Swagatham Puitea !!!

“Extraordinary talent” എന്നു മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരവും പ്രശസ്ത ഇംഗ്ലീഷ് കമന്റേറ്ററുമായ പോൾ മേസ്ഫീൽഡ് വിശേഷിപ്പിച്ച താരം.

 

“A player i would love to work with again. Great potential if utilized well. A player who has a strong character and great vision on the ball”
( ഈ യുവപ്രതിഭയെക്കുറിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിന്റേയും പരിശീലകൻ ആയിരുന്ന എൽക്കോ ഷറ്റോറിയുടെ ട്വീറ്റ് )

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാൾ ആയിരുന്നു പ്രതിഭാധനനായ ഈ യുവതാരം.

 

2012-ൽ പതിനാലാം വയസ്സിൽ കാൽമുട്ടിനു ഗുരുതര പരിക്കേൽക്കുകയും ഇനി കളി തുടരുന്നത് ബുദ്ധിമുട്ടാണ് എന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോഴും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ കഠിനപ്രയത്‌നം കൊണ്ടും മനസ്സാന്നിദ്ധ്യം കൊണ്ടും പ്രതിഭ കൊണ്ടും കളിക്കളത്തിൽ മടങ്ങിയെത്തിയ പോരാളി.

 

ഇന്ത്യൻ ഫുട്ബോളിലെ അണ്ടർറേറ്റഡ് ഗണത്തിൽപ്പെട്ട മറ്റൊരു പ്രതിഭാശാലി.

 

 

ആരാണ് ആ പ്രതിഭാശാലി ???

 

Lalthathanga Khawlhring 🔴⚫️

 

“പ്യൂട്ടിയ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രതിഭാധനനായ യുവതാരം.

 

സെൻട്രൽ മിഡ്ഫീൽഡർ ആയും വിങ്ങർ ആയും കളിക്കാൻ കഴിവുള്ള താരം.

ലെഫ്റ്റ് ഫൂട്ടഡ് ഫുട്ബോളർ.

 

മിസോറാം സ്വദേശി. 22 വയസ്സാണ് പ്രായം.

 

2 വർഷത്തെ കരാർ ആണ് ബ്ലാസ്റ്റേഴ്‌സ് പ്യൂട്ടിയക്കു നൽകിയിരിക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകാൻ കഴിയുന്ന കരാർ ആണ് പ്യൂട്ടിയക്കു നൽകിയിരിക്കുന്നത് എന്നാണ് സൂചന.

 

മലനിരകളുടെ നാടായ മിസോറമിൽ പന്തു തട്ടി നടന്ന കുട്ടിക്കാലം.

സ്കൂൾ കാലഘട്ടത്തിൽ മിസോറാം പോലീസ് ടീമിനു വേണ്ടി ബൂട്ടികെട്ടിയതായിരുന്നു പ്യൂട്ടിയ എന്ന ഫുട്ബോളറുടെ സ്വപ്നങ്ങൾക്ക് വഴികാട്ടിയായത്.അവിടെ നിന്നും ആ സ്കൂൾ കുട്ടി എത്തപ്പെട്ടത് മിസോറാം പ്രീമിയർ ലീഗിലെ ബെത്ലഹേം വെങ്ത്ലാങ് എന്ന ക്ലബിലേക്കായിരുന്നു.അതു പ്യൂട്ടിയയുടെ കരിയറിലെ ആദ്യ പ്രൊഫെഷണൽ കരാർ ആയിരുന്നു.വെറും16 വയസ്സുള്ളപ്പോഴായിരുന്നു ഈ കരാർ എന്നു കൂടി ഓർക്കേണ്ടതാണ്.2014 -ലെ മിസോറാം പ്രീമിയർ ലീഗ് സീസണിലേക്കായിരുന്നു കരാർ.അരങ്ങേറ്റ സീസണിൽ തന്നെ തകർത്തു കളിച്ച പ്യൂട്ടിയ 14 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടുകയും നിരവധി ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

അങ്ങനെ 2014-ൽ തന്റെ പതിനാറാം വയസ്സിൽ മിസോറാം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർക്കുള്ള അവാർഡ് പ്യൂട്ടിയ സ്വന്തമാക്കി.

