Interview with Ishfaq Ahmed – Manjappada

Interview with Ishfaq Ahmed
  • July 7, 2020
  • manjappada
  • Features
  • 0
  • 1660 Views

പുതിയ ഐ എസ് എൽ സീസൺ വരവായി അതിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് അസിറ്റന്റ് കോച്ചുമായി മഞ്ഞപ്പട സംസ്ഥാന അംഗങ്ങൾ സംസ്ഥാന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം.

 

ചോദ്യം: കശ്മീർ ഫുട്ബോളിന്റെ വളർച്ചയെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത് ?  നിരവധി കശ്മീരി പ്ലയെർസാണ് ഇപ്പോൾ  വ്യത്യസ്ത ക്ലബ്ബുകളിലായി കളിക്കുന്നത്, അതോടൊപ്പം തന്നെ  റിയൽ കശ്മീരിന്റെ വളർച്ച? റിസേർവ്  ടീമുകൾ ഉൾപ്പെടെയുള്ള  കേരള ബ്ലാസ്റ്റേഴ്സിലെ കശ്മീർ പ്ലയേഴ്‌സിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

കശ്മീരീസ് എപ്പോഴും ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ ഇഷ്ടപെടുന്നവരാണ്. നിങ്ങൾ അവിടേക്ക് പോയാൽ അത് മനസിലാവും, ഒരുപാട് ചെറിയ ഗ്രൗണ്ടുകളും പ്ലയെഴ്സുമുണ്ട് അവിടെ. പിന്നെ പ്ലയെർസിന്റെ ഒരു പ്ലസ് പോയിന്റ് എന്ന് പറഞ്ഞാൽ അവരുടെ ഫിസിക്കൽ സ്‌ട്രെങ്താണ്. അവർ എല്ലാവരും തന്നെ സ്പീഡി പ്ലയെർസ് ആണ്.ബ്ലാസ്റ്റേഴ്സിലും ഒരുപാട് നല്ല ടാലന്റഡ് ആയിട്ടുള്ള കശ്മീരി പ്ലയെർസ് ഉണ്ട്, ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ, 18 വയസ്സേ ഉള്ളു, പക്ഷേ അവരൊക്കെ ഭാവി വാഗ്ദാനങ്ങളാണ്. ബാസിത്ത്‌, ജുബൈർ ഇവർ എല്ലാം തന്നെ റിയൽ കശ്മീരിലൂടെ വളർന്ന പ്ലയെർസ് ആണ്. ഇപ്പോൾ തന്നെ u17ൽ  രണ്ട് കശ്മീരി പ്ലയെർസ് കളിക്കുന്നുണ്ട്. റിയൽ കശ്മീരിന്റെ വരവോടെ ഒരുപ്പാട് താരങ്ങൾക്ക് അവസരവും  ലഭിക്കുന്നുണ്ട്. ഭാവിയിൽ ഒരുപാട് ടാലന്റഡ് പ്ലയേഴ്‌സിനെ നമുക്ക് കാണാൻ സാധിക്കും.

ചോദ്യം: ജെസ്സൽ കാർനെറോയെ സ്കൗട്ട് ചെയ്തതിനെകുറിച്ചും,  തുടർന്ന് ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറിയതിനെക്കുറിച്ചും എന്താണ് പറയാനുള്ളത്?
കഴിഞ്ഞ സീസണലിൽ നമുക്ക്  ചില നല്ല ചെറുപ്പക്കാർ ഉണ്ടായിരുന്നു, ഈ സീസണിലും ഞങ്ങൾക്ക് അത്  കാണാൻ കഴിയുമോ?

