WELCOME HOOPS 😍🙏

 

സ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസനു ശേഷം സ്‌കോട്ടിഷ് ക്ലബ്‌ സെൽറ്റിക്കിനായി കളിച്ച ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്നു പരിശീലകൻ നീൽ ലെന്നൻ വിശേഷിപ്പിച്ച താരം.

 

ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്‌കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ്‌ മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരം.

 

സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ് റേറ്റുമായി ബ്രിട്ടനിലെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റേറ്റ് സ്വന്തമാക്കിയും യൂറോപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിയ്ക്കും അന്റോണിയോ ഡി നഥാലെയ്ക്കും മാത്രം പിറകിൽ നാലാം സ്ഥാനത്തെത്തിയും തന്റെ പ്രതിഭ തെളിയിച്ച പ്രതിഭാധനനായ ഫുട്ബോളർ.

 

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ 2011-2012 സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ.

 

പ്രീമിയർ ലീഗ്, ചാമ്പ്യൻഷിപ്പ് , ലീഗ് 1, ലീഗ് 2, എഫ്എ കപ്പ്, ലീഗ് കപ്പ്, ഫുട്ബോൾ ലീഗ് ട്രോഫി, എഫ്എ ട്രോഫി, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, സ്‌കോട്ടിഷ് കപ്പ്, സ്‌കോട്ടിഷ് ലീഗ് കപ്പ്, സ്‌കോട്ടിഷ് പ്രീമിയർ ലീഗ്, കോൺഫറൻസ്, കോൺഫറൻസ് സൗത്ത് തുടങ്ങീ ഇംഗ്ലണ്ടിലെ ടോപ് 4 ഡിവിഷനുകളിലും സ്‌കോട്ടിഷ് ടോപ്ഫ്ലൈറ്റ് മത്സരങ്ങളിലും ഗോൾ നേടിയ ആദ്യ താരവും ഒരേയൊരു താരവും.

 

 

ആരാണ് ആ അതുല്യ പ്രതിഭ ?

 

ഗാരി ഹൂപ്പർ ❤

 

പൊസിഷൻ : സ്‌ട്രൈക്കർ.

വയസ്സ് : 32

രാജ്യം : ഇംഗ്ളണ്ട്

 

ഒരു വർഷത്തെ കരാറിൽ ആണ് ഗാരി ഹൂപ്പറിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ പ്രശസ്തമായ ടോട്ടനം ഹോട്സ്പർ അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ഗാരി ഹൂപ്പർ.7 വർഷത്തോളം ഹൂപ്പർ ടോട്ടനം ഹോട്സ്പർ അക്കാഡമിയിൽ വിദഗ്ദ്ധ പരിശീലനം നേടി.

ടോട്ടനം ഹോട്സ്പർ അക്കാഡമിയുടെ അണ്ടർ-10 ടീമിന്റെ ചുമതല ഉണ്ടായിരുന്ന മാർക് സ്റ്റിമ്സൺ എന്ന പരിശീലകൻ ആണ് ഗാരി ഹൂപ്പറിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കുന്നത്.

ഇംഗ്ലീഷ് നോൺ ലീഗ് ടീം ആയ ഗ്രേയ്സ് അത്‌ലറ്റിക്കിൽ 2003ൽ മാർക് സ്റ്റിമ്സൺ പരിശീലക ചുമതല ഏറ്റെടുത്തപ്പോൾ ഗാരി ഹൂപ്പറിനെയും അദ്ദേഹം ടീമിൽ എത്തിച്ചു.15 വയസ്സ് മാത്രം ആയിരുന്നു അപ്പോൾ ഗാരി ഹൂപ്പറിന്റെ പ്രായം.

പതിനഞ്ചാമത്തെ വയസ്സിൽ പോലും ഗാരി ഹൂപ്പറിന്റെ ഫസ്റ്റ് ടച്ച് തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നു മാർക് സ്റ്റിമ്സൺ വ്യകതമാക്കുന്നു.

