ആൽബിനോ ഗോമസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം – Albino Gomes

  • July 8, 2020
  • manjappada
  • Fans Blog
  • 0
  • 909 Views

ആൽബിനോ ഗോമസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം.💛

3 വർഷത്തെ കരാറിൽ ആണ് ആൽബിനോ ഗോമസ് എന്ന ഗോവൻ ഗോൾകീപ്പറിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

ആരാണ് ആൽബിനോ ഗോമസ് ???

ഗോവൻ സ്വദേശി, 26 വയസ്സാണ് പ്രായം.

ഗോവയിലെ സാൽഗോക്കർ അക്കാഡമിയുടെ പ്രോഡക്റ്റ് ആണ് ആൽബിനോ ഗോമസ്.സാൽഗോക്കർ യൂത്ത് ടീമുകൾക്കായി മിന്നും ഫോമിൽ കളിച്ച ആൽബിനോ ഗോമസിനെ 2012-2013 സീസണിൽ ആണ് അവരുടെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്.2013 ഫെബ്രുവരിയിൽ ആണ് ഐ ലീഗിൽ ഷില്ലോങ് ലജോങ് എഫ് സിക്കെതിരായ മത്സരത്തിൽ ആൽബിനോയെ ആദ്യമായി ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്തുന്നത്.സാൽഗോക്കർ സീനിയർ ടീമിൽ അവസരങ്ങൾ ലഭിക്കാതിരുന്ന ആൽബിനോയെ മത്സരപരിചയം ഉണ്ടാക്കിയെടുക്കുന്നതിനായി സാൽഗോക്കർ മുംബൈ സിറ്റി എഫ് സിയിൽ ലോണിൽ അയച്ചു.ഇതിഹാസ താരം നിക്കോളാസ് അനെൽക്ക ആയിരുന്നു ആ സമയത്തു മുംബൈ സിറ്റി എഫ് സിയുടെ പരിശീലക ചുമതല വഹിച്ചിരുന്നത്.തുടർന്നു 2015-ൽ നടന്ന പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ ആൽബിനോയെ മുംബൈ സിറ്റി സ്ഥിരം കരാറിൽ ടീമിൽ എത്തിച്ചു.മുംബൈ സിറ്റിയുടെ കോസ്റ്റാറിക്കൻ പരിശീലകൻ അലെക്‌സാന്ദ്രേ ഗ്വിമാറസിന് കീഴിൽ ആ സീസണിൽ 4 മത്സരങ്ങളിൽ ആണ് ആൽബിനോ മുംബൈ സിറ്റിയുടെ ഗോൾവല കാത്തത്.സാമാന്യം ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ച്ചവെക്കാനും ആ സീസണിൽ ആൽബിനോയ്ക്ക് കഴിഞ്ഞു.
തുടർന്നു 2016-2017 സീസണിൽ ആൽബിനോ ഗോമസിനെ ഐ ലീഗ് ക്ലബ്‌ ആയ ഐസ്വാൾ എഫ് സിയിൽ ലോണിൽ അയക്കാൻ ഉള്ള മുംബൈ സിറ്റി എഫ് സിയുടെ തീരുമാനം ആൽബിനോയുടെ കരിയറിൽ വഴിത്തിരിവായി.ഐസ്വാൾ എഫ് സിയുടെ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ആ സീസണിലെ 18 മത്സരങ്ങളിലും ആദ്യ ഇലവനിൽ കളിക്കാനിറങ്ങിയ ആൽബിനോ ഗോമസ് തകർപ്പൻ സേവുകളുമായി ഗോൾവലയ്ക്കു മുന്നിൽ ഉരുക്കുകോട്ട പോലെ നിറഞ്ഞു നിന്നു.8 ക്‌ളീൻഷീറ്റുകൾ ആണ് 18 മത്സരങ്ങളിൽ നിന്നും ആൽബിനോ സ്വന്തമാക്കിയത്.എട്ടാം സ്ഥാനത്തു നിന്നും ഐ ലീഗ് ചാമ്പ്യന്മാർ എന്ന പദവിയിലേക്ക് ഐസ്വാൾ എഫ് സിയെ കൈപിടിച്ചുയർത്തുന്നതിൽ ആൽബിനോ ഗോമസിന്റെ തകർപ്പൻ പ്രകടനം ഐസ്വാൾ എഫ് സിയ്ക്ക് തുണയായി.
ആ ഒരു സീസണിലെ തകർപ്പൻ പ്രകടനം ആൽബിനോ ഗോമസിനെ ഇന്ത്യൻ ഫുട്ബോളിലെ മുൻനിര ഗോൾകീപ്പർമാരിൽ ഒരാൾ എന്ന പദവിയിൽ എത്തിച്ചു.
2016-2017 ഐ ലീഗ് സീസണിൽ ബെംഗളൂരു എഫ് സിക്കെതിരെ ഹോം സ്റ്റേഡിയത്തിൽ നേടിയ സമനില ആണ് ആൽബിനോ ഗോമസ് തന്റെ ഏറ്റവും മികച്ച മത്സരമായി ഓർത്തെടുക്കുന്നത്.
ഐസ്വാൾ എഫ് സിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ആൽബിനോ ഗോമസിനെ 2017-2018 സീസണിൽ അന്നത്തെ ഡൽഹി ഡയനാമോസ് വൻ തുക മുടക്കി ടീമിൽ എത്തിച്ചു.ആ സീസണിലെ ഡൽഹി ഡയനാമോസിന്റെ സ്പാനിഷ് പരിശീലകൻ മിഗ്‌വേൽ ഏഞ്ചൽ പോർച്ചുഗലിനു കീഴിൽ സീസണിലെ ആദ്യ 4 മൽസരങ്ങളിലും ആദ്യ ഇലവനിൽ കളിക്കാനിറങ്ങുകയും മിന്നും ഫോമിൽ കളിക്കുകയും ചെയ്ത ആൽബിനോ ഗോമസിനെ തേടി നിർഭാഗ്യത്തിന്റെ രൂപത്തിൽ പരിക്കെത്തി.ജാംഷെഡ്പൂർ എഫ് സിക്കെതിരായ മത്സരത്തിൽ അപകടകരമായ രീതിയിൽ ലാൻഡ് ചെയ്ത ആൽബിനോ ഗോമസിന്റെ കാൽമുട്ടിന് ഗുരുതര പരിക്കേറ്റു.സ്‌ട്രെച്ചറിലാണ് ആൽബിനോയെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.ഗുരുതര പരിക്കിനെ തുടർന്നു ആൽബിനോ ഗോമസിനു ആ സീസൺ പൂർണ്ണമായും നഷ്ടമായി.

