അണ്ടർ 17 ലോകകപ്പിൽ ഉദയം ചെയ്‌ത പ്രതിഭകളിൽ ഇന്ന് വിദേശമണ്ണിൽ പന്തു തട്ടുന്ന ഒരേ ഒരേയൊരു താരം !

  • August 27, 2020
  • manjappada
  • Features
  • 0
  • 11790 Views

2017 ലെ അണ്ടർ 17 ഫിഫ ലോകകപ്പിലൂടെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജീക്സൻ സിങ് തനൗജം. ജിക്സന്റെ ഹെഡർ ഗോളിന് വഴിയൊരുക്കിയ ഒരു ഡെഡ്ബോൾ സ്പെഷ്യലിസ്റ്റിനെ കുറിച്ചാണ് ഈയെഴുത്ത്. സഞ്ജീവ് സ്റ്റാലിൻ. അണ്ടർ 17 ലോകകപ്പിൽ ഉദയം ചെയ്ത പ്രതിഭകളിൽ ഇന്ന് വിദേശമണ്ണിൽ പന്തു തട്ടുന്ന ഒരേയൊരു താരം.

2010 ഇൽ മുൻ ഇറാൻ താരവും ഈസ്റ്റ് ബെംഗാൾ പരിശീലകനുമായിരുന്ന ജംഷിദ് നാസിരിയുടെ റഡാറിൽ പതിഞ്ഞതോടെയാണ് സഞ്ജീവിന്റെ സമയം തെളിയുന്നത്. ബെംഗളൂരുവിലെ ഒരു ലോക്കൽ ടൂർണമെന്റിൽ പയ്യനായിരുന്ന സഞ്ജീവിന്റെ ഫ്രീകിക്ക് ഗോൾ കണ്ട നാസിരി, അവന്റെ അമ്മയെയും ഫുട്ബോളറായിരുന്ന അച്ഛനെയും കണ്ട് സംസാരിച്ചു. അങ്ങനെ പതിനൊന്നാം വയസ്സിൽ ബെംഗളൂരുവിൽ നിന്നും വിശ്രുതമായ ചണ്ടീഗഢ് ഫുട്‌ബോൾ അക്കാദമിയിലേക്ക് സഞ്ജീവ് വണ്ടി കയറി.

അമർജിത് സിംഗ് കിയാം, ജീക്സൺ സിംഗ്, സുമിത് രാതി, പ്രഭാസുഖൻ ഗിൽ തുടങ്ങി ഇന്ന് കാണുന്ന ഇന്ത്യൻ യുവ താരങ്ങളിൽ പലരും CFAയുടെ ആ ബാച്ചിലേതായിരുന്നു. 2011-12 സീസണിൽ അവിടെ എത്തിയ സഞ്ജീവ് പ്രൊഫഷണൽ ഫുട്ബോൾ എന്താണെന്നു പഠിച്ചത് അവിടെ നിന്നാണ്. നിഷു കുമാർ, ഡാനിയേൽ ലാൽവാൻപൂയ, സാമുവേൽ എന്നിങ്ങനെ നീളുന്നു ആ വർഷത്തെ ചണ്ഡീഗഡിലെ സീനിയർ താരങ്ങളുടെ ലിസ്റ്റ്. CFA ഇൽ ജൂനിയർ താരങ്ങളും സീനിയർ താരങ്ങളും തമ്മിലുള്ള പരിശീലന മത്സരങ്ങൾ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരങ്ങളെ സഹായിച്ചിരുന്നു.

2014യിലാണ് CFA യിലെ ജൂനിയർ താരങ്ങളും u17 ലോകകപ് ക്യാമ്പിലെ താരങ്ങളും തമ്മിൽ പരിശീലന മത്സരങ്ങൾ കളിച്ചത്. ആ സമയത്ത് സ്‌ട്രൈക്കറായി ടീമിനെ നയിച്ച സഞ്ജീവ് 2 മത്സരങ്ങളിലും ഗോൾ നേടി. ആ ടീമിൽ നിന്ന് സഞ്ജീവ് ഉൾപ്പടെ 5 താരങ്ങളെ ലോകകപ്പ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുമുണ്ടായി. ക്യാമ്പിൽ തന്നെ എ ടീമും ബി ടീമും ഉണ്ടായിരുന്നു. ഇഞ്ചുറി കാരണം ബി ടീമിലായിരുന്ന സഞ്ജീവിനെ അന്നത്തെ കോച്ചായിരുന്ന നിക്കോളായ് ആദം പിന്നീട് A ടീമിൽ ഉൾപ്പെടുത്തി.

