സഹലുമായി 2025 വരെ കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് !!!

കരാർ പുതുക്കിയ ശേഷം സഹലിന്റെ വാക്കുകൾ:
“യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കു അവസരങ്ങൾ നൽകുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു.ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിനു ഗുണപ്രദമാകുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

 

 

ഇന്ത്യൻ ഇന്റർനാഷണൽ 🇮🇳

 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ പുരസ്‌കാരം നേടിയ പ്രതിഭാശാലി.

 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ.

 

സഹൽ അബ്ദുൽ സമദിനെക്കുറിച്ചു അറിയാം.

#Extremelytalentedyoungster

 

സഹൽ അബ്ദുൽ സമദ് 💛❤

 

കണ്ണൂർ സ്വദേശി.

അറ്റാക്കിങ് മിഡ്ഫീൽഡർ.

23 വയസ്സാണ് പ്രായം.

അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ വ്യത്യസ്തനാക്കുന്നു.

മുന്നോട്ടു കളിക്കാനും ബോളിൽ കണ്ട്രോളും ആഗ്രഹിക്കുന്ന സഹൽ ഡ്രിബ്ലിൾ ചെയ്തു മുന്നേറാൻ ഏറെയിഷ്ടപ്പെടുന്ന താരമാണ്.

തന്നെ അതിശയിപ്പിച്ച അനുഗ്രഹീത പ്രതിഭയുള്ള താരം എന്നു ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വിശേഷിപ്പിച്ച താരമാണ് സഹൽ.തന്റെ പൊട്ടൻഷ്യൽ തിരിച്ചറിയുകയും ശാരീരിക ക്ഷമത നിലനിർത്തുകയും ചെയ്താൽ സഹൽ ഇന്ത്യൻ ഫുട്ബോളിനു വലിയ നേട്ടമായിത്തീരും എന്നും ഛേത്രി പറഞ്ഞിരുന്നു.

ഒരിക്കൽ അവൻ സ്‌കോർ ചെയ്തു തുടങ്ങിയാൽ അവൻ മികച്ച ഗോൾസ്‌കോറർ ആയി മാറുമെന്നും സുനിൽ ഛേത്രിയുടെ പകരക്കാരനാകാൻ അവനു കഴിയുമെന്നും ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ അവനായിരിക്കുമെന്നും ഇതിഹാസ താരം ഭൈചൂങ് ബൂട്ടിയ വിശേഷിപ്പിച്ച താരം.

 

1997-ൽ അബുദാബിയിലെ അൽ ഐനിൽ ആയിരുന്നു സഹലിന്റെ ജനനം.ഇടയ്ക്കു 4-5 ക്ലാസ്സുകളിലെ പഠനം ഒഴിച്ചാൽ സഹലിന്റെ പ്ലസ്ടു വരെയുള്ള സ്കൂൾ ജീവിതവും അവിടെ തന്നെയായിരുന്നു.മൂന്നാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിലേക്കു തന്നെ തിരഞ്ഞെടുക്കുകയും മാർഗ്ഗദർശിയാകുകയും ചെയ്ത ജിതേഷ് എന്ന പരിശീലകൻ സഹലിന്റെ കരിയറിൽ നിർണ്ണായക വഴിത്തിരുവായി.സഹലിന്റെ ആദ്യ പരിശീലകനും ജിതേഷ് തന്നെയായിരുന്നു.സ്കൂൾ ടീമിൽ കളിച്ചു നടന്ന സഹൽ വിദഗ്ദ്ധ പരിശീലനം നേടിയത് അൽ ഐനിലെ എത്തിഹാദ് അക്കാഡമിയിൽ എത്തിയതോടെയാണ്.സഹലിലെ പ്രതിഭയെ തേച്ചു മിനുക്കിയത് എത്തിഹാദ് അക്കാദമിയിലെ പരിശീലനമാണ്.

