മണിപ്പൂർ എന്ന ടാലന്റ് ഫാക്ടറിയിൽ നിന്നും മറ്റൊരു യുവപ്രതിഭ കൂടി കേരള ബ്ലാസ്റ്റേഴ്സിൽ 💛

സ്വാഗതം “Young sensation” ഗിവ്സൺ സിങ് മൊയ്റാങ്‌തം 🙏

18 വയസ്സ് മാത്രം പ്രായം.

ഡബിൾ ഫൂട്ടഡ് പ്ലയെർ.

നിലവിൽ ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-19, അണ്ടർ-20 ദേശീയ യൂത്ത് ടീമുകളുടെ ഭാഗമായ അതുല്യ പ്രതിഭ.

സെൻട്രൽ മിഡ്ഫീൽഡ് ആണ് പ്രധാന പൊസിഷൻ എങ്കിലും വിങ്ങർ ആയും സ്‌ട്രൈക്കർ ആയും ഫുൾബാക്ക് ആയും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് ഗിവ്സൺ സിങ്.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസ് നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ.

3 വർഷത്തെ കരാറിൽ ആണ് ഗിവ്സൺ സിങ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.

മണിപ്പൂരിന്റെ തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 45 കി.മീ. അകലെയുള്ള മൊയ്റാങ് എന്ന ചെറു പട്ടണത്തിൽ ആണ് ഗിവ്സൺ സിങ് ജനിച്ചത്.3 സഹോദരിമാരും ഒരു സഹോദരനും അടങ്ങിയ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഗിവ്സൺ സിങിന്റെ അച്ഛൻ നന്നേ കഷ്ടപ്പെട്ടിരുന്നു.ചില സമയങ്ങളിൽ ആഹാരത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്നും ഗിവ്സൺ സിങിനെ ഫുട്ബോൾ എന്ന അവന്റെ സ്വപ്‍ന യാത്രയിലേക്കു കൈപിടിച്ചുയർത്തിയത് സഹോദരൻ ബിദ്ധ്യാനന്ദ സിങ് ആയിരുന്നു.കുട്ടിക്കാലത്ത് സഹോദരനോടൊപ്പം മത്സരങ്ങൾ കാണാൻ പോയിരുന്ന ഗിവ്സൺ സിംഗിൽ ഫുട്ബോളർ എന്ന മോഹം നട്ടു വളർത്തിയതും അദ്ദേഹം തന്നെയായിരുന്നു.ബൂട്ടുകളും ജേർസിയും ഉൾപ്പടെയുള്ള സൗകര്യങ്ങൾ അദ്ദേഹം
ഗിവ്സൺ സിങ്ങിനു വാങ്ങി നൽകി.നെരോക്ക എഫ്സി, മൊഹമ്മദൻസ് എഫ്സി തുടങ്ങിയ ക്ലബുകൾക്കായി പന്തു തട്ടിയ താരമായിരുന്നു ഗിവ്സൺ സിങിന്റെ സഹോദരൻ ബിദ്ധ്യാനന്ദ സിങ്.

തൊട്ടടുത്ത ഗ്രാമത്തിലെ ലോക്കൽ അക്കാഡമിയിൽ ആയിരുന്നു ഗിവ്സൺ സിങ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അക്കാഡമിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മിനർവാ പഞ്ചാബ് എഫ് സിയുടെ സ്‌കൗട്ടിങ് ടീം ഗിവ്സൺ സിങ്ങിനെ ടീമിൽ എത്തിച്ചു.മിനർവ അക്കാഡമിയിലെ തകർപ്പൻ പ്രകടങ്ങളുടെ അടിസ്ഥാനത്തിൽ ഗിവ്സൺ സിങിനെ പരിശീലകൻ ഐ ലീഗ് അണ്ടർ-16 ടീമിൽ ഉൾപ്പെടുത്തി.

