19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്‌ട്രൈക്കർ || സ്വാഗതം “MUZZ”

2018-ലെ ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി ലീഗ് റെക്കോർഡ് നേടിയ പ്രതിഭാധനനായ സ്‌ട്രൈക്കർ.

സ്വാഗതം “MUZZ”

ജോർദാൻ മറെ
പൊസിഷൻ : സ്‌ട്രൈക്കർ
രാജ്യം : ഓസ്ട്രേലിയ
വയസ്സ് : 25

എഎഫ്സി പ്ലയെർ ക്വാട്ടയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോർദാൻ മറെ എന്ന ഓസ്‌ട്രേലിയൻ സ്‌ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

വിങ്ങർ ആയും കളിക്കാൻ കഴിവുള്ള ജോർദാൻ മറെയെ ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനു കോൺട്രാക്ട് ടെർമിനേഷൻ എമൗണ്ട് നൽകി ദീർഘകാല കരാറിൽ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത് എന്നാണ് സൂചന.

അദേഹത്തെക്കുറിച്ചു മനസിലാക്കാം.

ഓസ്ട്രേലിയൻ ഫുട്ബോളിന്റെ സുവർണ്ണ തലമുറയിലെ താരങ്ങളായ സ്‌കോട്ട് ചിപെർഫീൽഡിനും ലൂക് വിൽക്ഷൈറിനും ജന്മം നൽകിയ നിരവധി ഫുട്ബോൾ ആരാധകർ നിറഞ്ഞ ഓസ്ട്രേലിയയിലെ തീരദേശ നഗരമായ വൊല്ലോങ്‌ഗോങ്ങിൽ ആയിരുന്നു ജോർദാന്റെ ജനനം.കുട്ടിക്കാലം മുതൽ തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചിരുന്ന ജോർദാനൊപ്പം പന്തുമുണ്ടായിരുന്നു.തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓസ്‌ട്രേലിയൻ ടോപ് ഡിവിഷൻ ലീഗിൽ എപിഐഎ ലെയ്ചാർഡ്റ്റിനും വൊല്ലോങ്‌ഗോങ്‌ വോൾവ്‌സിനും വേണ്ടി പന്തു തട്ടിയിട്ടുള്ള ജോർദാന്റെ അച്ഛൻ പീറ്റർ മറെ തന്നെയായിരുന്നു അവന്റെ പ്രചോദനവും.നാഷണൽ സോക്കർ ലീഗിലും ഹോംഗ്കോങ്ങിലുമായി 80 മത്സരങ്ങൾ കളിച്ചിട്ടുള്ള ജോർദാന്റെ അച്ഛൻ 14 ഗോളുകളും തന്റെ കരിയറിൽ നേടിയിരുന്നു.കുട്ടിക്കാലത്തു തന്നെ ഒരു പ്രൊഫെഷണൽ ഫുട്ബോളർ ആയിത്തീരണം എന്ന മോഹം ജോർദാനിൽ ഉയർന്നിരുന്നു.ന്യൂ സൗത്ത് വെയ്ൽസിലെ വൊല്ലോങ്‌ഗോങ്ങിലെ റൗണ്ട് ബോൾ ഫുട്ബോൾ നഴ്സറിയിൽ ആയിരുന്നു ജോർദാന്റെ ആദ്യകാല പരിശീലനം.എന്നാൽ ഒരു പ്രൊഫെഷണൽ ഫുട്ബോളർ ആയിത്തീരണം എന്ന മോഹം അവനെ മുഴുവൻ സമയം പരിശീലനത്തിനുള്ള അവസരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിൽ കൊണ്ടു ചെന്നെത്തിച്ചു.