ജെസ്സലിനെ എനിക്ക് പൂനെ FCയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ അറിയാമായിരുന്നു, അദ്ദേഹം അവിടെ എന്റെ ജൂനിയർ ആയിരുന്നു.പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹതിന്  ഇഞ്ചുറി സംഭവിച്ചു. പക്ഷേ ജെസ്സെലിൽ എനിക്ക് നല്ല പ്രതീക്ഷയും വിശ്വാസവും ഉണ്ടായിരുന്നു. പിന്നീട് ഡെംപോ FC യിലെ ജെസ്സലിന്റെ ഒരു കളി കാണാൻ സാധിച്ചു , അത് എന്നെ ശരിക്കും ഇമ്പ്രെസ്സ് ചെയ്തിരുന്നു. അങ്ങനെ ഞാൻ എന്റെ ബോസ്സ് ആയ നിഖിലിനോടും പ്രസാദിനോടും സിഇഒ വിരൻ ഡി സിൽവയോടും  സംസാരിച്ചു, എനിക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ കൊണ്ടുവരാം എന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇപ്പോൾ ജെസ്സലിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ജെസ്സെലിനു തന്റെ കഴിവ് പുറത്തെടുക്കാനും സാധിച്ചു. അതുപോലെ നമുക്ക് ഇത്തവണയും കേരളത്തിൽ നിന്ന് തന്നെ ഒരുപ്പാട് നല്ല ചില യങ് പ്ലയേഴ്‌സിനെ കാണാൻ സാധിക്കും. കെ പി രാഹുലൊക്കെ നല്ല കഴിവുള്ള ഒരു ഫാസ്റ്റ് പ്ലയെർ ആണ്. ഫിറ്റ്നസ് നിലനിർത്തിയാൽ  ഒരുപാട് നല്ല മാച്ചസ് അദ്ദേഹത്തിനു കളിക്കാൻ സാധിക്കും

ചോദ്യം: കഴിഞ്ഞ 10 വർഷത്തത്തെ  ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?  അതുപോലെ  10 വർഷത്തിനു ശേഷമുള്ള  ഇന്ത്യൻ ഫുട്ബോൾ എങ്ങനെയായിരിക്കുമെന്നാണ്  കരുതുന്നത്?  ഒരു കളിക്കാരനെന്ന നിലയിലും ഇപ്പോൾ ഒരു പരിശീലകനെന്ന നിലയിലും താങ്കൾ  കെബി‌എഫ്‌സിയുടെ ഭാഗമായിരുന്നു, കേരള ഫുട്‌ബോളിൽ താങ്കൾ  കണ്ട പുരോഗതി അല്ലെങ്കിൽ വളർച്ച എന്താണ്?

ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഇപ്പോൾ അവർ വളരെ വ്യത്യസ്തമായൊരു സ്റ്റൈലാണ് ഫോളോ ചെയുന്നത്, അതുപോലെ അഗ്രഷൻ ഫുട്ബോലാണ് കളിക്കുന്നത്, അവരുടെ ആ സ്റ്റൈൽ എനിക്ക് ഇഷ്ടവുമാണ്. പിന്നെ ചില പൊസിഷനുകളിൽ നമ്മൾ ഒരുപാട് സ്ട്രഗ്ഗിൽ ചെയുന്നുണ്ട്, കോച്ചിനു കുറച്ച് കൂടി പ്ലയേഴ്‌സ്  ചോയ്സ് ഉണ്ടാവണമെന്നാണ് ഞാൻ കരുതുന്നത്.
ബ്ലാസ്റ്റേഴ്‌സിനെ പറ്റി പറയുമ്പോൾ ഞാൻ എന്റെ ഐഎസ്എൽ ലെ കരിയർ ആരംഭിക്കുന്നത് തന്നെ ബ്ലാസ്റ്റേഴ്സിലൂടെയാണ്. രണ്ട് ഫൈനൽസും  കളിച്ചു, പക്ഷേ നിർഭാഗ്യം എന്നെ പറയാൻ സാധിക്കുകയുള്ളു. നമ്മുടെ ടീമിന് ഇപ്പോൾ വ്യക്തമായ ഒരു ഫിലോസഫിയുണ്ട് കഴിഞ്ഞ തവണ ഞാൻ ജംഷഡ്‌പൂരിൽ നിന്ന് ടീമിലേക്ക്  തിരിച്ചു എത്തിയപ്പോഴും ആ ഫിലോസഫി തന്നെയാണ്  എൽക്കോ പരിശീലിപ്പിച്ചത്, കാരണം ടീം ആവശ്യപെട്ടത് അതായിരുന്നു, “പൊസിഷൻ ബേസ്ഡ് ഫുട്ബോൾ” ആയിരുന്നു നമ്മൾ കളിച്ചിരുന്നത്.കേരളത്തിൽ ശരിക്കും നല്ല ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ സെവൻസ് ഫുട്ബോൾ കേരളത്തിൽ  അത്രമേൽ ഇമ്പാക്ട് ഉണ്ടാകുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക പ്ലയേഴ്‌സിനും സെവെൻസിൽ കളിച്ച പരിചയസമ്പത്തുള്ളവരാണ്. അത് ശരിക്കുമൊരു “പ്ലയെർ മേക്കിങ് മെഷീൻ” ആണ്. ആ മെഷീനിലൂടെ വീണ്ടും പ്ലയെർസ് വരട്ടെ എന്ന് തന്നെയാണ് എന്റെ ആഗ്രഹം.

