ഋതിക് കുമാർ ദാസിനു കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം !

  • July 15, 2020
  • manjappada
  • Fans Blog
  • 0
  • 2341 Views

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിംഗുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം.

ആരാണ് ഋതിക് കുമാർ ദാസ് ???

ഋത്വിക് കുമാർ ദാസ് 🔴⚫️

വെസ്റ്റ് ബംഗാൾ സ്വദേശി, 23 വയസ്സാണ് പ്രായം.

റൈറ്റ് വിങ് ഫോർവേഡ് / റൈറ്റ് വിങ് ബാക്ക്/ അറ്റാക്കിങ് മിഡ്ഫീൽഡർ.

വെസ്റ്റ് ബംഗാളിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നായ അസാൻസോളിൽ ദാസ്-നിതാ ദാസ് ദമ്പതികളുടെ മകൻ ആയി ജനിച്ച ഋത്വിക് ദാസ് കുട്ടിക്കാലം മുതൽ തികഞ്ഞ അടച്ചടക്ക ബോധം പാലിച്ചിരുന്നു.ഫുട്ബോളർ ആകാൻ കൊതിച്ച ദാസിനു പരിപൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും കൂടെ ഉണ്ടായിരുന്നു.
ഒൻപതാം തരത്തിൽ പഠിക്കുമ്പോഴാണ് ഋത്വിക്കിന്റെ ഫുട്ബോൾ കരിയറിനു വഴിത്തിരിവുണ്ടാകുന്നത്.മോഹൻ ബഗാൻ സെയിൽ അക്കാഡമി നടത്തിയ ട്രയൽസിൽ പങ്കെടുത്ത നിരവധി യുവപ്രതിഭകളിൽ നിന്നും ഋത്വിക്കിനെ തിരഞ്ഞെടുത്തു.മോഹൻ ബഗാൻ അക്കാഡമിയിൽ ശങ്കർലാൽ ചക്രവർത്തി, ആർഗ്യ മജുംദാർ,നിർമ്മാല്യ ഹാൽഡർ,അഭയ് കുമാർ തുടങ്ങിയ കൊൽക്കത്തൻ ഫുട്ബോളിലെ വിദഗ്ദ്ധരിൽ നിന്നും പരിശീലനവും വിലപ്പെട്ട നിർദേശങ്ങളും ഋത്വിക്കിനു ലഭിച്ചു.
തുടർന്നു കൽക്കട്ട കസ്റ്റംസിനു വേണ്ടി കൽക്കട്ട ഫുട്ബോൾ ലീഗിൽ ഋത്വിക് കളിച്ചു.കൽക്കട്ട കസ്റ്റംസിലേത് ഋത്വിക്കിന്റെ പ്രൊഫെഷണൽ ഫുട്ബോളിലെ അരങ്ങേറ്റമായിരുന്നു.
തുടർന്നു 2016-ൽ കൽക്കട്ട പ്രീമിയർഷിപ്പ് ഡിവിഷൻ ഗ്രൂപ്പ്‌ -ബിയിൽ മത്സരിക്കുന്ന കലിഘട്ട് എം സി എന്ന ക്ലബ്ബുമായി ഋത്വിക് കരാറിൽ എത്തി.ആ സമയങ്ങളിൽ കൊൽക്കത്തയിൽ തന്നെ സ്വന്തം മകനെപോലെ പരിപാലിക്കുകയും പരിശീലനം നൽകുകയും ചെയ്ത അരുൺ ഘോഷിനെയും ചിന്മയ് സർക്കാരിനെയും ഋത്വിക് ഇപ്പോഴും നന്ദിയോടെ സ്മരിക്കുന്നു.

എന്നാൽ 2017-ൽ റിയൽ കശ്മീർ എഫ് സി വെസ്റ്റ് ബംഗാളിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗ്രൗണ്ടിൽ നടത്തിയ ട്രയൽസ് ആണ് ഋത്വിക് കുമാർ ദാസ് എന്ന പ്രതിഭാധനനായ യുവതാരത്തിന്റെ കരിയർ മാറ്റിമറിച്ചത്.
ട്രയൽസിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റിയൽ കശ്മീർ എഫ് സിയുടെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ലീഗ് ടീമിലേക്ക് ഋത്വിക്കിനെ തിരഞ്ഞെടുത്തു.കശ്മീരിൽ നിന്നുള്ള പുതിയ ടീം ആയ റിയൽ കശ്മീർ എഫ് സിയ്ക്ക് ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്.ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ നേരിടേണ്ടി വന്ന ഐ ലീഗ് സെക്കന്റ്‌ ഡിവിഷന്റെ ആ സീസണിൽ ഋത്വിക് നേടിയ 4 ഗോളുകൾ റിയൽ കശ്മീർ എഫ് സിയുടെ ഐ ലീഗ് പ്രവേശനത്തിൽ നിർണ്ണായകമായി.ഗോൾ മാത്രം അല്ല നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ഋത്വിക്കിനു കഴിഞ്ഞു.ഋത്വിക്കിനോടൊപ്പം ചില യുവ താരങ്ങളും റിയൽ കശ്മീർ എഫ് സിക്കായി ആ സീസണിൽ തകർത്തു കളിച്ചിരുന്നു.
അങ്ങനെ ചരിത്രത്തിൽ ആദ്യമായി കശ്മീരിൽ നിന്നും ഐ ലീഗ് പ്രവേശനം നേടുന്ന ആദ്യ ടീം ആയി റിയൽ കശ്മീർ എഫ് സി മാറി.