ഫുട്ബോൾ മോഹം തലയിൽ കൊണ്ടു നടന്നിരുന്ന സഹലിന്റെ പ്രൊഫെഷണൽ കരിയറിൽ വഴിത്തിരിവായത് കോളേജ് പഠനത്തിനായി കേരളത്തിൽ വരാൻ തീരുമാനിച്ചതോടെയാണ്.ഒരു ഫുട്ബോൾ താരം ആകാൻ കഴിഞ്ഞില്ലെങ്കിൽ ഫിസിയോ തെറാപ്പിസ്റ്റ് ആകാൻ മോഹിച്ച സഹൽ കണ്ണൂർ എസ് എൻ കോളേജിൽ ബി ബി എ പഠനത്തിനായി ചേർന്നു.പഠനത്തിനൊപ്പം തന്റെ ഫുട്ബോൾ സ്വപ്നം കൂടി മുന്നോട്ടു കൊണ്ടു പോകുക എന്നതു തന്നെയായിരുന്നു ലക്ഷ്യം.ഓരോ താരത്തിന്റെ പ്രൊഫഷണൽ കരിയറിനു പിന്നിലും ഒരു ടേണിങ് പോയിന്റ് ഉണ്ടാകും.ഇവിടെ അതു സിദ്ധിഖ് എന്ന പരിശീലകന്റെ രൂപത്തിൽ ആയിരുന്നു.സഹലിലെ പ്രതിഭയെ തിരിച്ചറിഞ്ഞ സിദ്ധിഖ് എന്ന പരിശീലകൻ.

എസ് എൻ കോളേജിൽ നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി ടീമിൽ എത്തിയ സഹൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു.മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുക മാത്രം അല്ല ഗോളുകൾ നേടുകയും ചെയ്തു.

മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2017-ൽ നടന്ന സന്തോഷ്‌ ട്രോഫിയ്ക്കുള്ള കേരള ടീമിൽ സഹൽ അബ്ദുൽ സമദിനെ പരിശീലകൻ വി പി ഷാജി ഉൾപ്പെടുത്തി.കേരള സന്തോഷ്‌ ട്രോഫി ടീം ക്യാമ്പിൽ എത്തുമ്പോഴുള്ള സഹലിന്റെ ശരീര പ്രകൃതിയെക്കുറിച്ചു പരിശീലകൻ വി പി ഷാജി പറഞ്ഞു കേട്ടിട്ടുണ്ട്.മിഡിൽ ഈസ്റ്റിൽ വളർന്നു ബർഗർ,പിസ്സ, ചിപ്സ്,സോഫ്റ്റ്‌ ഡ്രിങ്കുകൾ ഉൾപ്പടെയുള്ള ജങ്ക് ഫുഡുകൾ ശീലമാക്കിയ അത്യാവശ്യം തടി ഉണ്ടായിരുന്ന സഹലിനെ ടീം ക്യാമ്പിൽ ഡയറ്റ് ചെയ്യിപ്പിച്ചു.സഹൽ ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അതുമായി പിന്നീട് പൊരുത്തപ്പെട്ടു.

സന്തോഷ്‌ ട്രോഫി ക്യാമ്പിലെ പരിശീലനത്തിനിടെ അസാദ്ധ്യ ഫസ്റ്റ് ടച്ചുകളും ഗ്രൗണ്ടിലെ വിടവുകൾ കണ്ടെത്തി കൃത്യമായ പൊസിഷനുകളിൽ പാസ്സ് നൽകുകയും ചെയ്യുന്ന സഹലിനെ വി പി ഷാജി എന്ന കേരള സന്തോഷ്‌ ട്രോഫി ടീമിന്റെ പരിശീലകൻ കണ്ടു.ആ വർഷത്തെ സന്തോഷ്‌ ട്രോഫിയിൽ കേരള ടീം സെമിഫൈനലിൽ പുറത്തായെങ്കിലും കേരള ടീമിനായി തകർപ്പൻ പ്രകടനം തന്നെ സഹൽ കാഴ്ച്ചവെച്ചു.
സന്തോഷ്‌ ട്രോഫി താരങ്ങളുടെ പ്രകടനം നിരീക്ഷിക്കാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌കൗട്ടിങ് ടീം ഒരു നിമിഷം പോലും പാഴാക്കാതെ സഹലുമായി കരാറിൽ എത്തി.കേരള ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിലേക്കായിരുന്നു (റിസർവ് ടീം) സഹലിനെ ഉൾപ്പെടുത്തിയത്.2017-2018 സീസണിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകളും നേടി.ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് സഹലിലെ പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി.അദ്ദേഹം സഹലിനു റിസർവ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നൽകുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഹലിനെ അന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ താത്കാലിക പരിശീലകൻ ഡേവിഡ് ജെയിംസ് സീസണിന്റെ അവസാന മത്സരങ്ങളിൽ ടീമിൽ ഉൾപ്പെടുത്തി.ആ സീസണിൽ എ ടി കെയുമായുള്ള മത്സരത്തിന്റെ എൺപതാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ദിമിറ്റർ ബെർബറ്റോവിനു പകരക്കാരനായി സഹൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. 2 മത്സരങ്ങൾ മാത്രം ആണ് ആ സീസണിൽ കളിച്ചതെങ്കിലും സഹൽ എന്ന പ്രതിഭയുടെ മിന്നലാട്ടം കണ്ട മത്സരങ്ങൾ ആയിരുന്നു ആ 2 മത്സരങ്ങളും.