ചോദ്യം: കെ‌ബി‌എഫ്‌സിയുടെ റിസർവ് ടീമിന്റെയും  യൂത്ത് ടീമുകളെയും കുറിച്ചുള്ള  അഭിപ്രായം എന്താണ്?  ഭാവിയിൽ ദേശീയ ടീമിനുള്ള അവരുടെ സംഭാവന എത്രത്തോളം ഉണ്ടാവും?

റിസേർവ് ടീമിനെ സംബന്ധിച്ചടത്തോളം വളരെ നല്ല കാര്യങ്ങളാണ് നടക്കുന്നത്, യൂത്ത് ഡെവലപ്പ്മെന്റ് ഹെഡായിട്ടുള്ള റഫീഖ് നല്ല പരിചയസമ്പത്തുള്ള ആളാണ്, അതുപോലെ തന്നെ നമ്മുടെ ടെക്നിക്കൽ ഡയറക്ടർ മറിയോ, അദ്ദേഹവും എക്സ്പീരിയൻസ് ഉള്ള ആളാണ്. ഇവർ രണ്ട് പേരും ഒരു യൂത്ത് ടീം എങ്ങനെയാവണം എന്ന് വ്യക്തമായ ധാരണയുള്ളവരാണ്. അതുകൊണ്ട് തന്നെ നല്ല ഒരു യൂത്ത് സിസ്റ്റമാണ് അവിടെ ഫോളോ ചെയ്തു വരുന്നത്. പ്രേത്യകമായി ഒരു ഫോറിൻ ടെക്നിക്കൽ ഡയറക്ടറിനെ ഒക്കെ റിസേർവ് ടീമിന് വേണ്ടി സൈൻ ചെയുന്ന മാനജ്മെന്റുകൾ കുറവാണ്. ടീമിന്റെ ഉദ്ദേശം തന്നെ നല്ല ഒരു യൂത്ത് സ്‌ക്വാഡ് ഉണ്ടാകുക എന്നതാണ്. നമ്മുടെ റിസേർവ് ടീമിൽ കളിക്കുന്ന ചില പ്ലയെർസ് ഇന്ത്യൻ ആരൗസിനു വേണ്ടിയും കളിക്കുന്നുണ്ട്.

ചോദ്യം: വരുന്ന സീസണിലെ താങ്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? കിബു വികുനയെക്കുറിച്ചും അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചും എന്താണ് തോന്നുന്നത്? നമ്മുടെ ഹെഡ് കോച്ചിന്റെ പ്രത്യേകത എന്താണ്?

നമ്മുടെ ഹെഡ് കോച്ച് വളരെ എക്സ്പീരിയൻസുള്ള ആളാണ്. ഇന്ത്യയിലും യൂറോപ്പിലും പ്രവർത്തിച്ച പരിചയവുമുണ്ട്.മോഹൻ ബഗാനിൽ അദ്ദേഹം എന്താണ് ചെയ്തത് എന്ന് നമുക്ക് അറിയാം. മാത്രമല്ല അദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ കൂടിയാണ്. എന്റെ പ്രതീക്ഷയെ പറ്റി പറയുകയാണെങ്കിൽ മത്സരങ്ങൾ മേൽകോയ്മ നേടുക  എന്നുതന്നെയാണ്, അതിലൂടെ മാക്സിമം വിൻസും ലീഗും സ്വന്തമാക്കുക.

ചോദ്യം: കഴിഞ്ഞ സീസണിൽ ചെറിയ പിശകുകൾ കാരണം  നമുക്ക്  കുറച്ച് മത്സരങ്ങൾ നഷ്ടമായിരുന്നു. ചില തെറ്റുകൾ ഒകെ ഒഴിവാക്കാൻ പറ്റുന്നതുമായിരുന്നു,  കഴിഞ്ഞ സീസണിനും ഈ സീസണിനുമുള്ള കോച്ചിംഗ് ടീമിന്റെ ഭാഗമായി നിൽക്കുന്ന താങ്കൾ ആ വെല്ലുവിളികളെ എങ്ങനെയാണ് അതിജീവിക്കാൻ പോകുന്നത്?

