2025 വരെ കരാർ പുതുക്കി രാഹുലും !!!

  • September 30, 2020
  • manjappada
  • Fans Blog
  • 0
  • 390 Views

ഐഎം വിജയനെയും ജോപോൾ അഞ്ചേരിയെയും സി വി പാപ്പച്ചനെയും വിക്ടർ മഞ്ഞിലയെയും പോലുള്ള ഇതിഹാസ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനു സംഭാവന നൽകിയ തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഉയർന്നു വന്ന പ്രതിഭാധനനായ യുവതാരം.

ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ കളിച്ച ഒരേയൊരു മലയാളി താരം.

#രാഹുൽ കന്നോളി പ്രവീൺ

നമ്മുടെ സ്വന്തം രാഹുൽ കെ. പി 💛

തൃശ്ശൂർ സ്വദേശി,20 വയസ്സ് മാത്രം പ്രായം.

വിങ്ങർ ആയും സ്‌ട്രൈക്കർ ആയും മിഡ്ഫീൽഡർ ആയും ഫുൾബാക്ക് ആയും കളിക്കാൻ കഴിവുള്ള താരം.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സ്വന്തം ഡെവലപ്മെന്റൽ ടീം ആയ ഇന്ത്യൻ ആരോസിൽ നിന്നാണ് കഴിഞ്ഞ സീസണിൽ രാഹുൽ കെ.പി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

നിലവിൽ 2021വരെ ടീമുമായി കരാർ ഉള്ള രാഹുലിനെ മുംബൈ സിറ്റിയും എടികെ മോഹൻ ബഗാനും ഏറ്റവും അവസാനം രാഹുലിനായി നീക്കങ്ങൾ തുടങ്ങിയ ഈസ്റ്റ്‌ ബംഗാളും ഉൾപ്പടെയുള്ള വമ്പൻ സ്രാവുകൾ ലക്ഷ്യമിടാതിരിക്കാൻ വേണ്ടി തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻകൂട്ടിയുള്ള കരാർ പുതുക്കൽ.

2025 വരെയാണ് രാഹുലുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുമ്പ് രാഹുലിന്റെ പല മത്സരങ്ങളും ടെലിവിഷൻ സെറ്റിനു മുന്നിലിരുന്നു കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാൻ അവസരം ലഭിക്കുന്നത് കഴിഞ്ഞ സീസണിനു മുമ്പുള്ള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിലാണ്.
പരിശീലന സമയത്തു പോലും ഒരു നിമിഷം പാഴാക്കാതെ കഠിനാദ്ധ്വാനം ചെയ്യുന്ന പ്രകൃതം.
രാഹുൽ എവിടെയൊക്കെയുണ്ടോ കൂടെ ബോളും ഉണ്ടാകും.പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിയ്ക്കാൻ തയ്യാറാകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ് രാഹുൽ.

തൃശ്ശൂർ ഒല്ലൂർക്കരയിലെ ശ്രേയസ് നഗറിൽ കന്നോളി കുടുംബത്തിൽ പ്രവീൺ കെ.ബിയുടെയും സിന്ധുവിന്റേയും മകനായി ജനനം.

പഠിക്കേണ്ട സമയത്തു കളിച്ചു നടക്കുന്നു എന്ന വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് രാഹുൽ പ്രൊഫെഷണൽ ഫുട്ബോളിൽ എത്തപ്പെടുന്നത്.അഞ്ചാം വയസ്സു മുതൽ രാഹുലിനൊപ്പം പന്തുണ്ട്.വഴി കാട്ടിയത് രാഹുൽ സ്നേഹപൂർവം “പാപ്പൻ” എന്നു വിളിക്കുന്ന രാഹുലിന്റെ അച്ഛന്റെ ഇളയ സഹോദരൻ പ്രദീപ്‌ ആണ്. രാഹുൽ തന്റെ ജീവിതത്തിലെ ഹീറോ ആയി കാണുന്ന,സെവൻസ് ഫുട്ബോൾ താരവും ഓട്ടോറിക്ഷ തൊഴിലാളിയുമായ തന്റെ പാപ്പനൊപ്പം സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നേരിൽ കാണാൻ പോയ രാഹുലിനു ഫുട്ബോൾ തന്റെ സ്വപ്നം ആയി മാറുകയായിരുന്നു.ബൂട്ടും ബോളും ഉൾപ്പടെയുള്ള സൗകര്യങ്ങൾ രാഹുലിനു വാങ്ങി നൽകിയതും രാഹുലിന്റെ പാപ്പൻ ആയിരുന്നു.രാഹുലിന്റെ ആദ്യ പരിശീലകനും പാപ്പൻ തന്നെ ആയിരുന്നു.