മിനർവാ പഞ്ചാബ് എഫ് സിയിലെ ഗിവ്സൺ സിങിന്റെ മിന്നും പ്രകടനത്തിൽ ആകൃഷ്ടനായ അന്നത്തെ ഇന്ത്യൻ അണ്ടർ -17 ടീമിന്റെ പരിശീലകൻ ആയിരുന്ന ഇംഗ്ലീഷുകാരൻ നിക്കോളയ് ആദം ആ കൗമാര താരത്തെ ടീം ക്യാമ്പിൽ ഉൾപ്പെടുത്തി. ഇന്ത്യൻ അണ്ടർ -17 ടീമിൽ ഉൾപ്പെടാൻ ഗിവ്സൺ സിങ്ങിനു കഴിഞ്ഞില്ല എങ്കിലും തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 2016-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികവിന്റെ കേന്ദ്രം ആയ എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിൽ ഇടം നേടാൻ ഗിവ്സൺ സിങ്ങിനു കഴിഞ്ഞു.

എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിൽ നിന്നും ഇന്ത്യയുടെ അണ്ടർ-16 ടീമിലേക്കു യോഗ്യത നേടിയ ഗിവ്സൺ സിങ് പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിനു കീഴിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറി.2018-ൽ മലേഷ്യയിൽ നടന്ന എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽസിനു യോഗ്യത നേടാൻ ഇന്ത്യൻ അണ്ടർ-16 ടീമിനു ഗിവ്സൺ സിങിന്റെ മിന്നും ഫോം തുണയായി.നിരവധി മത്സരങ്ങൾ ഇന്ത്യയുടെ അണ്ടർ-16 ജേഴ്‌സിയിൽ കളിച്ച പ്രതിഭാശാലിയാണ് ഗിവ്സൺ സിങ്.

എലൈറ്റ് അക്കാഡമിയിലെ 3 വർഷത്തെ വിദഗ്ദ്ധ പരിശീലനത്തിനു ശേഷമാണ് ഗിവ്സൺ സിങ് എ ഐ എഫ് എഫിന്റെ ഡെവലപ്മെന്റൽ ടീം ആയ ഇന്ത്യൻ ആരോസിൽ എത്തുന്നത്. 2019-ൽ ആണ് ഗിവ്സൺ സിങ് ഇന്ത്യൻ ആരോസിൽ എത്തുന്നത്.മുൻ ഇന്ത്യൻ യൂത്ത് ടീം പരിശീലകൻ ഷൺമുഖം വെങ്കടേഷ് ആയിരുന്നു ഇന്ത്യൻ ആരോസ് പരിശീലകൻ.

കഴിഞ്ഞ സീസണിൽ ഗോകുലം എഫ് സിക്കെതിരെയായിരുന്നു ഗിവ്സൺ സിങിന്റെ ഐ ലീഗ് അരങ്ങേറ്റം.2 ഗോളുകളും 2 അസിസ്റ്റുകളും ആണ് കഴിഞ്ഞ സീസണിൽ ഗിവ്സൺ സിങ് നേടിയത്.

ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദെയ്‌സിനെതിരെ സമനില ഗോൾ നേടി (ഗിവ്സൺ സിങ്ങിന്റെ ഐ ലീഗിലെ കന്നി ഗോൾ) ഇന്ത്യൻ ആരോസിന്റെ വിജയത്തിൽ പങ്കാളിയാകാനും പഞ്ചാബ് എഫ് സിക്കെതിരെ ഇഞ്ചുറി ടൈം പെനാൽറ്റി ഗോൾ വലയിൽ എത്തിച്ചു ടീമിനു സമനില നേടിക്കൊടുക്കാനും ഗിവ്സൺ സിങ്ങിനു കഴിഞ്ഞു.

2019-2020 ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിന്റെ 16 മത്സരങ്ങളിലും കളിച്ച താരമാണ് ഗിവ്സൺ സിങ്.1340 മിനിറ്റുകൾ ഗിവ്സൺ സിങ് കളത്തിൽ ഉണ്ടായിരുന്നു. 863 പാസ്സുകളും 52 ഇന്റർസെപ്ഷ്ൻസും 42 ഡ്രിബിളുകളും ലിസ്റ്റിൽ ഉൾപ്പെടുന്നു.78% ആയിരുന്നു ഗിവ്സൺ സിങിന്റെ പാസ്സിങ്‌ ആക്യുറസി.
ഇതിൽ നിന്നു തന്നെ വ്യക്തമാണ് ഗിവ്സൺ സിങ് എന്ന യുവ പ്രതിഭയുടെ വർക്ക്‌ റേറ്റ്.

