Seityasen Singh Renews Contract Until 2022

 

യുവ താരങ്ങൾക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങൾ കൂടി ചേരുമ്പോഴാണ് ഒരു ടീം സന്തുലിതമാകുന്നത്.അവിടെയാണ് ജെസ്സലിനെയും സെയ്‌ത്യാസെൻ സിങ്ങിനെയും പോലുള്ള താരങ്ങളുടെ സാന്നിദ്ധ്യം നിർണ്ണായകമാകുന്നതും.

2022 വരെയാണ് സെയ്ത്യാസെൻ സിങ്ങുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നത്.

ആരാണ് സെയ്ത്യാസെൻ സിങ് ???

ഐറം സെയ്‌ത്യാസെൻ സിങ് 💛❤

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഭാധനനായ വിങ്ങർ.

മണിപ്പൂർ സ്വദേശി.

28 വയസ്സാണ് പ്രായം.

ലെഫ്റ്റ് – റൈറ്റ് വിങ്‌ ഫോർവേഡ് പൊസിഷനുകളിൽ ഒരേപോലെ കളിക്കാൻ കഴിവുള്ള താരമാണ് സെയ്ത്യാസെൻ.

ലോങ്ങ്‌ റേഞ്ച് ഷോട്ടുകൾക്ക് പേരു കേട്ട താരം🔥

കളിക്കളത്തിലെ കഠിനാദ്ധ്വാനിയാണ് സെയ്ത്യാസെൻ സിങ്.

ക്ലബ്‌ ഫുട്ബോളിൽ 73 ടോപ് ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് സെയ്ത്യാസെൻ.11 ഗോളുകളും നേടിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 36 മത്സരങ്ങളും ഐ ലീഗിൽ 36 മത്സരങ്ങളും ഒരു ഹീറോ സൂപ്പർ കപ്പ് മത്സരവും ടോപ് ഫ്ലൈറ്റ് ക്ലബ്‌ ഫുട്ബോളിൽ സെയ്ത്യാസെൻ സിങ് കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ദേശീയ ടീമിനായി 5 മത്സരങ്ങളിലും സെയ്ത്യാസെൻ കളത്തിലിറങ്ങിയിട്ടുണ്ട്.

ശര വേഗത്തിൽ കുതിക്കാനും തകർപ്പൻ ഷോട്ടുകൾ പായിക്കാനും കഴിവുള്ള താരമാണ് സെയ്ത്യാസെൻ.
ഗോൾ നേടുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കൻ.

സെയ്ത്യാസെൻ വളർന്നതും ഫുട്ബോളർ എന്ന രീതിയിൽ ഡെവലപ്പ് ചെയ്തതും മേഘാലയയിലെ ഖാസി മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിൽ ആയിരുന്നു.ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നും മുന്നോട്ടു പോകാൻ നന്നേ കഷ്ടപ്പെട്ട അവന്റെ സിരകളിൽ ഫുട്ബോൾ ഉണ്ടായിരുന്നു.അതു തന്നെയായിരുന്നു അവന്റെ സ്വപ്നവും പ്രതീക്ഷയും.

പത്തൊമ്പതാം വയസ്സിൽ ഫെഡറേഷൻ കപ്പിൽ മേഘാലയിലെ ഷില്ലോങ്ങിൽ നിന്നുള്ള റോയൽ വഹിങ്ദോ ക്ലബ്ബിനു വേണ്ടി ചർച്ചിൽ ബ്രദേയ്സിനെതിരെ ബൂട്ട് കെട്ടിക്കൊണ്ടായിരുന്നു സെയ്ത്യാസെൻ സിങ്ങിന്റെ പ്രൊഫെഷണൽ ഫുട്ബോളിലെ അരങ്ങേറ്റം.2011-ൽ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ റോയൽ ക്ലബിനു വേണ്ടി ആദ്യമായി ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു തങ്ങളുടെ ബദ്ധവൈരികൾക്കെതിരായ മത്സരത്തിൽ അരങ്ങേറ്റ ഗോൾ നേടി സെയ്ത്യാസെൻ ടീമിനെ വിജയത്തിൽ എത്തിച്ചു.ആ സീസണിൽ സെയ്ത്യാസെൻ സിങ്ങിന്റെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റോയൽ ക്ലബ്‌ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ഫൈനൽ റൗണ്ടിൽ എത്തിയെങ്കിലും ഐ ലീഗ് ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടാനായില്ല.തുടർന്നുള്ള രണ്ടു സീസണുകളിലും സെയ്ത്യാസെൻ തകർപ്പൻ ഫോം തുടർന്നെങ്കിലും റോയൽ ക്ലബ്ബിനു ഐ ലീഗിലേക്ക് യോഗ്യത നേടാൻ മാത്രം കഴിഞ്ഞില്ല.

