
ഒരൊറ്റ സീസൺ കൊണ്ടു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം ആയി മാറിയ പ്ലയെർ ആണ് ജെസ്സൽ.
കരാർ പുതുക്കിയ ശേഷം ജെസ്സലിന്റെ വാക്കുകൾ ശ്രദ്ധിക്കൂ :
“ബ്ലാസ്റ്റേഴ്സ് ആദ്യ ഐ എസ് എൽ കിരീടം ഉയർത്തുമ്പോൾ അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ പ്രതിഭ തെളിയിക്കാൻ ബ്ലാസ്റ്റേഴ്സ് എനിക്ക് അവസരം നൽകി.തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു.ഇതു ഒരു പുതിയ തുടക്കമാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”
ആരാണ് ജെസ്സൽ അലൻ കർനെയ്റോ ??
കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ്ബാക്ക്..
29 വയസ്സ് പ്രായം.
തെക്കൻ ഗോവയിലെ ഒരു ഗ്രാമത്തിൽ ജനിച്ച ജെസ്സൽ പിതാവ് റോക്കിയിലൂടെയാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.ചെറു പ്രായത്തിൽ തന്നെ തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ജെസ്സൽ പുറത്തെടുത്തിരുന്നു.
റായ എഫ് സിയിലൂടെയും തന്റെ ഗ്രാമത്തിലെ ലോക്കൽ ടീം ആയ കുർട്ടോറിം ജിംഖാനയിലൂടെയും യൂത്ത് കരിയർ ആരംഭിച്ച ജെസ്സൽ പിന്നീട് ഗോവയിലെ പ്രമുഖ ക്ലബുകൾ ആയ ചർച്ചിൽ ബ്രദേയ്സിന് വേണ്ടിയും സാൽഗോക്കറിനു വേണ്ടിയും പന്തു തട്ടി.
2012-ൽ ആണ് ജെസ്സൽ ഡെംപോ എസ് സിയിൽ എത്തുന്നത്. അവിടെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജെസ്സലിനെ ഐ ലീഗിലെ പൂണെ എഫ് സി 2014-2015 സീസണിൽ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കി.അതിനു ശേഷം ഗോവൻ പ്രോ ലീഗ് ക്ലബ് ആയ എഫ് സി ബാർഡസിൽ ചേർന്ന ജെസ്സൽ അവിടെയും തകർപ്പൻ തുടർന്നു.എഫ് സി ബാർഡസിൽ ജെസ്സൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൂണെയിൽ തന്റെ സഹ താരമായിരുന്ന ഇഷ്ഫാഖ് അഹമ്മദ് ജെസ്സലിനെ ജംഷഡ്പൂർ എഫ് സിയിൽ ട്രയൽസിനായി ക്ഷണിക്കുന്നത്. സ്റ്റീവ് കോപ്പലിനു കീഴിൽ ജംഷഡ്പൂർ എഫ് സിയുടെ സഹ പരിശീലകൻ ആയിരുന്നു അന്നു ഇഷ്ഫാഖ് അഹമ്മദ്.ജെസ്സലിന്റെ മൽസരങ്ങളുടെ വിഡിയോയും അന്നു ഇഷ്ഫാഖ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ജാംഷെഡ്പൂർ എഫ് സിയിൽ നിന്നും ജെസ്സലിന് വിളിയെത്തിയില്ല.
തുടർന്നു പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവയെ നയിച്ച ജെസ്സൽ അവരെ ഫൈനലിൽ എത്തിച്ചു.ജെസ്സൽ അവിടെയും തന്റെ മിന്നും ഫോം തുടർന്നു.തുടർന്നു കഴിഞ്ഞ സീസണിൽ ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ആയി ചുമതലയേറ്റപ്പോൾ ആണ് ജെസ്സലിനെ ബ്ലാസ്റ്റേഴ്സിൽ ട്രയൽസിന് ക്ഷണിക്കുന്നതും കരാർ നൽകുന്നതും. ഒരു സീസണിലേക്ക് മാത്രം ആയിരുന്നു കരാർ. കരാർ തുക എത്രയാണെന്ന് തനിക്കറിയേണ്ട എന്നും പണത്തേക്കാൾ കളിക്കാൻ അവസരം ആണ് തന്റെ ആവശ്യം എന്നും ജെസ്സൽ ഇഷ്ഫാഖിനോട് പറയുകയും ചെയ്തിരുന്നു.