ടീമിന്റെ അറ്റാക്കിങ്ങിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കഴിവുള്ള ഗിവ്‌സൺ സിങ് മികച്ച പാസ്സിങ് റേഞ്ച് ഉള്ള താരം കൂടിയാണ്.സ്‌ട്രൈക്കർമാർക്ക് ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും ഈ യുവ താരത്തിനുണ്ട്.മിഡ്ഫീൽഡിൽ നിന്നു പോലും ഗോൾ നേടാൻ കഴിവുള്ള ഈ യുവ താരത്തിനു ഇരുകാലുകളും ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യാനുള്ള കഴിവുമുണ്ട്.ത്രൂ പാസ്സുകൾ ഗിവ്സൺ സിങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്.മിന്നൽ വേഗത്തിൽ കുതിക്കാൻ കഴിവുള്ള ഗിവ്സൺ സിങ്‌ ഡ്രിബ്ലിങ് സ്കിൽസ് ഉള്ള താരം കൂടിയാണ്.മോശമല്ലാത്ത ശാരീരിക ക്ഷമതയും ഗിവ്സൺ സിങ്ങിനുണ്ട്.ഗെയിം റീഡിങ്ങും ലീഡർഷിപ്പ് ക്വാളിറ്റിയുമുള്ള ഗിവ്സൺ സിങ്ങിനു ഇന്ത്യൻ ആരോസ് പരിശീലകൻ ഷൺമുഖം വെങ്കടേഷ് ഐ ലീഗിൽ കഴിഞ്ഞ സീസണിലെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ ആം ബാൻഡും നൽകിയിരുന്നു.

2017-ൽ നേപ്പാളിലെ ഹാൾചൗക്ക് സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ പലസ്തീനെതിരെ മത്സരത്തിന്റെ 51ആം മിനിറ്റിൽ ഇടതുകാൽ കൊണ്ടു നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോൾ ഗിവ്സൺ സിങ് എന്ന യുവ താരത്തിന്റെ പ്രതിഭയുടെ തെളിവാണ്.

ഇന്ത്യൻ യൂത്ത് ടീമുകളിലും ഇന്ത്യൻ ആരോസിലും നിരവധി തവണ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഗിവ്സൺ സിങ്ങിനെ തേടിയെത്തിയിട്ടുണ്ട്.

പ്രതിരോധത്തിൽ കാര്യമായ പങ്കുവഹിക്കുന്നില്ല എന്നുള്ളതാണ് ഗിവ്സൺ സിങ്ങിന്റെ ഒരു പോരായ്മ.

വിക്രം പ്രതാപ് സിങ് – ആയുഷ് അധികാരി- ഗിവ്‌സൺ സിങ് ത്രയം ആയിരുന്നു കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന്റെ നട്ടെല്ല്.

കളിക്കളത്തിനു അകത്തും പുറത്തും ഒരു പ്ലയെർ എങ്ങനെ പെരുമാറണമെന്നും താരങ്ങളുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നും തന്നെ പഠിപ്പിച്ചത് ഇന്ത്യയുടെ യൂത്ത് ടീം പരിശീലകൻ ആയ ബിബിയാനോ ഫെർണാണ്ടസ് ആണെന്നു ഗിവ്സൺ സിങ് പറയുന്നു.

തന്നെ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ആയി ഫീൽഡിൽ അണിനിരത്തിയ ഇന്ത്യൻ അണ്ടർ-19 ടീമിന്റെ പരിശീലകൻ ആയിരുന്ന ഫ്ലോയ്ഡ് പിന്റോയാണ് തന്നെ കളിക്കളത്തിൽ എങ്ങനെ കൃത്യമായി പൊസിഷൻ ചെയ്യാം എന്നു പഠിപ്പിച്ചതെന്നും ഗിവ്സൺ സിങ് പറയുന്നു.റഷ്യക്കെതിരെയായിരുന്നു ഗിവ്സൺ സിങ്ങിന്റെ ഇന്ത്യൻ അണ്ടർ-19 ടീമിലെ അരങ്ങേറ്റം.

തന്റെ കരിയറിലെ വഴിത്തിരുവായ മണിപ്പൂർ അക്കാഡമിയിലെ 2 പരിശീലകരെയും ഇന്ത്യൻ ആരോസ് പരിശീലകൻ ഷൺമുഖം വെങ്കടേഷിനെയും ഗിവ്സൺ സിങ് നന്ദിയോടെ സ്മരിക്കുന്നു.