അക്കാലത്തു മുഴുവൻ സമയ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന ജോർദാൻ തന്റെ സ്വപ്‍നം പൂർത്തീകരിക്കാൻ തന്റെ ജന്മനാടായ വൊല്ലോങ്‌ഗോങ്ങിൽ നിന്നും സിഡ്‌നിയിലെ പടിഞ്ഞാറൻ ഉൾപ്രദേശമായ ലെയ്ചാർഡ്റ്റിലെ എപിഐഎ ക്ലബ്ബിന്റെ ലാംബർട്ട് പാർക്ക് ക്യാമ്പിൽ ആഴ്ച്ചയിൽ 3-4 ദിവസം ദീർഘദൂരം യാത്ര ചെയ്താണ് പരിശീലനത്തിനു എത്തിയിരുന്നത്. ദിവസം 8-9 മണിക്കൂർ ജോലി ചെയ്തതിനു ശേഷം ആയിരുന്നു ഏകദേശം ഒന്നര മണിക്കൂറോളം യാത്ര ചെയ്തു ആഴ്ച്ചയിൽ 3-4 ദിവസം ലെയ്ചാർഡ്റ്റിൽ ജോർദാൻ പരിശീലനത്തിനെത്തിയിരുന്നത്.മെലിഞ്ഞ ശരീരപ്രകൃതി മൂലം അക്കാലത്തു ജോർദാൻ പലപ്പോഴും പിന്തള്ളപ്പെട്ടിരുന്നു.എന്നാൽ പിന്മാറാൻ ജോർദാൻ തയ്യാറായിരുന്നില്ല.

തന്റെ കരിയറിലെ ആദ്യ കരാറിൽ ഏർപ്പെടുന്നതിനു മുമ്പ് കാലിനു ഗുരുതര പരിക്കേൽക്കുകയും ഭാവി തന്നെ ചോദ്യചിഹ്നമായി മാറുകയും ചെയ്ത അവസരത്തിലും മനസ്സാന്നിദ്ധ്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നു ജോർദാൻ മുന്നോട്ടു പോയി.

ലെയ്ചാർഡ്റ്റ് അക്കാഡമിയിലെ പരിശീലനത്തിനു ശേഷം ജോർദാൻ 2014-ൽ തന്റെ ജന്മനാട്ടിലെ ക്ലബ്ബ് ആയ സൗത്ത് കോസ്റ്റ് വോൾവ്സുമായി കരാറിൽ എത്തി. ഓസ്‌ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ ആയിരുന്നു അന്നു സൗത്ത് കോസ്റ്റ് വോൾവ്‌സ് മത്സരിച്ചിരുന്നത്.സൗത്ത് കോസ്റ്റ് വോൾവ്‌സിനായി 2014-2015 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ ആണ് ജോർദാൻ നേടിയത്.ബുള്ളറ്റ് ഷോട്ടുകളിലൂടെ നേടിയ 2 തകർപ്പൻ ഗോളുകളും അതിൽ ഉൾപ്പെട്ടിരുന്നു.ആ സീസണിൽ ക്ലബിന്റെ ടോപ് സ്കോററും ജോർദാൻ തന്നെയായിരുന്നു.2015 സീസൺ ജോർദാന്റെ കരിയറിലെ വഴിത്തിരിവായി മാറി.

തുടർന്നു 2016 സീസണിലും സൗത്ത് കോസ്റ്റ് വോൾവ്‌സിനായി 7 ഗോളുകൾ നേടിയ ജോർദാൻ സതർലാൻഡിനെതിരായ ഇരുപത്തിരണ്ടാം റൗണ്ട് മത്സരത്തിൽ ഹാട്രിക്കും നേടി.ആദ്യ മത്സരങ്ങളിൽ സൂപ്പർ സബ് ആയി ഇറങ്ങി ഗ്രൗണ്ടിൽ ചലനങ്ങൾ ഉണ്ടാക്കിയ ജോർദാൻ പിന്നീട് മിന്നും ഫോമിലേക്കുയർന്നു.