തുടർന്നു ടീമിന്റെ സീനിയർ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ച ഗാരി ഹൂപ്പർ പിന്നീട് സ്കൂൾ പഠനം പൂർത്തിയാക്കി ഗ്രെയ്‌സ് അത്ലറ്റിക്കുമായി കരാറിൽ എത്തി.തുടർന്നു തന്റെ പതിനേഴാം വയസ്സിൽ വില്ലാ പാർക്കിൽ എഫ്എ ട്രോഫി ഫൈനലിൽ ഗാരി ഹൂപ്പർ കളിച്ചു.അതു ഗാരി ഹൂപ്പറിന്റെ കരിയറിലെ വലിയ നേട്ടമായും ടേണിങ് പോയിന്റ് ആയും മാർക് സ്റ്റിമ്സൺ വിലയിരുത്തുന്നു.
3 സീസണുകൾ നോൺ ലീഗ് ക്ലബ്‌ ആയ ഗ്രേയ്സ് അത്ലറ്റിക്കിനായി കളിച്ച ഹൂപ്പർ അവരോടൊപ്പം ഒരു കോൺഫറൻസ് സൗത്ത് കിരീട നേട്ടത്തിലും 2 എഫ്എ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.

ശേഷം 2006ൽ ഫ്രീ ട്രൻസ്‌ഫെറിൽ സൗത്തെൻഡ് യുണൈറ്റഡ് എഫ്‌സിയിൽ എത്തിയ ഹൂപ്പർ അവർക്കായി 41 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും 4 ഗോളുകൾ നേടുകയും ചെയ്തു. എന്നാൽ അത്ര സുഖകരമായിരുന്നില്ല ഹൂപ്പറിനു സൗത്തെൻഡ് യുണൈറ്റഡ് എഫ്‌സിയിലെ നാളുകൾ.ഇതിനിടയിൽ 2 ലോൺ സ്പെല്ലുകളിൽ ആയി 2007-ൽ ലീഗ് വൺ ക്ലബ്‌ ആയ ലെയ്ട്ടൻ ഓറിയെന്റിൽ 3 മാസവും ലീഗ് ടു ക്ലബ്‌ ആയ ഹിയർഫോർഡ് യുണൈറ്റഡിൽ 6 മാസവും ഹൂപ്പർ ലോണിൽ കളിച്ചു.ലെയ്ട്ടൻ ഓറിയെന്റിനായി 4 മത്സരങ്ങളിൽ നിന്നും 2 ഗോളുകളും ഹിയർഫോർഡ് യൂണൈറ്റഡിനായി 19 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും ഈ കാലയളവിൽ ഹൂപ്പർ നേടി.

തുടർന്നു 2008-ൽ ഹൂപ്പർ ലീഗ് 2 ക്ലബ്‌ ആയ സ്കൻതോർപ് യുണൈറ്റഡ് എഫ്‌സിയിൽ എത്തി.പരിശീലകൻ നിഗേൽ അഡ്കിൻസിനു കീഴിൽ സ്കൻതോർപ് എഫ്‌സിയിൽ രണ്ടു സീസണുകളിൽ ആയി 90 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ ആണ് ഹൂപ്പർ അടിച്ചു കൂട്ടിയത്.

2008-2009 സീസണിൽ സ്കൻതോർപ് യുണൈറ്റഡ് എഫ്‌സിയുടെ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കിയ ഹൂപ്പറിനെ പിന്നീട് 2012-ൽ സ്കൻതോർപ് യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരമായും തിരഞ്ഞെടുത്തിരുന്നു.

2010ൽ സ്കൻതോർപ് എഫ്സിയിൽ നിന്നും 2.4 മില്യൺ യൂറോയ്ക്കാണ് ഹൂപ്പർ സ്‌കോട്ടിഷ് ക്ലബ്‌ ആയ സെൽറ്റിക്കിൽ എത്തുന്നത്.ഹൂപ്പറിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു സെൽറ്റിക്കിലേക്കുള്ള ട്രാൻസ്ഫർ എന്നു കാലം തെളിയിച്ചു.

പരിശീലകൻ നീൽ ലെന്നനു കീഴിൽ സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ സെൽറ്റിക്കിനായി 95 ലീഗ് മത്സരങ്ങളിൽ നിന്നും 63 ഗോളുകൾ നേടി ഒരു ഗോൾ മെഷീൻ ആയി ഹൂപ്പർ മാറി.സ്‌ട്രൈക്കർ അന്തോണി സ്റ്റോക്സുമായി മികച്ച സഖ്യം ഉണ്ടാക്കാനും സെൽറ്റിക്കിൽ ഹൂപ്പറിനു കഴിഞ്ഞു.

