#Futurestars – അബ്ദുൾ ബാദിഷ് 💛

  • April 25, 2020
  • manjappada
  • Fans Blog
  • 0
  • 2992 Views

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ പ്രതിരോധനിര താരം.
മലപ്പുറം തിരൂർ സ്വദേശി. 18 വയസ്സ് മാത്രം പ്രായം.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ ഉരുക്കുകോട്ട എന്നു തന്നെ വിശേഷിപ്പിക്കാവുന്ന യുവ പ്രതിഭയാണ് ബാദിഷ്. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ കഴിവുള്ള താരം കൂടിയാണ് ബാദിഷ്.

സ്പോർട്സ് അക്കാഡമി തിരൂരിലൂടെയാണ് ബാദിഷിന്റെ പ്രൊഫെഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. സെമീർ ആയിരുന്നു ബാദിഷിന്റെ ആദ്യ പരിശീലകൻ. സ്പോർട്സ് അക്കാഡമി തിരൂരിൽ തകർപ്പൻ പ്രകടനം പ്രകടനം കാഴ്ച്ച വെച്ചു കൊണ്ടിരുന്ന ബാദിഷിന്റെ കരിയറിന് വഴിത്തിരിവാകുന്നത് അന്നത്തെ PRODIGY അക്കാഡമിയുടെ പരിശീലകൻ ആയിരുന്ന ഷമീൽ ചെമ്പകത്തിലൂടെയാണ്. പിന്നീട് ബാദിഷിന്റെ പ്രിയ പരിശീലകൻ ആയി മാറിയ പരിശീലകൻ. PRODIGY യിൽ നിന്നും മുത്തൂറ്റ് ഫുട്ബോൾ അക്കാഡമിയിലേക്ക് ഷമീൽ ചെമ്പകത്ത് പരിശീലകനായി എത്തിയപ്പോൾ ബാദിഷിനെയും അദ്ദേഹം അക്കാഡമിയിൽ എത്തിച്ചു.അവിടെയും തകർപ്പൻ പ്രകടനം തുടർന്ന ബാദിഷ് ജമ്മു& കശ്മീരിൽ നടന്ന ദേശീയ അണ്ടർ-17 സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിൽ ഇടം നേടി.ആ ടീമിന്റെയും നിർണ്ണായക താരമായി ബാദിഷ് മാറി.
പിന്നീടാണ് ഷമീൽ ചെമ്പകത്ത് കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് – റിസർവ് ടീമുകളുടെ സഹ പരിശീലകനായി ചുമതലയേൽക്കുന്നത്. തന്റെ പ്രിയ താരത്തെ ഷമീൽ അവിടെയും എത്തിച്ചു. റിസർവ് ടീമിലും മികച്ച പ്രകടനം തുടരുന്ന ബാദിഷ് പിന്നീട് ടീമിന്റെ അവിഭാജ്യ താരമായി മാറി.

ഫിസിക്കൽ ആയി കളിക്കാൻ കഴിവുള്ള ബാദിഷ് ടാക്ലിഗ്ലിങ്ങിലും ഏരിയൽ ബോളുകളിലും എല്ലാം മികവ് പുലർത്തുന്ന താരമാണ്. കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സിയുമായുള്ള ഫൈനൽ മത്സരത്തിൽ ഗോകുലത്തിന്റെ ഘാനയിൽ നിന്നുള്ള താരങ്ങളെ വരിഞ്ഞു മുറുക്കി മുന്നോട്ടു പോകാൻ അനുവദിക്കാതെ തളച്ച ബാദിഷിനെ നിങ്ങളിൽ ചിലർ എങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ മലയാളി ഡിഫൻഡർ അനസ് എടത്തൊടികയെ ഏറെയിഷ്ടപ്പെടുന്ന ബാദിഷ് അന്താരാഷ്ട്ര താരങ്ങളിൽ ഇഷ്ടപ്പെടുന്നത് സെർജിയോ റാമോസ് എന്ന ഇതിഹാസ താരത്തെയാണ്. ബാദിഷിന്റെ ഗ്രൗണ്ടിലെ ഫിസിക്കൽ അപ്പ്രോച്ചിന് പിന്നിലും സെർജിയോ റാമോസിനോടുള്ള ആരാധനയാണ്.
എതിരെ വരുന്ന ഏതു കൊലകൊമ്പനെയും ഫിസിക്കൽ ആയും ടെക്നിക്കൽ ആയും നേരിടാൻ കഴിവുള്ള പ്രതിഭാശാലിയായ ഫുട്‍ബോളർ ആണ് ബാദിഷ്.
ബ്ലാസ്റ്റേഴ്‌സ് പരിശീലന ക്യാമ്പിൽ നടന്ന രസകരമായ സംഭവം ഞാൻ ഇതിനൊപ്പം കൂട്ടിച്ചേർക്കുന്നു.ടീം ക്യാമ്പിൽ മലയാളി താരങ്ങളും സീനിയർ താരങ്ങളും രണ്ടു ടീം ആയി തിരിഞ്ഞു ഒരു പരിശീലന മത്സരം കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിലെ ഒരു സീനിയർ താരത്തെ ബാദിഷ് ടാക്കിൾ ചെയ്തു.അതു പിന്നീട് ആ സീനിയർ താരം ചോദ്യം ചെയ്യുകയും താൻ ഒരു സീനിയർ താരം അല്ലേ എന്ന രീതിയിൽ ക്ഷോഭിക്കുകയും ചെയ്തു. അന്നത്തെ സീനിയർ ടീമിന്റെ സഹ പരിശീലകനും റിസർവ് ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടറുമായ താങ്‌ബോയ് സിങ്‌ടോ ഇടപെട്ടാണ് അന്നു രംഗം ശാന്തമാക്കിയത്.
സത്യത്തിൽ അങ്ങനൊരു ടാക്കിൾ ബാദിഷിൽ നിന്നും ആ സീനിയർ താരം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.സഹ താരങ്ങളെ പോലും അത്ഭുതപ്പെടുത്തിയ ടാക്കിൾ.
സംസ്ഥാന ഫുട്ബോൾ ടീമിൽ ഇടം നേടിയിട്ടുള്ള ബാദിഷ് ദേശീയ ടീമിന്റെ ക്യാമ്പിൽ നിന്നും പുറത്തായത് നിർഭാഗ്യം കൊണ്ടു മാത്രമാണ്.
18 വയസ്സ് മാത്രം പ്രായം ഉള്ള ബാദിഷിനു മുന്നിൽ സമയമുണ്ട്. അവസരങ്ങൾ ഉണ്ട്.

ഈ പ്രായത്തിനുള്ളിൽ തന്നെ തകർപ്പൻ പ്രകടനങ്ങളുമായി ഒരു പരിശീലകന്റെ പ്രിയ താരമായി മാറിയ ഈ അതുല്യ പ്രതിഭയ്ക്ക് മുന്നിൽ വരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

Facebook Comments