രാജധാനിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്…

ഇന്ത്യൻ ഫുട്ബോളിൽ അണ്ടർ റേറ്റഡ് ഗണത്തിൽപ്പെട്ട നിരവധി പ്രതിഭകൾ ഉണ്ട്.ഒരുപക്ഷെ അതു തന്നെയായിരിക്കാം അവരുടെ അനുഗ്രഹവും.ഭൂരിഭാഗം ടീമുകളും ഹൈ പ്രൊഫൈൽ താരങ്ങളുടെ പിറകെ പോകുമ്പോൾ ഇതു പോലെയുള്ള താരങ്ങൾ ആയിരിക്കും കളിക്കളത്തിൽ എതിരാളികളുടെ സൈലന്റ് കില്ലർമാർ ആയി മാറുന്നത്.

അതിൽ ഒരാൾ ആണ് രോഹിത് കുമാർ ❤

രോഹിത് കുമാറിനു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം 🙏

2 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് രോഹിത് കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

ഡൽഹി സ്വദേശി,23 വയസ്സാണ് പ്രായം.

ഭൂരിഭാഗം ഫുട്ബോൾ താരങ്ങളിൽ നിന്നും വ്യത്യസ്തമായി തന്റെ പതിനാറാം വയസ്സിൽ ആണ് രോഹിത് കുമാർ പച്ചപ്പുൽത്തകിടിയിൽ പന്തു തട്ടാൻ എത്തുന്നത്.

തുടക്കക്കാലത്തു മികച്ച രീതിയിൽ ക്രിക്കറ്റ്‌ കളിക്കുന്നതിനോടൊപ്പം പഠനത്തിലും മികവ് പുലർത്തിയിരുന്ന രോഹിത് കുമാർ ഡൽഹിയിൽ താൻ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ ഹൗസ് മത്സരങ്ങളിൽ ആണ് ആദ്യമായി പന്തു തട്ടാനിറങ്ങിയത്.ഹൗസ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ രോഹിത് കുമാറിനെ സ്കൂളിലെ പി ടി അധ്യാപകൻ ആണ് ഫുട്ബോൾ എന്ന രോഹിതിന്റെ സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തിയത്.

ഫുട്ബോൾ ഇഷ്ടം ആയിരുന്നു എങ്കിലും അതിൽ ശോഭിക്കാൻ കഴിയുമെന്ന വിശ്വാസം ആ സമയത്തു രോഹിത് കുമാറിനുണ്ടായിരുന്നില്ല.സ്കൂളിലെ ഹൗസ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്ന രോഹിത് കുമാറിനെ ബെംഗളൂരുവിലെ മഹീന്ദ്ര ഇന്റർ സ്കൂൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന സ്കൂൾ ടീമിലേക്കു ഒരു മിഡ്ഫീൽഡറിന്റെ അഭാവം ഉണ്ടായപ്പോൾ നിർദ്ദേശിച്ചതും സ്കൂളിലെ പി ടി അധ്യാപകൻ തന്നെയായിരുന്നു.സ്‌ട്രൈക്കർ ആയി കളിക്കാനും ഗോൾ നേടാനും ഇഷ്ടപ്പെട്ടിരുന്ന രോഹിത് കുമാർ അങ്ങനെ സ്കൂൾ ടീമിനായി മിഡ്ഫീൽഡർ റോളിൽ എത്തുകയും ടീമിനെ ഫൈനൽ റൗണ്ടിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തു.അപ്പോഴും സ്‌ട്രൈക്കർ ആയി കളിക്കാനുള്ള മോഹം രോഹിത് കുമാർ ഉപേക്ഷിച്ചിരുന്നില്ല.

തുടർന്നു സ്കൂൾ ടീമിനായി നിരവധി ടൂർണമെന്റുകൾ കളിച്ച രോഹിത് കുമാർ ഫുട്ബോൾ ആണ് തന്റെ കരിയർ എന്നു മനസ്സിലാക്കി തുടങ്ങിയിരുന്നു.ആ സമയത്തു ഡൽഹി സ്റ്റേറ്റ് ടീമിനായി ഡൽഹിയിൽ നടത്തിയ ട്രയൽസുകളിൽ പലതിലും പങ്കെടുത്തെങ്കിലും ഒന്നിലും സെലക്ഷൻ നേടാൻ രോഹിത് കുമാറിനു കഴിഞ്ഞില്ല.

