മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം.

  • October 16, 2020
  • manjappada
  • Fans Blog
  • 0
  • 8888 Views

From The Land Of Unimaginable Beauty…

മിറാജുദ്ധീൻ വാഡുവിനും ഇഷ്ഫാഖ് അഹമ്മദിനും ശേഷം ഒരു ഐഎസ്എൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ കശ്മീരി താരം…

കേരള ബ്ലാസ്റ്റേഴ്സിന്റെ തങ്ങളുടെ പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ പ്രതിഭാധനനായ ഗോൾകീപ്പർ.

മുഹീത് ഷബീർ ഖാൻ 🔴⚫️

ജമ്മു കശ്മീർ സ്വദേശി,19 വയസ്സ് മാത്രം പ്രായം.

ശ്രീനഗറിലെ ബറ്റാമലൂവിൽ ആയിരുന്നു മുഹീതിന്റെ ജനനം.വെറും 5 വയസ്സുള്ളപ്പോൾ ആണ് മുഹീത് കളിയാരംഭിക്കുന്നത്.ഗോൾകീപ്പർ ആയിരുന്ന തന്റെ പിതാവ് ഷബീർ ഹുസൈൻ ഖാനിന്റെ വഴിയേ തന്നെയായിരുന്നു മുഹീതും സഞ്ചരിച്ചത്.തന്റെ സമയത്തു ജമ്മു&കശ്മീരിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ ആയിരുന്നു മുഹീതിന്റെ പിതാവ് ആയ ഷബീർ ഹുസൈൻ ഖാൻ.ജമ്മു & കശ്മീരിനു വേണ്ടി നിരവധി ദേശീയ മത്സരങ്ങളിലും ഇഖ്ബാൽ സ്പോർട്സ് ക്ലബിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് പിതാവിനൊപ്പം സഞ്ചരിച്ചു അദ്ദേഹത്തിന്റെ മത്സരങ്ങൾ നേരിൽ കണ്ടിരുന്ന മുഹീത്,ഒരിക്കൽ ഒരു മത്സരത്തിൽ തന്റെ പിതാവിന്റെ തകർപ്പൻ സേവുകളുടെ പിൻബലത്തിൽ അദ്ദേഹത്തിന്റെ ടീം വിജയിക്കുന്നതും,മത്സരശേഷം അദ്ദേഹത്തെ ആരാധകർ പൊതിയുന്നതും അനുമോദിക്കുന്നതും കാണാനിടയാകുകയും ചെയ്തു.ആ നിമിഷം ഒരു ഗോൾകീപ്പർ ആയിത്തീരണം എന്ന മോഹം മുഹീതിൽ ഉയർന്നു.മുഹീതിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് എന്നു തന്നെ പറയാവുന്ന നിമിഷം.

അവിടെ നിന്നും മുഹീത് തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര ആരംഭിച്ചു.തടിച്ച ശരീര പ്രകൃതിയുണ്ടായിരുന്ന മുഹീത് തന്റെ സ്വപ്നം സഫലമാക്കാൻ വേണ്ടി ഭക്ഷണ കാര്യത്തിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കൊണ്ടു വന്നു.കഠിന പ്രയത്നം ആരംഭിച്ചു.അതിനു ഫലവും ഉണ്ടായി.അങ്ങനെ അവന്റെ ശരീരപ്രകൃതിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.കുട്ടിക്കാലത്തു ആയിരുന്നു ദൃഡനിശ്ചയത്തോടെയുള്ള മുഹീതിന്റെ ഈ കഠിനപ്രയത്നം എന്നു കൂടി ഓർക്കേണ്ടതാണ്.

