പ്രശാന്ത് കരാർ പുതുക്കി !!!

  • September 12, 2020
  • manjappada
  • Fans Blog
  • 0
  • 642 Views

പ്രതിഭാശാലിയായ മലയാളി താരം പ്രശാന്തുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്.

ഒരു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിനു കരാർ പുതുക്കി നൽകിയിരിക്കുന്നത്.

 

പ്രശാന്ത് കറുത്തടത്തുകുനി 🔴⚫️

കോഴിക്കോട് സ്വദേശി. 23 വയസ്സാണ് പ്രായം.

ഇടതു – വലതു വിങ് മിഡ്ഫീൽഡർ/ ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്.വിങ്ബാക്ക് പൊസിഷനിലും പ്രശാന്ത് കളിച്ചിട്ടുണ്ട്.

ഇന്ത്യൻ അണ്ടർ -17 ടീമിനു വേണ്ടി കളിക്കുകയും അണ്ടർ -19 ക്യാമ്പിൽ ഉൾപ്പെടുകയും ചെയ്ത പ്രതിഭാധനനായ ഫുട്ബോളർ.

ഇന്ത്യൻ സൂപ്പർ ലീഗിൽ 33 മത്സരങ്ങളും ഐ ലീഗിൽ 10 മത്സരങ്ങളും 2 സൂപ്പർ കപ്പ് മത്സരങ്ങളും ഉൾപ്പടെ 51 ടോപ് ഫ്ലൈറ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് പ്രശാന്ത്.2 ഗോളുകളും പ്രശാന്ത് നേടിയിട്ടുണ്ട്.

പ്രൊഫെഷണൽ ഫുട്ബാളിൽ എത്തുന്നതിനു മുമ്പ് ഡാൻസിലും മൗണ്ടൻ സൈക്ലിങ്ങിലും ക്രിക്കറ്റിലും ഉൾപ്പടെ പ്രശാന്ത് തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു.ഡാൻസ് റിയാലിറ്റി ഷോയുടെ ഒഡിഷനിലും അണ്ടർ-12 ക്രിക്കറ്റ്‌ ക്യാമ്പിലുമൊക്കെ പ്രശാന്ത് എന്ന പ്രതിഭ എത്തി.

ഒരു അത്‌ലറ്റ് ആയി കരിയർ ആരംഭിച്ചു പ്രൊഫെഷണൽ ഫുട്ബോളർ ആയിത്തീർന്ന പ്രതിഭാശാലി.

കോഴിക്കോട് നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റിൽ ദീർഘദൂര ഓട്ടത്തിൽ വെങ്കല മെഡലും പ്രശാന്ത് നേടിയിരുന്നു.പിന്നീട് 2008-ൽ സഹോദരൻ പ്രമോദിന്റെ ഉപദേശം സ്വീകരിച്ചാണ് പ്രശാന്ത് ഫുട്ബോളിൽ എത്തപ്പെടുന്നത്.പ്രശാന്തിനെ ആദ്യമായി പരിശീലകന്റെ അടുത്ത് എത്തിച്ചതും പ്രമോദ് തന്നെയായിരുന്നു.

2010-ൽ സംസ്ഥാന അണ്ടർ -14 ടീമിന്റെ ഭാഗമായിരുന്ന പ്രശാന്തിന്റെ കരിയറിന് വഴിത്തിരിവുണ്ടാകുന്നത് 2012ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാഡമി നടത്തിയ ട്രയൽസിലൂടെയാണ്. ആ ട്രയൽസിന് മാസങ്ങൾക്കു മുമ്പ് നടന്ന സൗത്ത് സോൺ അണ്ടർ -16 ചാമ്പ്യൻഷിപ്പിൽ പ്രശാന്ത് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രശാന്തിനു ട്രയൽസിനു ക്ഷണം ലഭിച്ചത്. ട്രയൽസിൽ 54 യുവ പ്രതിഭകളോട് മത്സരിച്ചു അവരിൽ നിന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാദമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളി താരം ആയിരുന്നു പ്രശാന്ത്.

