
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള അറ്റാക്കിംഗ് ത്രയമാണ് സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, നൊംഗ്ഡാംബാ നൗറോം സഖ്യം. ഈ മൂന്ന് താരങ്ങളും കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചത്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങൾ മാത്രമേ രാഹുലിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും കളിക്കളത്തിൽ കൃത്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. 8 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടാനും 118 പാസുകൾ നൽകാനും രാഹുലിനായി.
ബ്ലാസ്റ്റേഴ്സിൽ നിന്ന് ഐ-ലീഗ് ക്ലബ്ബായ മോഹൻ ബഗാനിലേക്ക് ലോണിന് പോയ നൗറോം 16 മത്സരങ്ങളിൽ നിന്നും 2 ഗോളുകളും, 5 അസിസ്റ്റുകളുമായി കോച്ച് കിബു വികൂനയുടെ പ്രിയങ്കരനായി മാറി. മോഹൻ ബഗാനിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ ഇന്ത്യൻ താരമാകാനും അദ്ദേഹത്തിന് സാധിച്ചു. മോഹൻ ബഗാനിൽ എല്ലാ മത്സരങ്ങളും കളിച്ച താരം അവരുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
ഒരു മികച്ച വിദേശ താരത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ സീസണുകളിൽ സഹലിന്റെയും പ്രകടനം. കളിക്കളത്തിൽ കൃത്യമായ പാസിങ്ങും വിഷനുമുള്ള അദ്ദേഹത്തിനെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ജെസ്സെലിനു പുറമെ മുഴുവൻ
മത്സരങ്ങളും കളിച്ച ഒരേ ഒരു താരമാണ് സഹൽ. ബെംഗളുരുവിനും, ഹൈദരാബാദിനും എതിരെ ഉള്ള മത്സരങ്ങളിൽ സഹൽ-രാഹുൽ കോംബോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇവരോടൊപ്പം മികച്ച സ്കില്ലും വേഗതയും ഉള്ള നൗറോം കൂടെ ചേരുമ്പോൾ ഏത് ടീമും ഭയക്കുന്ന ഒരു കൂട്ടുകെട്ടായി മാറും രാഹുൽ-സഹൽ-നൗറോം സഖ്യം എന്ന കാര്യത്തിൽ സംശയമില്ല.
ഈ താരങ്ങൾക്ക് പുറമെ ഋത്വിക് കുമാർ ദാസ്, പ്യൂറ്റിയ, സെത്യാസെൻ സിംഗ്, കെ.പ്രശാന്ത്, അർജുൻ ജയരാജ്, ഗിവ്സൺ സിംഗ്, എന്നീ താരങ്ങൾ കൂടെ അണിനിരക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡ് സെക്ഷൻ കൂടുതൽ ശക്തമാകും. മികച്ച ഇന്ത്യൻ യുവ താരങ്ങൾ അണിനിരക്കുന്നതോടെ കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായൊരു മുന്നേറ്റ നിര ഈ സീസണിൽ നമുക്ക് പ്രതീക്ഷിക്കാം.
– അനിരുദ്ധ് എൻ കെ
Facebook Comments