#futurestars – സയിദ് ബിൻ വലീദ് 🔴⚫️

  • April 30, 2020
  • manjappada
  • Fans Blog
  • 0
  • 4051 Views

കോഴിക്കോട് സ്വദേശി. അറ്റാക്കിങ് മിഡ്ഫീൽഡർ. 18 വയസ്സ് മാത്രം പ്രായം.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ യുവ പ്രതിഭ.

ദുബൈയിൽ ജനിച്ചു വളർന്ന സയിദിലെ ഫുട്ബോൾ പ്രതിഭയെ കണ്ടെത്തിയത് സയിദിന്റെ പിതാവ് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് സയിദിന്റെ കരിയറിൽ താങ്ങായി നിന്നതും അദ്ദേഹം തന്നെയായിരുന്നു.
തന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ അദ്ദേഹം ആദ്യം സയിദിനെ യു എ ഇയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്കൂളിൽ ചേർത്തു.സയീദിനെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അക്കാഡമി. അതിനു ശേഷം യു എ ഇയിലെ തന്നെ മാഞ്ചെസ്റ്റർ യുണൈറ്റഡ് അക്കാദമിയിലേക്ക് സയിദ് മാറി. അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ തന്നെ ഡെവലപ്മെന്റൽ സ്‌ക്വാഡിൽ ഇടം നേടി. പിന്നീട് അൽ ഇത്തിഹാദ് സ്പോർട്സ് അക്കാഡമിയിൽ എത്തി. അവിടെ സയിദിന്റെ സീനിയർ ആയിരുന്നു സഹൽ അബ്ദുൽ സമദ്. സയിദിന്റെ പിതാവിന്റെ ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശം സയിദിനെ പിന്നീട് യു എ ഇയിലെ തന്നെ ഡു ലാലിഗ ഹൈ പെർഫോമൻസ് സെന്ററിൽ എത്തിച്ചു. ലാലീഗയുടെ അന്താരാഷ്ട്ര തലത്തിൽ ഉള്ള ഒരു സംരംഭമാണ് ഡു ലാലിഗ ഹൈ പെർഫോമൻസ് സെന്റർ.
പന്ത്രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ് സയിദ് ഒരു ഫുട്ബോൾ ഏജൻസിയുമായി ആദ്യമായി കരാറിൽ എത്തുന്നത്.ജാംഷെഡ്പൂർ എഫ് സി, ഇന്ത്യൻ ആരോസ് തുടങ്ങിയ ഒട്ടേറെ ക്ലബുകൾക്ക് സയിദിനെ ടീമിൽ എത്തിക്കാൻ താല്പര്യം ഉണ്ടായിരുന്നു.എന്നാൽ ലോക പ്രശസ്ത പ്ലയെർ റിക്രൂട്ടിങ് ഏജൻസിയായ ബൽജിത് സിങ് റിഹാലിന്റെ നേതൃത്വത്തിൽ ഉള്ള ഇൻവെന്റീവ് സ്പോർട്സിന്റെ കേരള താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതല വഹിക്കുന്ന കാസർഗോഡുകാരൻ ഷക്കീൽ അബ്ദുള്ളയാണ് സയിദിനെ ഇന്ത്യയിൽ എത്തിക്കുന്നതും കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്താൻ സഹായിക്കുന്നതും.സയിദിനും താല്പര്യം ബ്ലാസ്റ്റേഴ്സിനോട് തന്നെയായിരുന്നു.സഹലിനെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചതും ഇതേ ഷക്കീൽ അബ്ദുള്ള തന്നെയായിരുന്നു.

പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സയിദ് ബിൻ വലീദ് എന്തു കൊണ്ടു ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് വരുന്നില്ല??

” Wonder kid” എന്ന വിശേഷണത്തിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ എത്തിയ സയിദ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നതാണ് സത്യം.നിരവധി അവസരങ്ങൾ സയിദിന് ലഭിച്ചു.സയിദ് പ്രതിഭാശാലിയാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.പ്രതിഭയുടെ മിന്നലാട്ടങ്ങൾ പലപ്പോഴും കണ്ടിട്ടുമുണ്ട്.പക്ഷെ ഒരുപാട് പോരായ്മകൾ സയിദിന് പരിഹരിക്കേണ്ടതായിട്ടുണ്ട്.പലപ്പോഴും ഈസിയായി ഡിസ്പൊസ്സസ് ചെയ്യപ്പെടുന്നു.ചില സമയങ്ങളിൽ അലസ മനോഭാവത്തോടെ കളിക്കളത്തിൽ കാണപ്പെടുന്നു.തുടങ്ങി വെക്കുന്ന നീക്കങ്ങൾക്ക് ഔട്ട്പുട്ട് ലഭിക്കുമ്പോഴാണ് ഒരു ഫുട്ബോളർ പൂർണ്ണതയിലെത്തുന്നത്.
സയിദിന് 18 വയസ്സ് മാത്രമാണ്.പോരായ്മകൾ പരിഹരിക്കാൻ സയിദിന് മുന്നിൽ ധാരാളം സമയമുണ്ട്.
വരുന്ന സീസണിൽ ഇന്ത്യൻ ആരോസ് ആണ് സയിദിന്റെ ലക്ഷ്യം.അതിലൂടെ ഇന്ത്യൻ ദേശീയ യൂത്ത് ടീമുകളിലേക്കുള്ള പ്രവേശനവും സയിദ് ലക്ഷ്യമിടുന്നു.ഇന്ത്യൻ ആരോസിൽ എത്തി ഐ ലീഗിൽ വിദേശ താരങ്ങൾ ഉൾപ്പെട്ട ടീമുകൾക്കെതിരെയുള്ള മത്സര പരിചയവും ഗെയിം ടൈമും എല്ലാം സയിദ് എന്ന ഫുട്ബോളറുടെ പോരായ്മകൾ പരിഹരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്നും പിന്നീട് ബ്ലാസ്റ്റേഴ്സിനും അതു ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു…

Facebook Comments