കരാറിൽ എത്തുന്നതിനു മുമ്പുള്ള തന്റെ ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചു ജെസ്സൽ വിവരിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച താരമാണ് ജെസ്സൽ.പ്രീ സീസൺ മത്സരങ്ങളിലെയും പ്രാക്ടീസ് മത്സരങ്ങളിലെയും തകർപ്പൻ പ്രകടനം ജെസ്സലിനെ സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഡച്ച് പരിശീലകൻ എൽക്കോ ഷട്ടോരിയുടെ പ്രിയ താരം ആക്കി മാറ്റിയിരുന്നു.പരിശീലനവേളകളിൽ പോലും വിയപ്പൊഴുക്കി കളിക്കുന്ന പ്രതിഭാശാലിയായ താരം. കൈയും മെയ്യും മറന്നു കളിക്കുന്ന താരം. തൊട്ടടുത്ത സീസണിൽ എമേർജിങ് പ്ലയെർ പുരസ്കാരം നേടിയ ലാൽറുവതാര എന്ന യുവ താരത്തെ പോലും ബെഞ്ചിൽ ഇരുത്തിയ പ്രതിഭയാണ് ജെസ്സൽ.സീസൺ തുടങ്ങുന്നതിനു മുമ്പ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉറപ്പുള്ള ഒരു താരം ആരെന്നു ചോദിച്ചാൽ അതു ജെസ്സൽ ആണെന്ന് അന്നേ കേട്ടിരുന്നു.നേരിട്ടു കണ്ടറിയുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എല്ലാ മത്സരങ്ങളിലും (18 മത്സരങ്ങൾ) കളിക്കാനിറങ്ങിയ ജെസ്സൽ 1620 മിനിറ്റുകൾ (ബ്ലാസ്റ്റേഴ്സിനായി മുഴുവൻ സമയവും) ആണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 5 അസിസ്റ്റുകൾ ആണ് ഉണ്ടായിരുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ അസ്സിസ്റ്റ് നൽകിയ താരവും ജെസ്സൽ ആയിരുന്നു.746 പാസ്സുകളും 1018 ടച്ചുകളും ഇതിൽ ഉൾപ്പെടുന്നു.ഓരോ മത്സരത്തിലെയും ജെസ്സലിന്റെ പാസിങ് ശരാശരി 41.44 ആണ്.പ്രതിരോധത്തിൽ ഉപരിയായി മുന്നേറ്റത്തിലും ജെസ്സൽ എന്തു മാത്രം പങ്കു വഹിക്കുന്നെണ്ടെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.78 ക്ലിയറൻസും 22 ഇന്റർസെപ്ഷനുകളുമായി പ്രതിരോധത്തിലും ജെസ്സൽ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു.
പരിശീലന വേളകളിൽ പോലും ഒരു നിമിഷം പാഴാക്കാതെ കഠിനപ്രയത്നം ചെയ്യുന്ന താരമാണ് ജെസ്സൽ.
ജെസ്സലിന്റെ കരിയർ ഫുട്ബോളർ ആകാൻ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്കും യുവ താരങ്ങൾക്കും ഒരു മാതൃക ആണ്.ഒരു ഫുട്ബോൾ താരത്തിനു കരിയറിൽ സംഭവിക്കാവുന്ന ഗുരുതര പരിക്കുകളിൽ ഒന്നായ ACL ഇഞ്ചുറി ഇരു കാലുകളിലും ഉണ്ടായിട്ടും ജെസ്സൽ പിന്മാറിയില്ല.കരുത്തുറ്റ മനസ്സുമായി ഒരേയൊരു ലക്ഷ്യവുമായി കഠിനാധ്വാനത്തിലൂടെ ജെസ്സൽ മുന്നേറി.2015-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റം ഏർപ്പെടുത്തിയപ്പോൾ ഡ്രാഫ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ജെസ്സലിനെയും ഉൾപ്പെടുത്തിയിരുന്നു. പക്ഷെ അവസരം ലഭിച്ചില്ല.ഡെംപോ എസ് സിക്കായി ഗോവൻ പ്രോ ലീഗിൽ തുടർച്ചയായി തകർപ്പൻ പ്രകടനങ്ങളുമായി ജെസ്സൽ നിറഞ്ഞു നിന്നു. എന്നിട്ടും ഐ എസ് എൽ ക്ലബുകളുടെ സ്കൗട്ടിങ് ടീം ഗോവൻ പ്രോ ലീഗ് താരങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നു തന്നെ പറയാം.