ഇന്ത്യൻ ഫുട്ബാളിനു സഹൽ എന്ന പ്രതിഭാശാലിയായ ഫുട്ബോളറെ സംഭാവന ചെയ്ത സീസൺ ആയിരുന്നു 2018-2019 സീസൺ.ഡേവിഡ് ജെയിംസ് എന്ന പരിശീലകൻ സഹൽ എന്ന പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സീസൺ.17 മത്സരങ്ങൾ ആണ് സഹൽ ആ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയത്.1242 മിനിറ്റുകൾ കളത്തിലിറങ്ങിയ സഹൽ 565 പാസ്സുകളും 688 ടച്ചുകളുമായി കളം നിറഞ്ഞു കളിച്ചു.ഒരു ഗോളും നേടി.തന്റെ ടാലന്റ് പതിഞ്ഞ ഗോൾ.ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്നായിഏറ്റവും കൂടുതൽ പാസ്സ് നൽകിയവരിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും സഹലിനായി.

2018-2019 സീസണിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ എമേർജിങ് പ്ലയെർ ഓഫ് ദി സീസൺ പുരസ്‌കാരം സഹലിനെ തേടിയെത്തി.അവിടെ കൊണ്ടും അവസാനിച്ചില്ല.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആ വർഷത്തെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ അവാർഡും സഹലിനു തന്നെയായിരുന്നു.

ഈ സീസണോടെ ചില ആരാധകർ സഹലിനെ “ഇന്ത്യൻ ഓസിൽ ” എന്നു വിശേഷിപ്പിക്കാൻ തുടങ്ങി.

സ്റ്റീഫൻ കോൺസ്റ്റൻറ്റൈനിൽ നിന്നും പരിശീലക ചുമതല ഏറ്റെടുത്ത ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്രോയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് ആ വർഷം ജൂണിൽ തായ്‌ലൻഡിൽ നടന്ന കിങ്‌സ് കപ്പിനുള്ള ടീമിൽ രാഹുൽ ഭേക്കെയ്ക്കും ബ്രാണ്ടൻ ഫെർണാണ്ടസിനുമൊപ്പം സഹലിനെയും ഉൾപ്പെടുത്തി.ദേശീയ ടീമിനായി അരങ്ങേറ്റം നടത്തി 10 മിനിറ്റിനുള്ളിൽ തന്നെ സഹൽ ടീമിനായി പെനാൽറ്റി നേടിക്കൊടുത്തു.ഇന്ത്യൻ ദേശീയ ടീമിനായി സഹൽ ഇറങ്ങിയ 6 മത്സരങ്ങളിൽ 8 കീ പാസ്സുകൾ നൽകാൻ സഹലിനു കഴിഞ്ഞു.അതിൽ 5 പാസ്സുകളും സഹലിന്റെ പ്രതിഭ പതിഞ്ഞ പാസ്സുകൾ ആയിരുന്നു.ഈ മത്സരങ്ങളിൽ സഹലിന്റെ ആവറേജ് പാസിങ് ആക്യുറസി 85നു മുകളിൽ ഉണ്ടായിരുന്നു.ഖത്തറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിലും സാമാന്യം ഭേദപ്പെട്ട പ്രകടനം സഹൽ കാഴ്ച്ചവെച്ചിരുന്നു.