3 സീസണുകളിൽ ആയി 138 മത്സരങ്ങളിൽ നിന്നും 82 ഗോളുകൾ ആണ് സെൽറ്റിക്കിനായി ഹൂപ്പർ നേടിയത്.

സെൽറ്റിക്കിനായി ചാമ്പ്യൻസ് ലീഗിൽ 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകളും ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങളിൽ 6 മത്സരങ്ങളിൽ നിന്നും 3 ഗോളുകളും ഹൂപ്പർ നേടിയിട്ടുണ്ട്.യൂറോപ്പ ലീഗിലും സെൽറ്റിക്കിനായി കളിച്ച ഹൂപ്പർ 6 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

സെൽറ്റിക്കിനൊപ്പം 2 സ്‌കോട്ടിഷ് പ്രീമിയർ ലീഗ് കിരീടങ്ങളും 2 സ്‌കോട്ടിഷ് എഫ്‌എ കപ്പ് കിരീടങ്ങളും ഹൂപ്പർ നേടി.

 

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ 2011-2012 സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ പുരസ്‌കാരവും ഹൂപ്പർ നേടി.2011 നവംബറിലെയും 2013 ജനുവരിയിലെയും ഏറ്റവും മികച്ച സ്‌കോട്ടിഷ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടതു ഹൂപ്പർ ആയിരുന്നു.2010-2011സീസണിലും 2011-2012 സീസണിലും പ്രൊഫെഷണൽ ഫുട്ബോളർസ് അസോസിയേഷന്റെ സ്കോട്ലൻഡ് ടീം ഓഫ് ദി ഇയറിൽ ഉൾപ്പെടാനും ഹൂപ്പറിനു കഴിഞ്ഞു.

2010 മുതൽ 2013 വരെയുള്ള കാലയളവിൽ സെൽറ്റിക്കിനായി മിന്നും ഫോമിൽ കളിച്ച ഹൂപ്പറിനെ സ്വന്തമാക്കാനായി ഇംഗ്ലണ്ടിലെ വമ്പൻ ക്ലബുകൾ രംഗത്തു വന്നു.

ഹൂപ്പറിനെ നിലനിർത്തുന്നതിനായി ബംബർ കോൺട്രാക്ട് എക്സ്റ്റൻഷൻ ഓഫറുമായി സെൽറ്റിക് രംഗത്തെത്തി.

എന്നാൽ നേരത്തെ രണ്ടു തവണ ഹൂപ്പറിനെ ടീമിൽ എത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നോർവിച് സിറ്റി 2013-ൽ 5 മില്യൺ യൂറോയുടെ കരാറിൽ ഹൂപ്പറിനെ ടീമിൽ എത്തിച്ചു.ആ സീസണിൽ നോർവിച് സിറ്റിയുടെ പരിശീലകൻ ആയിരുന്ന ക്രിസ് ഹ്യുട്ടന്റെ മുഖ്യ ലക്ഷ്യവും ഗാരി ഹൂപ്പർ തന്നെയായിരുന്നു.പ്രീമിയർ ലീഗിലേക്കു പ്രൊമോഷൻ ലക്ഷ്യമിടുന്ന ഹാരി റെഡ്നാപ്പ് പരിശീലകനായുള്ള ചാമ്പ്യൻഷിപ്പ് ക്ലബ്‌ ആയ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ നിന്നുള്ള വമ്പൻ ഓഫർ നിരസിച്ചാണ് ഹൂപ്പർ നോർവിച് സിറ്റിയുമായി കരാറിൽ എത്തിയത്. ടോട്ടനം ഹോട്സ്പറും ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനൊപ്പം ഹൂപ്പറിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.
ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാനുള്ള അതിയായ താല്പര്യം ആണ് വമ്പൻ ഓഫറുകൾ നിരസിച്ചു പ്രീമിയർ ലീഗ് ക്ലബ്‌ ആയ നോർവിച് സിറ്റിയുമായി കരാറിൽ എത്താൻ ഹൂപ്പറിനെ പ്രേരിപ്പിച്ചത്. സ്‌കോട്ലൻഡിൽ ഗോൾ മെഷീൻ ആയി മാറിയിട്ടും ഇംഗ്ലണ്ട് ദേശീയ ടീമിൽ ഹൂപ്പറിനു അവസരം ലഭിച്ചിരുന്നില്ല.അക്കാലത്തു ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾക്കു ഇംഗ്ലണ്ട് ദേശീയ ടീമിലേക്കു കൂടുതൽ പരിഗണന കിട്ടിയിരുന്നു.അതുതന്നെയാണ് ഹൂപ്പർ വമ്പൻ ഓഫർ നിരസിച്ചു പ്രീമിയർ ലീഗ് ക്ലബ്‌ ആയ നോർവിച് സിറ്റി തിരഞ്ഞെടുക്കാനുള്ള കാരണവും.