തുടർന്നു തൊട്ടടുത്ത സീസണിൽ ജോസഫ്‌ ഗൊമ്പാവു എന്ന ബാർസ യൂത്ത് അക്കാഡമി പരിശീലകൻ ഡൽഹി ഡയനാമോസിന്റെ പരിശീലക ചുമതലയേറ്റെടുത്തു.ഫ്രാൻസിസ്‌കോ ഡോറൺസോറോ എന്ന പരിചയ സമ്പന്നനായ സ്പാനിഷ് ഗോൾകീപ്പറിനാണ് ജോസഫ് ഗൊമ്പാവു ആ സീസണിൽ മുഖ്യ പരിഗണന നൽകിയത്.4 മത്സരങ്ങളിൽ മാത്രം ആണ് ആ സീസണിൽ ആൽബിനോ ഗോമസിന് കളിക്കാൻ അവസരം ലഭിച്ചത്.പരിക്കിൽ നിന്നും പൂർണ്ണമായും മുക്തമാകാത്ത ആത്മവിശ്വാസം കുറച്ചെങ്കിലും നഷ്ടമായ ഒരു താരത്തെക്കാൾ തന്റെ വിശ്വസ്തനായ സ്പാനിഷ് ഗോൾകീപ്പർ ഡോറൺസോറോയ്ക്ക് ഗൊമ്പാവു കൂടുതൽ അവസരങ്ങൾ നൽകി എന്നു വേണം കരുതാൻ.

അതിനു ശേഷം കഴിഞ്ഞ സീസണിൽ ഡൽഹി ഡയനാമോസ് ഒഡീഷ കേന്ദ്രമാക്കി ഒഡീഷ എഫ് സി എന്ന പേരിൽ പുതിയ ടീം ആയി എത്തിയപ്പോഴും ആൽബിനോ ഗോമസിനെ അവർ നിലനിർത്തി.എന്നാൽ പ്രീ സീസണിൽ വീണ്ടും നിർഭാഗ്യത്തിന്റെ രൂപത്തിൽ പരിക്ക് ആൽബിനോ ഗോമസിനെ തേടിയെത്തി.സീസണിൽ ഒരു മത്സരം പോലും കളിക്കാതെ ആൽബിനോയ്ക്ക് പിൻവാങ്ങേണ്ടി വന്നു.

3 വർഷത്തെ കണക്കെടുത്താൽ ഡൽഹി ഡയനാമോസിൽ സൂപ്പർ കപ്പ് ഉൾപ്പടെ മൊത്തത്തിൽ 13 മത്സരങ്ങളിൽ മാത്രം ആണ് ആൽബിനോ ഗോമസിനു കളിക്കാൻ കഴിഞ്ഞത്.കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിൽ ടീമിൽ ഉണ്ടായിട്ടും പ്രീ സീസണിൽ പരിക്കേറ്റതിനാൽ ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പിൻവാങ്ങേണ്ടി വന്നു.
ഈ 13 മത്സരങ്ങളിൽ 37 സേവുകൾ ആണ് ആൽബിനോ ഗോമസ് നടത്തിയത്.62.7 എന്ന മെച്ചപ്പെട്ട ശരാശരി നേടാനും ആൽബിനോയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ സീസൺ അവസാനം ആണ് ആൽബിനോ ഗോമസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തുന്നത്.ബ്ലാസ്റ്റേഴ്സിനൊപ്പം ആൽബിനോയെ ടീമിൽ എത്തിക്കാൻ മറ്റു 2 ക്ലബുകൾ കൂടി രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മികച്ച ഗോൾകീപ്പർമാരുടെ അഭാവം.കഴിഞ്ഞ സീസണുകളിൽ ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ച ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്.