തുടർന്നാണ് തന്റെ സ്കൂളിലെ പരിശീലകൻ രോഹിത് കുമാറിനോട് ഡൽഹിയിലെ തന്നെ ഭൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിൽ വിദഗ്ദ്ധ പരിശീലനത്തിനായി ചേരാൻ നിർദ്ദേശം നൽകുന്നത്.അതു തന്നെയാണ് രോഹിത് കുമാറിന്റെ കരിയറിലെ വഴിത്തിരിവും.

ഭൈചുങ് ഭൂട്ടിയ ഫുട്ബോൾ അക്കാഡമിയിയുടെ ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്ന ഇതിഹാസ പോർച്ചുഗീസ് പരിശീലകൻ കാർലോസ് ക്വീറോസ് ആണ് രോഹിത് കുമാറിനോടു സ്‌ട്രൈക്കർ ആയി കളിക്കാനുള്ള മോഹം ഉപേക്ഷിക്കാനും മിഡ്ഫീൽഡർ ആയി കരിയർ മുന്നോട്ടു കൊണ്ടു പോകാനുമുള്ള വിലപ്പെട്ട ഉപദേശം നൽകിയത്.ആറടിയിൽ കൂടുതൽ ഉയരമുള്ള രോഹിത് കുമാറിനു ഒരു സ്‌ട്രൈക്കറിനു പറ്റിയ വേഗതയില്ല എന്നും എന്നാൽ ഒരു മിഡ്ഫീൽഡറിനു ഉണ്ടാകേണ്ട ഗുണഗണങ്ങൾ ഉണ്ടെന്നും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ക്വീറോസിന്റെ നിർദ്ദേശം.ഭൈചൂങ് ബൂട്ടിയ അക്കാഡമിയിൽ 4 മാസത്തോളം നീണ്ട വിദഗ്ദ്ധ പരിശീലനത്തിനു ശേഷം മടങ്ങിയെത്തിയ രോഹിത് കുമാറിൽ ഫുട്ബോൾ കരിയർ ആയി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിച്ചു.

തുടർന്നു ഇന്ത്യൻ ടീമിന്റെ ട്രയൽസിൽ പങ്കെടുത്തെങ്കിലും രോഹിത് കുമാറിന് ടീമിൽ ഇടം നേടാനായില്ല.അതിനു ശേഷം ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ഡൽഹിയിൽ നടന്ന സ്റ്റേറ്റ് ടീമിന്റെ ട്രയൽസിൽ പങ്കെടുക്കുകയും രോഹിത് കുമാറിനെ ഡൽഹി സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.ഡൽഹി സ്റ്റേറ്റ് ടീമിനു വേണ്ടിയും ഡൽഹിയിലെ ലോക്കൽ ക്ലബുകൾക്ക് വേണ്ടിയും നിരവധി മത്സരങ്ങളിൽ കളിച്ച രോഹിത് കുമാർ തകർപ്പൻ പ്രകടനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
തുടർന്നു 2013-ൽ നടന്ന അണ്ടർ-19 താരങ്ങൾക്കു വേണ്ടി മാത്രമുള്ള ബി സി റോയ് ടൂർണമെന്റിൽ രോഹിത് കുമാർ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു രോഹിത് കുമാർ കളിക്കാനിറങ്ങുകയും മിന്നും ഫോമിൽ കളിക്കുകയും ചെയ്തു.

ഡൽഹി സ്റ്റേറ്റ് ടീമിനായി നടത്തിയ തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ രോഹിത് കുമാറിനെ ഇന്ത്യൻ ജൂനിയർ ടീം ക്യാമ്പിലും ഉൾപ്പെടുത്തി.
തുടർന്നു ഡൽഹിയിൽ ഡി എസ് കെ ശിവാജിയൻസ് എഫ് സിയുടെയും പൂണെ എഫ് സിയുടെയും ട്രയൽസിൽ പങ്കെടുത്ത രോഹിത് കുമാർ രണ്ടിലും വിജയിച്ചു.വിദഗ്ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അന്നു വിദേശ ക്ലബുമായി ടൈ അപ്പും മികച്ച അക്കാഡമിയുമുള്ള ഡി എസ് എസ് കെ ശിവജിയൻസിൽ ചേരാൻ രോഹിത് കുമാർ തീരുമാനിച്ചു.വിദേശ പരിശീലകരുടെ സാന്നിദ്ധ്യമായിരുന്നു അങ്ങനൊരു തീരുമാനത്തിൽ എത്താൻ കാരണം.