ഒടുവിൽ 2014-2015 സീസണിൽ റോയൽ ക്ലബ് ഐ ലീഗിന് യോഗ്യത നേടിയപ്പോൾ സെയ്ത്യാസെൻ 3 തവണ ആ സീസണിൽ ടീമിനു വേണ്ടി ഗോൾ നേടി.

റോയൽ വഹിങ്ദോ ക്ലബ്ബിനു ഐ ലീഗ് പ്രവേശനം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സെയ്ത്യാസെൻ സിങ്.

ഈ സമയങ്ങളിൽ ഷില്ലോങ് പ്രീമിയർ ലീഗിലും സെയ്ത്യാസെൻ റോയൽ വഹിങ്ദോയ്ക്കായി ഹാട്രിക് ഉൾപ്പടെയുള്ള തകർപ്പൻ പ്രകടനങ്ങളുമായി നിറഞ്ഞു നിന്നു.

2014-2015 സീസണിൽ ഷില്ലോങ് ലജോങ് എഫ് സിക്കെതിരെ റോയൽ ക്ലബ്‌ ജേഴ്‌സിയിൽ തന്റെ ആദ്യ ഗോൾ നേടിക്കൊണ്ട് സെയ്ത്യാസെൻ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചു.തന്റെ തകർപ്പൻ ഫോം ഐ ലീഗിലും തുടർന്ന സെയ്ത്യാസെൻ ആ സീസണിൽ സാൽഗോക്കർ എഫ് സിക്കെതിരായ മത്സരത്തിൽ ഹാട്രിക്കും നേടി.സെയ്ത്യാസെൻ സിങ്ങിനൊപ്പം ജാക്കി ചന്ദ് സിങ്, റീഗൻ സിങ് തുടങ്ങിയ രണ്ടു താരങ്ങളെയും റോയൽ ക്ലബ്‌ ആ സീസണിൽ ഇന്ത്യൻ ഫുട്ബോളിനു സംഭാവന ചെയ്തു.

ആ സീസണിൽ റോയൽ ക്ലബ്ബിനായി ഐ ലീഗിൽ 18 മത്സരങ്ങളിൽ ആണ് സെയ്ത്യാസെൻ കളിക്കാനിറങ്ങിയത്.6 ഗോളുകൾ ആണ് ആ സീസണിൽ സെയ്ത്യാസെൻ ഗോൾ വലയിൽ എത്തിച്ചത്.

5 സീസണുകൾ റോയൽ വഹിങ്ദോ എഫ്സിക്കായി സെയ്ത്യാസെൻ കളിച്ചു.

തുടർന്നു 2015-ൽ ലോണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ എത്തിയ സെയ്ത്യാസെൻ തന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണിൽ 6 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടി മിന്നും പ്രകടനം തന്നെ കാഴ്‌ചവെച്ചു.

തുടർന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റം ഏർപ്പെടുത്തിയ 2015-2016 സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സെയ്ത്യാസെൻ സിംഗിനെ സ്ഥിരം കരാറിൽ ടീമിൽ എത്തിച്ചു.ആ സമയത്തു ഒരു ഇന്ത്യൻ താരത്തിനു ലഭിക്കുന്ന അത്യാവശ്യം വലിയ തുകയായ 56 ലക്ഷം രൂപയ്ക്കായിരുന്നു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സെയ്ത്യാസെൻ സിങ്ങിനെ ടീമിൽ എത്തിച്ചത്.ടീമിന്റെ വെനസ്വേലൻ പരിശീലകൻ സെസാർ ഫറൈസിന്റെയും സഹ പരിശീലകൻ സന്തോഷ്‌ കഷ്യപിന്റെയും നിർദ്ദേശത്തെത്തുടർന്നാണ് അന്നു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് വൻ തുക മുടക്കി ദീർഘകാല കരാറിൽ സെയ്ത്യാസെൻ സിങ്ങിനെ ടീമിൽ എത്തിച്ചത്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ വിദേശ താരങ്ങൾക്ക് കൂടുതൽ പരിഗണന ലഭിച്ച ആ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ നേടി തനിക്കു ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കാനും ടീമിന്റെ ഇന്ത്യൻ ടോപ്സ്‌കോറർ ആകാനും സെയ്ത്യാസെൻ സിംഗിനു കഴിഞ്ഞു.

4 എമേർജിങ് പ്ലയെർ പുരസ്‌കാരങ്ങൾ ആണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ സെയ്ത്യാസെൻ സിങ് സ്വന്തമാക്കിയത്.