ആ പാപ്പൻ തന്നെയാണ് രാഹുലിനെ മുൻ സന്തോഷ്‌ ട്രോഫി പരിശീലകൻ എം. പീതാംബരന്റെ കീഴിലുള്ള അണ്ടർ -12 ക്യാമ്പിൽ എത്തിക്കുന്നത്. ഇതായിരുന്നു രാഹുലിന്റെ ടേണിങ് പോയിന്റ്.രാഹുലിന്റെ കരിയറിന്റെ തുടക്കം അവിടെ ആയിരുന്നു.പിന്നീട് പരപ്പൂർ സെപ്റ്റ് അക്കാഡമിയിലേക്ക് രാഹുൽ മാറി.മനോജ്‌ കുമാർ എന്ന പരിശീലകനു കീഴിൽ ആയിരുന്നു സെപ്റ്റ് അക്കാഡമിയിൽ രാഹുലിന്റെ പരിശീലനം.തുടർന്നു തൃശൂരിൽ നടന്ന അണ്ടർ-14 ഡിസ്ട്രിക്ട് ക്യാമ്പ് രാഹുലിന്റെ കരിയറിലെ മറ്റൊരു വഴിത്തിരുവായി മാറി.മുൻ കെഎസ്ഇബി താരവും തൃശൂർ ജില്ലാ ടീമിന്റെ പരിശീലകനുമായിരുന്ന ലിയോ രാജന്റെ കീഴിൽ ആയിരുന്നു ക്യാമ്പ്.ആ ക്യാമ്പിൽ നിന്നും തൃശൂർ ജില്ലാ അണ്ടർ-14 ടീമിലേക്കും തുടർന്നു അണ്ടർ-14 സംസ്ഥാന ടീമിലേക്കും രാഹുലിനു സെലെക്ഷൻ കിട്ടി.2013-ൽ കൊൽക്കത്തയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ-14 കേരള സംസ്ഥാന ടീമിനു വേണ്ടി രാഹുൽ കളിച്ചു.രാഹുൽ ആയിരുന്നു ആ ചാമ്പ്യൻഷിപ്പിലെ ടോപ്സ്‌കോറർ.

ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ തേടി ടീമിന്റെ ഡ്രസ്സിങ് റൂമിൽ എഐഎഫ്എഫ് ഒഫിഷ്യൽ വേലുസ്വാമി എത്തി.

തുടർന്നു ഇന്ത്യൻ അണ്ടർ -17 ദേശീയ ടീമിന്റെ ക്യാമ്പ് ആയ എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിലേക്ക്.

ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി സ്ഥാപിച്ച അക്കാഡമിയാണ് ഗോവയിലെ എഐഎഫ്എഫ് എലൈറ്റ് അക്കാഡമി.