ശേഷം പ്രശസ്തമായ പൂണെയിലെ ഡി എസ് കെ ശിവാജിയൻസ് അക്കാഡമിയിൽ നിന്നും വിദഗ്ദ്ധ പരിശീലനം നേടിയ രോഹിത് കുമാർ ഡി എസ് കെ ശിവാജിയൻസ് റിസർവ് ടീമിനു വേണ്ടി ലോക്കൽ ലീഗ് മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ കളിക്കുകയും മത്സരപരിചയം നേടുകയും ചെയ്തു.

തുടർന്നു 2016-ൽ ഡുറാന്റ് കപ്പിൽ ഡി എസ് കെ ശിവജിയൻസ് സീനിയർ ടീമിൽ രോഹിത് കുമാറിനെ ഉൾപ്പെടുത്തി.ഡുറാന്റ് കപ്പ് മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ സ്പോർട്ടിങ് ഗോവക്കെതിരെ ഗോൾ നേടി രോഹിത് കുമാർ അരങ്ങേറ്റം ഗംഭീരമാക്കി.അതുകൊണ്ടും തീർന്നില്ല.തുടർന്നുള്ള രണ്ടു മത്സരങ്ങളിലും രോഹിത് കുമാർ ഗോളുകൾ നേടി.ആദ്യ 3 മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ ആണ് രോഹിത് കുമാർ അടിച്ചു കൂട്ടിയത്.
2017 ജനുവരിയിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ ഗൗരമാംഗി സിംഗിനു പകരക്കാരനായി മത്സരത്തിന്റെ എൺപത്തിയേഴാം മിനിറ്റിൽ ഐ ലീഗിൽ രോഹിത് കുമാർ അരങ്ങേറി.ആ സീസണിൽ ഡി എസ് കെ ശിവജിയൻസിനായി മിന്നും ഫോമിൽ വിയർപ്പൊഴുക്കി കളിച്ച രോഹിത് കുമാറിനെ തൊട്ടടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പൂണെ സിറ്റി എഫ് സി സ്വന്തമാക്കി.2017-ൽ നടന്ന ഐ എസ് എൽ പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയാണ് പൂണെ സിറ്റി എഫ് സി രോഹിതിനെ സ്വന്തമാക്കിയത്.

ഡൽഹി ഡയനാമോസിനെതിരെയായിരുന്നു രോഹിത് കുമാറിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം.തൊട്ടടുത്ത മത്സരത്തിൽ ചരിത്ര പ്രസിദ്ധമായ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എ ടി കെയ്ക്ക് എതിരായ മത്സരത്തിൽ രോഹിത് കുമാർ തന്റെ ആദ്യ ഐ എസ് എൽ ഗോൾ നേടി.ആ സീസണിൽ പൂണെ സിറ്റി എഫ് സിക്കായി 14 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ രോഹിത് കുമാർ 2 ഗോളുകൾ നേടുകയും 416 പാസ്സുകൾ നൽകുകയും ചെയ്തു.29.71 ആയിരുന്നു ഓരോ മത്സരത്തിലെയും രോഹിത് കുമാറിന്റെ പാസ്സിങ്‌ ശരാശരി.12 ഇന്റർസെപ്ഷൻസും 12 ക്ലിയറൻസുമായി ഡിഫൻസീവ് ഡ്യൂട്ടിയും രോഹിത് കുമാർ ഭംഗിയായി നിർവ്വഹിച്ചു.
ആ സീസണിൽ പൂണെ സിറ്റി എഫ് സിയെ പ്ലേഓഫിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച താരമാണ് രോഹിത് കുമാർ.

റാങ്കോ പോപ്പോവിച് എന്ന സെർബിയൻ ടാക്റ്റീഷ്യൻ പൂണെ സിറ്റി എഫ് സിയുടെ പരിശീലക ചുമതല വഹിച്ച 2017-2018 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ടീമിന്റെ എൻജിൻ ആയി രോഹിത് കുമാർ മാറി.എമിലിയാനോ അൽഫാറോ എന്ന ഉറുഗ്വയൻ സ്‌ട്രൈക്കർ പൂണെ സിറ്റി എഫ് സിയുടെ ടോപ്സ്‌കോറർ ആയി മാറിയ ആ സീസണിൽ ടീമിന്റെ മിഡ്ഫീൽഡിലെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് രോഹിത് കുമാർ എന്ന പ്രതിഭാശാലി ആയിരുന്നു.കീൻ ലൂയിസിനും മാർസെലീഞ്ഞോയ്ക്കും ആ സീസണിൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ കഴിഞ്ഞതും രോഹിത് കുമാർ തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ചതു കൊണ്ടു മാത്രമായിരുന്നു.