2015-2016 സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ ആയിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ സെയ്ത്യാസെൻ സിങ്ങിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തി.2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെയായിരുന്നു സെയ്‌ത്യാസെനിന്റെ ഇന്ത്യൻ ജേർസിയിലെ അരങ്ങേറ്റം.ഇന്ത്യൻ സീനിയർ ടീമിനായി സെയ്ത്യാസെൻ 5 മത്സരങ്ങൾ കളിച്ചു.

ആ സീസണിനു ശേഷം സെയ്‌ത്യാസെൻ ഐ ലീഗ് ക്ലബ്ബുകൾ ആയ സാൽഗോക്കറിനു വേണ്ടിയും ഡേവ് റോജേഴ്സിന്റെ ഡിഎസ്കെ ശിവാജിയൻസിനു വേണ്ടിയും കളിച്ചു.എന്നാൽ അത്ര സുഖകരമായിരുന്നില്ല സെയ്ത്യാസെൻ സിങ്ങിനു ആ ദിനങ്ങൾ.

തുടർന്നു 2017-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ ആയ ഡൽഹി ഡയനാമോസ് സെയ്ത്യാസെൻ സിങ്ങിനെ ലോണിൽ സ്വന്തമാക്കി.

2017-2018 സീസണിൽ 11 മത്സരങ്ങൾ ഡൽഹി ഡയനാമോസിനായി കളിച്ച സെയ്ത്യാസെൻ ഒരു ഗോളും 3 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു.

ഡൽഹി ഡയനാമോസിലെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സെയ്ത്യാസെൻ സിങ്ങിനെ തൊട്ടടുത്ത സീസണിലേക്കായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തിരികെ വീണ്ടും ടീമിൽ എത്തിച്ചു.

ഡച്ച് ടാക്ടീഷ്യൻ എൽക്കോ ഷട്ടോരി ആയിരുന്നു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ പരിശീലകൻ.

നിർഭാഗ്യവശാൽ പ്രീ സീസണിൽ ഗുരുതര പരിക്കേറ്റ സെയ്ത്യാസെൻ സിങ്ങിന് സീസൺ മുഴുവൻ നഷ്ടപ്പെട്ടു.കരിയറിനു തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതര പരിക്കായ എസിഎൽ ഇഞ്ചുറിയായിരുന്നു സെയ്ത്യാസെൻ സിങ്ങിനു ഉണ്ടായത്.

എന്നാൽ തന്റെ കരിയറിനെ കവർന്നെടുക്കാൻ വന്ന ഗുരുതര പരിക്കിനെ കഠിനാദ്ധ്വാനത്തിലൂടെയും കഠിന പരിശീലനത്തിലൂടെയും മനസ്സാന്നിദ്ധ്യം കൊണ്ടും മറികടന്ന സെയ്ത്യാസെൻ സിങ് കളിക്കളത്തിൽ മടങ്ങിയെത്തി.

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയായിരുന്നു സെയ്ത്യാസെൻ സിങ്ങിന്റെ മടങ്ങിവരവ്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ പരിശീലകൻ ആയിരുന്ന എൽക്കോ ഷറ്റോരിയ്ക്കും സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനും സെയ്ത്യാസെൻ സിങ് എന്ന പ്രതിഭയിൽ ഉള്ള വിശ്വാസം ആയിരുന്നു അതിനു കാരണം.ഒരു വർഷത്തോളം കളിക്കളത്തിൽ ഇല്ലായിരുന്ന ഒരു താരത്തിനെ ടീമിൽ എടുക്കുമ്പോൾ പരിശീലകനു അവനിൽ അത്രത്തോളം വിശ്വാസം ഉണ്ടായിരുന്നിരിക്കണം.പ്രീ സീസൺ മത്സരങ്ങളിലും പ്രാക്ടീസ് സെഷനുകളിലും റൈറ്റ് വിങ്ങിൽ ഷട്ടോരിയുടെ ആദ്യ ചോയ്‌സ് സെയ്ത്യാസെൻ തന്നെയായിരുന്നു.എന്നാൽ പരിശീലന ക്യാമ്പിനിടെ പരിക്കേറ്റ സെയ്ത്യാസെൻ സിങ്ങിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുകയായിരുന്നു.

10 മൽസരങ്ങളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ സെയ്‌ത്യാസെൻ കളിക്കാനിറങ്ങിയത്.
ഒരു ഗോളും 2 അസിസ്റ്റും നേടി.
314 പാസ്സുകളും 386 ടച്ചുകളും അതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രം 36 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സെയ്ത്യാസെൻ സിങ് 5 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.2423 മിനിറ്റുകൾ അദ്ദേഹം കളത്തിൽ ഉണ്ടായിരുന്നു.18 ഇന്റർസെപ്ഷ്ൻസും 34 ക്ലിയറൻസും നടത്തി.

