Welcome “DENE” 💛

ഐ ലീഗ് ടീം ആയ ട്രാവു എഫ് സിയിൽ നിന്നാണ് ഡിഫെൻഡർ ദെനചന്ദ്ര മീതെയ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ലെഫ്റ്റ് വിങ്ബാക്ക്.

1 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ദെനചന്ദ്ര മീതെയിയെ ടീമിൽ എത്തിച്ചിരിക്കുന്നത്.മികച്ച പ്രകടനം നടത്തിയാൽ 3 വർഷം കൂടി കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെൻട്രൽ മിഡ്ഫീൽഡിലും ദെനചന്ദ്ര മീതെയ് കളിച്ചിട്ടുണ്ട്.

ആരാണ് ദെനചന്ദ്ര മീതെയ് ???

യെൻദ്രെമ്പം ദെനചന്ദ്ര മീതെയ് 🔴⚫️

മണിപ്പൂർ സ്വദേശി, 26 വയസ്സാണ് പ്രായം.

ലെഫ്റ്റ് വിങ്ബാക്ക്.

മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ ജനിച്ച ദെനചന്ദ്ര മീതെയ് കുട്ടിക്കാലം മുതൽ തന്നെ ഫുട്ബോളിൽ തന്റെ പ്രതിഭ പ്രകടിപ്പിച്ചിരുന്നു.പത്താം വയസ്സിൽ ആണ് ദെനചന്ദ്ര പന്തു തട്ടി തുടങ്ങുന്നത്.തന്റെ വീടിനു സമീപത്തെ സ്റ്റേഡിയം ദെനചന്ദ്ര മീതെയിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായി.നിരന്തര ശ്രമങ്ങളിലൂടെ സാങ്കേതികമായി മെച്ചപ്പെടുകയും മികച്ച രീതിയിൽ കളി തുടരുകയും ചെയ്ത ദെനചന്ദ്രയെ ആദ്യം മണിപ്പൂർ ഡിസ്ട്രിക്ട് ടീമിലേക്ക് തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് ടീമിലെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദെനചന്ദ്ര യൂത്ത് നാഷണൽസിൽ മത്സരിക്കുന്ന മണിപ്പൂർ സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സ്റ്റേറ്റ് ടീമിലെ തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദെനചന്ദ്രയെ 2008-ൽ മോഹൻ ബഗാൻ ട്രയൽസിനു ക്ഷണിച്ചു. ട്രയൽസ് വിജയകരമായി പൂർത്തിയാക്കിയ ദെനചന്ദ്ര മോഹൻ ബഗാൻ സെയിൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഒരു വർഷം മോഹൻ ബഗാൻ സെയിൽ അക്കാഡമിയിൽ പരിശീലനം തുടർന്ന ദെനചന്ദ്ര പിന്നീട് ഒറീസ്സയിലെ സംഫൽപൂർ അക്കാഡമിയിലേക്ക് മാറി.എന്നാൽ മോഹൻ ബഗാൻ സെയിൽ അക്കാഡമിയിലെയും സംഫൽപൂർ അക്കാദമിയിലെയും പരിശീലന രീതികളിൽ തൃപ്തൻ അല്ലാതിരുന്ന ദെനചന്ദ്ര മീതെയ് അക്കാഡമിയിൽ നിന്നും പുറത്തു പോയി.

തുടർന്നു മണിപ്പൂരിലെ ലോക്കൽ ക്ലബുകളിൽ കളിച്ച ദെനചന്ദ്ര മോഹൻ ബഗാൻ, മഹീന്ദ്ര യുണൈറ്റഡ്,സാൽഗോക്കർ ഗോവ തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരം ലുക്‌റാം ജെയിംസ് സിങ്ങിന്റെ നിർദ്ദേശ പ്രകാരമാണ് പൂണെ എഫ് സിയുടെ ട്രയൽസിൽ പങ്കെടുക്കുന്നത്.ട്രെയൽസിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗിഫ്റ്റ് റൈഖാൻ മുഖ്യ പരിശീലകൻ ആയുള്ള പൂണെ എഫ് സി അക്കാഡമിയിൽ ദെനചന്ദ്ര മീതെയിയെ തിരഞ്ഞെടുത്തു.

പൂണെ എഫ് സിയുടെ പെനിൻസുല അക്കാഡമിയിലെ വിദഗ്ദ്ധ പരിശീലനം ആണ് ദെനചന്ദ്ര മീതെയ് എന്ന ഫുട്ബോളറുടെ കരിയറിനു വഴിത്തിരുവായത്.