ഒരൊറ്റ സീസണിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജെസ്സലിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ക്ലബുകൾ കരുനീക്കങ്ങൾ നടത്തി.എ ടി കെ വമ്പൻ ഓഫർ തന്നെ ജെസ്സലിനു മുന്നിൽ വെച്ചു. എന്നാൽ തനിക്ക് ആദ്യമായി ഒരു പ്ലാറ്റ്ഫോം നൽകിയ ബ്ലാസ്റ്റേഴ്സിനെ കൈവിടാൻ ജെസ്സൽ തയ്യാറായില്ല.
2023 വരെ 3 വർഷത്തേക്കാണ് ജെസ്സൽ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയത്.
മറ്റു ക്ലബുകളുടെ ഓഫർ നിരസിച്ചു ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയതിനെക്കുറിച്ചു ജെസ്സലിന്റെ വാക്കുകൾ ശ്രദ്ധിക്കൂ :
“I had many offers but I chose to extend with Kerala because this is where I got my platform”
ജെസ്സൽ എന്ന പ്രതിഭയ്ക്ക് വൈകിയെത്തിയ അംഗീകാരം നേട്ടമായത് അധികമാരും ശ്രദ്ധിക്കാതെ പോയ ഗോവൻ പ്രോ ലീഗ് താരങ്ങൾക്കു കൂടിയാണ്.എഫ് സി ഗോവ പോലും ഗോവൻ പ്രോ ലീഗ് താരങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. വരുന്ന സീസണിലേക്കായി സാൻസൺ പെരേര, ദേവേന്ദ്ര മുർഗായോങ്കർ തുടങ്ങിയ പ്രതിഭാശാലികളെ എഫ് സി ഗോവ ടീമിൽ എത്തിച്ചിട്ടുണ്ട്. ജെസ്സലിനെ പോലെ തന്നെ പ്രതിഭാശാലി എന്നു വിശേഷിപ്പിക്കാവുന്ന ജോർജ്ജ് ഡിസൂസയെ ഒഡീഷ എഫ് സിയും സ്വന്തമാക്കി.ജെസ്സലിനെ പോലെ തന്നെ സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് ആണ് ജോർജ്ജ് ഡിസൂസയും..
മികച്ച ശാരീരിക ക്ഷമത കൈമുതലായുള്ള ജെസ്സൽ ലോങ്ങ് റേഞ്ചറുകൾക്കു പേര് കേട്ട താരമാണ്.സെറ്റ്പീസുകളിലും വിദഗ്ദ്ധൻ ആണ് ജെസ്സൽ.
ബ്ലാസ്റ്റേഴ്സിലേക്ക് തന്റെ സഹ താരം ആയിരുന്ന കൃതികേഷ് ഗഡേക്കറിനെയും റൊണാൾഡോയെയും നിർദ്ദേശിച്ചതും ജെസ്സൽ തന്നെയായിരുന്നു.
വളർന്നു വരുന്ന ഒരുപാട് യുവ താരങ്ങൾക്കുള്ള ഒരു പാഠപുസ്തകം ആണ് ജെസ്സൽ. ഗുരുതര പരിക്കുകൾ വേട്ടയാടിയിട്ടും അർഹമായ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടും തന്നിലുള്ള വിശ്വാസം കൈവിടാതെ കഠിന പ്രയത്നത്തിലൂടെ തലയുയർത്തി നിൽക്കുന്ന ഈ അതുല്യ പ്രതിഭയ്ക്ക് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകളും തുറക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു..
“Age is just a number ”
അതു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.
പച്ചപ്പുൽത്തകിടിയിലെയും ജീവിതത്തിലെയും പോരാളി ആണ് ജെസ്സൽ 🔥
ജെസ്സലിനെ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരു ഗ്രാമവും ജെസ്സലിനൊപ്പമുണ്ട്. ജെസ്സൽ ജനിച്ചു വളർന്ന ഗ്രാമം.കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെയും ജെസ്സലിന്റെയും ഫ്ലെക്സ് ബോർഡുകൾ കൊണ്ടു നിറഞ്ഞ ഗോവയിലെ ഒരു ഗ്രാമം.
ഇനിയും ഒരുപാട് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ജെസ്സലിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
Jessel Carneiro
Facebook Comments