തുടർന്നു തൊട്ടടുത്ത സീസണിൽ നാഷണൽ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന എപിഐഎ ലെയ്ചാർഡ്റ്റിൽ ജോർദാൻ എത്തി.അവർക്കായി 2017 സീസണിൽ ടീമിന്റെ പരിശീലകൻ ഡാനിയൽ കമ്മിൻസിനു കീഴിൽ തകർത്തു കളിച്ച ജോർദാൻ 24 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടി ക്ലബിനു 30 വർഷത്തിനു ശേഷം നാഷണൽ പ്രീമിയർഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.ലാംബർട്ട് പാർക്കിൽ ലോക്ക്ഡെയ്ൽ സിറ്റിക്കെതിരെ നടന്ന വിധി നിർണ്ണയ മത്സരത്തിന്റെ 74ആം മിനിറ്റിൽ ടീമിനു പെനാൽറ്റിക്കു വഴിയൊരുക്കിയതും ഗോൾ നേടിയതും ജോർദാൻ തന്നെയായിരുന്നു.

എന്നാൽ ആ സീസൺ ജോർദാന്റെ മിന്നും ഫോമിന്റെ ഒരു സൂചന മാത്രമായിരുന്നു.

2018 സീസണിൽ ജോർദാൻ എപിഐഎ ജേഴ്സിയിൽ കത്തിക്കയറി.19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി നാഷണൽ പ്രീമിയർഷിപ്പ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് നേട്ടവുമായി ജോർദാൻ ഒരു ഗോൾമെഷീൻ ആയി മാറി.സീസൺ തുടക്കത്തിൽ 17 ഗോളുകൾ ലക്ഷ്യമിട്ട ജോർദാൻ പ്രതീക്ഷക്കപ്പുറമുള്ള പ്രകടനമാണ് നടത്തിയത്.

ജോർദാന്റെ മിന്നും ഫോമിന്റെ പിൻബലത്തിൽ തുടർച്ചയായ രണ്ടാം നാഷണൽ പ്രീമിയർഷിപ്പ് കിരീടം നേടാനും ആ സീസണിൽ എപിഐഎക്കു കഴിഞ്ഞു.

2018 സീസണിൽ റെക്കോഡ് നേട്ടത്തിനൊപ്പം നാഷണൽ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം ജോർദാനെ തേടിയെത്തി.

നിരവധി തവണ നാഷണൽ പ്രീമിയർഷിപ്പ് ടീം ഓഫ് ദി വീക്കിൽ ഇടം നേടാനും ജോർദാനു കഴിഞ്ഞു.

എപിഐഎയിലെ ഒന്നര വർഷത്തെ കരിയറിൽ മിന്നും ഫോമിൽ കളിച്ച ജോർദാനെ സ്വന്തമാക്കാനായി ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബുകളും ചില വിദേശ ക്ലബുകളും രംഗത്തു വന്നു.

14 മത്സരങ്ങളിൽ 21 ഗോളുകൾ നേടി എ-ലീഗ് ക്ലബ്ബ് ആയ വെല്ലിംഗ്ടൺ ഫീനിക്സിൽ പ്രൊഫെഷണൽ കോൺട്രാക്ട് നേടിയെടുത്ത മുൻ സിഡ്‌നി എഫ്‌സി യൂത്ത് പ്രോഡക്റ്റ് പവലിന്റെ വഴിയേ തന്നെയായിരുന്നു അന്നു ജോർദാനും സഞ്ചരിച്ചത്.

എന്നാൽ മറ്റു ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ മറികടന്നു 2018 ഓഗസ്റ്റിൽ ജോർദാനുമായി ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് കരാറിൽ എത്തി.ഒരു വർഷത്തേക്കായിരുന്നു കരാർ.ജോർദാന്റെ കരിയറിലെ ആദ്യ പ്രൊഫെഷണൽ കോൺട്രാക്ട് ആയിരുന്നു സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിലേത്.ജോർദാനൊപ്പം സൗത്ത് കോസ്റ്റ് വോൾസ് താരം ജോഷ് മക്ഡൊണാൾഡിനെയും അന്നു സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് ടീമിൽ എത്തിച്ചിരുന്നു.