ആൽബിനോ ഗോമസിനൊപ്പം ഇന്ത്യൻ അണ്ടർ -17 ലോകകപ്പ് സ്‌ക്വാഡിൽ ഉണ്ടായിരുന്ന ബെംഗളൂരു എഫ് സി ഗോകീപ്പർ പ്രഭ്സുഖൻ ഗില്ലിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന ടി പി രഹനേഷിന് പകരം തന്നെയായിരിക്കും പരിചയ സമ്പന്നനായ ആൽബിനോ ഗോമസിനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.ഉത്തർപ്രദേശിൽ നിന്നുള്ള യുവഗോൾകീപ്പർ ബിലാൽ ഖാനുമായി ബ്ലാസ്റ്റേഴ്‌സിന് ദീർഘകാല കരാർ ആണ് നിലവിൽ ഉള്ളത്. അങ്ങനെ നോക്കിയാൽ ടീമിന്റെ മുൻ നിര ഗോൾകീപ്പർമാരായി ആൽബിനോ ഗോമസ്, പ്രഭ്സുഖൻ ഗിൽ, ബിലാൽ ഖാൻ എന്നിവർ തന്നെയായിരിക്കും ടീമിൽ ഉണ്ടാകുക.റിസർവ് സ്‌ക്വാഡിൽ നിന്നും കശ്മീരി ഗോൾകീപ്പർ മുഹീത് ഷബീർ ഖാനെ കൂടി സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാൻ സാധ്യതയുണ്ട്.ഐ എസ് എല്ലിലെ ഭേദഗതി വരുത്തിയ നിയമം 4 ഗോൾകീപ്പർമാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതി നൽകുന്നുണ്ട്.

ആൽബിനോ ഗോമസ് എന്ന പരിചയ സമ്പന്നനായ ഗോവൻ ഗോൾകീപ്പർക്ക് തന്റെ കരിയറിന്റെ ഏറ്റവും വിലപ്പെട്ട സമയം ആണ് നിർഭാഗ്യത്തിന്റെ രൂപത്തിൽ നഷ്ടപ്പെട്ടത്.എന്നാൽ കരിയറിൽ തനിക്കേറ്റ തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള കഠിന പരിശ്രമത്തിൽ ആണ് ആൽബിനോ ഗോമസ്.നിരന്തര പരിശ്രമത്തിലൂടെ ആൽബിനോ ഗോമസ് പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായിക്കഴിഞ്ഞു.ഈ കോവിഡ് കാലത്തും കഠിന വ്യായാമത്തിലും പരിശീലനത്തിലുമാണ് ആൽബിനോ ഗോമസ്.
ദീർഘകാലം പുറത്തിരുന്നതിനു ശേഷം പരിക്കിൽ നിന്നും മുക്തരായി കളിക്കളത്തിൽ തിരിച്ചെത്തി അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ച്ചവെച്ച നിരവധി താരങ്ങളുടെ പ്രകടനങ്ങൾ നമ്മുടെ മുന്നിൽ ഉദാഹരണമായി ഉണ്ട്.
ആൽബിനോ ഗോമസ് എന്ന ഗോൾകീപ്പറിന്റെ പ്രതിഭയിൽ ആർക്കും തർക്കം ഉണ്ടാവില്ല.

ഒരു കാര്യം വ്യക്തമാണ്.തുടർച്ചയായി പരിക്കുകൾ വേട്ടയാടിയിരുന്നില്ലെങ്കിൽ ഇന്നു ഇന്ത്യയിലെ മുൻനിര ഗോൾകീപ്പർമാരുടെ നിരയിൽ ഉയർന്നു നിൽക്കേണ്ട പേരാണ് ആൽബിനോ ഗോമസ് എന്ന കാര്യത്തിൽ സംശയം ഇല്ല.
തന്റെ കരിയറിലെ നിർണ്ണായകമായ 3 വർഷങ്ങൾ പരിക്കു മൂലം നഷ്ടമായിട്ടും ആൽബിനോ ഗോമസിനു പ്രായം അനുകൂല ഘടകം ആണ്. 26 വയസ്സ് മാത്രം ആണ് അദ്ദേഹത്തിന്റെ പ്രായം.

ആൽബിനോ ഗോമസിന്റെ കഴിവിലും പരിചയ സമ്പത്തിലും തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്.

വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ആൽബിനോ ഗോമസിനു കഴിയട്ടെ എന്നാശംസിക്കുന്നു..

Facebook Comments

error: Content is protected !!