അതെ കഴിഞ്ഞ സീസണിൽ നമുക്ക് കുറച്ച് ബേസിക് തെറ്റുകൾ സംഭവിച്ചിരുന്നു. അത് നമ്മൾ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഫുട്ബോളിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം എന്നത് കഠിനാധ്വാനം ചെയ്യുക, ആ പോരായ്മകൾ പരിഹരിക്കുക എന്നതാണ്.ഞങ്ങൽ ഇപ്പോൾ ചെയ്യുന്നതും അത് തന്നെയാണ്. കഴിഞ്ഞ സീസണിൽ സംഭവിച്ച തെറ്റുകൾ കാരണം നമുക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട പോയ്ന്റ്സുകളാണ്. അത് ഞങ്ങളിനി ആവർത്തിക്കില്ല എന്ന് തന്നെയാണ് പറയാനുള്ളത്.

ചോദ്യം: ഐഎസ്എലിൽ പുതിയ നിയമങ്ങൾ  വരുന്നതിലൂടെ റിസർവ് ടീം പ്ലെയ്സിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമോ? അവർക്കും സീനിയർ ടീമിന്റെ ഭാഗമാകാൻ കഴിയുമോ?

എന്നെ സംബന്ധിച്ചടത്തോളം ഞാൻ എപ്പോഴും യങ്  പ്ലയേഴ്‌സിനെ ടീമിലെത്തിക്കണമെന്ന് ആഗ്രഹമുള്ള ആളാണ്, നമ്മുടെ റിസേർവ് ടീമിൽ ഒരുപാട് നല്ല പ്ലയെർസുണ്ട്, 16, 17ഉം ഒകെ വയസുള്ളവർ, അവരെ നമ്മുടെ സീനിയർ ടീമിന്റെ ഒപ്പം പരിശീലനം നൽകാനുള്ള അവസരമുണ്ടാകും, അവർക്ക് നമ്മുടെ കോച്ചിനെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയാൽ സീനിയർ ടീമിൽ ഇടം ലഭിക്കുകയും ചെയ്യും

ചോദ്യം: ടീമിനെ സംബന്ധിച്ച മുഴുവൻ തീരുമാനവും താങ്കളാണ് എടുത്തുക്കുന്നതെങ്കിൽ, സന്ദേശ് ജിങ്കനെ റീപ്ലേസ്‌ ചെയ്യാൻ പറ്റുന്ന ഇന്ത്യൻ അല്ലെങ്കിൽ വിദേശി താരമായി ആരാണുള്ളത്?   അതുപോലെ ആ സ്പേസിലേക്ക് ഏത് ഇന്ത്യൻ പ്ലയെരിനെ എടുക്കാന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നത്?

ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു, ചില പൊസിഷനുകളിൽ നമ്മുടെ ദേശീയ ടീം, സ്ട്രഗിൽ ചെയുന്നുണ്ട്, പ്രേത്യേകിച്ചും സെന്റർ ബാക്ക് പൊസിഷൻ, വ്യക്തിപരമായി പറയുകയാണെങ്കിൽ ജിങ്കനെ റീപ്ലേസ്‌ ചെയ്യാൻ വേറെയൊരു ഇന്ത്യൻ താരമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അനസ് നല്ല ഒരു ഓപ്ഷൻ ആണ്, പക്ഷേ അവിടെയും പ്രശ്നം ഇഞ്ചുറി തന്നെയാണ്. പിന്നെ പറയുകയാണെങ്കിൽ ഹക്കു നല്ല ഒരു പ്ലയെർ ആണ്, കഴിഞ്ഞ സീസണിലെ ജംഷഡ്‌പൂരിലെ റെഡ് കാർഡ് മാറ്റി നിർത്തിയാൽ നല്ല ഗെയിയാണ് ഹക്കു കളിച്ചത്, അദ്ദേഹം ടീമിന്റെ ഭാവി തന്നെയാണ്.

ചോദ്യം: കേരളത്തിന് വലിയ ഒരുകൂട്ടം ആരാധകരുണ്ട്,അവരുടെ ടീമിൽ ഒരുപാട്  പ്രതീക്ഷകളുമുണ്ട് ,  ഈ പ്രതീക്ഷകൾ  എങ്ങനെയാണ് ടീം  നിറവേറ്റുക?  കേരളത്തിലുള്ള പ്ലയേഴ്‌സിന്  ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാകുന്നുണ്ടോ?

