ഇതിഹാസ താരങ്ങളായ ഡിയഗോ അർമാൻഡോ മറഡോണയ്ക്കും ലയണൽ ആന്ദ്രെസ് മെസ്സിക്കും പിറവി നൽകിയ അർജന്റീനയുടെ മണ്ണിൽ നിന്നും കൊമ്പന്റെ കോട്ടയിലേക്ക് !!! സ്വാഗതം ഫാകുണ്ടോ ആബേൽ പെരേര 🇦🇷💛🙏

യൂറോപ്പ ലീഗും യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കോപ്പ ലിബർട്ടഡോറസും ഉൾപ്പെടുന്ന ഇന്റർനാഷണൽ കോമ്പറ്റിഷനിൽ മാത്രം 30 മത്സരങ്ങൾ കളിച്ച പ്രതിഭാശാലി.

18 അർജന്റീന പ്രിമേറ ഡിവിഷൻ ലീഗ് കിരീടങ്ങളും ഒരു കോപ്പ ലിബർട്ടഡോറസും ഉൾപ്പടെ നിരവധി കിരീടങ്ങൾ നേടി ചരിത്രം കുറിക്കുകയും 117 വർഷത്തെ പാരമ്പര്യമുള്ളതും നിരവധി ഇതിഹാസങ്ങൾ പന്തു തട്ടിയിട്ടുള്ളതുമായ ” The academy of football ” എന്നറിയപ്പെടുന്ന റേസിങ് ക്ലബിനായി കളിച്ച പ്രതിഭാധനനായ ഫുട്ബോളർ.

മെക്സിക്കൻ ടോപ് ഡിവിഷൻ ലീഗിലും ഗ്രീക് ടോപ് ഡിവിഷൻ ലീഗിലും കളിച്ച പരിചയസമ്പന്നൻ.

അർജന്റീന, ചിലി, മെക്സിക്കോ, ഗ്രീസ്,അസർബൈജാൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ ആയി 267 ക്ലബ്‌ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം.

75 ഗോളുകൾ, 22 അസ്സിസ്റ്റുകൾ.

 

സ്വാഗതം ഫാകുണ്ടോ ആബേൽ പെരേര 🇦🇷💛🙏

 

ലെഫ്റ്റ് ഫുട്ടഡ് ഫുട്ബോളർ, 32 വയസ്സാണ് പ്രായം.

അറ്റാക്കിങ് മിഡ്ഫീൽഡർ /സെക്കന്റ്‌ സ്‌ട്രൈക്കർ/വിങ്ങർ.

സെറ്റ്പീസ് സ്പെഷ്യലിസ്റ്റ്.

സൈപ്രസ് ടോപ് ഡിവിഷൻ ക്ലബ്‌ ആയ അപ്പോള്ളോൻ ലിമാസ്സോളിൽ നിന്നാണ് ഫാകുണ്ടോ പെരേര കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.

ഒരു വർഷത്തെ കരാർ ആണ് ബ്ലാസ്റ്റേഴ്‌സ് ഫാകുണ്ടോ പെരേരയ്ക്കു നൽകിയിരിക്കുന്നത്.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടതാണ് കരാർ.

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ സരാട്ടെയിൽ ജനിച്ച ഫാകുണ്ടോ പെരേര പ്രാദേശിക ക്ലബ്‌ ആയ എസ്റ്റുഡിയാന്റസ് അണ്ടർ-20 ടീമിലൂടെയാണ് യൂത്ത് കരിയർ ആരംഭിച്ചത്. 2006-ൽ അമച്വർ ടീം ആയ എസ്റ്റുഡിയാന്റസിലൂടെ തന്നെയാണ് ഫാകുണ്ടോ പെരേര തന്റെ സീനിയർ തലത്തിലെ അരങ്ങേറ്റം നടത്തിയത്.2009-ൽ ചിലി ടോപ് ഡിവിഷൻ ക്ലബ്‌ ആയ പലെസ്തീനോയിൽ ലോണിൽ പോയ ഫാകുണ്ടോ പെരേര അവർക്കായി 6 മത്സരങ്ങൾ കളിച്ച ശേഷം വീണ്ടും എസ്റ്റുഡിയാന്റസിൽ തിരിച്ചെത്തി.4 വർഷത്തോളം എസ്റ്റുഡിയാന്റസ് സീനിയർ ടീമിന്റെ ഭാഗമായിരുന്നു ഫാകുണ്ടോ പെരേര.