കുട്ടിക്കാലം മുതലുള്ള തന്റെ പ്രൊഫെഷണൽ കോൺട്രാക്ട് എന്ന സ്വപ്നമാണ് അന്നു ജോർദാൻ പൂർത്തീകരിച്ചത്.

2018 സീസണിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനായി പ്രീ-സീസൺ മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ജോർദാൻ നിരവധി ഗോളുകൾ നേടി സെൻട്രൽ കോസ്റ്റ് പരിശീലകൻ മൈക് മുൾവെയുടെ മനം കവർന്നു.പ്രീ-സീസണിൽ ജന്മനാട്ടിൽ തിരികെയെത്തി തന്റെ ഹോം ക്ലബ്ബ് ആയ സൗത്ത് കോസ്റ്റ് വോൾവ്‌സിനെതിരെ കളിക്കാനും ജോർദാനു അന്നു കഴിഞ്ഞു.ആ സമയങ്ങളിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്ന ഇതിഹാസ അത്‌ലറ്റ് ഉസൈൻ ബോൾട്ടിനൊപ്പം പ്രീ സീസൺ മത്സരത്തിൽ കളിക്കാനും ആ സീസണിൽ ജോർദാനു സാധിച്ചു.

2018-2019 സീസണിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് പരിശീലകൻ മൈക് മുൾവെയ്ക്കു കീഴിൽ ബ്രിസ്ബേൻ റോറിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ആയിരുന്നു ജോർദാന്റെ എ-ലീഗ് അരങ്ങേറ്റം. തുടർന്നു സെൻട്രൽ കോസ്റ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെർത്ത് ഗ്ലോറിക്കെതിരെ പുതുവത്സര തലേ ദിവസം ആയിരുന്നു ജോർദാന്റെ ആദ്യ എ-ലീഗ് ഗോൾ പിറന്നത്.മത്സരത്തിൽ 4-1എന്ന സ്‌കോറിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് പരാജയപ്പെട്ടിരുന്നു.നാഷണൽ പ്രീമിയർഷിപ്പിൽ നിന്നും എ-ലീഗിൽ എത്തിയ ജോർദാൻ ആദ്യ മത്സരങ്ങളിൽ എ-ലീഗിലെ മത്സരസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ചു ബുദ്ധിമുട്ടി.

2018-2019 എ-ലീഗ് സീസണിൽ 23 മത്സരങ്ങളിൽ ആണ് ജോർദാൻ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനായി കളിക്കാനിറങ്ങിയത്.3 ഗോളുകളും 2 അസിസ്റ്റുകളുമാണ് ആ സീസണിൽ ജോർദാൻ സ്വന്തമാക്കിയത്.13 മത്സരങ്ങളിൽ ആ സീസണിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനായി സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങിയ ജോർദാൻ 1315 മിനിറ്റുകൾ ആണ് കളത്തിലുണ്ടായിരുന്നത്.ആ സീസണിൽ ഒരു എഫ്എഫ്എ കപ്പ് മത്സരത്തിലും ജോർദാൻ കളിക്കാനിറങ്ങി.

2019 ഏപ്രിലിൽ ജോർദാനുമായുള്ള കരാർ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് 2 വർഷത്തേക്കു കൂടി പുതുക്കി നൽകി.

2018-2019 സീസണിൽ എ-ലീഗിൽ മോശം പ്രകടനം നടത്തിയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ലീഗിലെ 27 മത്സരങ്ങളിൽ 20 മത്സരങ്ങളും പരാജയപ്പെട്ടു തകർന്നടിഞ്ഞ ഒരു ടീമിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനും പരിശീലകന്റെ പ്രശംസക്കു പത്രമാകാനും ജോർദാനു കഴിഞ്ഞു.

ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു 2019 മാർച്ച് മാസത്തിൽ പരിശീലകൻ മൈക് മുൾവെയെ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് പുറത്താക്കിയിരുന്നു. തുടർന്നു കെയർടേക്കർ മാനേജർ ആയി അലെൻ സ്റ്റാജ്സികിനെ ക്ലബ്ബ് നിയമിച്ചു.

2019-2020 സീസണിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനായി എ-ലീഗിൽ 18 മത്സരങ്ങളിൽ ആണ് ജോർദാൻ കളിക്കാനിറങ്ങിയത്.4 ഗോളുകളും 2 അസിസ്റ്റുകളുമാണ് ജോർദാൻ കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി സ്വന്തമാക്കിയത്.18 മത്സരങ്ങളിൽ ഭൂരിഭാഗം മത്സരങ്ങളിലും ജോർദാൻ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങി.1151 മിനിറ്റുകൾ ജോർദാൻ കഴിഞ്ഞ സീസണിൽ കളിക്കളത്തിൽ ഉണ്ടായിരുന്നു.

2 എഫ്എഫ്എ കപ്പ് മത്സരങ്ങളിലും കഴിഞ്ഞ സീസണിൽ ജോർദാൻ ബൂട്ടണിഞ്ഞു.
എ-ലീഗിൽ കഴിഞ്ഞ മാർച്ചിൽ മെൽബൺ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഗോൾ ഉൾപ്പടെ ഇരട്ട ഗോളുകൾ ജോർദാൻ നേടിയിരുന്നു.

അലൻ സ്റ്റാജ്സികിനു കീഴിൽ 2019-2020 സീസണിൽ സൂപ്പർ സബ് റോളിൽ ആണ് ചില മത്സരങ്ങളിൽ ജോർദാൻ കളിക്കാനിറങ്ങിയത്.അങ്ങനെ കളത്തിലിറങ്ങിയപ്പോഴെല്ലാം ഗ്രൗണ്ടിൽ ചലനങ്ങൾ ഉണ്ടാക്കാൻ ജോർദാനു കഴിയുകയും ചെയ്തു.

തൊട്ടു മുമ്പത്തെ സീസണിലെ മോശം പ്രകടനം 2019-2020 സീസണിലും തുടർന്ന സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് കഴിഞ്ഞ സീസണിലും തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി.കോവിഡ് പ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ സീസൺ അവസാനിപ്പിക്കുമ്പോൾ 22 മത്സരങ്ങളിൽ 17 മത്സരങ്ങളിലും പരാജയപ്പെട്ടു എ-ലീഗ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തു തുടർന്ന ഒരു ടീമിൽ ശരാശരിക്കും മുകളിലുള്ള പ്രകടനമാണ് ജോർദാൻ കാഴ്ചവെച്ചത്.

2 സീസണുകളിൽ ആയി 41 എ-ലീഗ് മത്സരങ്ങളിൽ ജോർദാൻ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് ജേഴ്സിയിൽ കളിക്കാനിറങ്ങിയ ജോർദാൻ 7 ഗോളുകളും 4 അസിസ്റ്റുകളുമാണ് നേടിയത്.

എ -ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആയി മാറുന്നതിനുള്ള എല്ലാം സാദ്ധ്യതകളും ടാലെന്റുമുള്ള താരം എന്നാണ് സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് പരിശീലകൻ അലെൻ സ്റ്റാജ്സിക് ജോർദാൻ മറെയെ വിശേഷിപ്പിച്ചത്.

എന്താണ് ജോർദാന്റെ പ്രത്യേകതകൾ ???