പ്രശസ്ത ടീമുകൾ ആയ റേഞ്ചേഴ്സ് എഫ് സി, ലീഡ്സ് യുണൈറ്റഡ്, സ്കോട്ലൻഡ് തുടങ്ങിയ ടീമുകൾക്കായി കളിക്കുകയും അമേരിക്കൻ ക്ലബ്‌ ആയ ഫീനിക്സ് എഫ് സി,സ്കോട്ടിഷ് ക്ലബ്‌ മോൺട്രോസ് ഉൾപ്പടെയുള്ള ടീമുകളുടെ പരിശീലകനുമായിരുന്ന സ്കോട്ടിഷ് പരിശീലകൻ ഡേവിഡ് റോബർട്സണ് കീഴിൽ മികച്ച അവസരം ആണ് ഐ ലീഗ് പ്രവേശനത്തിലൂടെ റിയൽ കശ്മീർ എഫ് സിയിൽ ഋത്വിക് ദാസിനു തുറന്നു കിട്ടിയത്.
ഡേവിഡ് റോബർട്സൺ ഋത്വിക് ദാസിനെ മത്സരങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മിഡ്ഫീൽഡിൽ പല പൊസിഷനുകളിലും അണിനിരത്തി.പ്രതിരോധത്തിൽ പോലും ഇറങ്ങിച്ചെന്നു സഹായിക്കുന്ന കഠിനാധ്വാനിയായ ഋത്വിക് ദാസിനെ ഡേവിഡ് റോബർട്സൺ റൈറ്റ് വിങ് ബാക്ക് പൊസിഷനിലും കളിപ്പിച്ചു.

തന്നെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി പൂർത്തിയാക്കുന്ന ഋത്വിക് ദാസ് കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ ആണ് റിയൽ കശ്മീർ എഫ് സിക്കായി കളത്തിലിറങ്ങിയത്.2 അസിസ്റ്റുകൾ ആണ് ഋത്വിക് നൽകിയത്.കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ കളിച്ചപ്പോൾ 6 മത്സരങ്ങളിൽ ആണ് ഋത്വിക് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നത്.ബാക്കിയുള്ള മത്സരങ്ങളിലെല്ലാം ഡേവിഡ് റോബർട്സണിന്റെ ഫസ്റ്റ് ചോയ്സ് സബ്സ്റ്റിട്യൂറ്റ് ഋത്വിക് ആയിരുന്നു.അങ്ങനെ പകരക്കാരനായി ഇറങ്ങുമ്പോഴൊക്കെ ഗ്രൗണ്ടിൽ അതിന്റെ പ്രതിഫലനം ഉണ്ടാക്കാനും ഋത്വിക്കിനു കഴിഞ്ഞു.
ഈ വർഷം മാർച്ചിൽ അപൂർവ്വ ത്വക്ക് രോഗം ബാധിച്ചു അച്ഛൻ മരണപ്പെട്ടതിനെത്തുടർന്ന് ഋത്വിക്കിനു സീസൺ പൂർത്തിയാകുന്നതിനു മുമ്പ് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.റിയൽ കാശ്മീർ ടീമിനെയും പ്ലയേഴ്‌സിനെയും സ്വന്തം കുടുംബം പോലെ ഇഷ്ടപ്പെടുന്ന ഋത്വിക്കിനോടുള്ള ആദരമായി നെരോക്ക എഫ് സിക്കെതിരെ ശ്രീനഗറിലെ ടി എം സി ഗ്രൗണ്ടിൽ നടന്ന ഹോം മത്സരത്തിനു മുമ്പ് ഋത്വിക് കുമാർ ദാസിന്റെ 11 ആം നമ്പർ ജേഴ്സി ഉയർത്തിക്കാണിച്ചായിരുന്നു ടീം അണിനിരന്നത്.റിയൽ കശ്മീർ എഫ് സിയുടെ സൂപ്പർ താരം ഡാനിഷ് ഫറൂഖ് ഭട്ട് ആ മത്സരത്തിൽ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോൾ ഋത്വിക് ദാസിനായി സമർപ്പിക്കുകയും ചെയ്തു.