തുടർന്നു 2011-ൽ അദ്ദേഹം ചിലിയൻ ടോപ് ഡിവിഷൻ ക്ലബ്‌ ആയ ഓഡക്സ് ഇറ്റാലിയാനോയിൽ എത്തി.ആ സീസണിൽ മിന്നും ഫോമിൽ കളിച്ച ഫാകുണ്ടോ പെരേര അവർക്കായി 34 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ ആണ് നേടിയത്.2 അസിസ്റ്റുകൾ നൽകാനും ആ സീസണിൽ അദ്ദേഹത്തിനു കഴിഞ്ഞു.ഓഡക്സ് ഇറ്റാലിയാനോയുടെ അർജന്റീനിയൻ പരിശീലകൻ ഒമർ ലാബ്രുണ ഫാകുണ്ടോ പെരേരയെ പ്ലേമേക്കർ റോളിൽ ആണ് ഭൂരിഭാഗം മത്സരങ്ങളിലും കളിപ്പിച്ചത്.

തൊട്ടടുത്ത സീസണിൽ മെക്സിക്കൻ ടോപ് ഡിവിഷൻ ക്ലബ്‌ ആയ സാൻ ലൂയിസുമായി 2 വർഷത്തെ കരാറിൽ എത്തിയ ഫാകുണ്ടോ അവർക്കായി 2012-2013 ലിഗാ എംക്സ് ക്ളാസുരയിൽ 14 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും 3 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുകയും ചെയ്തു.സാൻ ലൂയിസിൽ ഫാകുണ്ടോ പെരേരയുടെ കരിയർ അത്ര സുഖകരമായിരുന്നില്ല.

തൊട്ടടുത്ത സീസണിൽ ഫാകുണ്ടോയെ സാൻ ലൂയിസ് അർജന്റീനിയൻ ക്ലബ്‌ ആയ ജിംനേഷ്യ എൽപിയിൽ ലോണിൽ വിട്ടു.ആ സീസണിൽ ജിംനേഷ്യക്കായി 2012-2013 സീസണിൽ ജിംനേഷ്യക്കായി തകർത്തു കളിച്ച ഫാകുണ്ടോ പെരേര ലീഗിലെ ടോപ് സ്‌കോറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.ഫാകുണ്ടോ പെരേരയുടെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജിംനേഷ്യ എൽപി 2013-2014ലെ അർജന്റീന പ്രിമേര ഡിവിഷൻ ലീഗിലേക്ക് യോഗ്യത നേടി.

2 സീസണുകളിലെ തുടർച്ചയായ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സാൻ ലോറൻസോയും റേസിങ് ക്ലബും ഉൾപ്പടെയുള്ള അർജന്റീനിയൻ വമ്പന്മാർ ഫാകുണ്ടോ പെരേരയെ സ്വന്തമാക്കാൻ ആയി കരുക്കൾ നീക്കി.

തുടർന്നാണ് ഫാകുണ്ടോ ഗ്രീക്ക് വമ്പന്മാരായ പിഎഒകെ തെസ്സാലോനികിയിൽ എത്തുന്നത്.അറ്റാക്കിങ് മിഡ്ഫീൽഡർ ആയും സെക്കന്റ്‌ സ്‌ട്രൈക്കർ ആയും ആണ് ഫാകുണ്ടോ പെരേര പിഒകെയിൽ കളിച്ചത്.

3 സീസണുകൾ പിഎഒകെയ്ക്കായി കളിച്ച ഫാകുണ്ടോ പെരേര അവർക്കായി 58 മത്സരങ്ങളിൽ കളത്തിലിറങ്ങി.ഗ്രീക്ക് സൂപ്പർ ലീഗ് 1ൽ മാത്രം പിഎഒയ്ക്കായി 38 മത്സരങ്ങൾ ആണ് ഫാകുണ്ടോ പെരേര കളിച്ചത്.

ഈ കാലയളവിൽ പിഎഒകെയ്ക്കായി യൂറോപ്പ ലീഗിൽ 8 മത്സരങ്ങളും യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിൽ 2 മത്സരങ്ങളും ഫാകുണ്ടോ കളിച്ചു.