പിന്നീട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികവിന്റെ കേന്ദ്രം ആയ ഗോവയിലെ എഐഎഫ്എഫ് എലൈറ്റ് അക്കാഡമിലേക്ക്.

ഏകദേശം 4 വർഷത്തോളം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികവിന്റെ കേന്ദ്രം ആയ റീജിയണൽ – എലൈറ്റ് അക്കാഡമികളിൽ പ്രശാന്ത് പരിശീലനം നേടി.

പിന്നീട് പ്രശസ്തമായ പൂണെയിലെ ലിവർപൂൾ – ഡിഎസ്കെ ശിവാജിയൻസ് അക്കാഡമിയിൽ എത്തിയ പ്രശാന്ത് 4 മാസത്തോളം അവിടെ വിദഗ്ദ്ധ പരിശീലനം നേടി.ലാലിയൻസുവാല ചാങ്‌തെ, ജെറി തുടങ്ങിയ പ്രതിഭാധനരായ യുവ താരങ്ങൾക്കൊപ്പമായിരുന്നു ഡിഎസ്കെയിൽ പ്രശാന്ത് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നത്.ഡിഎസ്കെ ശിവാജിയൻസ് അക്കാഡമിയിലെ കർക്കശക്കാരനായ പരിശീലകനു കീഴിലുള്ള കഠിന പരിശീലനം തന്റെ ഫിറ്റ്നസ്സിനു വളരെയധികം സഹായകമായതായി പ്രശാന്ത് വ്യക്തമാക്കുന്നു.

തുടർന്നു ഡിഎസ്കെ ശിവാജിയൻസിനു വേണ്ടി അണ്ടർ-19 ഐ ലീഗിൽ പ്രശാന്ത് കളിച്ചു.

ശേഷം 2016-ൽ ആണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.ആ സീസണിൽ ഡൽഹി ഡയനാമോസിനെതിരെയായിരുന്നു പ്രശാന്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം.അതും ഏറെ കാത്തിരിപ്പിന് ശേഷം.
മിനിറ്റുകൾ മാത്രം ആണ് അരങ്ങേറ്റ മത്സരത്തിൽ പ്രശാന്തിന്‌ കളിക്കാൻ കഴിഞ്ഞത്.

തുടർന്നു 2017 ജനുവരിയിൽ പ്രശാന്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ ഐ ലീഗ് ടീം ആയ ചെന്നൈ സിറ്റി എഫ് സിയ്ക്ക് കൈമാറി.പ്രശാന്തിനു മത്സരപരിചയം നേടിക്കൊടുക്കുക എന്നതു തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.2017 ജനുവരിയിൽ ബെംഗളൂരു എഫ് സിക്കെതിരെയായിരുന്നു പ്രശാന്തിന്റെ ഐ ലീഗ് അരങ്ങേറ്റം.തുടർന്നു കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിനെതിരെ പ്രശാന്ത് തന്റെ കരിയറിലെ ആദ്യ ഗോളും നേടി.ആ സീസണിലെ ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്കായി 10 മത്സരങ്ങളിൽ ആണ് പ്രശാന്ത് കളിക്കാനിറങ്ങിയത്.

ഐ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2017-2018 സീസണിൽ പ്രശാന്തുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്‌സ് 3 വർഷത്തേക്ക് കൂടി പുതുക്കി.പോർച്ചുഗീസ് പരിശീലകൻ റെനേ മ്യൂളസ്റ്റീനും പിന്നീട് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലകൾ വഹിച്ച 2017-2018 സീസണിൽ 10 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിച്ച പ്രശാന്ത് 518 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നു.169 പാസ്സുകൾ ആണ് ആ സീസണിൽ പ്രശാന്ത് നൽകിയത്.8 ഇന്റർസെപ്ഷ്ൻസും 7 ക്ലിയറൻസും പ്രശാന്ത് നടത്തി.പ്രശാന്തിന്റെ പ്രതിരോധത്തിലെ പങ്കാളിത്തം ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്.