കരിയറിന്റെ തുടക്കത്തിൽ സ്‌ട്രൈക്കറായും മിഡ്‌ഫീൽഡറായും വിങ്ങർ ആയും കളിച്ച സഞ്ജീവ്, ഇപ്പോൾ കളിക്കുന്ന ലെഫ്റ്റ് ഫുൾ ബാക്ക് ആയത് നോർവെയിൽ നടന്ന മത്സരത്തിൽ ഒരു താരത്തിന് പരിക്ക് പറ്റിയപ്പോഴാണ്. കോച്ച് സഞ്ജിവിനെ ഫുൾ ബാക്ക് പൊസിഷനിലേക്ക് അന്ന് മാറ്റുകയും ചെയ്തു.

ലോകകപ്പിൽ ഇന്ത്യയ്ക്ക് ഒരു കളി പോലും ജയിക്കാനായില്ലെങ്കിലും താരങ്ങൾക്ക് മികച്ച പരിശീലനമാണ് ലഭിച്ചത്. ഏഷ്യയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും മികച്ച ടീമുകളുമായി ലഭിച്ച പരിശീലന മത്സരങ്ങളും മറ്റും ഭാവിയിലേക്കുള്ള മികച്ച താരങ്ങളെയാണ് പാകപ്പെടുത്തിയത്.

u17 നാഷണൽ ടീമിനുവേണ്ടി 31 തവണയും, u20 ടീമിനായി 4 തവണയും ബൂട്ടണിഞ്ഞ താരം 4 ഗോളുകളും തന്റെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2016 സെപ്റ്റംബറിൽ ഗോവയിൽ വച്ചു നടന്ന എ എഫ് സി U16 ചാമ്പ്യൻഷിപ്പിൽ യൂ. എ. ഇക്കെതിരെ നേടിയ ഫ്രീകിക്ക് ഗോൾ ടൂർണമെന്റിലെ മികച്ച പത്തു ഗോളുകളിൽ ഒന്നായി മാറി.

ലോകകപ്പിന് ശേഷം എഐഎഫ് എഫ്ന്റെ ഡെവലപ്മെന്റൽ ടീമായ ഇന്ത്യൻ ആരോസ് പ്രോജെക്ടിനെ തിരികെ കൊണ്ടുവരുകയും, ലോകകപ്പ് താരങ്ങളെ ഐ ലീഗ് കളിപ്പിക്കുകയും ചെയ്തു. ഐലീഗിൽ ചെന്നൈ സിറ്റിക്ക് എതിരെ അരങ്ങേറിയ സഞ്ജിവ് ആരോസിനുവേണ്ടി 28 മത്സരങ്ങളിൽ ബൂട്ട് അണിയുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിലാണ് പോർട്ടുഗീസ് ഫസ്റ്റ് ഡിവിഷൻ ക്ലബായ സി ഡി ആവേസിനു വേണ്ടി 2 വർഷത്തെ കരാറിൽ ഒപ്പിട്ടത്. ആദ്യം u19 ടീമിലും u23 ടീമിലും കളിക്കുമെന്നും, പിന്നീട് സീനിയർ ടീമിലേക്ക് പ്രകടനം അനുസരിച്ച് സ്ഥാനക്കയറ്റം ഉണ്ടാവാം എന്നാണ് അന്നത്തെ റിപോർട്ടുകൾ പറഞ്ഞിരുന്നത് . ഈ കഴിഞ്ഞ ദിവസം പോർട്ടുഗീസ് തേർഡ് ഡിവിഷൻ ക്ലബായ Sertanense എഫ് സിയുടെ സീനിയർ ടീമിന് വേണ്ടി ഈ 19കാരൻ കരാറൊപ്പിട്ട വിവരം പുറത്ത് വന്നിരിക്കുകയാണ്. പുതിയ ദൗത്യവുമായി പറങ്കിമണ്ണിൽ പന്തു തട്ടാനിറങ്ങുന്ന സഞ്ജീവിന് അവസരങ്ങൾ ലഭിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുകയും ചെയ്താൽ, അത് ഇന്ത്യൻ ഫുട്ബോളിനെ ലോകം ശ്രദ്ധിക്കാനുള്ള കാരണമായി മാറും, കൂടുതൽ ഇന്ത്യൻ താരങ്ങൾ വിദേശമണ്ണിൽ കാലെടുത്തു വെക്കും. വിപ്ലവങ്ങൾക്ക് തിരികൊളുത്താൻ സഞ്ജീവിന്റെ കാലുകൾക്ക് ശക്തിയുണ്ടാകട്ടേ…

Facebook Comments

error: Content is protected !!