2013 മുതൽ എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിൽ വിദഗ്ദ്ധ പരിശീലകരുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ച രാഹുൽ കെ.പി അക്കാഡമിയുടെ ബി ടീമിൽ ആയിരുന്നു ആദ്യം ഇടം നേടിയത്.അക്കാഡമിയിൽ പല പരിശീലകരും മാറി വന്നു.ഇടയ്ക്കു അക്കാഡമിയുടെ എ ടീമിലും രാഹുൽ ഇടം നേടി.പലതവണ അക്കാഡമിയിൽ നിന്നും പുറത്തായ രാഹുൽ ഇതിനിടയിൽ ഇന്ത്യൻ അണ്ടർ-19 ടീമിലും ഇടം പിടിച്ചു.അണ്ടർ-19 ടീമിൽ മിന്നും ഫോമിൽ കളിച്ച രാഹുൽ വീണ്ടും എഐഎഫ്എഫ് അക്കാഡമി ട്രയൽസിൽ പങ്കെടുക്കുകയും അക്കാഡമിയിൽ തിരിച്ചെത്തുകയും ചെയ്തു.ഈ കാലഘട്ടത്തിൽ തന്റെ കരിയറിൽ നേരിട്ട പ്രതിസന്ധികൾ രാഹുൽ വിവരിക്കുന്നുണ്ട്.

ഒരു താരം നിരാശയുടെ പടുകുഴിയിൽ വീണു പോകാൻ സാദ്ധ്യതയുള്ള പ്രതിസന്ധിയുടെ ദിനങ്ങളിൽ നിന്നും മനക്കരുത്തു കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും ആത്മവിശ്വാസം കൊണ്ടും പ്രതിഭ കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ച രാഹുൽ ഇന്ത്യൻ അണ്ടർ-17 ടീമിന്റെ ക്യാമ്പിൽ തിരിച്ചെത്തി.

അക്കാഡമിയിൽ തിരിച്ചെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യൻ അണ്ടർ-17 ലോകകപ്പ്‌ ടീമിന്റെ പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസിന്റെ ഗുഡ് ബുക്കിൽ ഇടം നേടി.

ഇതിനിടെ ലോകകപ്പിന് മുമ്പ് ഇറ്റലിയുമായുള്ള സൗഹൃദ മത്സരത്തിൽ രാഹുൽ ഗോളും നേടി.

പോർച്ചുഗൽ, ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെ സന്നാഹ മത്സരങ്ങളിലും രാഹുൽ കളിക്കാനിറങ്ങി.
പരിശീലന ക്യാമ്പിലെയും സൗഹൃദ മത്സരങ്ങളിലെയും തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിനുള്ള ടീമിൽ ഒരേയൊരു മലയാളിയായി രാഹുലും ഇടം നേടി.

2013 മുതൽ തുടർച്ചയായ 4 വർഷം എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിൽ ബുദ്ധിമുട്ടുകൾ നേരിട്ടും കഠിനപ്രയത്നം നടത്തിയതിന്റെ ഫലം ആയിരുന്നു രാഹുൽ കെ.പിയ്ക്കു ലോകകപ്പ് ടീമിലെ സ്ഥാനം.

3 മത്സരങ്ങൾ ആണ് രാഹുൽ കെ.പി അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിച്ചത്.3 മത്സരങ്ങളിലും 90 മിനിട്ടും കളിക്കളത്തിൽ ഉണ്ടായിരുന്ന പ്രതിഭാശാലിയാണ് രാഹുൽ.ലോകകപ്പിൽ രാഹുലിനെ ടീമിന്റെ പോർച്ചുഗീസ് പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് റൈറ്റ്ബാക്ക് പൊസിഷനിലും കളിപ്പിച്ചു.ശാരീരികമായി എതിർ താരങ്ങളെ നേരിടുകയും ടഫ് ആയി ടാക്കിൾ ചെയ്യുകയും ചെയ്യുന്ന രാഹുലിനെ ആ പൊസിഷനിൽ ഡി മാറ്റോസ് ഉപയോഗിക്കുകയായിരുന്നു.ലോകകപ്പിൽ യുഎസ്എക്കെതിരായ രാഹുലിനെ ഡിഫെൻസിൽ അണിനിരത്തിയ ഡി മാറ്റോസ് കൊളംബിയക്കെതിരായ മത്സരത്തിൽ മറ്റൊരു യുവ പ്രതിഭയായ കോമാൾ തട്ടാലിനു പകരം ലെഫ്റ്റ് ഫ്ലാങ്കിലും രാഹുലിനെ കളിപ്പിച്ചു.