ഫുട്ബോൾ പണ്ഡിതന്മാരുടെയും ഇതിഹാസ താരങ്ങളുടെയും പ്രശംസ പിടിച്ചു പറ്റാനും ആ ഒരൊറ്റ സീസണിലെ പ്രകടനത്തിലൂടെ രോഹിത് കുമാറിനു കഴിഞ്ഞു.

തൊട്ടടുത്ത സീസണിൽ റാങ്കോ പോപ്പോവിചിനു പകരം സ്പാനിഷ് പരിശീലകൻ മിഗേൽ ഏഞ്ചൽ പോർച്ചുഗലും ഇന്ത്യൻ പരിശീലകൻ പ്രദ്യും റെഡ്ഢിയും അവസാന മത്സരങ്ങളിൽ ഇംഗ്ലീഷ് പരിശീലകൻ ഫിൽ ബ്രൗണും പൂണെ സിറ്റിയുടെ പരിശീലകർ ആയി വന്നു.എന്നാൽ പരിക്കു മൂലം ആ സീസണിൽ 7 മത്സരങ്ങളിൽ മാത്രം ആണ് രോഹിത് കുമാറിനു കളിക്കാൻ കഴിഞ്ഞത്.ശെരിക്കും പറഞ്ഞാൽ കളിച്ച മത്സരങ്ങളിൽ പോലും രോഹിത് കുമാറിനെ ശെരിയായ രീതിയിൽ ഉപയോഗിക്കാൻ ഈ പരിശീലകർക്ക് സാധിച്ചില്ല എന്നതാണ് സത്യം.എങ്കിലും ശരാശരിക്കും മുകളിൽ ഉള്ള പ്രകടനം കാഴ്ച്ചവെക്കാൻ രോഹിത് കുമാറിനു കഴിഞ്ഞു.

തുടർന്നു 2019-2020 സീസണിൽ പൂണെ സിറ്റി എഫ് സി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു അടച്ചു പൂട്ടുകയും അതു ഹൈദരാബാദ് എഫ് സി എന്ന പേരിൽ പുതിയ ഫ്രാഞ്ചസി ആയി ഇന്ത്യൻ സൂപ്പർ ലീഗിൽ രംഗപ്രവേശം ചെയ്തപ്പോഴും ടീമിലെ പ്രധാന വിദേശ താരങ്ങളോടൊപ്പം രോഹിത് കുമാർ എന്ന പ്രതിഭാധനനായ ഇന്ത്യൻ താരത്തെയും ക്ലബ്‌ നിലനിർത്തി.ഫിൽ ബ്രൗൺ തന്നെയായിരുന്നു ഹൈദരാബാദ് എഫ് സിയുടെ പരിശീലകൻ.ടീമിന്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കാതിരുന്ന ഹൈദരാബാദ് എഫ് സിയ്ക്ക് 2019-2020 സീസൺ വലിയ തിരിച്ചടിയായി മാറിയപ്പോഴും ടീമിൽ അവസരം ലഭിച്ച മത്സരങ്ങളിലെല്ലാം ശരാശരിയ്ക്കും മുകളിൽ ഉള്ള പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യൻ താരമാണ് രോഹിത് കുമാർ.കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ ഹൈദരാബാദ് ജേഴ്‌സിയിൽ കളിക്കാനിറങ്ങിയ രോഹിത് കുമാർ ഒരു ഗോളും ഒരു അസിസ്റ്റും നേടി.250 പാസ്സുകൾ നൽകിയ രോഹിത് കുമാറിന്റെ ഓരോ മത്സരത്തിലേയും പാസ്സിങ്‌ ശരാശരി 27.78 ആയിരുന്നു.8 ഇന്റർസെപ്ഷൻസും 11 ക്ലിയറൻസും നടത്തി പ്രതിരോധത്തിലും തന്റെ ചുമതല രോഹിത് കുമാർ ഭംഗിയായി നിർവ്വഹിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രം 30 മത്സരങ്ങൾ കളിച്ച രോഹിത് കുമാർ 1653 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നു.2 മഞ്ഞക്കാർഡുകൾ മാത്രം ആണ് വഴങ്ങിയത്.

ദേശീയ തലത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിനു വേണ്ടി 2 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് കുമാർ ഇന്ത്യൻ അണ്ടർ-23 ടീമിന്റെയും ഭാഗമാണ്.

എന്താണ് രോഹിത് കുമാറിന്റെ പ്രത്യേകതകൾ ???