സഹലിന്റെ ദൗർബല്യങ്ങൾ പുറത്തു വന്ന സീസൺ ആയിരുന്നു 2019-2020 സീസൺ.എൽക്കോ ഷറ്റോറി എന്ന ഡച്ച് ടാക്റ്റീഷ്യൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ചുമതല ഏറ്റെടുത്ത സീസൺ.

യുവ താരങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അവരുടെ പൊട്ടൻഷ്യൽ പുറത്തു കൊണ്ടു വരാൻ ശ്രമിക്കുകയും മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന പരിശീലകൻ.ഒരു താരത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന പരിശീലകൻ അല്ല ഷട്ടോരി.തികച്ചും പ്രൊഫെഷണൽ ആയ പരിശീലകൻ. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ പല പ്രാക്ടീസ് സെഷനുകളും നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്.പ്രാക്ടീസ് സെഷനുകളിൽ സഹലിനെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഷറ്റോറിയെയാണ് കാണാൻ കഴിഞ്ഞത്.പല സന്ദർഭങ്ങളിലും സഹൽ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുമ്പോൾ, അനാവശ്യമായി ഡ്രിബിൾ ചെയ്തു നഷ്ടപ്പെടുത്തുമ്പോൾ,ബോക്സിൽ വീക്ക്‌ ഷോട്ട് എടുക്കുമ്പോൾ, കൃത്യമായി പൊസിഷൻ ചെയ്യാതിരിക്കുമ്പോൾ ഒക്കെ സഹലിനെ കണക്കിനു ശകാരിക്കുന്ന ഉപദേശങ്ങൾ നൽകുന്ന ഷറ്റോറി എന്ന പരിശീലകനെ ഞാൻ അവിടെ കണ്ടു.ഞാൻ ഇപ്പോൾ പറഞ്ഞതൊക്കെ തന്നെയാണ് സഹലിന്റെ വീക്നസ്സും.

ബോൾ അലക്ഷ്യമായി ഡ്രോപ്പ് ചെയ്യുന്നു,ചില സമയങ്ങളിൽ അനാവശ്യ ഡ്രിബിളിംഗിനു ശ്രമിച്ചു പന്തു നഷ്ടപ്പെടുത്തുന്നു,ബോക്സിൽ എത്തിയാൽ കളി മറക്കുന്നു,വീക്ക്‌ ഷോട്ട് എടുക്കുന്നു,കൃത്യമായി പൊസിഷൻ ചെയ്യുന്നില്ല,എതിർ ഡിഫെൻഡറുടെ കാലുകളിൽ നിന്നും പന്തു കൈവശപ്പെടുത്താൻ ശ്രമിക്കുന്നില്ല.ഒരു അറ്റാക്കിങ് മിഡ്ഫീൽഡർക്ക് ഒട്ടും ചേരാത്ത ക്വാളിറ്റി ആണ് ഇതെല്ലാം.ഇതിനു പുറമെ 90 മിനിറ്റും കളിക്കാനുള്ള ശാരീരിക ക്ഷമത നേടിയെടുക്കുക എന്ന ലക്ഷ്യവും ഉണ്ടാകണം.

2019-2020 സീസണിൽ 18 മത്സരങ്ങൾ ആണ് സഹൽ കളിക്കാനിറങ്ങിയത്.792 മിനിറ്റുകൾ ആണ് സഹൽ കളത്തിൽ ഉണ്ടായിരുന്നത്.298 പാസ്സുകളും 375 ടച്ചുകളും.

2018-2019 സീസണിൽ 17 മത്സരങ്ങൾ കളിച്ച സഹൽ 1242 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നെങ്കിൽ 2019-2020 സീസൺ 18 മത്സരങ്ങൾ കളിച്ച സഹൽ കളിച്ചത് 792 മിനിറ്റുകൾ മാത്രം.സഹലിന്റെ പ്രകടനവും മോശം തന്നെയായിരുന്നു.