ശരിക്കും പറയുകനാണെങ്കിൽ എല്ലാ പ്ലയേഴ്‌സിന്റെയും ആഗ്രഹതന്നെയാണ് വലിയ കൂട്ടത്തിനു മുമ്പിൽ കളിക്കുക എന്നത്, അത് മികച്ച കാര്യമാണ്.പിന്നെ സമ്മർദ്ദം എന്നത് എപ്പോഴും ഫുട്ബോളിന്റെ ഭാഗമാണ്, ഏതു സമ്മർദ്ദത്തിലും നന്നായി കളിക്കുകതന്നെയാണ് വേണ്ടത്. അതുപോലെ  ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചടത്തോളം രണ്ട് തരം ഫാൻസാണുള്ളത് ഒന്ന് സൂപ്പർഫിസ്യൽ ഫാൻസും രണ്ടാമത്തെ റിയൽ ഫാൻസും, ആ യഥാർത്ഥ ഫാൻസ്‌ കൂട്ടായ്മയാണ്  മഞ്ഞപ്പട, അവർ  ടീമിന്റെ ജയമോ തോൽവിയോ നോക്കാതെയാണ് മാച്ചസ് കാണാൻ സ്റ്റേഡിയത്തിൽ വരുന്നത്.

ചോദ്യം: എന്തൊക്കെയാണ് ഗ്രാസ് റൂട്ട് ലെവൽ പ്രോഗ്രാമുകൾ? ഒപ്പം സ്കൗട്ടിംങിനും  അക്കാദമികുമായി എന്തെങ്കിലും പ്രത്യേക പ്ലാൻസ് ഉണ്ടോ? പ്രാദേശിക കളിക്കാരെ സ്കൗട്ട് ചെയ്യാൻ വേണ്ടി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടോ? 

അതെ നമ്മൾ സ്കൗട്ടിംഗിനു വേണ്ടി പ്രേത്യകമായി പ്ലാൻസ് ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ അത് വിശദമാക്കാൻ കഴിയില്ല. കേരളത്തിലെ ലോക്കൽ പ്ലയേഴ്‌സിനെ സ്കൗട്ട് ചെയ്യാനും നമ്മൾ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ഗ്രാസ് റൂട്ട് പ്രോഗ്രാംസ് വളരെ  നന്നായി കൈകാര്യം ചെയ്തിരുന്നു. ഇത്തവണ അത് കുറച്ച് കൂടി വലിയ രീതിയിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ചോദ്യം : ഒരു കളിക്കാരന്റെ റോളിൽ  നിന്നും ഇപ്പോൾ പരിശീലകന്റെ റോളിലേക്ക് , ഈ യാത്രയിൽ താങ്കൾ  നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്? ആദ്യത്തെ സീസൺ  മുതൽ ഇന്നത്തെ സീസൺ വരെയുള്ള ടീമിന്റെ വളർച്ചയെ കുറിച്ചൊന്ന്  വിശദീകരിക്കാമോ?

ഒരു പ്ലയെറായി നിൽക്കുമ്പോൾ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണ്, നമ്മൾ ട്രയിൻ ചെയ്യുക,കഠിനാധ്വാനം ചെയ്യുക, നമ്മുടെ ഫിറ്റ്നസ് നിലനിർത്തുക്ക, അതൊക്കെയാണ്.പക്ഷേ കോച്ച് ആകുമ്പോൾ നമുക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാവും, പ്ലയേഴ്‌സിനെ മോട്ടിവേറ്റ് ചെയ്യണം, ഇഞ്ചുറിയുള്ള പ്ലയേഴ്‌സിനെ ശ്രദ്ധിക്കണം, ടെക്നിക്കൽ, നോൺ-ടെക്നിക്കൽ, മെഡിക്കൽ ടീം അങ്ങനെ എല്ലാ ഏരിയകളും ശ്രദ്ധിക്കണം. പിന്നെ ഒന്നാമത്തെ സീസൺ തൊട്ട് പറയുകയാണെങ്കിൽ, ടീമിന് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, ഇപ്പോൾ ടീമിന് വ്യക്തമായ ഒരു ഫിലോസഫിയുണ്ട്. നമ്മൾ ഇപ്പോൾ ഞാൻ നേരത്തെ പറഞ്ഞ പോലെ പൊസിഷൻ ബേസ്ഡ് ഫുട്ബോളാണ് കളിക്കുന്നത്, ആ ശൈലിയിൽ കളിക്കാൻ പറ്റുന്നവരെയാണ് ടീം സ്കൗട്ട് ചെയുന്നത്.

