ഗോകുലം FC യുടെ നെടുംതൂൺ ഇനി കൊമ്പന്മാർക്ക് സ്വന്തം..!!!

  • July 31, 2019
  • manjappada
  • Club News
  • 0
  • 1946 Views

ഗോകുലം കേരള യുടെ 23 വയസുകാരൻ മലയാളി മിഡ്‌ഫീൽഡർ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവച്ചു. വരുന്ന ISL സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടും. അർജുന്റെ വരവോടുകൂടി മധ്യനിരയിലെ മലയാളി സാന്നിധ്യം 4 പേരായി. ഇന്ത്യൻ ഇന്റർനാഷണൽ പ്ലെയറും മഞ്ഞപ്പടയുടെ സൂപ്പർ സ്റ്റാറുമായ സഹൽ അബ്ദുൽ സമ്മദിനും, പ്രശാന്തിനും, ഇന്ത്യൻ ആരോസിന്റെ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന രാഹുൽ. കെ.പി ക്കുമൊപ്പം കഴിഞ്ഞ സീസണിലെ ഗോകുലം കേരള യുടെ മിന്നും താരമായ അർജുൻ കൂടെ ചേരുന്നതോടുകൂടി അതിശക്തമായ മധ്യനിരയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ഉള്ള അർജുൻ മഞ്ഞക്കുപ്പായത്തിൽ കൊച്ചിയിൽ പന്തുതട്ടുന്നത് ലക്ഷക്കണക്കിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിക്കും എന്നകാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ ദുഷ്‌പേര് മാറ്റുന്നതിനായി ഒരുപിടി മികച്ച താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത് 2017 ൽ ഗോകുലം കേരള fc യിലൂടെയാണ്. ഗോകുലത്തിനായി 30 കളികൾ കളിച്ച അർജുൻ 2 ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

മധ്യനിരയിലെ പുതിയ വിദേശതാരങ്ങളായ മാരിയോ അർക്വസിനും സെർജിയോ സിഡോഞ്ചക്കും മുസ്തഫ ഗ്നിങിനും ഒപ്പം കരുത്തുറ്റ ഇന്ത്യൻ മധ്യനിര കൂടി ചേരുമ്പോൾ ആരും ഭയക്കുന്ന ഒരു ടീമിനെതന്നെയാണ് എൽക്കോ ഷാറ്റൊരി ഈ സീസണിലേക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ എല്ലാം മധ്യനിരയിലെ ദൗർബല്യം മൂലം തുടർപരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഉറപ്പായും ISL കിരീടം ഉയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഗോൾ അടിക്കുന്നതിനേക്കാൾ ഉപരി കളി മെനയുന്നതിൽ പ്രാഗൽഭ്യം ഉള്ള അർജുന്റെ വരവ് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

– Akhil Dev

Facebook Comments