തുടർന്നു ഹീറോ സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പ്രശാന്ത് നെറോക്ക എഫ് സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേർസിയിലെ തന്റെ ആദ്യ ഗോളും നേടി.തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായി പ്രശാന്ത് കാണുന്നതും കേരള ബ്ലാസ്റ്റേഴ്‌സ് ജേർസിയിലെ തന്റെ ഈ കന്നി ഗോൾ നേട്ടം തന്നെയാണ്.

പ്രാക്ടീസ് സെഷനുകളിൽ പോലും മനസ്സും ശരീരവും ഗ്രൗണ്ടിൽ അർപ്പിച്ചുള്ള തകർപ്പൻ പ്രകടനങ്ങൾ ആ സീസണിൽ പ്രശാന്തിനു സീനിയർ ടീമിൽ അവസരം ലഭിക്കാൻ കാരണമായി.ആ സീസണിന്റെ അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് എത്തി.

പ്രശാന്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഡേവിഡ് ജെയിംസ് എന്ന ഇംഗ്ലീഷ് പരിശീലകൻ അവനു കൂടുതൽ അവസരങ്ങൾ നൽകി.

2017-2018 സീസൺ അവസാനിച്ച ശേഷം തൊട്ടടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമിച്ച ഡേവിഡ് ജയിംസിന്റെ നിർദ്ദേശപ്രകാരം പ്രശാന്തിനെയും ലോകെൻ മീതെയിയെയും ഫിന്നിഷ് ടോപ് ഡിവിഷൻ ക്ലബ്‌ ആയ എസ്ജെകെ സെയ്നാജോകി എഫ് സിയിലേക്ക് ഒരു മാസത്തെ വിദഗ്ദ്ധ പരിശീലനത്തിനു അയച്ചു.ഫിന്നിഷ് ക്ലബിന്റെ സീനിയർ ടീമിനും അണ്ടർ-23 ടീമിനോടൊപ്പവുമുള്ള പരിശീലനം തന്നെ ഏറെ സഹായിച്ചുവെന്നും അതു തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും പ്രശാന്ത് വ്യക്തമാക്കുന്നു.

തുടർന്നു യാരിസ് – ലാലിഗ വേൾഡുമായി ചേർന്നു കൊച്ചിയിൽ നടത്തിയ പ്രീ സീസൺ ടൂർണമെന്റിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനും പ്രശാന്തിനു കഴിഞ്ഞു.എന്നാൽ സ്ഥിരത പുലർത്താനായില്ല.

പിന്നീട് ഡേവിഡ് ജെയിംസ് – നെലോ വിൻഗഡ തുടങ്ങിയ പരിശീലകർ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല വഹിച്ച 2018-2019 സീസണിൽ 11 മത്സരങ്ങളിൽ ആണ് പ്രശാന്ത് കളിച്ചത്. 533 മിനിറ്റുകൾ പ്രശാന്ത് കളത്തിൽ ഉണ്ടായിരുന്നു.മത്സരങ്ങളിലെ സാഹചര്യങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ പോലും പ്രശാന്ത് കളിച്ചു.

എൽക്കോ ഷറ്റോരി എന്ന ഡച്ച് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഏറ്റെടുത്ത കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽ ആണ് പ്രശാന്ത് കളിക്കാനിറങ്ങിയത്.772 മിനിറ്റുകൾ പ്രശാന്ത് കളത്തിൽ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മിനിറ്റുകൾ പ്രശാന്ത് കളത്തിൽ ഉണ്ടായിരുന്ന സീസണും ഇതു തന്നെയായിരുന്നു. അവസാന മത്സരങ്ങളിൽ പരിക്ക് മൂലം പ്രശാന്തിനു കളിക്കാൻ കഴിഞ്ഞിരുന്നില്ല.293 പാസ്സുകളും 373 ടച്ചുകളും.10 ഇന്റർസെപ്ഷ്ൻസും 8 ക്ലിയറൻസും കഴിഞ്ഞ സീസണിൽ പ്രശാന്ത് സ്വന്തം പേരിൽ കുറിച്ചു.ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