ചോദ്യം : കൊറോണ മൂലമുണ്ടായ ഈ പ്രതിസന്ധി നമ്മുടെ സീസണിനെയും, പ്രീ സീസണെയും പ്ലയെർ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള  പ്രവർത്തനങ്ങളെ എത്രത്തോളം ബാധിക്കും? അതോടൊപ്പം തന്നെ ഫാൻസിന്റെ എൻഗേജ്മെന്റ് എത്രത്തോളം ബാധിക്കുമെന്നാണ് താങ്കൾ കരുതുന്നത്?

ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നു പോകുന്നത്, ഒപ്പം ബ്ലാസ്റ്റേഴ്സും,  എല്ലാ ഡിസ്കഷനും  നടക്കുന്നത് ഫോണിലൂടെയും വീഡിയോ ചാറ്റ്സിലൂടെയുമാണ്. പക്ഷേ ഇതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയിലാല്ലോ, ഫുട്ബോളിൽ പ്ലാനിങ് ഒരു പ്രധാനപ്പെട്ട കാര്യമാണ്, നിർഭാഗ്യവശാൽ  ഇപ്പോൾ നമ്മുക്ക് ഒന്നിനും കഴിയുന്നില്ല, സീസണും, പ്രീ-സീസണുമൊക്കെ എപ്പോൾ തുടങ്ങാനാവുമെന്നതിൽ  ഒരു വ്യക്തതയുമില്ല.പക്ഷേ ഇത് നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നതലാല്ലോ, ലോകത്തിൽ മൊത്തത്തിലുള്ള ഈ സ്ഥിതി, രോഗവ്യാപനം മാറാൻ വേണ്ടി പ്രാർത്ഥിക്കാം

ചോദ്യം : കഴിഞ്ഞ 6 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിലയിരുത്തിയാൽ ഓരോ സീസണിലും മിക്ക കളിക്കാരും മാറി കൊണ്ടിരിക്കുകയാണ്. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്?

സത്യത്തിൽ ആ ഒരു രീതിയോട് എനിക്ക് യോജിപ്പില്ല, പക്ഷേ ചില സമയങ്ങളിൽ പ്ലയേഴ്‌സിന് ടീമിൽ തുടരാൻ താല്പര്യമുണ്ടാവാറില്ല, അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ബഡ്ജറ്റുമായി ഒത്തുപോവാറില്ല, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്, പക്ഷേ വരും സീസണിൽ ആ രീതി തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.കാരണം എന്തൊരു ടീമിന്റെയും വിജയം എന്നത് ടീമിലെ കൺസിസ്ടെൻസി തന്നെ ആണ്.

ചോദ്യം: നല്ല  ഇന്ത്യൻ സ്‌ട്രൈക്കർമാരുടെ കുറവ് നമുക്കുണ്ട്, ദേശീയ ടീമിന്റെയും അവസ്ഥ അത് തന്നെയാണ്, അതുകൊണ്ട് തന്നെ ആ പൊസിഷനിലേക്കുള്ള പ്ലയേഴ്‌സിനെ വളർത്തിയെടുക്കുവാൻ വേണ്ടി  എന്തെങ്കിലും  പദ്ധതികൾ ഉണ്ടോ?  ഇതിനെക്കുറിച്ചുള്ള താങ്കളുടെ   കാഴ്ച്ചപ്പാടെന്താണ്?

നമുക്ക് കുറച്ച് യങ് പ്ലയെർസുണ്ട്, അവർ സ്വയം കഴിവ് തെളിയിക്കുമെന്നാണ് എന്റെ വിശ്വാസം. താങ്കൾ പറഞ്ഞ പോലെ ഇത് ബ്ലാസ്റ്റേഴ്സിന്റെ മാത്രം പ്രശ്നമില്ല, ദേശീയ ടീമിനും ഇതേ പ്രതിസന്ധിയുണ്ട്.സുനിൽ ചേത്രിയ്ക്ക് ശേഷം കൃത്യമായ ഒരു സ്ട്രൈക്കർ ദേശീയ ടീമിലുമില്ല, അപ്പോൾ ഇതിൽ ഫെഡറേഷൻ എന്തെങ്കിലും ചെയ്തേ മതിയാവുള്ളു. അങ്ങനെ ഒരു സ്ട്രൈക്കറിനെ നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്.

ചോദ്യം: അടുത്തത് വ്യക്തിപരമായ ഒരു ചോദ്യമാണ് , നമ്മുടെ രാജ്യത്തിൽ ഇപ്പോഴും ഫുട്ബാളിനെക്കാൾ പ്രാധാന്യം  ക്രിക്കറ്റിനാണ്, അപ്പോൾ താങ്കൾ എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ടാണ്  ഫുട്ബോൾ കരിയറായി തിരഞ്ഞെടുത്തത്?