2013 ജൂലൈയിൽ ആണ് ഹൂപ്പർ നോർവിച് സിറ്റിയുമായി കരാറിൽ എത്തുന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ ലീഗ് സാഹചര്യങ്ങളുമായി ഒത്തിണങ്ങാൻ അൽപ്പം ബുദ്ധിമുട്ടിയ ഹൂപ്പർ 8 ഗോളുകൾ ആണ് നോർവിച് സിറ്റിക്കായി നേടിയത്.വെസ്റ്റ്ഹാമിനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ഗാരി ഹൂപ്പറിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ.ആ സീസണിൽ ക്ലബിന്റെ ടോപ്സ്‌കോറർ ആയിരുന്നു ഹൂപ്പർ. എന്നിട്ടും നോർവിച് സിറ്റി ആ സീസണിൽ പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടു.തുടർന്നു ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ പരിക്കിനെത്തുടർന്നു സീസണിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിട്ടും പരിശീലകൻ നീൽ ആഡംസിനു കീഴിൽ തകർത്തു കളിച്ച ഹൂപ്പർ 12 ഗോളുകൾ നേടി നോർവിച് സിറ്റിയെ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ മൂന്നാമതെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.തുടർന്നു പ്രൊമോഷൻ പ്ലേഓഫിലൂടെ നോർവിച് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി.

നോർവിച് സിറ്റിക്കായി 34 പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പടെ 70 മത്സരങ്ങൾ ആണ് ഹൂപ്പർ കളിച്ചത്.20 ഗോളുകളും ഹൂപ്പർ നോർവിച് സിറ്റിക്കായി നേടി.

തുടർന്നു 2015-2016 സീസൺ ആരംഭത്തിൽ 3 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ഷെഫീൽഡ് വെനെസ്‌ഡേയിൽ എത്തിയ ഗാരി ഹൂപ്പർ 13 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ നേടി ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.തുടർന്നു ജനുവരിയിൽ നോർവിച് സിറ്റിയിലേക്ക് തിരിച്ചു പോയ ഹൂപ്പർ വീണ്ടും മടങ്ങിയെത്തി ഷെഫീൽഡ് വെനെസ്‌ഡേയുമായി മൂന്നര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
2017 ലെ ബോക്സിങ് ഡേയ് മത്സരത്തിനു ശേഷം ഒരു വർഷവും 2 മാസവുമാണ് ഹൂപ്പറിനു പരിക്കിനെത്തുടർന്നു പുറത്തിരിക്കേണ്ടി വന്നത്.
എന്നിട്ടും ഷെഫീൽഡ് വെനെസ്‌ഡേക്കായി മൂന്നര വർഷത്തെ കരിയറിൽ സ്റ്റീവ് ബ്രൂസിനു കീഴിൽ 89 മത്സരങ്ങളിൽ നിന്നും 31 ഗോളുകൾ നേടാൻ ഹൂപ്പറിനു കഴിഞ്ഞു.12 അസിസ്റ്റുകളും ഹൂപ്പർ നൽകി.ഗ്രോയിൻ ഇഞ്ചുറിയെത്തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ ഗാരി ഹൂപ്പറിനു ഷെഫീൽഡ് വെനെസ്‌ഡേയിലെ അവസാന സീസണിൽ പരിശീലകൻ സ്റ്റീവ് ബ്രൂസിനു കീഴിൽ 6 മത്സരങ്ങൾ മാത്രം ആണ് കളിക്കാൻ കഴിഞ്ഞത്.