അങ്ങനെ എട്ടാം വയസ്സിൽ തന്റെ പിതാവിനൊപ്പം മുഹീത് പരിശീലനം ആരംഭിച്ചു.14 വയസ്സ് വരെ അവൻ പരിശീലനം നടത്തിയതും തന്റെ പിതാവിനൊപ്പം തന്നെയായിരുന്നു.14 വയസ്സ് വരെയും മറ്റൊരു അക്കാഡമിയിലും മുഹീത് പരിശീലനത്തിലേർപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനിടയിൽ കശ്മീർ സ്റ്റേറ്റ് ഫുട്ബോൾ അക്കാഡമിയുടെ അണ്ടർ -14 ടീമിന്റെ സെലക്ഷൻ ട്രയൽസിൽ മുഹീത് പങ്കെടുക്കുകയും സെലക്ഷൻ നേടുകയും ചെയ്തു. മുഹീതിന്റെ കരിയറിനു വഴിത്തിരുവായ സെലക്ഷൻ.
കശ്മീർ സ്റ്റേറ്റ് ഫുട്ബോൾ അക്കാഡമിയിൽ അണ്ടർ -14 ടീമിൽ ആദ്യ മത്സരങ്ങളിൽ പതർച്ചയോടെ തുടങ്ങിയ മുഹീതിനു തുടർന്നുള്ള പല മത്സരങ്ങളിലും ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.എന്നാൽ പതിയെ താളം കണ്ടെത്തിയ മുഹീത് മിന്നും പ്രകടനങ്ങളിലൂടെ ഗോൾവലയ്ക്കു മുന്നിൽ നിറഞ്ഞു നിന്നു.
താൻ ഏറെയിഷ്‌ട്ടപ്പെടുന്ന പരിശീലകൻ ആയ സാജിദ് യൂസുഫ് ടറിനെ മുഹീത് കണ്ടുമുട്ടിയതും കശ്മീർ സ്റ്റേറ്റ് അക്കാഡമിയിൽ വെച്ചു തന്നെയായിരുന്നു. സാജിദ് യൂസുഫ്‌ ടറും മിറാജുദ്ധീൻ വാഡുവും ഉൾപ്പെട്ട പരിശീലകർ ആയിരുന്നു കശ്മീർ സ്റ്റേറ്റ് അക്കാഡമിയുടെ പരിശീലക ചുമതല വഹിച്ചിരുന്നത്.കശ്മീർ സ്റ്റേറ്റ് ഫുട്ബോൾ അക്കാഡമിയുടെ ഏറ്റവും മികച്ച പ്രോഡക്റ്റുകളിൽ ഒന്നായി പിന്നീട് മുഹീത് മാറി.

കശ്മീർ സ്റ്റേറ്റ് അക്കാഡമി അണ്ടർ -14 ടീമിൽ നിന്നും മുഹീത് പിന്നീട് റിയൽ കശ്മീർ അണ്ടർ -16 ടീമിലും തുടർന്നു ലോൺ സ്റ്റാർ കശ്മീർ അണ്ടർ -16 ടീമിലും എത്തി.

തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മുഹീതിനെ ഇന്ത്യൻ അണ്ടർ -19 ടീമിന്റെ ക്യാമ്പിലും ഉൾപ്പെടുത്തി.ഗോവയിൽ ആയിരുന്നു ക്യാമ്പ്.എന്നാൽ പക്വത കൈവരിച്ചിട്ടില്ലാത്തതിനാൽ ഫൈനൽ ടീമിൽ ഇടം നേടാൻ മുഹീതിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യൻ അണ്ടർ -19 ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ ഫ്ലോയ്ഡ് പിന്റോയും ഗോൾകീപ്പിങ് പരിശീലകൻ യുസുഫ് അൻസാരിയും അടക്കമുള്ള പരിശീലകരുടെ കീഴിൽ വിദഗ്ദ്ധ പരിശീലനം നേടാൻ മുഹീതിനു കഴിഞ്ഞു.ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിനുള്ള ടീമിൽ മറ്റു ഗോൾകീപ്പർമാർ സ്ഥാനം ഉറപ്പിച്ചിരുന്നതിനാലും മത്സരപരിചയം കുറവായതിനാലും ദേശീയ തലത്തിൽ ആ സമയങ്ങളിൽ മുഹീതിന് മറ്റു അവസരങ്ങൾ ലഭിച്ചിരുന്നില്ല.