അണ്ടർ -17 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച രാഹുൽ അതിനു ശേഷം ഇന്ത്യൻ അണ്ടർ-19 ക്യാമ്പിൽ എത്തുകയും തുടർന്നു ഇന്ത്യൻ ദേശീയ ടീമിനായി എഎഫ്സി അണ്ടർ-19 യോഗ്യതാ മത്സരങ്ങൾ കളിക്കുകയും ചെയ്തു.

തുടർന്നു രാഹുൽ ഇന്ത്യൻ ആരോസിൽ എത്തി.ഇന്ത്യൻ ആരോസിനായി 2017-2018 സീസണിൽ ടീമിന്റെ പോർച്ചുഗീസ് പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മാറ്റോസിന് കീഴിലും പിന്നീട് ഫ്ലോയ്ഡ് പിന്റോയ്ക്കു കീഴിലും 17 മത്സരങ്ങൾ കളിക്കാനിറങ്ങിയ രാഹുൽ 15 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടി.2 ഗോളുകളും 3 അസിസ്റ്റുകൾ നേടാനും രാഹുലിനു കഴിഞ്ഞു.ചെന്നൈ സിറ്റിക്കെതിരെയായിരുന്നു രാഹുലിന്റെ ഐ ലീഗ് അരങ്ങേറ്റം.ഷില്ലോങ് ലജോങ്ങിനെതിരെയായിരുന്നു രാഹുലിന്റെ ആദ്യ പ്രൊഫെഷണൽ ഗോൾ.

തുടർന്നു 2018-2019 സീസണിൽ ഫ്ലോയ്ഡ് പിന്റോയ്ക്കു കീഴിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിനായി 20 മത്സരങ്ങൾ കളിച്ച രാഹുൽ 3 ഗോളുകളും നേടി.20 മത്സരങ്ങളിൽ 16 മത്സരങ്ങളിലും ടീമിന്റെ ആദ്യ ഇലവനിൽ രാഹുൽ കളിക്കാനിറങ്ങി.

രണ്ടു സീസണുകളിൽ ആയി ഒരു സൂപ്പർ കപ്പ് മത്സരം ഉൾപ്പടെ ഇന്ത്യൻ ആരോസിനായി 39 മത്സരങ്ങൾ കളിച്ച രാഹുൽ 6 ഗോളുകളും നേടി.

അണ്ടർ-17 ലോകകപ്പിലെയും ഇന്ത്യൻ ആരോസിലെയും തകർപ്പൻ പ്രകടനങ്ങൾക്കു പിന്നാലെ രാഹുലിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബുകൾ മത്സരിച്ചു.വമ്പൻ ഓഫറുകൾ നൽകിയ ക്ലബുകളെ മറികടന്നു താരതമ്യേന ചെറിയ തുകയ്ക്കാണ് രാഹുൽ കഴിഞ്ഞ സീസണിൽ 2 വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും കേരള ബ്ലാസ്റ്റേഴ്സിനെയും അത്രയേറെ രാഹുൽ ഇഷ്ടപ്പെടുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ആദ്യ മത്സരങ്ങളിൽ രാഹുൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയെങ്കിലും പരിക്കു മൂലം സീസണിലെ അവസാന മൽസരങ്ങൾ ഭൂരിഭാഗവും നഷ്ടപ്പെട്ടു.

ഏൽക്കോ ഷട്ടോരി എന്ന ഡച്ച് ടാക്റ്റീഷ്യന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ 8 മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോളും നേടി.ലെഫ്റ്റ് വിങ്ങിലും റൈറ്റ് വിങ്ങിലും കഴിഞ്ഞ സീസണിൽ രാഹുലിനെ ഷട്ടോരി കളിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിക്കെതിരെ സ്ട്രെച്ച് ചെയ്തു നേടിയ ആ ഒരു ഗോൾ മാത്രം മതി രാഹുലിന്റെ പ്രതിഭ മനസ്സിലാക്കാൻ.