ഷെഫീൽഡ് വെനെസ്‌ഡേയുമായുള്ള കരാർ അവസാനിച്ചതിനു ശേഷം ഗാരി ഹൂപ്പറിനെ സ്വന്തമാക്കാനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ ആയ ഫുൾഹാമും ആസ്റ്റൺ വില്ലയും ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്‌ ആയ ബ്രിസ്റ്റോൾ സിറ്റിയും റീഡിങ്ങും അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബുകൾ ആയ ഡിസി യുണൈറ്റഡും വാൻകോവർ വൈറ്റ്ക്യാപ്സും രംഗത്തു വന്നിരുന്നു.ഹൂപ്പറിന്റെ ഉയർന്ന വേതനമാണ് പലതു മുടങ്ങാൻ കാരണമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സെൽറ്റിക് പരിശീലകൻ നീൽ ലെന്നനും ഹൂപ്പറിനെ തിരികെയെത്തിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചൈനയിൽ നിന്നും ഹൂപ്പറിനു ഓഫറുകൾ ഉണ്ടായിരുന്നു.സെൽറ്റിക്കിന്റെ ഒരു കൂട്ടം ആരാധകർ ഹൂപ്പറിനായി സോഷ്യൽ മീഡിയ ക്യാമ്പയിനിങ്ങും നടത്തിയിരുന്നു.

തുടർന്നു ഇറാനിലെ ടോപ് ഡിവിഷൻ ക്ലബ്‌ ആയ എസ്തെഗ്ലാലുമായി ഹൂപ്പർ ധാരണയിൽ എത്തിയെങ്കിലും അതു അവസാന നിമിഷങ്ങളിൽ റദ്ദാകുകയും ഓസ്‌ട്രേലിയൻ എ-ലീഗിൽ മത്സരിക്കുന്ന ന്യൂസീലൻഡ് ക്ലബ്‌ ആയ വെല്ലിങ്ടൺ ഫീനിക്സുമായി ഹൂപ്പർ കരാറിൽ എത്തുകയും ചെയ്തു.

വെല്ലിംഗ്ടൺ ഫീനിക്സിന്റെ സ്റ്റാർ സ്‌ട്രൈക്കർ ആയിരുന്ന റോയ് കൃഷ്ണയ്ക്കു പകരം മാർക്വീ താരമായി അവർ ഹൂപ്പറിനെ ടീമിൽ എത്തിച്ചു.ഒരു വർഷത്തേക്കായിരുന്നു കരാർ.വെല്ലിംഗ്ടൺ ഫീനിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ എന്നാണ് പരിശീലകൻ ഉഫുക് തലായും മാധ്യമങ്ങളും ഹൂപ്പറിന്റെ ട്രാൻസ്ഫെറിനെ വിശേഷിപ്പിച്ചത്.

എ-ലീഗിൽ ആദ്യ മത്സരങ്ങളിൽ പകരക്കാരനായി ആയി ഇറങ്ങി മികച്ച പ്രകടനം നടത്തിയ ഹൂപ്പർ പിന്നീട് ഇംഗ്ലീഷ് സ്‌ട്രൈക്കർ ഡേവിഡ് ബോളിനൊപ്പം വെല്ലിംഗ്ടൺ ഫീനിക്സിൽ മികച്ച സഖ്യം രൂപപ്പെടുത്തുകയും ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിദ്ധ്യമാകുകയും മികച്ച ഫോമിൽ എത്തുകയും ചെയ്തു.ടീമിനായി ഗോൾ നേടുന്നതിൽ മാത്രം അല്ല ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഹൂപ്പർ മികച്ചു നിന്നു.

വെല്ലിംഗ്ടൺ ഫീനിക്സിനായി എ-ലീഗിൽ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിക്കാനിറങ്ങിയ ഹൂപ്പർ 8 ഗോളുകളും 4 അസിസ്റ്റുകളും ആണ് സ്വന്തമാക്കിയത്.

ഓരോ 138.1 മിനിറ്റിലും ഗോൾ. ഇതായിരുന്നു വെല്ലിംഗ്ടൺ ഫീനിക്സിൽ ഹൂപ്പറിന്റെ ഗോൾ സ്കോറിങ് ശരാശരി.

തന്റെ 36% ഷോട്ടുകളും ലക്ഷ്യത്തിൽ എത്തിച്ചു എ-ലീഗിലെ ഏറ്റവും കൃത്യതയുള്ള ഫിനിഷർ ആയി മാറാനും ഗാരി ഹൂപ്പറിനു വെല്ലിംഗ്ടൺ ഫീനിക്സിൽ കഴിഞ്ഞു.

