#FutureStars – അബ്ദുൾ റബീഹ് എ. കെ. 💛

  • April 17, 2020
  • manjappada
  • Fans Blog
  • 0
  • 3245 Views

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് സ്‌ക്വാഡിലെ റൈറ്റ് വിങ് ബാക്ക്.
മലപ്പുറം സ്വദേശി. 19 വയസ്സ് മാത്രം പ്രായം.

നിരവധി പ്രതിഭകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകിയ മലപ്പുറം എം എസ് പി സ്പോർട്സ് ഹോസ്റ്റലിന്റെ പ്രോഡക്റ്റ് ആണ് അബ്ദുൾ റബീഹ്.
പ്രതിഭാധനനായ യുവ താരം.പ്രതിരോധത്തിൽ മാത്രം അല്ല വിങ്ങിലൂടെ മിന്നൽ വേഗത്തിൽ ഓവർലാപ്പ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും കഴിവുള്ള താരം കൂടി ആണ് അബ്ദുൾ റബീഹ്.

എം എസ് പിയിൽ നിന്നും ഫുട്ബാളിന്റെ ബാല പാഠങ്ങൾ മനസ്സിലാക്കിയ അബ്ദുൾ റബീഹിന്റെ ഫുട്ബോൾ കരിയറിനു തുടക്കമാകുന്നതു എം എസ് പിയുടെ തന്നെ അണ്ടർ -15 ടീമിലൂടെയായിരുന്നു.തുടർന്നു 2 വർഷത്തോളം റബീഹ് എം എസ് പിക്കായി പന്തു തട്ടി.ഈ കാലഘട്ടത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായി റബീഹ് മാറി.
അന്നു ഐ ലീഗ് ടീം ആയിരുന്ന ബെംഗളൂരു എഫ് സി അഖിലേന്ത്യാ തലത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഒരു ടാലന്റ് ഹണ്ട് നടത്തി.കോഴിക്കോടും കൊച്ചിയിലും ആയിരുന്നു ക്യാമ്പ്.ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കൗമാര പ്രതിഭകൾക്ക് വിദേശ പരിശീലകരുടെ കീഴിൽ വിദഗ്ദ്ധ പരിശീലനവും ക്ലാസ്സുകളും ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വാഗ്ദാനം.അങ്ങനെ ആ ടാലന്റ് ഹണ്ടിൽ പങ്കെടുത്തു മലപ്പുറം എം എസ് പിയിൽ നിന്നും 6 താരങ്ങൾക്ക് ബെംഗളൂരു എഫ് സി അക്കാഡമിയിലെക്ക് പ്രവേശനം ലഭിച്ചു.അതിൽ ഒരാളായി അബ്ദുൾ റബീഹും ഉണ്ടായിരുന്നു.ഒരു വർഷത്തേക്കായിരുന്നു പ്രവേശനം.അണ്ടർ -14 വിഭാഗത്തിലേക്കായിരുന്നു റബീഹ് ഉൾപ്പടെയുള്ളവരെ തിരഞ്ഞെടുത്തത്.ബെംഗളൂരു എഫ് സി പരിശീലന ക്യാമ്പിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ അണ്ടർ -16 ടീമിലേക്ക് റബീഹിനു പ്രവേശനം കിട്ടി.2 വർഷം ബെംഗളൂരു എഫ് സിയിൽ തുടർന്ന റബീഹ് വീണ്ടും എം എസ് പിയിൽ തിരിച്ചെത്തി.റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് നാഷണൽ ചാംപ്യൻഷിപ്പിൽ മലപ്പുറം എം എസ് പി ഫൈനൽ കളിച്ചതിനു പുറകിൽ അബ്ദുൾ റബീഹിന്റെ തകർപ്പൻ പ്രകടനവും തുണയായിരുന്നു.
എം എസ് പിയിൽ റബീഹിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകൻ ആയിരുന്നു MSP യുടെ പരിശീലകൻ ബിനോയ്‌.അബ്ദുൾ റബീഹ് ഏറ്റവും ഇഷ്ടപെടുന്ന പരിശീലകൻ കൂടിയാണ് ബിനോയ്‌.
2 വർഷം കൂടി എം എസ് പിയിൽ കളിച്ചതിനു ശേഷം 2019-ൽ ആണ് റബീഹ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ എത്തുന്നത്.കേരള പ്രീമിയർ ലീഗിൽ ഉൾപ്പടെ സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരമാണ് റബീഹ്.ടാക്ലിങ്ങിലും ഇന്റർസെപ്‌ഷനിലും ബോൾ ക്ലീയറൻസിലും എല്ലാം മുന്നിൽ തന്നെ ഉണ്ടായിരുന്ന റബീഹ് ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും തന്റേതായ പങ്കു വഹിച്ചു.
കഠിനാധ്വാനറിയായ താരം കൂടിയാണ് റബീഹ്.മത്സരത്തിന്റെ മുഴുവൻ സമയങ്ങളിലും വിയർപ്പൊഴുക്കി കളിക്കുന്ന റബീഹ് ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഗോകുലം എഫ് സിക്കെതിരെ തകർത്തു കളിച്ച അബ്ദുൾ റബീഹിനെ ചില ആരാധകർ എങ്കിലും ശ്രദ്ധിച്ചു കാണും.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ആരാധിക്കുന്ന റബീഹ് ഫിറ്റ്നസ്സിന്റെ കാര്യത്തിലും മാതൃകയാക്കുന്നത് അദ്ദേഹത്തെ തന്നെയാണ്. നിരന്തരം കഠിനമായ വ്യായാമ മുറകളിലൂടെ മികച്ച ശാരീരിക ക്ഷമത നേടാൻ അബ്ദുൾ റബീഹിനു കഴിഞ്ഞിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ റബീഹ് ഏറ്റവും ഇഷ്ടപ്പെടുന്ന താരമാണ് രാഹുൽ കെ. പി.രാഹുലിനോടുള്ള ഇഷ്ടം തന്റെ ജേർസി നമ്പറിലും റബീഹ് പ്രകടിപ്പിക്കുന്നുണ്ട്.17 തന്നെയാണ് അബ്ദുൾ റബീഹിന്റെയും ജേഴ്‌സി നമ്പർ.

ഫിറ്റ്നസിനു കൂടി പ്രാധാന്യം നൽകുന്ന പ്രതിഭാധനനായ യുവ താരമായ ഈ 19കാരൻ വരും സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ എത്തും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

Facebook Comments