2018-2019 സീസണിൽ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ മുബൈ സിറ്റിക്കെതിരെ മത്സരത്തിന്റെ 76ആം മിനിറ്റിൽ വിങ്ങിൽ നിന്നും അനികേത് ജാദവ് നൽകിയ പാസ്സ് സ്വീകരിച്ചു അതുവരെ തന്നെ അനങ്ങാൻ പോലും അനുവദിക്കാതെ വരിഞ്ഞു മുറുക്കി മാർക്ക് ചെയ്തുകൊണ്ടിരുന്ന ഡിഫെൻഡർ ലൂസിയാൻ ഗോയനെ മാജിക്കൽ ചിപ്പിലൂടെ മറികടന്നു രാഹുൽ നേടിയ ഡബിൾ ടച്ച് ഗോൾ രാഹുൽ എന്ന പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞതാണ്.

മികച്ച ശാരീരിക ക്ഷമതയുള്ള യുവതാരമാണ് രാഹുൽ.മത്സരത്തിന്റെ മുഴുവൻ സമയവും വിയർപ്പൊഴുക്കി കളിക്കുന്ന താരം.അതിവേഗത്തിൽ കുതിക്കാനും ഡ്രിബിൾ ചെയ്തു മുന്നേറാനും രാഹുലിനു കഴിയും.മാജിക്കൽ പാസ്സുകളും അക്രോബാറ്റിക് സ്കിൽസും രാഹുലിന്റെ പ്രത്യേകതകൾ ആണ്.ഇരുകാലുകളും ഉപയോഗിച്ച് പവർഫുൾ ഷോട്ടുകൾ പായിക്കാൻ കഴിവുള്ള താരമാണ് രാഹുൽ.ഡിഫെൻസിൽ പോലും ഇറങ്ങിച്ചെന്നു ടാക്കിളുകൾ നടത്തുന്ന രാഹുലിനെ കളിക്കളത്തിൽ ഏതു പൊസിഷനിൽ വേണമെങ്കിലും ഉപയോഗിക്കാം.പൊതുവെ ലെഫ്റ്റ് വിങ്ങിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന രാഹുൽ പരിശീലകർ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള ചുരുക്കം താരങ്ങളിൽ ഒരാൾ ആണ്.

രാഹുലിനു ചില പോരായ്മകൾ പരിഹരിക്കേണ്ടതായിട്ടുണ്ട്. പല സമയങ്ങളിലും പൊസഷൻ നഷ്ടപ്പെടുത്തുന്നു എന്നതാണ് രാഹുലിന്റെ ഒരു പോരായ്മ. വിങ്ങിൽ കളിക്കുമ്പോൾ കൃത്യതയാർന്ന ക്രോസ്സുകൾ നൽകേണ്ടതുണ്ട്. അതും ഒരു പോരായ്മായാണ്. ചില സമയങ്ങളിൽ അനാവശ്യ ഡ്രിബ്ലിങ്ങിനു ശ്രമിച്ചു പന്തിലെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നതാണ് മറ്റൊരു പോരായ്മ.

യുവ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് പരിശീലകൻ കിബുവിനു കീഴിൽ രാഹുൽ പോരായ്മകൾ പരിഹരിക്കുമെന്നു ഉറപ്പായും പ്രതീക്ഷിക്കാം.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ബെഞ്ചിൽ നിന്നും മോഹൻ ബഗാനിന്റെ ഫസ്റ്റ് ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറിയ നോങ്ദംബ നൗറെം ഇതിനൊരു ഉദാഹരണമാണ്.

കഠിനാദ്ധ്വാനിയാണ് രാഹുൽ.പ്രാക്ടീസ് സെഷനുകളിൽ പോലും ഒരു നിമിഷം പാഴാക്കാതെ നിരന്തരം മെച്ചപ്പെടാൻ പ്രയത്നിക്കുന്ന പ്രതിഭാശാലി.