രോഹിത് കുമാർ ഒരു ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ആണ്.ടീമിന്റെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ പങ്കു വഹിക്കുന്ന പ്ലെയർ.എണ്ണയിട്ട യന്ത്രം പോലെ മത്സരത്തിന്റെ ആദ്യാവസാനം വരെ കളിക്കാൻ പ്രാപ്തിയുള്ള താരമാണ് രോഹിത്.വിയർപ്പൊഴുക്കി കളിക്കുന്ന കഠിനാദ്ധ്വാനിയായ താരം.ഗെയിം റീഡിങ്ങും കൃത്യതയാർന്ന പാസ്സുകളും ബോൾ റിക്കവർ ചെയ്യാനുള്ള കഴിവും രോഹിത് കുമാറിന്റെ പ്രത്യേകതകൾ ആണ്.മികച്ച ഷോട്ടുകൾ എടുക്കാനും രോഹിത് കുമാറിനു കഴിയും.ഒരു മിഡ്ഫീൽഡ് എൻജിൻ എന്നു തന്നെ രോഹിത് കുമാറിനെ വിശേഷിപ്പിക്കാം.

80.1% ആണ് രോഹിത് കുമാറിന്റെ പാസ്സിങ് ആക്യുറസി.സ്വന്തം പകുതിയിൽ 88.7%വും എതിർ പകുതിയിൽ 74.3% ആണ് രോഹിത് കുമാറിന്റെ പാസ്സിങ് ആക്യുറസി.

കഴിഞ്ഞ സീസണിന്റെ അവസാനം ആണ് രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തുന്നത്.എൽക്കോ ഷട്ടോരി എന്ന ഡച്ച് ടാക്റ്റീഷ്യന്റെ നിർദ്ദേശ പ്രകാരം ആണ് ബ്ലാസ്റ്റേഴ്‌സ് രോഹിത് കുമാറിനെ ടീമിൽ എത്തിച്ചത് എന്നാണ് സൂചന.നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ തകർത്തു കളിച്ച ഗോവൻ മിഡ്ഫീൽഡർ റൗളിങ് ബോർജസിന്റെ അതേ ശൈലിയിൽ കളിക്കുന്ന പ്ലയെർ ആണ് രോഹിത് കുമാർ.ഷറ്റോറിയുടെ ശൈലിയുമായി ഇഴുകിച്ചേരുകയും ഒരുപാട് മെച്ചപ്പെടുകയും ചെയ്ത താരമാണ് റൗളിംഗ് ബോർജസ്.പിന്നീട് അദ്ദേഹത്തിന്റെ പ്രിയ താരങ്ങളിൽ ഒരാൾ ആയി മാറാനും റൗളിങ് ബോർജസിനു കഴിഞ്ഞിരുന്നു.അതു കൊണ്ടു തന്നെയാവും അതേ ശൈലിയിൽ കളിക്കാൻ കഴിവുള്ള പ്രതിഭാധനനായ രോഹിത് കുമാറിനെ ടീമിൽ എത്തിക്കാൻ എൽക്കോ – ഇഷ്ഫാഖ് സഖ്യം മുൻകൈ എടുത്തതെന്നു കരുതുന്നു.

രോഹിത് കുമാറിനെപ്പോലുള്ള ഒരു താരത്തിന്റെ സാന്നിദ്ധ്യം ഏതൊരു പരിശീലകനും ആഗ്രഹിക്കുന്നതാണ്.കളിക്കളത്തിൽ അത്രയേറെ പ്രതിഫലനം ഉണ്ടാക്കാൻ രോഹിത് കുമാറിനു കഴിയും.
സെൻട്രൽ മിഡ്ഫീൽഡിൽ യുവ താരം ജീക്സൺ സിങ്ങിനൊപ്പം മത്സരപരിചയമുള്ള രോഹിത് കുമാർ കൂടി ചേരുകയാണെങ്കിൽ അതു ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയാണ്.

23 വയസ്സ് മാത്രം ആണ് രോഹിത് കുമാറിന്റെ പ്രായം.ഈ പ്രായത്തിനുള്ളിൽ തന്നെ നിരവധി മത്സരങ്ങളുടെ പരിചയവുമുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്ടീഷ്യൻ കിബുവിനു കീഴിൽ കളിക്കാൻ അവസരം ലഭിച്ചാൽ അതു രോഹിത് കുമാറിനും നേട്ടമാണ്.

പ്രതീക്ഷയാണ് രോഹിത്.

വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ രോഹിത് കുമാറിനു കഴിയട്ടെ എന്നാശംസിക്കുന്നു. 💛

Facebook Comments

error: Content is protected !!