ഞാൻ എന്റെ കരിയർ തുടങ്ങിയത് ക്രിക്കറ്റിലൂടെയാണ്, പക്ഷേ അതെ സമയം തന്നെ ഞാൻ ഫുട്ബോളും കളിക്കുമായിരുന്നു. സിംപിളായി പറയുകയാണെങ്കിൽ ഞാൻ ഈ ഗെയിമുമായി ഇഷ്ടത്തിലാവുക്കയായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞാൻ ഒരു ഫുട്ബോളർ ആകുമെന്ന്, ഗെയിമിനോടുള്ള തികഞ്ഞ സ്നേഹമാണ് എന്നെ ഒരു ഫുട്ബോളർ ആക്കിയത്.

ചോദ്യം: താങ്കൾ  കെ‌ബി‌എഫ്‌സിയുമായി പുതിയ 3 വർഷത്തെ കരാറിൽ എത്തിയല്ലോ , ക്ലബ്ബിൽ എന്തെല്ലാം മാറ്റങ്ങൾ   കൊണ്ടുവരാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?

“സ്ഥിരത”, അതിൽ തന്നെയാണ് ഞാൻ പ്രാധാന്യം നൽകുന്നത്, അതേസമയം ടോപ് ഇന്ത്യൻ പ്ലയെർസിനെ നിലനിർത്താനും, അതൊരു സീസണ് വേണ്ടി മാത്രമല്ല, മിനിമം 5 വർഷമെങ്കിലും എന്നാൽ മാത്രമേ അവർക്ക് തമ്മിൽ ഒരു ധാരണ ഉണ്ടാവുകയുള്ളു, എന്നാൽ മാത്രമേ ഒത്തിണക്കത്തോടെയുള്ള കളി കാണാൻ സാധിക്കുകയുള്ളു. അതുപോലെ അടുത്തത്  ഫാൻസ്‌ എൻഗേജ്മെന്റ് ആണ്, ഫാൻസ്‌ റിയാലിറ്റി മനസിലാക്കണം, ഒരു ടീമിന്റെ അണിയറയിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം, ഓരോ ടീമും വളരെ കഷ്ടപ്പെട്ടാണ് ബിൽഡ് ചെയുന്നത്, ആ സമയങ്ങളിൽ ഈ പ്ലയെരിനെ കൊണ്ടു വന്നുകൂടെ, ആ പ്ലയെർ ആയിരുന്നു കുറച്ച് കൂടി നല്ല ഓപ്ഷൻ എന്ന് പറയാതിരിക്കാൻ ശ്രമിക്കണം.ടീമിന് ശ്രദ്ധിക്കാൻ പല കാര്യങ്ങൾ ഉണ്ടാകും, ചിലപ്പോൾ നമ്മുടെ ബഡ്ജറ്റ് ഓക്കെ ആവണമെന്നില്ല, ചിലപ്പോൾ നമ്മളുടെ സ്റ്റൈലുമായി ഒത്തുപോവണമെന്നില്ല. അപ്പോൾ എന്നെ സംബന്ധിച്ചടത്തോളം ഫാൻസുമായുള്ള ഇന്റെറാക്ഷൻസ് ഉണ്ടാവണമെന്നാണ് ആഗ്രഹം.

ചോദ്യം: AIFF, AFC ക്ലബ് ലൈസൻസിംഗ് നേടുന്നതിനുള്ള പദ്ധതികൾ എന്തൊക്കെയാണ്? എ‌എഫ്‌സി മത്സരങ്ങൾക്ക് ടീമിനെ സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള താങ്കളുടെ  ചിന്തകൾ എന്താണ്?