സാൻഗ ആയിരുന്നു പ്യൂട്ടിയയുടെ കരിയറിലെ ആദ്യ പ്രൊഫെഷണൽ പരിശീലകൻ.

അച്ഛനു ഡ്രൈവർ ജോലിയും അമ്മയ്ക്ക് അംഗൻവാടി വർക്കർ ജോലിയും ഉള്ള രണ്ടു ഇളയ സഹോദരങ്ങൾ കൂടി അടങ്ങിയ സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത ആ കുടുംബത്തിനു പ്യൂട്ടിയയുടെ ആ പ്രൊഫെഷണൽ കരാറും വേതനവും വലിയ അനുഗ്രഹമായി മാറി.

അവിടെ നിന്നും പ്യൂട്ടിയക്കു പൂണെയിലെ ഡി എസ് കെ ശിവാജിയൻസ് – ലിവർപൂൾ ഇന്റർനാഷണൽ അക്കാഡമിയിലേക്ക് പ്രവേശനം ലഭിച്ചു.ഒരു പ്രൊഫെഷണൽ കരാറിനു ശേഷം ആണ് പ്യൂട്ടിയ ഒരു അക്കാഡമിയിൽ എത്തുന്നത് എന്നു കൂടി ഓർക്കേണ്ടതാണ്.വീട്ടിൽ നിന്നും നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്ന പ്യൂട്ടിയ അക്കാഡമിയിലെ ആദ്യ ദിവസങ്ങളിൽ നന്നേ ബുദ്ധിമുട്ടി.ദിവസവും അമ്മയെ ഫോണിൽ വിളിച്ചു കരയുമായിരുന്ന പ്യൂട്ടിയക്കു അവന്റെ അമ്മ തന്നെയാണ് സ്വന്തം കഴിവിൽ വിശ്വസിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നതിനുമുള്ള വിലപ്പെട്ട ഉപദേശവും ധൈര്യവും നൽകിയത്.

ഡിഎസ്കെ ശിവാജിയൻസ് അക്കാഡമിയിൽ ഇംഗ്ലീഷ് പരിശീലകൻ ഡേവ് റോജേഴ്സിനു കീഴിൽ വിദഗ്ദ്ധ പരിശീലനം ആരംഭിച്ച കൗമാരക്കാരൻ പ്യൂട്ടിയ അവരുടെ അണ്ടർ-18 ടീമിലാണ് ആദ്യം ഇടം നേടിയത്.തുടർന്നു 2016-2017 സീസണിൽ ഡിഎസ്കെ ശിവാജിയൻസ് എഫ്സിക്കായി ഐ ലീഗിൽ മുബൈ സിറ്റിക്കെതിരെ അരങ്ങേറ്റം കുറിച്ച പ്യൂട്ടിയ 4 മത്സരങ്ങൾ ടീമിനായി ആ സീസണിൽ കളിക്കുകയും ചെയ്തു.

എങ്ങനെയാണ് ബോഡി കണ്ട്രോൾ ചെയ്യേണ്ടതെന്നും എന്താണ് ഒരു പ്രൊഫെഷണൽ ഫുട്ബോളർ കഴിക്കേണ്ടതെന്നും എപ്പോഴാണ് ഉറങ്ങേണ്ടതെന്നും ഉൾപ്പടെയുള്ള അടിസ്ഥാന വിവരങ്ങൾ തനിക്കു പകർന്നു നൽകിയത് ഡിഎസ്കെ ശിവാജിയൻസ് എഫ്സിയുടെ ഇംഗ്ലീഷ് പരിശീലകൻ ഡേവ് റോജേഴ്സ് ആണെന്നു പ്യൂട്ടിയ വ്യക്തമാക്കുന്നു.

