#StopCyberAbuse ക്യാമ്പയനുമായി മഞ്ഞപ്പട !

  • June 23, 2019
  • manjappada
  • Features
  • 0
  • 183 Views

നമ്മുടെ കഴിഞ്ഞ 5 വർഷങ്ങളിലുള്ള യാത്രയിൽ നമ്മൾ കൂടുതൽ സംഘടിതവും സജീവവുമായ ആരാധകരായി മാറിക്കഴിഞ്ഞു. നമ്മുടെ ടീം-നെ പിന്തുണയ്ക്കുന്നതിൽ നമുക്കുള്ള ശക്തി നാം തെളിയിച്ചു കഴിഞ്ഞതാണ്, നമ്മുടെ എതിരാളികളെ ഭീതിയിലാഴ്ത്തുന്ന ഒരു ശക്തിയായി നാം സ്റ്റേഡിയത്തിൽ നിലകൊണ്ടു. ഹോം-എവേ മാച്ചുകൾ എന്ന വ്യത്യാസമില്ലാതെ എതിർ ടീം ആരാധകരേക്കാൾ നാം സ്‌റ്റേഡിയങ്ങളിലേക്ക് എത്തി. മിക്ക ഐ.എസ്.എൽ ടീമുകൾക്കും ചിന്തിക്കാനാവാത്ത വിധം കേരള ബ്ലാസ്റ്റേഴ്സിന്റ വിശ്വസ്തനായ പത്രണ്ടാമനായി ഈ കാലയളവിൽ നാം മാറി. എങ്കിലും ചില കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ മാറി ചിന്തിക്കേണ്ടതുണ്ട്, സൈബറിടങ്ങളിൽ നമ്മുടെ താരങ്ങളും സഹപ്രവർത്തകരും നേരിടുന്ന അധിക്ഷേപങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും വളരെ ദുർഘടം പിടിച്ച സാഹചര്യങ്ങളിലൂടെ കടന്നു പോയി എന്നത് ശരി തന്നെ. ചില നേരത്ത് നമ്മുടെ താരങ്ങൾ പല സുവർണ്ണാവസരങ്ങളും നഷ്ടമാക്കി, ചിരവൈരികളോട് നാം പരാജയമേറ്റു വാങ്ങി, കഴിഞ്ഞ രണ്ടു സീസണുകളിൽ നാം സെമി-ഫൈനലിലേക്കുപോലും യോഗ്യത നേടിയില്ല, ചില സീസണുകളിൽ നാം ലീഗിലെ അവസാന സ്ഥാനക്കാരായി ഈ അവസരങ്ങളിൽ ആരാധകരെന്ന നിലയിൽ ആരോഗ്യപരമായ വിമർശനങ്ങളുയർത്താൻ നമുക്ക് അവകാശമുണ്ട് അത് താരങ്ങൾക്കും മറ്റും തെറ്റുകൾ തിരുത്താനും മുന്നോട്ടുള്ള യാത്രക്ക് സഹായകമാവുന്നതുമാവണം. എന്നാൽ ചില ആരാധകർ അവരെ അധിക്ഷേപിക്കും വിധം പ്രതികരണങ്ങൾ നടത്തി, ചില സാഹചര്യങ്ങൾ താരങ്ങളുടെയും മറ്റും കുടുംബാംഗങ്ങൾ പോലും ഈ അധിക്ഷേപങ്ങൾക്ക് ഇരയായി. എല്ലാ താരങ്ങൾക്കും കളിക്കളത്തിൽ നല്ലതും മോശവുമായ ദിനങ്ങളുണ്ടാവും. എന്നാൽ സൈബറിടങ്ങളിൽ അവരെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കാവുന്ന ഒന്നല്ല. അത്തരം സൈബർ അക്രമണങ്ങൾ താരങ്ങളുടെ പ്രകടനത്തെ മോശക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ. നാം ക്രിയാത്മമായ പിന്തുണയാണ് ടീമിനു നൽകേണ്ടത്. ചില താരങ്ങൾ അവർ നേരിട്ട സൈബർ അക്രമണങ്ങളെ പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. സൈബർ അധിക്ഷേപങ്ങൾ താരങ്ങളുടെ കരിയറിനെ മാത്രമല്ല അവരുടെ വ്യക്തിജീവിതത്തെയും ബാധിക്കുന്നു. ചില ആരാധകരുടെ ഇത്തരം പ്രവർത്തനങ്ങൾ മഞ്ഞപ്പടയുടേതായി തെറ്റിദ്ധരിക്കപ്പെടുകവരെയുണ്ടായി. മഞ്ഞപ്പട ഈ കാലയളവിൽ ഒരിക്കലും സൈബർ അക്രമങ്ങളെ പിന്തുണച്ചിട്ടില്ല, ഇനി ഒരിക്കലും പിന്തുണയ്ക്കുകയുമില്ല. ഒരു ഞൊടിയിടയിൽ സൈബർ അധിക്ഷേപങ്ങൾ ഇല്ലാതാക്കുക എന്നത് പ്രായോഗികമായി എളുപ്പമല്ല. എന്നാൽ മഞ്ഞപ്പട അംഗങ്ങൾ എന്ന നിലയിൽ സൈബർ ആക്രമണങ്ങളിൽ പങ്കാളിയാവില്ലെന്ന് നാം ഒരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ടതുണ്ട്.

Be a Gentleman, be a Critic but not a bully.

#StopCyberAbuse
#BullyingIsNotCriticising

– നവനീത് ആന്റണി

Facebook Comments