തുടർന്നു പൂണെ എഫ് സി യൂത്ത് ടീമുകൾക്കായി നിരവധി മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ദെനചന്ദ്ര മീതെയ് 2 ഐ ലീഗ് അണ്ടർ -19 കിരീടങ്ങൾ പൂണെ എഫ് സിയ്ക്ക് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

പൂണെ സിറ്റി യൂത്ത് ടീമുകളിലെ ദെനചന്ദ്രയുടെ പ്രകടനം സീനിയർ ടീമിന്റെ ഡച്ച് പരിശീലകൻ മൈക്ക് സ്‌നോയിയെ ആകർഷിക്കുകയും അദ്ദേഹം ദെനചന്ദ്രയെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുകയും ചെയ്തു.

2013ൽ ദെനചന്ദ്ര മോഹൻ ബഗാനെതിരെ പൂനെയിലെ ബലേവാഡി സ്പോർട്സ് കോംപ്ലെക്സിൽ ഐ ലീഗിൽ പൂണെ എഫ് സി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.പിന്നീട് സീനിയർ ടീമിൽ ദെനചന്ദ്രയ്ക്ക് പൂണെ എഫ് സി സീനിയർ ടീമിൽ അവസരങ്ങൾ ലഭിച്ചില്ല.പൂണെ എഫ് സി 2015 സീസണിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം അടച്ചു പൂട്ടുകയും പുതിയ ഫ്രാഞ്ചസി ക്ലബ്‌ ഏറ്റെടുത്തു ഇന്ത്യൻ സൂപ്പർ ലീഗിലെ പൂണെ സിറ്റി എഫ് സിയായി മാറുകയും ചെയ്തതോടെ തുടർന്നുള്ള നാളുകൾ ദെനചന്ദ്ര മീതെയ്ക്ക് അത്ര സുഖകരമായിരുന്നില്ല.

2016-2017 സീസണിൽ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്‌ ആയ ഓസോൺ എഫ് സിയിൽ എത്തിയ ദെനചന്ദ്രയെ തൊട്ടടുത്ത സീസണിൽ ഐ ലീഗിലെ ഗോവൻ വമ്പന്മാരായ ചർച്ചിൽ ബ്രദേയ്സ് സ്വന്തമാക്കി.പോർച്ചുഗീസ് പരിശീലകൻ ബെർണാഡോ ടവാരസിനു കീഴിൽ ആ സീസണിൽ ഐ ലീഗിൽ 15 മത്സരങ്ങൾ ചർച്ചിൽ ബ്രദേയ്സ് ജേഴ്സിയിൽ കളിക്കാനിറങ്ങിയ ദെനചന്ദ്ര 15 മത്സരങ്ങളിലും ടീമിന്റെ ആദ്യ ഇലവനിൽ ഉൾപ്പെട്ടു.1277 മിനിറ്റുകൾ ചർച്ചിലിനായി ആ സീസണിൽ കളത്തിൽ ഉണ്ടായിരുന്ന ദെനചന്ദ്ര മിന്നും പ്രകടനം തന്നെ ആ സീസണിൽ കാഴ്ചവെച്ചു എങ്കിലും ചർച്ചിൽ ബ്രദേയ്സിനു 2017-2018 സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ എത്താനെ കഴിഞ്ഞുള്ളൂ.

2 സൂപ്പർ കപ്പ് മത്സരങ്ങളിലും ദെനചന്ദ്ര ആ സീസണിൽ ചർച്ചിൽ ബ്രദേയ്സിനായി കളിക്കാനിറങ്ങി.210 മിനിറ്റുകൾ ദെനചന്ദ്ര കളത്തിൽ ഉണ്ടായിരുന്നു.

തൊട്ടടുത്ത സീസണിൽ തന്റെ ഹോം സ്റ്റേറ്റ് ക്ലബ്‌ ആയ നെരൊക്ക എഫ് സിയിൽ കളിക്കാനെത്തിയ ദെനചന്ദ്രയ്ക്ക് ടീമിന്റെ സ്പാനിഷ് പരിശീലകൻ മാനുവൽ റേറ്റാമെറോ ഫ്രെയ്ലിനു കീഴിൽ അധികം അവസരങ്ങൾ ലഭിച്ചില്ല.2018-2019 സീസണിൽ നെറോക്ക എഫ് സിയിൽ 4 മത്സരങ്ങളിൽ ആണ് ദെനചന്ദ്രയ്ക്ക് അവസരം ലഭിച്ചത്.289 മിനിറ്റുകൾ ദെനചന്ദ്ര ഗ്രൗണ്ടിൽ ഉണ്ടായിരുന്നു.