അവസാന റെഗുലർ സീസൺ മത്സരത്തിനു മുമ്പുണ്ടായ ഹാംസ്ട്രിങ് ഇഞ്ചുറിയെത്തുടർന്നു വെല്ലിംഗ്ടൺ ഫീനിക്സിനായി എലിമിനേഷൻ റൗണ്ട് മത്സരങ്ങളിൽ കളിക്കാൻ ഹൂപ്പറിനു കഴിഞ്ഞിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പോലെ തന്നെ ഗാരി ഹൂപ്പർ വെല്ലിംഗ്ടൺ ഫീനിക്സിൽ എത്തിയപ്പോൾ ടീമിന്റെ ആരാധകർക്കും ഹൂപ്പറിന്റെ ഫിറ്റ്നസ്സിനെപ്പറ്റിയും ഫോമിനെപ്പറ്റിയും വേവലാതികൾ ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനം കാഴ്ചവെച്ചു ഹൂപ്പർ വെല്ലിംഗ്ടൺ ഫീനിക്സ് ആരാധകരുടെ പ്രിയ താരം ആയി മാറി.

വെല്ലിംഗ്ടൺ ഫീനിക്സിൽ ഹൂപ്പറിന്റെ ഫിറ്റ്നസ്സ് ലെവൽ വളരെയധികം മെച്ചപ്പെട്ടുവെന്നും പഴയ താളം വീണ്ടെത്തുവെന്നും അവസാന മത്സരങ്ങളിൽ ഭൂരിഭാഗം മത്സരങ്ങളിലും 90 മിനിട്ടും കളിക്കാൻ കളിക്കാൻ ഹൂപ്പറിനു കഴിഞ്ഞു എന്നും വെല്ലിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോഡ്കാസ്റ്റർ ജേസൺ പെയ്ൻ വെളിപ്പെടുത്തുന്നു.

കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള സാമ്പത്തികനഷ്ടം കൊണ്ടു തന്നെയാണ് ഒരു വർഷത്തെ കരാറിൽ ടീമിൽ എത്തിയ ഹൂപ്പറിനെ ഉയർന്ന വേതനം നൽകി വരുന്ന സീസണിലേക്കുള്ള ടീമിൽ നിലനിർത്താൻ വെല്ലിംഗ്ടൺ ഫീനിക്സിനു കഴിയാതിരുന്നത്.

14 സീസണുകളിൽ ആയി 8 ക്ലബുകളിൽ ആണ് ഗാരി ഹൂപ്പർ കളിച്ചത്.

2012ൽ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകൻ റോയ് ഹോഡ്ജ്സൺ സ്വീഡനുമായുള്ള സൗഹൃദ മത്സരത്തിൽ ഹൂപ്പറിനെ ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു സെൽറ്റിക് മാനേജ്‌മെന്റിനെ ബന്ധപ്പെട്ടിരുന്നു എങ്കിലും ഹാംസ്ട്രിങ് ഇഞ്ചുറിയെത്തുടർന്നു ഹൂപ്പറിനു ആ അവസരം നഷ്ടപ്പെടുകയായിരുന്നു.

 

എന്താണ് ഗാരി ഹൂപ്പറിന്റെ പ്രത്യേകതകൾ ???

 