ഇപ്പോഴത്തെ ഒരു സ്ഥിതി എന്ന് പറയുന്നത്, നമ്മുടെ മാനേജ്മെന്റിന് ഒരുപാട് വലിയ പദ്ധതികളാണുളളത്,  നിങ്ങൾ പ്രസാദിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ടാവും, അദ്ദേഹത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം വേണമെന്ന്  ആഗ്രഹമുണ്ട്.  ഇപ്പോൾ  ക്ലബ്‌  കുറച്ച് വലിയ പ്രോജക്ടസിൽ ഏർപ്പെട്ടിട്ടുണ്ട്. നമ്മൾ എഎഫ്‌സി മത്സരങ്ങൾക്ക് എത്രയും പെട്ടെന്ന്  തന്നെ സജ്ജമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോദ്യം: ഒരു സ്പോർട്സ് ഡയറക്ടറെ നിയമിച്ചതിലൂടെ കെ‌ബി‌എഫ്‌സി ഇന്ത്യൻ  ഫുട്‌ബോളിൽ  വിപ്ലവകരമായ ഒരു  ആശയമാണ് അവതരിപ്പിച്ചത്, ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?  ഇത് എത്രത്തോളം ബ്ലാസ്റ്റേഴ്സിനെ  സ്വാധീനിക്കുമെന്നാണ്  തോന്നുന്നത്?

അതെ ഇത് വളരെ നല്ലൊരു കാര്യമാണ്. നമുക്ക് ഇവിടെ യൂത്ത് ടീമിന് വേണ്ടി പ്രത്യേകം ടെക്നിക്കൽ ഡയറക്ടറാണുള്ളത്, സാധാരണ സീനിയർ ടീമിനും യൂത്ത് ടീമിനും കൂടി ഒരാളാണ് ഉണ്ടാവാറുള്ളത്, അങ്ങനെ ഉള്ളപ്പോൾ അവർക്ക് സമ്മർദ്ദം കൂടുതലായിരിക്കും, സീനിയർ ടീമിനെ ശ്രദ്ധിക്കാനെ സാധിക്കുകയുള്ളു. പക്ഷേ നമ്മൾ ആ പ്രതിസന്ധി നേരിടുന്നില്ല. ഭാവിയിൽ ഒരുപാട് ക്ലബ്സ് ഈ രീതി പിന്തുടരുമെന്നാണ് ഞാൻ കരുതുന്നത്.

ചോദ്യം: ഇന്ത്യ ഒരു ഫുട്ബോൾ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്,  ക്ലബ്ബുകളിലുടനീളം  ഊർജ്ജസ്വലരായ ആരാധകരെയാണ് നമ്മൾ കാണുന്നത്. ഇന്ത്യയിലെ ഫാൻ ക്ലബ് കൾച്ചറിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

തീർച്ചയായും, ഇത്തരത്തിലുള്ള ഫാൻ കൾച്ചർ വളരുന്നത് ഇന്ത്യൻ ഫുട്ബോളിന് വളരെ നല്ലതാണ്.ഫാൻസ്‌ എൻഗേജ്മെന്റ് കൂടുന്നത് പോസ്റ്റിവായിട്ടുള്ള ഒരു ലക്ഷണമാണ്. ട്രാവെല്ലിങ്‌ ഫാൻസിന്റെ എണ്ണവും കൂടുകയാണ്, മഞ്ഞപ്പടയും ഞങ്ങളുടെ ഒപ്പം ഞങ്ങൾ കളിക്കുന്ന സ്ഥലത്ത് എത്തുന്നുണ്ടല്ലോ, അതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.

ചോദ്യം: അവസാനമായി, മഞ്ഞപ്പടയോട് താങ്കൾക്ക്‌ എന്താണ് പറയാനുള്ളത്? മഞ്ഞപ്പടയുടെ ആക്ടിവിറ്റീസ് മികച്ചതാകാനുള്ള താങ്കളുടെ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?  ഞങ്ങളിൽ നിന്ന് എന്താണ് ടീം പ്രതീക്ഷിക്കുന്നത്?

മഞ്ഞപ്പട മികച്ച ഒരു ഫാൻ ഗ്രൂപ്പാണ്, ഞാൻ ഇതെന്റെ മുന്നത്തെ ഇന്റർവ്യൂസിലും പറഞ്ഞിരുന്നു,നിങ്ങൾ തന്നെയാണ് ടീമിന്റെ യഥാർത്ഥ ഫാൻസ്‌, കാരണം മറ്റൊന്നുമല്ല, ടീം ജയിച്ചാലും തോറ്റാലും എന്നും ടീമിന്റെ ഒപ്പം നില്കുന്നവരാണ് മഞ്ഞപ്പട. നമ്മൾ എല്ലാവരും ഒരു കുടുംബം പോലെയാണ്, നമ്മുക്ക് പ്രാർത്ഥിക്കാം, നമ്മുക്ക് ഒരുമിച്ച് തന്നെ ഐഎസ്എൽ ന്റെ ടൈറ്റിലും നേടാം.

Translated by: Sangeetha S

Facebook Comments

error: Content is protected !!