ഇന്ത്യൻ ദേശീയ യൂത്ത് ടീമുകൾക്കൊപ്പം വിദേശത്തു കരുത്തരായ ടീമുകൾക്കെതിരെ കളിക്കാൻ കഴിഞ്ഞത് തന്റെ ഡെവലപ്മെന്റിനു സഹായിച്ചതായി ഗിവ്സൺ സിങ് കരുതുന്നു.

സഹ താരങ്ങൾക്ക് ത്രൂ പാസ്സ് നൽകാൻ ഏറെയിഷ്ടപ്പെടുന്ന ഗിവ്സൺ സിങ്ങിന്റെ ഇഷ്ട താരം മെസൂട്ട് ഓസിൽ ആണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ ആയി ഗിവ്സൺ സിങ് കാണുന്നതു അദ്ദേഹത്തിന്റെ സഹോദരൻ ബിദ്ധ്യാനന്ദ സിങ്ങിനെ തന്നെയാണ്.

തനിക്കു ഒരു ഫുട്ബോൾ ബൂട്ട് പോലും വാങ്ങി നൽകാൻ നിവർത്തിയില്ലാതിരുന്ന തന്റെ മാതാപിതാക്കളുടെ സന്തോഷമാണ് ഗിവ്സൺ സിങ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായി കാണുന്നത്.

ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് ഗോൾകീപ്പർ ധീരജ് സിങ്ങും ഗിവ്സൺ സിങും ഒരേ ഗ്രാമത്തിൽ ഒരുമിച്ചു പന്തു തട്ടി വളർന്ന താരങ്ങൾ ആണ്.

ഇന്ത്യൻ അണ്ടർ-19, അണ്ടർ-20 ദേശീയ ടീമുകൾക്കായി 16 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിച്ച ഗിവ്സൺ സിങ് ഭാവിയുടെ താരമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല.

ഐ ലീഗിൽ ഈ വർഷം ജനുവരിയിൽ ഇന്ത്യൻ ആരോസിനെതിരെ നടന്ന മത്സരത്തിൽ ആയിരുന്നു ഗിവ്‌സൺ സിങ് മോഹൻ ബഗാൻ പരിശീലകൻ ആയിരുന്ന കിബുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കിബുവിന്റെ നിർദ്ദേശപ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് ഗിവ്സൺ സിങ്ങിനെ ടീമിൽ എത്തിച്ചിരിക്കുന്നത് എന്നാണ് സൂചന.

മൾട്ടിപ്പിൾ പൊസിഷനുകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗിവ്സൺ സിങ് എന്ന യുവ താരം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ കിബു വികുനയ്ക്കു തീർച്ചയായും പ്രതീക്ഷ നൽകുന്നു.

പ്രതിഭാശാലിയായ ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സിനു കടുത്ത മത്സരം ഉയർത്തി അവസാന ലാപ്പ് വരെയും സിറ്റി ഗ്രൂപ്പിനു കീഴിൽ ഉള്ള മുംബൈ സിറ്റി എഫ്സി ഉണ്ടായിരുന്നു.

രാജ്യത്തെ പ്രമുഖ അക്കാഡമികളിൽ ഒന്നായ മിനർവാ പഞ്ചാബ് അക്കാഡമിയുടെ പ്രോഡക്റ്റ് ആയ 18 വയസ്സ് മാത്രം പ്രായം ഉള്ള ഈ യുവ പ്രതിഭയ്ക്ക് മുന്നിൽ ധാരാളം സമയമുണ്ട്.

ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കുള്ള പ്രതിഭാശാലിയായ ഗിവ്സൺ സിങ്ങിന്റെ ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ട്രാൻസ്ഫെറുകളിൽ ഒന്നായി വിലയിരുത്താം.

കരിയറിന്റെ തുടക്കത്തിൽ ആണ് ഈ യുവപ്രതിഭ.കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ ആണ് ഗിവ്സൺ സിങ്ങിനു ഇനി തന്റെ പ്രതിഭ തെളിയിക്കേണ്ടത്.

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗിവ്‌സൺ സിങ്‌ എന്ന പ്രതിഭാശാലിയ്ക്കു കഴിയട്ടെ എന്നു ആശംസിക്കുന്നു.

Facebook Comments

error: Content is protected !!