2014 ഡിസംബറിൽ ഗ്രീക്ക് വമ്പന്മാരായ ഒളിമ്പിയാക്കോസിനെതിരായ ടൈറ്റിൽ ക്ലാഷ് മത്സരത്തിൽ കൗണ്ടർ അറ്റാക്കിലൂടെ ഗ്രൗണ്ടിന്റെ പകുതിയിൽ നിന്നും പാസ്സ് സ്വീകരിച്ചു ഫാകുണ്ടോ പെരേര നേടിയ ലോങ്ങ്‌ റേഞ്ച് ലെഫ്റ്റ് ഫുട്ടഡ് വോളി ഗോൾകീപ്പറിനു മുകളിലൂടെ ഗോൾവലയുടെ ഇടതു മൂലയിൽ ആണ് പതിച്ചത്.ആ സീസണിലെ ഏറ്റവും മികച്ച ഗോൾ ആയി തിരഞ്ഞെടുത്തതും ആ ലോങ്ങ്‌ റേഞ്ച് ഗോൾ തന്നെയായിരുന്നു.

2014-2015 സീസണിൽ മാത്രം പിഎഒകെയ്ക്കായി 30 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 4 അസിസ്റ്റുകളും നേടി ടീമിന്റെ മിന്നും താരമായി ഫാകുണ്ടോ പെരേര മാറി.

തുടർന്നു 2015-2016 സീസണിൽ അസർബൈജാൻ പ്രീമിയർ ലീഗ് ക്ലബ്‌ ആയ എഫ്കെ ഖബാലയിൽ ലോണിൽ പോയ ഫാകുണ്ടോ പെരേര ടോപ് ഡിവിഷൻ ലീഗ് ആയ പ്രീമിയർ ലിഖാസിയിൽ 14 മത്സരങ്ങളിൽ കളിക്കാനിറങ്ങി.4 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

ആ സീസണിൽ എഫ്കെ ഖബാലക്കായി 5 യൂറോപ്പ ലീഗ് മത്സരങ്ങളിലും ഫാകുണ്ടോ പെരേര കളിച്ചു.

അസർബൈജാൻ ക്ലബ്ബിൽ തൃപ്തൻ അല്ലാതിരുന്ന ഫാകുണ്ടോ പെരേര തന്റെ ജന്മനാട്ടിൽ മടങ്ങിയെത്താൻ ആഗ്രഹിച്ചു.

തുടർന്നാണ് 2016 സീസണിന്റെ രണ്ടാം പകുതിയിൽ 6 മാസത്തെ ലോണിൽ അർജന്റീനിയൻ ടോപ് ഡിവിഷൻ ക്ലബ്‌ ആയ റേസിംഗ് ക്ലബിൽ ഫാകുണ്ടോ പെരേര എത്തുന്നത്.ബൊക്കാ ജൂനിയർസും റിവർപ്ലേറ്റും ഉൾപ്പെട്ട അർജന്റീനയിലെ എക്കാലത്തെയും മികച്ച 5 ക്ലബുകളിൽ ഒന്നാണ് റേസിംഗ് ക്ലബ്‌.

ആ റേസിംഗ് ക്ലബ്ബിനായി സൂപ്പർ ലീഗയിൽ 8 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഫാകുണ്ടോ പെരേര 2 ഗോളും 2 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

റേസിംഗ് ക്ലബ്ബിനായി ആ സീസണിൽ ഇന്റർനാഷണൽ ടൂർണമെന്റ് ആയ കോപ്പ ലിബർട്ടഡോറസ് കപ്പിൽ കളിക്കാനും ഫാകുണ്ടോ പെരേരയ്ക്കു കഴിഞ്ഞു.

ലോൺ കാലാവധി പൂർത്തിയാക്കി 2016-2017 സീസണിന്റെ തുടക്കത്തിൽ വീണ്ടും ഗ്രീക്ക് ക്ലബ്‌ ആയ പിഎഒകെയിൽ മടങ്ങിയെത്തിയ ഫാകുണ്ടോ സീസണിന്റെ ആദ്യ പകുതിയിൽ അവർക്കായി കളിക്കാനിറങ്ങി.

തുടർന്നു 2017 ജനുവരിയിൽ 6 മാസത്തെ ലോണിൽ അർജന്റീനിയൻ ക്ലബ്‌ ആയ ക്ലബ്‌ അത്ലറ്റികോ കൊളോണിലേക്ക്.