തുടർച്ചയായ സീസണുകളിലെ കണക്കുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്.ബ്ലാസ്റ്റേഴ്സിൽ വന്നു പോയിട്ടുള്ള പരിശീലകർ എല്ലാവരും തന്നെ പരമാവധി അവസരം നൽകിയ പ്ലയെർ ആണ് പ്രശാന്ത്.അതു പ്രശാന്തിന്റെ കഴിവിൽ പരിശീലകർക്കുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രം ആണ്.അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്.

കഠിനാദ്ധ്വാനിയാണ് പ്രശാന്ത്.തികഞ്ഞ അർപ്പണ ബോധമുള്ള താരം.പരിശീലനവേളയിൽ പോലും വിയർപ്പൊഴുക്കി നിരന്തരം മെച്ചപ്പെടാൻ ശ്രമിക്കുന്ന പ്ലയെർ.പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള അപൂർവ്വം താരങ്ങളിൽ ഒരാൾ ആണ് പ്രശാന്ത്.മുന്നേറ്റത്തിൽ മാത്രം അല്ല വേണ്ട സമയത്തു ഡിഫെൻസിലും ഇറങ്ങിച്ചെന്നു സഹായിക്കും എന്നുള്ളതാണ് പ്രശാന്തിന്റെ പ്ലസ് പോയിന്റ്.എല്ലാത്തിലും ഉപരിയായി അപാര വർക്ക്‌ റേറ്റ് ഉള്ള താരമാണ് എന്നുള്ളത് പ്രശാന്തിനെ ഒട്ടുമിക്ക ഇന്ത്യൻ താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.ഫ്ലാങ്കുകളിലൂടെ മിന്നൽ വേഗത്തിൽ കുതിക്കാനും എതിർ ഹാഫിൽ അപകടം സൃഷ്ടിക്കാനും പ്രശാന്തിനു കഴിയും.

എൽക്കോ ഷട്ടോരി എന്ന ഡച്ച് ടാക്റ്റീഷ്യൻ പ്രശാന്തിനു പരമാവധി അവസരങ്ങൾ നൽകിയതും അതുകൊണ്ട് തന്നെയാണ്.

മത്സരത്തിന്റെ മുഴുവൻ സമയങ്ങളിലും തളരാതെ വിയർപ്പൊഴുക്കി കളിക്കുന്ന ചുരുക്കം ഇന്ത്യൻ താരങ്ങളിൽ ഒരാൾ ആണ് പ്രശാന്ത്.

ക്രോസ്സുകൾ ആണ് പ്രശാന്തിന്റെ വീക്നസ്സ്.അനാവശ്യ ഡ്രിബിളിംഗിനു ശ്രമിച്ചു ചില സമയങ്ങളിൽ ബോൾ നഷ്ടപ്പെടുത്തുന്നു, പന്തിലെ നിയന്ത്രണം നഷ്ടപ്പെടുന്നു.ഫ്ലാങ്കുകളിലൂടെയുളള നീക്കങ്ങൾ ഫ്ലാങ്കുകളിൽ തന്നെ അവസാനിക്കുന്നു, ബോക്സിനുള്ളിൽ കയറിയുള്ള ആക്രമണത്തിനു ശ്രമിക്കുന്നില്ല,അല്ലെങ്കിൽ അതിനു കഴിയുന്നില്ല, പ്രകടനത്തിൽ സ്ഥിരത പുലർത്തുന്നില്ല.ഇതൊക്കെ തന്നെയാണ് പ്രശാന്തിന്റെ പോരായ്മകളും.

ഈ കോവിഡ് പ്രതിസന്ധി കാലത്തും തന്റെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും തന്റെ പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള കഠിന പ്രയത്നത്തിൽ ആണ് പ്രശാന്ത്.