ഡിഎസ്കെ ശിവജിയൻസിൽ തകർത്തു കളിച്ച പ്യൂട്ടിയ എന്ന യുവ താരത്തിന്റെ അസാമാന്യ പ്രതിഭ തിരിച്ചറിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി 2017-2018 സീസണിൽ അദ്ദേഹത്തെ ടീമിൽ എത്തിച്ചു. 3 വർഷത്തേക്കായിരുന്നു കരാർ.കരാറിൽ എത്തിയ ഉടൻ തന്നെ പ്യൂട്ടിയയെ ഒരു വർഷത്തേക്ക് ഹോം സ്റ്റേറ്റ് ക്ലബ്‌ ആയ ഐസ്വാൾ എഫ് സിയ്ക്ക് ലോൺ വ്യവസ്ഥയിൽ നൽകി.മത്സര പരിചയം നേടിക്കൊടുക്കുക എന്നതു തന്നെയായിരുന്നു ലോൺ ഡീലിന്റെ ലക്ഷ്യം.

ആ സീസണിൽ 17 മത്സരങ്ങൾ പ്യൂട്ടിയ ഐസ്വാൾ എഫ്സിക്കായി കളിച്ചു.ഒരു ഗോളും നേടി.ഐസ്വാൾ എഫ്സിക്കായി ഒരു എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിലും 6 എഎഫ്സി കപ്പ് മത്സരങ്ങളിലും ഒരു സൂപ്പർ കപ്പ് മത്സരങ്ങളിലും പ്യൂട്ടിയ കളിച്ചു.മിസോറം പ്രീമിയർ ലീഗിലും പ്യൂട്ടിയ ഐസ്വാൾ എഫ്സിക്കായി കളിക്കാനിറങ്ങി.തുടർച്ചയായ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐസ്വാൾ എഫ്സിയിൽ പല മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാനും പ്യൂട്ടിയക്കു കഴിഞ്ഞു.

ഐസ്വാൾ എഫ്സിയിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത സീസണിൽ പ്യൂട്ടിയയെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തിരികെ വിളിച്ചു.

യുവ താരങ്ങളെ പ്രത്യേകം ശ്രദ്ധിക്കുന്ന അവരുടെ പൊട്ടൻഷ്യൽ അനുസരിച്ചു മാത്രം ടീമിൽ സ്ഥാനം നൽകുന്ന എൽക്കോ ഷറ്റോറി എന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഡച്ച് ടാക്റ്റീഷ്യന്റെ കണ്ണുകളിൽ പ്യൂട്ടിയ എന്ന യുവ പ്രതിഭ പതിഞ്ഞു.

2018-2019 സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ മിന്നും ഫോമിൽ കളിച്ച പ്യൂട്ടിയ ഷറ്റോറിയുടെ വിശ്വസ്‌ത താരങ്ങളിൽ ഒരാളായി മാറി.ആ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ 20 മത്സരങ്ങളിലും കളിച്ച പ്യൂട്ടിയ അവരുടെ അവസാന 14 മത്സരങ്ങളിൽ 12 മത്സരങ്ങളിലും ആദ്യ ഇലവനിൽ കളിക്കാനിറങ്ങി.ആദ്യ മത്സരങ്ങളിൽ ഗ്രൗണ്ടിൽ പെട്ടെന്നു ചലനം ഉണ്ടാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള പകരക്കാരനായി കളിക്കാനിറങ്ങിയ പ്യൂട്ടിയ പിന്നീട് ഷട്ടോരിയുടെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറുകയായിരുന്നു.മത്സരങ്ങളുടെ സാഹചര്യങ്ങൾ അനുസരിച്ചു പ്യൂട്ടിയയെ സെൻട്രൽ മിഡ്ഫീൽഡിലും ലെഫ്റ്റ് വിങ്ങിലും ഷട്ടോരി കളിപ്പിച്ചു.

ആദ്യ മത്സരങ്ങളിൽ ഒരു പക്ഷെ പ്യൂട്ടിയക്കു ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്നും പകരക്കാരനായി ഇറങ്ങേണ്ടി വരുമെന്നും പക്ഷെ നിനക്കുള്ള അവസരം വരുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും സീസൺ ആരംഭത്തിൽ ഷട്ടോരി പ്യൂട്ടിയയോട് പറഞ്ഞിരുന്നു.