ഒരു ക്ലിനിക്കൽ ഫിനിഷർ ആണ് ജോർദാൻ മറെ.കൃത്യമായ പൊസിഷനുകളിൽ കൃത്യ സമയത്തു എത്താൻ കഴിവുള്ള സ്‌ട്രൈക്കർ.മികച്ച സ്കിൽസും ടെക്‌നിക്കൽ എബിലിറ്റിയുമുള്ള ജോർദാൻ എപ്പോഴും ഗോൾ തേടുന്ന സ്‌ട്രൈക്കർ ആണ്.ക്വിക് ആക്സിലറേഷനും മികച്ച ഹെഡ്ഡിംഗ് എബിലിറ്റിയുമുള്ള ജോർദാൻ എതിർ ഡിഫെൻഡർമാർക്ക് മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്‌ട്രൈക്കർമാരിൽ ഒരാൾ ആണ്.അത്യാവശ്യം വേഗതയും ഡ്രിബ്ലിങ് സ്കിൽസുമുള്ള ജോർദാൻ ബുള്ളറ്റ് ഷോട്ടുകളിലൂടെ ഗോൾ നേടാനും കഴിവുള്ള താരമാണ്.ആത്മവിശ്വാസം കൈമുതലായുള്ള ജോർദാൻ കഠിനാദ്ധ്വാനിയായ ഫുട്ബോൾ താരം കൂടിയാണ്.

തന്റെ പ്രതിസന്ധികളിൽ എന്നും തണലായി നിന്നിട്ടുള്ള മുൻ ഫുട്ബോൾ താരം കൂടിയായ തന്റെ അച്ഛൻ പീറ്റർ മറെയെ തന്നെയാണ് ജോർദാൻ തന്റെ ഏറ്റവും വലിയ പ്രചോദനമായി കാണുന്നത്.തന്റെ നിരൂപകൻ കൂടിയായ അച്ഛൻ തന്നെയാണ് ജോർദാന്റെ റിയൽ ഹീറോ.

ഇന്ത്യയിലെ മത്സരസാഹചര്യങ്ങളോടും കാലാവസ്ഥയോടും പൊരുത്തപ്പെടുന്നതാണ് ജോർദാനു മുന്നിലുള്ള ആദ്യ വെല്ലുവിളി.

എഎഫ്സി ക്വാട്ടയിൽ ദീർഘകാല കരാർ നൽകിയാണ് ജോർദാനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത് എന്നാണ് സൂചന.ഇന്ത്യൻ സൂപ്പർ ലീഗിൽ 3+1 റൂൾ നടപ്പിലാക്കുന്ന 2021-2022 സീസൺ മുതൽ എഎഫ്സി പ്ലയെർ ഓരോ ടീമിനും നിർണ്ണായകമായി മാറും.

ബാക്ക് അപ്പ് ഓപ്ഷൻ എന്ന നിലയിൽ അല്ലാതെ മുൻനിര സ്‌ട്രൈക്കർ എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ജോർദാൻ മറെ എന്ന ഓസ്ട്രേലിയൻ സ്‌ട്രൈക്കറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.ഭാവിയിൽ ബ്ലാസ്റ്റേഴ്‌സിന് എഎഫ്സി കപ്പ് മത്സരങ്ങൾക്കു യോഗ്യത ലഭിച്ചാൽ ടീമിലെ എഎഫ്സി പ്ലയെറിനു ടീമിൽ അത്രത്തോളം പ്രാധാന്യമുണ്ട്.

ബൂട്ടുകെട്ടിയ ക്ലബുകളിൽ എല്ലാം തന്നെ ആരാധകരുടെ പ്രിയ താരമായിരുന്നു ജോർദാൻ മറെ.

25 വയസ്സ് മാത്രമാണ് ജോർദാൻ മറെ എന്ന ഓസ്‌ട്രേലിയൻ സ്‌ട്രൈക്കറിന്റെ പ്രായം.ജോർദാൻ ഇനി തന്റെ പ്രതിഭ തെളിയിക്കേണ്ടത് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന വലിയ വേദിയിൽ ആണ്.

വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ജോർദാനു കഴിയട്ടെ എന്നാശംസിക്കുന്നു.

Facebook Comments

error: Content is protected !!