അർജന്റീന സൂപ്പർ ലിഗയിൽ ക്ലബ്‌ അത്ലറ്റികോ കൊളോണിനായി 15 മത്സരങ്ങൾ കളിച്ച ഫാകുണ്ടോ പെരേര 3 ഗോളുകളും 1 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

ആ വർഷം ജൂലൈയിൽ പിഎഒകെയുമായുള്ള സ്ഥിരം കരാർ റദ്ദാക്കിയ ഫാകുണ്ടോ പെരേര 6 മാസത്തെ കരാറിൽ മെക്സിക്കൻ ലിഗ എംക്സ് ക്ലബ്‌ ആയ നെകാക്സയിൽ എത്തി.നെകാക്സക്കായി ലിഗ എംക്സ് അപെർച്വുറയിൽ 5 മത്സരങ്ങളും കോപ്പ എംഎക്സ് അപെർച്വുറയിൽ 3 മത്സരങ്ങളും ആ ചെറിയ കാലയളവിൽ കളിക്കാനിറങ്ങിയ ഫാകുണ്ടോ പെരേര തുടർന്നു വീണ്ടും അർജന്റീനിയൻ പ്രിമേര ഡിവിഷൻ ക്ലബ്‌ ആയ ജിംനേഷ്യയുമായി 6 മാസത്തെ കരാറിൽ എത്തി.

ഏകദേശം 4 വർഷങ്ങൾക്കു ശേഷം ആയിരുന്നു ക്ലബ്ബിന്റെ ടോപ് ഡിവിഷൻ ലീഗിലേക്കുള്ള പ്രവേശനത്തിൽ മുഖ്യ പങ്കുവഹിച്ച ടോപ് സ്‌കോറർ ഫാകുണ്ടോ പെരേരയുടെ ജിംനേഷ്യയിലേക്കുള്ള തിരിച്ചുവരവ്.

തുടർന്നു 2018 ജൂലൈയിൽ ഫാകുണ്ടോ പെരേര സിപ്രിയോട്ട് ടോപ് ഡിവിഷൻ ക്ലബ്‌ ആയ അപോള്ളോൻ ലിമാസോളുമായി 2 വർഷത്തെ കരാറിൽ എത്തി.അവർക്കായി 2 സീസണുകളിൽ ആയി ടോപ് ഡിവിഷൻ ലീഗ് ആയ പ്രോടാത്ലിമ സൈറ്റയിൽ 54 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 3 അസ്സിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ താരം ആയിരുന്ന മാൾട്ടീസ് സ്‌ട്രൈക്കർ ആൻഡ്രേ ഷെമ്ബ്രി ഗ്രീക് ലീഗിൽ 2018-2019 സീസണിൽ പിഒഎകെയിൽ ഫാകുണ്ടോ പെരേരയുടെ സഹതാരം ആയിരുന്നു.

സിപ്രിയോട്ട് ക്ലബ്ബിനായി 3 യൂറോപ്പ ലീഗ് മത്സരങ്ങളിലും 11 യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിലും ഈ കാലയളവിൽ ഫാകുണ്ടോ പെരേര കളിച്ചു.

കഴിഞ്ഞ സീസണിൽ മാത്രം സിപ്രിയോട്ട് ടോപ് ഡിവിഷൻ ലീഗിൽ 14 മത്സരങ്ങൾ കളിച്ച ഫാകുണ്ടോ പെരേര 3 ഗോളുകൾ നേടുകയും ചെയ്തു.

 

എന്താണ് ഫാകുണ്ടോ പെരേരയുടെ പ്രത്യേകതകൾ ???

സെറ്റ്പീസുകളിൽ മികവു പുലർത്തുന്ന താരമാണ് ഫാകുണ്ടോ പെരേര.കോർണർ കിക്കുകളിലും ഫ്രീകിക്കുകളിലും വിദഗ്ദ്ധൻ ആണ് ഫാകുണ്ടോ.ഇദ്ദേഹത്തിന്റെ ഓഫ് ദി ബോൾ മൂവ്മെന്റ്സ് മികച്ചതാണ്.ലോങ്ങ്‌ റേഞ്ചറുകളും ബെന്റിങ് ഷോട്ടുകളും ഇദ്ദേഹത്തിന്റെ മറ്റു പ്രത്യേകതകൾ ആണ്.ഒളിമ്പിയാക്കോസിനെതിരെ ഗ്രീക് ലീഗിൽ ഗോൾ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ട ഗോൾ ഇതിനുദാഹരണമാണ്.അതുപോലെ നിരവധി ഗോളുകൾ അദ്ദേഹം കരിയറിൽ നേടിയിട്ടുണ്ട്.ഡ്രിബ്ലിങ് സ്‌കിൽസ് ഉള്ള താരം കൂടിയായ ഫാകുണ്ടോ പെരേരയുടെ ഫസ്റ്റ് ടച്ചും ഫൈനൽ ടച്ചും മികച്ചതാണ്.ടെക്‌നിക്കൽ എബിലിറ്റിയും പാസ്സിങ് റേഞ്ചും ആന്റിസിപേഷനും ഫാകുണ്ടോ പെരേരയെ അപകടകാരിയാക്കുന്നു.നല്ല വിഷനും വർക്ക്‌റേറ്റും ഉള്ള താരം കൂടിയാണ് ഫാകുണ്ടോ പെരേര.അത്യാവശ്യം വേഗതയും ഇദ്ദേഹത്തിനുണ്ട്.