സഹലിന്റെ മോശം പ്രകടനത്തിനു പിന്നിലും ഫസ്റ്റ് ഇലവനിൽ സ്ഥാനം നൽകാത്തതിനെപ്പറ്റിയും ചില ഫാൻസും മീഡിയയും സഹൽ – ഷറ്റോറി വ്യക്തിപരമായ പ്രശ്നം എന്ന രീതിയിൽ വരെ വാർത്തകൾ നൽകുകയുണ്ടായി. എന്നാൽ സത്യം അതായിരുന്നില്ല.സഹലിന്റെ പ്രകടനം വിലയിരുത്തിയുള്ള തികച്ചും പ്രൊഫെഷണൽ ആയ തീരുമാനം മാത്രമായിരുന്നു ഷറ്റോറി എന്ന പരിശീലകന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ഇതിൽ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ നിന്നും വളരെ വൈകിയാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനു ഇഞ്ചുറി വിലങ്ങു തടിയായ ഒരു സീസണിൽ പല മത്സരങ്ങളിലും ഡിഫെൻസിവ് മിഡ്ഫീൽഡർമാരെ അണിനിരത്തി കളിപ്പിക്കേണ്ടി വന്നു.അവിടെ സഹലിനു സ്പേസ് ഇല്ലായിരുന്നു.അല്ലെങ്കിൽ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർക്ക് സ്പേസ് ഇല്ലായിരുന്നു.സെയ്ത്യാസെൻ സിങ്ങിനും പ്രശാന്തിനും പരിക്കേറ്റപ്പോൾ അല്ലെങ്കിൽ പിൻവലിക്കേണ്ടി വന്നപ്പോൾ സഹലിനെ ചില മത്സരങ്ങളിൽ റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിൽ കളിപ്പിക്കേണ്ടി വന്നു. സഹൽ ആ പൊസിഷനിൽ തീർത്തും പരാജയം ആകുന്നതാണ് കണ്ടത്.തന്റെ സ്ഥിരം പൊസിഷനിൽ കളിയ്ക്കാൻ കഴിയാതിരുന്നതും സഹലിനു തിരിച്ചടിയായി.എൽക്കോ ഷട്ടോരി എന്ന പരിശീലകനും മറ്റു ഓപ്‌ഷനുകൾ ഇല്ലായിരുന്നു.

രണ്ടാമത്തെ കാരണം ആയി പറയാനുള്ളത് പ്രീ സീസണുകളിലും പരിശീലന ക്യാമ്പുകളിലും നടത്തിയ മോശം പ്രകടനവും തന്റെ പോരായ്മകളും സഹലിന്റെ ആത്മവിശ്വാസം കുറച്ചെങ്കിലും നഷ്ടപ്പെടുത്തിയിട്ടുണ്ടാകണം.കഴിഞ്ഞ സീസണിന്റെ നിഴൽ മാത്രം ആയ സഹലിനെയാണ് ഈ സീസണിൽ കാണാൻ കഴിഞ്ഞത്.ദേശീയ ടീമിലും സഹലിനു അവസാന മത്സരങ്ങളിൽ ബെഞ്ചിൽ ആയിരുന്നു സ്ഥാനം എന്നു കൂടി ഓർക്കേണ്ടതാണ്.

എൽക്കോ ഷറ്റോറി എന്ന പ്രൊഫെഷണൽ പരിശീലകൻ സഹലിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇവിടെ ഓർമ്മ വരുന്നത്. സഹൽ ഒരു “Rough Diamond” ആണ്.
Rough diamond എന്നു പറയുമ്പോൾ തന്നെ നമുക്കറിയാം അതു പോളിഷ് ചെയ്തു എടുത്താൽ മാത്രമേ അതിനു വില ഉണ്ടാകു.അല്ലെങ്കിൽ അതു ഒരു സോളിഡ് മാത്രം ആണ്. അതുപോലെ കൃത്യമായി കോച്ചിങ് നൽകി പോളിഷ് ചെയ്തെടുത്താൽ സഹൽ ഏതൊരു ടീമിനും ഒരു അസ്സറ്റ് തന്നെയാണ്.സഹലിനെ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയി മാറ്റിയെടുക്കും എന്നാണ് ഷറ്റോറി പറഞ്ഞിരുന്നത്.സീസണിലെ അവസാന മത്സരങ്ങളിൽ ഫിസിക്കൽ ആയി കളിക്കുന്ന സഹലിനെ നാം കണ്ടു.ബോൾ കൈക്കലാക്കാൻ ശ്രമിക്കുന്നതും കണ്ടു.

സഹലിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്നു വെച്ചാൽ അക്കാഡമി പരിശീലനത്തിനു ശേഷം ഒരിക്കൽ പോലും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടില്ല എന്നതാണ്.അതാണ് ഷറ്റോറി പറഞ്ഞതും.

ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരിൽ ആരാധകർ നൽകുന്ന അമിത പ്രതീക്ഷയും സഹൽ എന്ന യുവതാരത്തിനു സമ്മർദ്ദം നൽകുന്നുണ്ട് എന്നു വ്യക്തമാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽ സഹലിന്റെ പൊസിഷനിൽ ഒരുകൂട്ടം യുവ പ്രതിഭകൾ ഉണ്ട്.പിന്നെ ടീമിൽ എത്താൻ പോകുന്ന വിദേശ മിഡ്ഫീൽഡർമാരും.സഹലിനു മൽസരിക്കേണ്ടത് ഇവരോടും കൂടിയാണ്.

നേരത്തെ 2022 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്ന സഹലിനെ ടീമിൽ എത്തിക്കാനായി എ ടി കെ – മോഹൻ ബഗാൻ ട്രാൻസ്ഫർ ഫീസ് ഉൾപ്പടെയുള്ള വമ്പൻ ഓഫറുമായി കഴിഞ്ഞ സീസൺ അവസാനവും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചിരുന്നു.എന്നാൽ കേരളത്തിന്റെ ഐക്കൺ താരങ്ങളിൽ ഒരാൾ ആയ സഹലിനെ വിട്ടു നൽകാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ല.

ബെംഗളൂരു എഫ് സി ഉടമ പാർത് ജിൻഡാലും എന്തു വില കൊടുത്തും സഹലിനെ ടീമിൽ എത്തിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് ഒരു ഓൺലൈൻ ചാറ്റ് ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടു തന്നെയാണ് 2022 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്ന സഹലിന്റെ കരാർ മുൻകൂട്ടി പുതുക്കിയുള്ള മാനേജ്‌മെന്റിന്റെ കരുനീക്കം.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കടുത്ത ആരാധകൻ ആയ സഹൽ വളരെ സൗമ്യമായ വ്യക്തിത്വത്തിനു ഉടമയാണ്.

സഹൽ ചെറുപ്പമാണ്.അവനു മുന്നിൽ ഒരുപാട് സമയം ഉണ്ട്.തന്റെ പോരായ്മകൾ വ്യക്തമായി മനസ്സിലാക്കുന്ന കളിക്കാരൻ ആണ് സഹൽ.ആ പോരായ്മകൾ പരിഹരിക്കാൻ സഹൽ പ്രയത്നിക്കുന്നുമുണ്ട്.അവൻ മെച്ചപ്പെടുമെന്നും ഇന്ത്യൻ ഫുട്ബാളിന്റെ ഉയരങ്ങളിൽ എത്തുമെന്നും ഉറപ്പാണ്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ ഇന്ത്യയിലെ ഇഷ്ട താരങ്ങളിൽ ഒരാൾ ആണ് സഹൽ എന്നുള്ളത് സഹലിനും പ്രതീക്ഷയാണ്.

ഇന്ത്യൻ ഫുട്ബോൾ ടീമിനായി 4 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉൾപ്പടെ 9 മൽസരങ്ങൾ (ഇന്ത്യൻ അണ്ടർ-23 മത്സരങ്ങൾ ഉൾപ്പടെ) കളിച്ച സഹൽ അതുല്യ പ്രതിഭയാണ് എന്ന കാര്യത്തിൽ തർക്കമില്ല.

2025 വരെ നീളുന്ന ഒരു ദീർഘകാല കരാർ ബ്ലാസ്റ്റേഴ്‌സ് സഹലിനു നൽകിയിരിക്കുന്നത് അവന്റെ പ്രതിഭയിൽ ഉള്ള വിശ്വാസം ഒന്നു കൊണ്ടു തന്നെയാണ്.

സഹലിനെ ഇന്ത്യൻ ഓസിൽ ആയി മുദ്ര കുത്താതെ സഹൽ സഹലായി തന്നെ തുടരട്ടെ..

വരുന്ന സീസണുകളിൽ സഹലിനു മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു💛

Facebook Comments

error: Content is protected !!