കഴിഞ്ഞ സീസണോട് കൂടി പ്രശാന്തിന്റെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിച്ചിരുന്നു.ബ്ലാസ്റ്റേഴ്‌സിന് വേണമെങ്കിൽ പ്രശാന്തിനെ ഒഴിവാക്കാമായിരുന്നു.

എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കിയത് പുതിയ പരിശീലൻ കിബുവിനും കോച്ചിങ് സ്റ്റാഫിനും പ്രശാന്തിലുള്ള വിശ്വാസം ഒന്നു കൊണ്ടു തന്നെയാണ്.

നെയ്മർ ആണ് പ്രശാന്തിന്റെ ഇഷ്ട താരം.ഇന്ത്യൻ ഫുട്ബാളിൽ ഇതിഹാസ താരം സുനിൽ ഛേത്രിയാണ് പ്രശാന്തിന്റെ ഇഷ്ട താരം.ഒരു ലിവർപൂൾ ആരാധകൻ കൂടിയാണ് പ്രശാന്ത്.

ആരും വിമർശനത്തിനു അതീതരല്ല.ഒരു പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന താരങ്ങളിൽ ഒരാൾ ആണ് പ്രശാന്ത്.അദ്ദേഹത്തിന്റെ കുടുംബത്തെയുൾപ്പടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ഒരു കൂട്ടം ആരാധകർ പ്രശാന്തിനെ ലക്ഷ്യമിട്ടു.എന്നാൽ എല്ലാത്തിനോടും ശാന്തതയോടെയും വളരെ പോസിറ്റീവ് ആയും മാത്രം പ്രതികരിക്കുന്ന സൗമ്യമായ വ്യക്തിത്വത്തിനു ഉടമയാണ് പ്രശാന്ത്.

പ്രശാന്ത് ഒരു പ്രതിഭയാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. 23 വയസ്സ് മാത്രം ആണ് പ്രശാന്തിന്റെ പ്രായം.പ്രശാന്തിനു മുന്നിൽ ധാരാളം സമയം ഉണ്ട്.

വരുന്ന സീസൺ പ്രശാന്തിനു കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഒരു “Do or Die” സിറ്റുവേഷൻ തന്നെയാണ്.

കിബുവിന്റ പദ്ധതികളിൽ പ്രശാന്തും ഉൾപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാണ്.ഒന്നും കാണാതെയും വിലയിരുത്താതെയും ഒരു പ്രൊഫെഷണൽ പരിശീലകൻ ഒരു പ്ലെയറിന്റെ കോൺട്രാക്ട് പുതുക്കാൻ അനുവദിക്കുകയുമില്ല.യുവ താരങ്ങൾക്ക് എക്കാലവും പ്രാധാന്യം നൽകിയിട്ടുള്ള കിബുവിന്റെ പരിശീലനത്തിൽ പ്രശാന്ത് സാങ്കേതികമായി മെച്ചപ്പെടും എന്നു തന്നെ പ്രതീക്ഷിക്കാം.

അതേ, ടെക്‌നിക്കൽ ആയി തന്നെയാണ് പ്രശാന്ത് മെച്ചപ്പെടേണ്ടത്.അതിനു പ്രാപ്തനായ പരിശീലകൻ തന്നെയാണ് കിബു.അതാണ് പ്രതീക്ഷയും.

പ്രതിഭാശാലിയും കഠിനാദ്ധ്വാനിയുമായ പ്രശാന്ത് ഉറപ്പായും മെച്ചപ്പെടുമെന്നും ഇന്ത്യൻ ഫുട്ബാളിന്റെ ഉയരങ്ങളിൽ എത്തുമെന്നും ഉറച്ചു വിശ്വസിക്കുന്നു.

വരുന്ന സീസണുകളിൽ പ്രശാന്തിനു തിളങ്ങാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു.. 💛

Facebook Comments

error: Content is protected !!