തുടർന്നാണ് 2019-2020 സീസണിൽ ദെനചന്ദ്ര മീതെയ് ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ നിന്നും ചരിത്രത്തിൽ ആദ്യമായി ഐ ലീഗിൽ എത്തിയ ട്രാവു എഫ് സിയിൽ എത്തുന്നത്.സൈപ്രസിൽ നിന്നുള്ള പരിശീലകൻ ദിമിട്രസ് ദിമിട്രൂവിനു കീഴിൽ സീസണിലെ ആദ്യ 4 മൽസരങ്ങളും വിജയത്തോടെ തുടങ്ങിയ ട്രാവു എഫ് സിയ്ക്ക് തിരിച്ചടിയായി പരിശീലകൻ ദിമിട്രൂവിനെതിരെ മാച്ച് ഫിക്സിങ് ആരോപണം ഉയർന്നു വരുകയും അദ്ദേഹത്തെ ക്ലബ്‌ മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തു.

തുടർന്നു ലൈശ്രം ഇബോംച സിങ് ട്രാവു എഫ് സിയുടെ കെയർ ടേക്കർ മാനേജർ ആയി ചുമതലയേറ്റു.

ട്രാവു എഫ് സിക്കായി 2019-2020 സീസണിൽ 12 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ദെനചന്ദ്ര 12 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ദെനചന്ദ്ര മീതെയ് 1044 മിനിറ്റുകൾ കളത്തിലുണ്ടായിരുന്നു.ട്രാവു എഫ് സിയുടെ അരങ്ങേറ്റ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിൽ ദെനചന്ദ്ര മീതെയിയുടെ പ്രകടനവും നിർണ്ണായകമായി.അഭിഷേക് ദാസ്, സന്ദീപ് സിങ്, ദീപക് ദേവ്രാനി തുടങ്ങിയ ഇന്ത്യൻ താരങ്ങളോടൊപ്പവും വിദേശ ഡിഫൻഡർമാർക്കൊപ്പവും ദെനചന്ദ്ര പ്രതിരോധത്തിൽ മികച്ച സഖ്യം ഉണ്ടാക്കി.

മികച്ച ശാരീരിക ക്ഷമതയുള്ള ദെനചന്ദ്ര ഏരിയൽ ബോളുകളിൽ മികവുള്ള താരമാണ്.വേഗത്തിൽ ഓവർലാപ് ചെയ്തു കയറാനും ഇദ്ദേഹത്തിനു കഴിയും.ക്‌ളീൻ ടാക്കിക്കുകളും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ഒരു കാലത്തു ഇന്ത്യൻ ഇന്റർനാഷണൽ സുബാഷിഷ് ബോസിനേക്കാൾ റേറ്റ് ചെയ്തിരുന്ന ലെഫ്റ്റ് ബാക്ക് ആണ് ദെനചന്ദ്ര മീതെയ്.

ട്രാവു എഫ് സിയിലെ തുടർച്ചയായ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദെനചന്ദ്രയെ ടീമിൽ എത്തിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം ആണ് ദെനചന്ദ്രയുടെ ഇഷ്ട താരം.

35ൽ പരം ടോപ് ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള ദെനചന്ദ്ര മീതെയ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ജെസ്സലിന്റെ ബാക്ക് അപ്പ്‌ ഓപ്ഷൻ ആയി തന്നെയാണ് ടീമിൽ എത്തിയിരിക്കുന്നത്.

ഇന്ത്യൻ അണ്ടർ-23 ടീമിലും ഈ യുവ പ്രതിഭ ഇടം നേടിയിട്ടുണ്ട്.

കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ ആണ് ഇനി ദെനചന്ദ്ര മീതെയ്ക്ക് തന്റെ പ്രതിഭ തെളിയിക്കേണ്ടത്.

കഠിനാദ്ധ്വാനിയായ ദെനചന്ദ്ര മീതെയ് വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യൻ കിബുവിനു മുതൽക്കൂട്ടാകും എന്നു പ്രതീക്ഷിക്കുന്നു.💛

Facebook Comments

error: Content is protected !!