വരുന്ന സീസണിൽ ആവശ്യം എങ്കിൽ രാഹുലിനെ സ്‌ട്രൈക്കർ പൊസിഷനിലും കളിപ്പിച്ചേക്കുമെന്നു കിബു സൂചന നൽകിക്കഴിഞ്ഞു.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ഏറെയിഷ്ട്ടപ്പെടുന്ന താരമാണ് രാഹുൽ കെ.പി.കഠിനാദ്ധ്വാനത്തിൽ രാഹുൽ മാതൃകയാക്കിയിരിക്കുന്നതും റൊണാൾഡോയെ തന്നെയാണ്.
ഇന്ത്യൻ താരങ്ങളിൽ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ആണ് രാഹുലിന്റെ ഇഷ്ട താരം.

റയൽ മാഡ്രിഡ് ആണ് രാഹുലിന്റെ ഇഷ്ട ക്ലബ്‌.

രാഹുൽ എന്ന പ്രതിഭാശാലിയായ യുവതാരത്തിന്റെ ഡെവലപ്മെന്റിൽ നിക്കോളയ് ആദം,ലൂയിസ് നോർട്ടൻ ഡി മാറ്റോസ്,ഫ്ലോയ്ഡ് പിന്റോ തുടങ്ങിയ പരിശീലകർക്കും നിർണ്ണായക സ്ഥാനമുണ്ട്.

അണ്ടർ-17 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിൽ കൊളംബിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ രാഹുലിന്റെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി പുറത്തു പോയില്ലായിരുന്നെങ്കിൽ,രാഹുൽ ആ ചാൻസ് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് രാഹുലിന്റെ കൈവശം ഉണ്ടാകുമായിരുന്നു.

രാഹുൽ ചെറുപ്പമാണ്. 20 വയസ്സ് മാത്രം ആണ് പ്രായം. അർപ്പണ ബോധം ആണ് രാഹുലിന്റെ കൈമുതൽ.മിന്നൽപിണർ പോലെ കുതിക്കാനും രാഹുലിനു കഴിയും.

ഇന്ത്യൻ അണ്ടർ-23 ടീമിന്റെയും ഭാഗമാണ് രാഹുൽ.

ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പിനുള്ള ടീമിൽ ഇടം നേടിയപ്പോൾ തന്റെ മാതാപിതാക്കൾക്ക് തന്നെക്കുറിച്ചുണ്ടായ അഭിമാനമാണ് രാഹുൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി കാണുന്നത്.ലോകകപ്പിനു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട് നൽകിയ ആവേശഭരിതമായ സ്വീകരണവും രാഹുൽ തന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷമായി കാണുന്നു.

കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ എത്തിയ സ്പാനിഷ് പരിശീലകൻ കിബു രാഹുലിനെ മോഹൻ ബഗാനിൽ എത്തിക്കാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പട്ടിരുന്നു എന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മികച്ച വേഗതയും സ്കിൽസുമുള്ള യുവപ്രതിഭയാണ് രാഹുൽ എന്നും വിവിധ പൊസിഷനുകളിൽ രാഹുലിനെ കളിപ്പിക്കാം എന്നുള്ളതു പ്ലസ് പോയിന്റ് ആണെന്നും കിബു പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ പല വമ്പൻ ടീമുകളും രാഹുലിനെ ലക്ഷ്യമിട്ടു വട്ടമിട്ടു പറക്കുന്നത് മനസ്സിലാക്കിയിട്ടു തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുനീക്കം.

യുവ താരങ്ങൾക്കു എക്കാലവും മികച്ച പിന്തുണ നൽകിയിട്ടുള്ള സ്പാനിഷ് ടാക്ടീഷ്യൻ കിബുവിനു കീഴിൽ വരുന്ന സീസണുകളിൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

ഇന്ത്യൻ ദേശീയ സീനിയർ ടീമിൽ ഇടം നേടുക എന്നതു തന്നെയാണ് രാഹുലിന്റെ പ്രധാന ലക്ഷ്യം.അതിനു അവനു കഴിയുമെന്നും ഉറപ്പായും പ്രതീക്ഷിക്കാം.

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ രാഹുൽ കെ.പി എന്ന യുവ പ്രതിഭയ്ക്കു കഴിയട്ടെ എന്നാശംസിക്കുന്നു 💛

Facebook Comments

error: Content is protected !!