തുടർന്നു ഇന്ത്യൻ അണ്ടർ -19 ക്യാമ്പിൽ നിന്നും കശ്മീർ സ്റ്റേറ്റ് അക്കാഡമി ടീമിൽ തിരിച്ചെത്തിയ മുഹീത് അണ്ടർ -18 ഐ ലീഗിൽ ടീമിനായി കളത്തിലിറങ്ങി.അണ്ടർ -18 ഐ ലീഗിൽ മികച്ച പ്രകടനം തുടർന്ന മുഹീതിനെ മുമ്പ് ലോൺ സ്റ്റാർ കശ്മീർ ടീമിൽ മുഹീത് തകർത്തു കളിക്കുന്നത് നേരിൽ കണ്ടു പരിചയമുള്ള ഇന്ത്യയിലെ ഏറ്റവും പരിചയ സമ്പന്നനായ ഗോൾകീപ്പിങ് പരിശീലകൻ യുസുഫ് അൻസാരി ഇന്ത്യൻ ആരോസിലേക്കു ട്രയൽസിനു ക്ഷണിച്ചു.2 മാസത്തോളം മുഹീത് ഇന്ത്യൻ ആരോസ് ക്യാമ്പിൽ ചിലവഴിച്ചു.പക്ഷെ നിർഭാഗ്യം അവിടെയും മുഹീതിനെ പിന്തുടർന്നു.അവിടെയും സെലക്ഷൻ നേടാൻ മുഹീതിനു കഴിഞ്ഞില്ല.

വീണ്ടും കശ്മീർ സ്റ്റേറ്റ് അക്കാഡമിയിൽ തിരിച്ചെത്തിയ മുഹീത് കളി തുടർന്നു.
ശേഷം ടാറ്റാ ഫുട്ബോൾ അക്കാഡമിയിലെ സെലെക്ഷൻ ട്രയൽസിൽ മുഹീത് പങ്കെടുക്കുകയും അവിടെ ട്രയൽസിനെത്തിയ 40 യുവതാരങ്ങളിൽ നിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ഒരാൾ ആയി മുഹീതും പട്ടികയിൽ ഇടം നേടി.പക്ഷെ അവിടെയും മുഹീതിനെ നിർഭാഗ്യം പിടികൂടി.

പിന്നീടാണ് കശ്മീർ സ്റ്റേറ്റ് അക്കാഡമിയുടെ മുൻ പരിശീലകനും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ സഹ പരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദ് മുഹീതിനെ ട്രയൽസിനായി ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിക്കുന്നത്. കശ്മീർ സ്റ്റേറ്റ് അക്കാഡമിയിൽ മുഹീതിന്റെ പ്രതിഭ നേരിൽ കണ്ടു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ട്രയൽസിനുള്ള ക്ഷണം.
ബ്ലാസ്റ്റേഴ്സിന്റെ വിവിധ പരിശീലകരുടെയും ഗോൾ കീപ്പിങ് പരിശീലകന്റെയും മേൽനോട്ടത്തിൽ ഒരു മാസം നീണ്ട ട്രയൽസിനു ശേഷം മുഹീതിനെ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ -18 ടീമിലേക്ക് സെലക്ട്‌ ചെയ്തു.

5 വർഷത്തെ നീണ്ട കരാറും ബ്ലാസ്റ്റേഴ്‌സ് മുഹീതിനു നൽകി.

കശ്മീരിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്നും കേരളത്തിൽ എത്തിയ മുഹീത് ഇവിടുത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു എങ്കിലും മിന്നും പ്രകടനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് അണ്ടർ -18 പരിശീലകന്റെ ഹൃദയം കവർന്ന മുഹീത് പിന്നീട് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്കു സ്ഥാനക്കയറ്റം നേടി.തന്റെ മിന്നും ഫോം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലും മുഹീത് തുടർന്നു.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ നിന്നും നിലവിലുള്ള ഗോൾകീപ്പർമാരിൽ 70% ൽ കൂടുതൽ മത്സരങ്ങളിലും ഗോൾവല കാത്ത യുവപ്രതിഭയാണ് മുഹീത്.ഫൈനൽ മത്സരത്തിൽ ഉൾപ്പടെ മിന്നും സേവുകളുമായി ബ്ലാസ്റ്റേഴ്‌സിനു തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഹീത് എന്ന പ്രതിഭാധനനായ ഗോൾകീപ്പർ നിർണ്ണായക പങ്കുവഹിച്ചു.ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ മത്സരങ്ങളിലും മുഹീത് കേരള ബ്ലാസ്റ്റേഴ്സിനായി വല കാത്തു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 4 മത്സരങ്ങളിൽ ആണ് മുഹീത് ഗോൾവല കാത്തത്.