സെയ്ത്യാസെൻ സിങ് ഫീൽഡിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് എന്താണെന്നു ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

എന്താണ് സെയ്ത്യാസെൻ സിംഗിന്റെ പ്രത്യേകതകൾ ?

നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തു തന്നെയാണ് സെയ്ത്യാസെൻ സിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത.നാച്ചുറൽ ഫിറ്റ്നസ് ഉള്ള പ്ലയെർ ആണ് ഇദ്ദേഹം.ഡ്രിബ്ലിങ് മികവും സ്പീഡും വൺ ടു വൺ സ്കിൽസും സെയ്ത്യാസെൻ സിങിന്റെ പ്രത്യേകതകൾ ആണ്.ഫ്ലാങ്കുകളിലൂടെ ബുദ്ധിപരമായി ബോളുമായി മുന്നോട്ടു നീങ്ങാൻ കഴിയുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് സെയ്ത്യാസെൻ.ബോക്സിനു വെളിയിൽ നിന്നു പോലും തകർപ്പൻ ഷോട്ടുകളിലൂടെ ഗോൾ നേടാൻ സെയ്‌ത്യാസെൻ സിങ്ങിനു കഴിയും.വലതു കാൽ ആണ് ശക്തി എങ്കിലും ഇടത്തേ കാലുപയോഗിച്ചും മിന്നും ഷോട്ടുകൾ പായിക്കാൻ സെയ്ത്യാസെൻ സിംഗിനു കഴിയും.വർക്ക്‌റേറ്റും ലീഡർഷിപ്പ് ക്വാളിറ്റിയും സെയ്ത്യാസെൻ സിങിന്റെ പ്രത്യേകതകൾ ആണ്.ടീമിന്റെ ആക്രമണങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന സെയ്ത്യാസെൻ ഒരു അഗ്രെസ്സീവ് പ്ലെയർ ആണ്.

ക്രോസ്സുകളും ഓഫ് ദി ബോൾ മൂവ്മെന്റ്സും ഇദ്ദേഹത്തിനു മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.പ്രതിരോധത്തിൽ അത്ര വലിയ പങ്കുവഹിക്കുന്ന താരമല്ല സെയ്ത്യാസെൻ.

ഇന്ത്യൻ സൂപ്പർ ലീഗിലെ പല ടീമുകളും ലക്ഷ്യമിട്ടിരുന്ന താരമാണ് ഡൽഹി ഡയനാമോസിന്റെ സ്റ്റാർ വിങ്ങർ ആയിരുന്ന സെയ്ത്യാസെൻ സിങ്.പരിക്കിനു ശേഷം ആ പഴയ താളത്തിൽ ശര വേഗത്തിൽ കുതിക്കുന്ന സെയ്ത്യാസെൻ സിങ്ങിനെ കഴിഞ്ഞ സീസണിൽ കാണാൻ കഴിഞ്ഞില്ല എന്നതു സത്യമാണ്.പക്ഷെ കഠിനാദ്ധ്വാനിയായ സെയ്ത്യാസെൻ സിങ് തിരിച്ചടികൾ മറികടക്കാൻ പ്രാപ്തിയുള്ള താരമാണ്.

പൂർണ്ണ കായിക ക്ഷമത നേടിയ സെയ്ത്യാസെൻ എതിർ ഹാഫിൽ അപകടകാരിയാണ്.

യുവ താരങ്ങൾക്കൊപ്പം പരിചയസമ്പന്നനായ സെയ്ത്യാസെനും കൂടി ചേരുമ്പോൾ അതു ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയാണ്.

കരിയറിൽ ഇനിയും കുറച്ചു വർഷങ്ങൾ സെയ്ത്യാസെൻ സിങ്ങിനു ബാക്കിയുണ്ട്.ഒരു താരം പൂർണ്ണതയിൽ എത്തുന്ന സമയത്തിലൂടെയാണ് സെയ്ത്യാസെൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ഇന്നു ഇന്ത്യയിൽ നിലവിലുള്ള ക്വാളിറ്റി വിങ്ങർമാരിൽ ഒരാൾ ആണ് സെയ്‌ത്യാസെൻ സിങ് എന്ന കാര്യത്തിൽ തർക്കം ഇല്ല.

വരുന്ന സീസണുകളിൽ കിബു എന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് ടാക്ടീഷ്യനു കീഴിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന അപകടകാരിയായ ആ പഴയ സെയ്ത്യാസെൻ സിങ്ങിനെ കാണാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.💛

Facebook Comments

error: Content is protected !!