2018-2019 സീസണിൽ ഷട്ടോരിയുടെ കീഴിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ എല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങിയ പ്യൂട്ടിയ തകർപ്പൻ പ്രകടനം തന്നെ കാഴ്ച്ചവെച്ചു.ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ അരങ്ങേറ്റ സീസണിൽ 606 വിജയകരമായ പാസ്സുകളുമായി ഇതിഹാസ താരം സുനിൽ ഛേത്രിയെയും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം താരം പ്രണോയ് ഹാൽഡറിനെയും പ്യൂട്ടിയ പിന്നിലാക്കി.

3 എമേർജിങ് പ്ലെയർ പുരസ്‌കാരങ്ങൾ ആണ് ആ സീസണിൽ പ്യൂട്ടിയ സ്വന്തമാക്കിയത്.

കൂടാതെ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായി ഒരു സൂപ്പർ കപ്പ് മത്സരത്തിലും മുഴുവൻ സമയവും പ്യൂട്ടിയ കളിക്കാനിറങ്ങി.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫിൽ എത്തിക്കുന്നതിൽ പ്യൂട്ടിയ എന്ന യുവ താരം ആ സീസണിൽ നിർണ്ണായക പങ്കുവഹിച്ചു.

ആ സീസണോട് കൂടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആയി പ്യൂട്ടിയ മാറി.

2019-2020 സീസണിൽ പരിക്കു മൂലം സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും പ്യൂട്ടിയക്കു കളിക്കാൻ കഴിഞ്ഞിരുന്നില്ല.ഷറ്റോറിയെ പോലെ തന്നെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ക്രോയേഷ്യൻ പരിശീലകൻ റോബർട്ട്‌ ജാനിയും പ്യൂട്ടിയ എന്ന യുവ താരത്തിന്റെ പ്രതിഭയിൽ വിശ്വാസം അർപ്പിച്ചിരുന്നു.സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിൽ ആണ് റോബർട്ട്‌ ജാനി പ്യൂട്ടിയയെ കളിപ്പിച്ചത്.കഴിഞ്ഞ സീസണിൽ 9 മത്സരങ്ങളിൽ ആണ് പ്യൂട്ടിയ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായി കളിക്കാനിറങ്ങിയത്.അതിൽ 6 മത്സരങ്ങളിലും പ്യൂട്ടിയ ആദ്യ ഇലവനിൽ കളിക്കാനിറങ്ങി.ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

72.98% ആയിരുന്നു കഴിഞ്ഞ സീസണിൽ പ്യൂട്ടിയയുടെ പാസ്സിങ് ആക്യുറസി.കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എന്ന ടീമിന്റെ ശരാശരി പാസ്സിങ്‌ ആക്യുറസി 66.56 ആയിരുന്നു എന്നു കൂടി ഓർക്കേണ്ടതാണ്.

2 സീസണുകളിൽ ആയി 29 മത്സരങ്ങൾ ആണ് പ്യൂട്ടിയ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായി കളിച്ചത്.

ഒരു സെൻട്രൽ മിഡ്ഫീൽഡർ എങ്ങനെ ടേൺ ചെയ്യണമെന്നും എങ്ങനെ ഗ്രൗണ്ടിൽ മൂവ് ചെയ്യണമെന്നും എങ്ങനെ സ്പേസ് ക്രിയേറ്റ് ചെയ്യണമെന്നും ഒക്കെ തന്നെ പഠിപ്പിച്ചതും തനിക്കു ആത്മവിശ്വാസം നൽകിയതും തന്നിൽ വിശ്വാസമർപ്പിച്ചതും എൽക്കോ ഷട്ടോരി എന്ന ഡച്ച് ടാക്റ്റീഷ്യൻ ആന്നെന്നു പ്യൂട്ടിയ പറയുന്നു.

താൻ ഏറെയിഷ്ട്ടപ്പെടുന്ന പരിശീലകൻ ആണ് എൽക്കോ എന്നും പ്യൂട്ടിയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിന്റെ അവസാനമാണ് പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയതെന്ന സൂചന പുറത്തു വരുന്നത്.അതു കൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ പ്യൂട്ടിയ എത്താനുള്ള കാരണവും ഷട്ടോരി തന്നെയായിരിക്കാം.