മികച്ച ഉയരവും മികച്ച റിഫ്ളക്സും മുഹീതിന്റെ കരുത്ത്.കഠിനാദ്ധ്വാനിയാണ് മുഹീത്.നിരന്തരം മെച്ചപ്പെടാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാശാലി.

ഇന്നു ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മുഹീത് ആന്നെന്ന കാര്യത്തിൽ സംശയം ഇല്ല.

അന്നു ഇന്ത്യൻ അണ്ടർ -19 ദേശീയ ടീം ക്യാമ്പിൽ മുഹീതിന്റെ ഗോൾകീപ്പിങ് പരിശീലകൻ ആയിരുന്ന യുസുഫ് അൻസാരി എന്ന പരിചയസമ്പന്നൻ ഇന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് പരിശീലകൻ ആണ്.

ഇന്ത്യയിലെ ഗോൾകീപ്പർമാരിൽ സുബ്രതോ പോളിനെയും ഗുർപ്രീത് സിങ് സന്ധുവിനെയും ഏറെയിഷ്‌ട്ടപ്പെടുന്ന മുഹീതിന്റെ അന്താരാഷ്ട്ര തലത്തിലെ ഫേവറിറ്റ് ഗോൾകീപ്പർ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ ആണ്.

മുഹീത് തന്റെ റോൾ മോഡൽ ആയി കാണുന്നത് തന്റെ പിതാവിനെ തന്നെയാണ്.തന്റെ പ്രചോദനവും അദ്ദേഹം തന്നെയാണെന്ന് മുഹീത് വ്യകതമാക്കുന്നു.

തന്റെ യാത്രയിൽ തനിക്കൊപ്പം നിൽക്കുകയും വിലപ്പെട്ട ഉപദേശങ്ങൾ നൽകുകയും ചെയ്ത തന്റെ പിതാവിനെയും,പരിശീലകർ ആയ മിറാജുദ്ധീൻ വാഡൂ, സാജിദ് യുസഫ് ടർ,യൂസഫ് അൻസാരി, ഇഷ്ഫാഖ് അഹമ്മദ് എന്നിവരെ മുഹീത് നന്ദിയോടെ സ്മരിക്കുന്നു.

കേരളത്തെയും കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെയും ഒരുപാട് ഇഷ്ടപെടുന്ന ഈ യുവ ഗോൾകീപ്പറിനെ കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലേക്കുള്ള തങ്ങളുടെ പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് അണ്ടർ-18 ടീമിൽ നിന്നും വളരെ പെട്ടെന്നു തന്നെ റിസർവ് ടീമിലേക്കും ഇപ്പോൾ പ്രീ സീസൺ സ്‌ക്വാഡിലേക്കും സ്ഥാനക്കയറ്റം നേടിയ മുഹീത് സഞ്ചരിച്ചത് അർപ്പണ ബോധത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വഴികളിലൂടെയായിരുന്നു.

വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിലെ സ്ഥാനത്തിനായി മുഹീതിനു മൽസരിക്കേണ്ടത് തന്നെക്കാൾ മത്സരപരിചയമുള്ള ആൽബിനോ ഗോമസ്,പ്രഭ്സുഖൻ സിങ് ഗിൽ, ബിലാൽ ഖാൻ തുടങ്ങിയ പ്രതിഭാധനരായ ഗോൾകീപ്പർമാരോടു കൂടിയാണ്.

പ്രീ സീസൺ മത്സരങ്ങളിലെയും പ്രാക്ടീസ് സെഷനുകളിലെയും പ്രകടനം മുഹീതിന്റെ ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിലേക്കുള്ള വിധി നിർണ്ണയിക്കും.

19 വയസ്സ് മാത്രം പ്രായം ഉള്ള മുഹീത് ഷബീർ ഖാൻ എന്ന പ്രതിഭാശാലിയ്ക്ക് സഞ്ചരിക്കാനേറെ ദൂരമുണ്ട്.

തുടർച്ചയായ മികച്ച പ്രകടനങ്ങളോടെ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ ഇടം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും മുഹീത് ഷബീർ ഖാൻ എന്ന പ്രതിഭാധനനായ ഗോൾകീപ്പറിനു കഴിയട്ടെ എന്നാശംസിക്കുന്നു💛

– കട്ടിമണി

Facebook Comments

error: Content is protected !!