കരിയറിൽ ഹെഡ്ഡർ ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും മറ്റു കഴിവുകളുമായി താരതമ്യം ചെയ്യുമ്പോൾ അതു ഫാകുണ്ടോ പെരേരയുടെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കേണ്ടി വരും.എഫക്റ്റീവ് പ്ലയെർ ആണ് ഫാകുണ്ടോ പെരേര.ടീമിന്റെ അറ്റാക്കിങ്ങിൽ വളരെയേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്ലയെർ ആയ ഫാകുണ്ടോ പെരേര കഠിനാദ്ധ്വാനി കൂടിയാണ്.

പ്ലേമേക്കർ ആയും വിങ്ങർ ആയും സെക്കന്റ്‌ സ്‌ട്രൈക്കർ ആയും ഒക്കെ കളിപ്പിക്കാൻ കഴിയും എന്നതു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബുവിനു വളരെയേറെ പ്രതീക്ഷ നൽകുന്നു.

ഔദ്യോഗികവും അനൗദ്യോഗികവുമായി 378 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഫാകുണ്ടോ പെരേര 102 ഗോളുകളും നേടിയിട്ടുണ്ട്.

അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ,സെക്കന്റ്‌ ഡിവിഷൻ, തേർഡ് ഡിവിഷൻ ലീഗുകളിൽ മാത്രം ആയി 224 മത്സരങ്ങളും 53 ഗോളുകളും നേടിയിട്ടുള്ള ഫാകുണ്ടോ പെരേര അർജന്റീനയ്ക്കു പുറത്തു 149 മത്സരങ്ങളിൽ നിന്നായി 49 ഗോളുകളും നേടിയിട്ടുണ്ട്.

സ്വദേശത്തും വിദേശത്തുമായി 12 ക്ലബുകളിൽ ഫാകുണ്ടോ പെരേര കളിച്ചിട്ടുണ്ട്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കോപ്പ ലിബർട്ടഡോറസിലും കളിച്ചിട്ടുള്ള റേസിങ് ക്ലബും പിഒഎകെയും പോലുള്ള വിഖ്യാത ക്ലബുകളിൽ കളിച്ചിട്ടുള്ള ഹൈ പ്രൊഫൈൽ പ്ലെയർ ആയ ഫാകുണ്ടോ പെരേരയെ അത്ര വലിയ തുകയ്ക്കല്ല കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത് എന്നത് ടീമിന്റെ സ്പോർട്ടിങ്‌ ഡയറക്ടർ കരോലിസ് സ്കിൻകിസ് തന്റെ ചുമതല ഭംഗിയായി നിർവ്വഹിക്കുന്നു എന്നതിനു തെളിവാണ്.

നിരവധി ഇതിഹാസ താരങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള അർജന്റീനയിൽ നിന്നുള്ള ഫാകുണ്ടോ പെരേര കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ഒരുപാട് പ്രതീക്ഷകൾ നൽകുന്നു.

നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള പരിചയസമ്പന്നനായ ഫാകുണ്ടോ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബുവിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇനി തെളിയിക്കേണ്ടത് കാലമാണ്.

നാളെയാണ് ഫാകുണ്ടോ പേരേരയുടെ ജന്മദിനം. ഫാകുണ്ടോ ആബേൽ പെരേരയ്ക്കു ജന്മദിന ആശംസകൾ നേരുന്നതിനൊപ്പം വരുന്ന സീസണിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിനു കഴിയട്ടെ എന്നും ആശംസിക്കുന്നു.

Facebook Comments

error: Content is protected !!