മിന്നൽ വേഗത്തിൽ കുതിക്കാനും ഷോട്ടുകൾ എടുക്കാനും കഴിവുള്ള താരമാണ് ഋത്വിക് ദാസ്.കഠിനാധ്വാനിയാണ് ദാസ്.ഡ്രിബിൾ ചെയ്തു മുന്നേറാനുള്ള കഴിവുമുണ്ട്.പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാനും ആ റോൾ ഭംഗിയായി നിർവ്വഹിക്കാനും ഋത്വിക് ദാസിനു കഴിയും.പൊതുവെ പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കിങ് ഫുട്ബോൾ കളിക്കാൻ ഇഷ്ടപെടുന്ന ഡേവിഡ് റോബർട്സണിന്റെ ലോങ്ങ്‌ ബോൾ ടാക്ടിക്‌സിനൊപ്പം ഇഴുകിച്ചേരാനും ഋത്വിക്കിനു കഴിഞ്ഞിരുന്നു.ഡാനിഷ് ഫറൂഖ് ഭട്ട് പോലെയുള്ള പ്രതിഭാധനരായ യുവ ഇന്ത്യൻ താരങ്ങൾ കളിക്കുന്ന ഒരു ടീമിൽ ഡേവിഡ് റോബർട്സണിന്റെ ഇഷ്ട താരങ്ങളിൽ ഒരാൾ ആയി മാറാനും ഈ യുവ പ്രതിഭയ്ക്ക് കഴിഞ്ഞു.ഡുറാന്റ് കപ്പ് ഉൾപ്പടെ മൊത്തത്തിൽ 39 മത്സരങ്ങളിൽ ആണ് ഋത്വിക് ദാസ് റിയൽ കാശ്‌മീർ എഫ് സിക്കായി കളത്തിലിറങ്ങിയത്.ഡേവിഡ് റോബർട്സൺ എന്ന വിദഗ്ദ്ധ പരിശീലകന്റെ കീഴിൽ ഉള്ള പരിശീലനം ഋത്വിക് ദാസിനെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

അറ്റാക്കിങ് മിഡ്ഫീൽഡർ ആയും സെക്കന്റ്‌ സ്‌ട്രൈക്കർ ആയും കളിക്കാൻ ഇഷ്ടപെടുന്ന പ്ലയെർ ആണ് ഋത്വിക്.എന്നാൽ റിയൽ കശ്മീർ എഫ് സിയിൽ റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിൽ ആണ് കൂടുതലും കളിച്ചത്.ചില മത്സരങ്ങളിൽ റൈറ്റ് വിങ്ബാക്ക് ആയും കളിച്ചു.ക്രോസ്സുകൾ ആണ് ഋത്വിക്കിന്റെ പോരായ്മ.ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഈ വർഷം ജനുവരിയിൽ ശ്രീനഗറിലെ ടി എം സി ഗ്രൗണ്ടിൽ കിബു വികുനയുടെ മോഹൻ ബഗാനെതിരെയായ മത്സരത്തിൽ ഋത്വിക് കുമാർ ദാസ് മിന്നും പ്രകടനം നടത്തിയിരുന്നു.അതിനു വളരെ മുമ്പേ തന്നെ റിയൽ കശ്മീർ എഫ് സിയിൽ മികച്ച പ്രകടനം തുടർന്ന ഋതിക്കിനെ മോഹൻ ബഗാൻ പരിശീലകൻ ആയിരുന്ന കിബു നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലയേറ്റെടുത്ത ഉടൻ മാനേജ്‌മെന്റിനോട്‌ കിബു ടീമിൽ എത്തിക്കാൻ ആവശ്യപ്പെട്ട ഇന്ത്യൻ താരങ്ങളിൽ ഒരാൾ ആണ് ഋത്വിക് കുമാർ ദാസ് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിൽ തന്നെയായിരിക്കും കിബു ഋത്വിക്കിനെ പരിഗണിക്കുക എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.അത്യാവശ്യ സന്ദർഭങ്ങളിൽ ഋത്വിക്കിനെ റൈറ്റ് വിങ് ബാക്ക് ആയും കളിപ്പിക്കാം എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ശുഭ സൂചനയാണ്.
പ്രതിഭാശാലിയായ ഫുട്ബോളർ ആണ് ഋത്വിക് ദാസ് എന്ന കാര്യത്തിൽ തർക്കമില്ല.കിബു എന്ന സ്പാനിഷ് ടാക്റ്റീഷ്യനു കീഴിൽ ഋതിക് ദാസിനു ഒരു വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.

ഋത്വിക് ദാസിനെ പോലെ ഉള്ള ഒരു താരത്തിന്റെ സാന്നിധ്യം പരിശീലകനു കളിക്കളത്തിൽ പല ഓപ്ഷനുകൾ നൽകുന്നു.

വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഋത്വിക് കുമാർ ദാസിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.💛

Facebook Comments

error: Content is protected !!