ഫിനിഷിങ് തന്നെയാണ് ഹൂപ്പറിന്റെ ഏറ്റവും വലിയ പ്രത്യേകത.ഗോളിലേക്കുള്ള വഴി നന്നായറിയാവുന്ന സ്‌ട്രൈക്കർ ആണ് ഹൂപ്പർ.ചാമ്പ്യൻസ് ലീഗും യൂറോപ്പ പ്രീമിയർ ലീഗും സ്‌കോട്ടിഷ് ലീഗും ഉൾപ്പടെ നിരവധി മൽസരങ്ങളുടെ പരിചയസമ്പത്തുള്ള ഗാരി ഹൂപ്പറിനെ ചുരുക്കത്തിൽ ഒരു പെനാൽറ്റി ബോക്സ് സ്‌ട്രൈക്കർ എന്നു വിശേഷിപ്പിക്കാം.പെനാൽറ്റി ബോക്സിലെ അപകടകാരിയാണ് ഹൂപ്പർ.പിന്നോട്ടിറങ്ങി ബോൾ കളക്ട് ചെയ്തു ഹോൾഡ് ചെയ്തു അതു കൃത്യമായി പ്ലെയ്സ് ചെയ്യുന്നതിൽ മിടുക്കൻ ആണ് ഹൂപ്പർ.ഇടതു കാലും വലതു കാലും തലയും ഉപയോഗിച്ചു ഗോൾസ്‌കോർ ചെയ്യാൻ കഴിവുള്ള പ്രതിഭാശാലിയാണ് ഹൂപ്പർ.മികച്ച വർക്ക് റേറ്റുള്ള പ്ലയെർ കൂടിയായ ഹൂപ്പർ കൃത്യമായി പൊസിഷൻ ചെയ്യുന്നതിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കൻ ആണ്.മികച്ച ഫിറ്റ്നസ്സ് ഉള്ള പ്ലയെർ ആയ ഗാരി ഹൂപ്പറിന്റെ അത്യാവശ്യം തടിച്ച ശരീരപ്രകൃതി ചെസ്റ്റിൽ ബോൾ ട്രാപ്പ് ചെയ്യുന്ന അവസരങ്ങളിൽ ഗുണകരമാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.മികച്ച പാസ്സിങ് റേഞ്ചും ടെക്‌നിക്കൽ എബിലിറ്റിയുമുള്ള സ്‌ട്രൈക്കർ കൂടിയാണ് ഹൂപ്പർ.ലിങ്ക് അപ്പ്‌ പ്ലേയ്ക്കു യോജിച്ച പ്ലയെർ ആയ ഹൂപ്പർ ലോങ്ങ്‌ റേഞ്ചു ഷോട്ടുകളിലൂടെയും ഗോൾ നേടാൻ കഴിവുള്ള സ്‌ട്രൈക്കർ ആണ്.കൃത്യ സമയത്തു ബോൾ കണക്ട് ചെയ്യാനും ബുള്ളറ്റ് ഷോട്ടുകളിലൂടെ ഫിനിഷ് ചെയ്യാനും കഴിയുന്ന സ്‌ട്രൈക്കർ ആയ ഹൂപ്പറിന്റെ ഫസ്റ്റ് ടച്ചും മികച്ചതാണ്.അത്യാവശ്യം ഡ്രിബ്ലിങ് സ്‌കിൽസ് ഉള്ള ഹൂപ്പർ ഗ്രൗണ്ടിൽ സ്പേസ് ഉണ്ടാക്കിയെടുക്കുന്നതിലും വിദഗ്ദ്ധൻ ആണ്.ഹൂപ്പറിന്റെ ഓഫ് ദി ബോൾ മൂവ്മെന്റ്സും മികച്ചതാണ്.പിന്നോട്ടിറങ്ങി ബോൾ ഹോൾഡ് ചെയ്തു പ്രതിരോധം കീറിമുറിക്കുന്ന പാസ്സുകളിലൂടെയും ബുദ്ധിപരമായ മൂവ്മെന്റ്സിലൂടെയും സഹതാരങ്ങളെ കൂടി കളിപ്പിക്കുന്ന പ്ലേമേക്കിങ് എബിലിറ്റിയുള്ള ഹൂപ്പറിനെ ഒരു കംപ്ലീറ്റ് പാക്കേജ് എന്നു തന്നെ വിശേഷിപ്പിക്കാം.

പരിക്കുകൾ വേട്ടയാടിയില്ലെങ്കിൽ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മെഷീൻ ആയി മാറാനും ഇന്ത്യൻ സൂപ്പർ ലീഗ് ഭരിക്കാനും ശേഷിയുള്ള സ്‌ട്രൈക്കർ ആണ് ഹൂപ്പർ.

ഇന്ത്യയിലെ കാലാവസ്ഥയോടും മത്സര സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണു ഹൂപ്പറിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.ആ വെല്ലുവിളിയെ അതിജീവിക്കാൻ ഹൂപ്പർ പ്രാപ്തനുമാണ്.

32 വയസ്സ് മാത്രമാണ് പരിചയസമ്പന്നനായ ഈ പ്രതിഭാശാലിയുടെ പ്രായം.പൂർണ്ണ ശാരീരികക്ഷമത നേടിയ ഹൂപ്പർ ഏതു ടീമിനും ഭീഷണി തന്നെയാണ്.

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ ഗാരി ഹൂപ്പറിനു കഴിയട്ടെ എന്നാശംസിക്കുന്നു.

Facebook Comments

error: Content is protected !!