 

എന്താണ് പ്യൂട്ടിയയുടെ പ്രത്യേകതകൾ ???

 

മികച്ച പാസ്സിങ് റേഞ്ച് ഉള്ള താരമാണ് പ്യൂട്ടിയ.മിഡ്ഫീൽഡിൽ ഒരു എൻജിൻ പോലെ പ്രവർത്തിക്കാനും ഡ്രിബിൾ ചെയ്തു ശര വേഗത്തിൽ മുന്നേറാനും കീ പാസ്സുകൾ നൽകാനും കഴിവുള്ള താരമാണ് പ്യൂട്ടിയ.വിങ്ങുകളിലും പ്യൂട്ടിയയെ കളിപ്പിക്കാൻ കഴിയും.ബുദ്ധിപരമായ പാസ്സുകൾ പ്യൂട്ടിയയുടെ പ്രത്യേകതയാണ്.സ്പേസ് ക്രിയേറ്റ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ നേടാനും പ്യൂട്ടിയക്കു കഴിയും.മികച്ച വർക്ക്‌റേറ്റ് ഉള്ള താരം കൂടിയാണ് പ്യൂട്ടിയ.ലെഫ്റ്റ് ഫൂട്ടഡ് പ്ലയെർ ആയ പ്യൂട്ടിയ എന്ന പ്രതിഭാശാലി ഡിഫെൻസിനെ കീറി മുറിക്കാൻ കഴിയുന്ന രീതിയിൽ മികച്ച പാസ്സുകൾ നൽകാൻ കഴിയുന്ന താരമാണ്.ഗെയിം റീഡിങ്ങും വിഷനുമുള്ള പ്ലയെർ കൂടിയാണ് പ്യൂട്ടിയ.ലീഡർഷിപ്പ് ക്വാളിറ്റിയും ലക്ഷ്യബോധവും പ്യൂട്ടിയയുടെ പ്രത്യേകതകൾ ആണ്.പ്യൂട്ടിയയുടെ ഓഫ് ദി ബോൾ മൂവ്മെന്റ്സും മികച്ചതാണ്.

ആരും പൂർണ്ണരല്ല.ചില പോരായ്മകളും പ്യൂട്ടിയക്കു പരിഹരിക്കേണ്ടതായിട്ടുണ്ട്.ശാരീരിക ക്ഷമതയും ഫൈനൽ ഡെലിവറിയും പ്യൂട്ടിയക്കു മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.ചില സമയങ്ങളിൽ നൽകുന്ന അലക്ഷ്യമായ പാസ്സുകളും ഒഴിവാക്കേണ്ടതായിട്ടുണ്ട്.

60ഓളം ടോപ്ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് പ്യൂട്ടിയ എന്ന പ്രതിഭാശാലി.

നിരന്തരം മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവ താരമായ പ്യൂട്ടിയയുടെ പൊട്ടൻഷ്യലിൽ ആർക്കും തർക്കമുണ്ടാവില്ല.കഠിനാദ്ധ്വാനിയാണ് ഈ യുവപ്രതിഭ.

ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ആയി കളിക്കാൻ ഏറെയിഷ്ടപ്പെടുന്ന പ്യൂട്ടിയ പരിശീലകർ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള ചുരുക്കം യുവതാരങ്ങളിൽ ഒരാൾ ആണ്.

മറ്റൊരു യൂട്ടിലിട്ടി പ്ലയെറിനെയാണ് പ്യൂട്ടിയയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബുവിനു ലഭിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിയ ഏറ്റവും മികച്ച ട്രാൻസ്ഫെറുകളിൽ ഒന്നായി ഇതിനെ നിസ്സംശയം വിലയിരുത്താം.

ഇന്ത്യൻ ദേശീയ സീനിയർ ടീമിലേക്കുള്ള പ്രവേശനം ആണ് പ്യൂട്ടിയയുടെ സ്വപ്നവും ലക്ഷ്യവും.

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും അതിലൂടെ തന്റെ സ്വപ്നം പൂർത്തീകരിക്കാനും പ്യൂട്ടിയക്കു കഴിയട്ടെ എന്നാശംസിക്കുന്നു.💛

Facebook Comments