസൾട്ടിനും മുൻതൂക്കം നൽകുകയും ചെയ്യും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കിബുവിന് ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാർ തന്നെയായിരിക്കും നൽകുക എന്നും പ്രതീക്ഷിക്കുന്നു.

6 സീസണുകളിൽ നടക്കാതെ പോയ സ്വപ്നം കിബു വിചുന എന്ന സ്പാനിഷ് ടാക്റ്റീഷ്യനിലൂടെ നേടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിയും എന്ന പ്രതീക്ഷയോടെ….. 💛

Facebook Comments