കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെട്ട പ്രതിഭാശാലിയായ യുവതാരത്തെ അറിയാം – ആയുഷ് അധികാരി 💛

  • October 14, 2020
  • manjappada
  • Fans Blog
  • 0
  • 4393 Views

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള പ്രീ സീസൺ സ്‌ക്വാഡിൽ ഉൾപ്പെട്ട പ്രതിഭാശാലിയായ യുവതാരത്തെ അറിയാം.

ആയുഷ് അധികാരി ❤

അറ്റാക്കിങ് മിഡ്ഫീൽഡർ/സെൻട്രൽ മിഡ്ഫീൽഡർ/ഡിഫൻസീവ് മിഡ്ഫീൽഡർ/വിങ്ങർ.

ഇന്ത്യൻ ആരോസിന്റെ പ്ലേമേക്കർ ആയി മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ സെന്റർ ഫോർവേഡ് പൊസിഷനിലും കളിക്കാനിറങ്ങിയിട്ടുണ്ട്.

ഡൽഹി സ്വദേശി, 20 വയസ്സ് മാത്രം പ്രായം.

സഹതാരങ്ങൾ സ്നേഹപൂർവ്വം ”ടോണി ക്രൂസ് ” എന്നു വിളിക്കുന്ന ഇന്ത്യൻ ആരോസിന്റെ ക്രൂയിസ് മിസൈൽ 🔥

6 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ആയുഷിനു ഫുട്ബോളിനോടുള്ള പ്രണയം. ഒരു സ്പോർട്സ് കുടുംബത്തിൽ ജനിച്ച ആയുഷിനു പിന്തുണയുമായി അദ്ദേഹത്തിന്റെ അച്ഛൻ എന്നും കൂടെ ഉണ്ടായിരുന്നു.അത്ലറ്റുകൾ കൂടി അടങ്ങുന്നതായിരുന്നു ആയുഷിന്റെ കുടുംബം.

ഡൽഹിയിൽ തന്നെ ഒരു ലോക്കൽ അക്കാഡമിയിൽ ഫുട്ബോൾ പരിശീലകൻ ആയിരുന്നു ആയുഷിന്റെ അച്ഛൻ. ഡൽഹിയിലെ തെരുവുകളിലും പാർക്കുകളിലും പന്തുതട്ടി നടന്ന കുട്ടിക്കാലം.ഒരിക്കൽ കൂട്ടുകാരോടൊപ്പം ആയുഷ് ഫുട്ബോൾ കളിക്കുന്നത് നേരിൽ കാണാനിടയായ ആയുഷിന്റെ അച്ഛൻ പിന്നീട് തന്റെ അക്കാഡമിയിലേക്കുള്ള യാത്രയിൽ അവനെയും കൂടെ കൂട്ടുകയായിരുന്നു.അച്ഛനോടൊപ്പം അക്കാഡമിയിലെ നിത്യസന്ദർശനം ആയുഷിലെ ജന്മസിദ്ധമായ പ്രതിഭയെ തൊട്ടുണർത്തി എന്നു തന്നെ പറയാം.പതിയെ ഫുട്ബോൾ അവനിൽ ഒരു സ്വപ്നമായി വളർന്നു.അവൻ ഫുട്ബോളിനെ പ്രണയിക്കാൻ തുടങ്ങി.

ഫുട്ബോൾ മോഹം തലയ്ക്കു പിടിച്ച ആയുഷിന്റെ പ്രൊഫെഷണൽ കരിയറിനു തുടക്കമാകുന്നത് 12 വയസ്സുള്ളപ്പോഴാണ്. ഡൽഹിയിൽ നടന്ന അണ്ടർ-14 ഡൽഹി ടീമിന്റെ ട്രയൽസിൽ പങ്കെടുത്ത ആയുഷിനു ടീമിലേക്ക് സെലെക്ഷൻ ലഭിച്ചു. അണ്ടർ -14 ടീമിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആയുഷിന്റെ കരിയറിലെ വഴിത്തിരിവെന്നു പറയാവുന്ന യു ഡ്രീം ഫുട്ബോൾ പ്രോഗ്രാമിന്റെ ഭാഗമായ സെലെക്ഷൻ ട്രയൽസ് നടക്കുന്നത്. ടാറ്റാ ട്രസ്റ്റ്‌ ആയിരുന്നു ട്രയൽസിന്റെ നടത്തിപ്പുകാർ. ട്രയൽസിൽ വിജയിക്കുന്നവർക്ക് ജെർമ്മനിയിൽ വിദഗ്ദ്ധ പരിശീലനവും ക്ലാസ്സുകളും ആയിരുന്നു ടാറ്റാ ട്രസ്റ്റിന്റെ കീഴിൽ ഉള്ള യു സ്പോർട്സിന്റെ വാഗ്ദാനം. ട്രയൽസിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയുഷിനെ യു സ്പോർട്സ് ജർമ്മനിയിലെ വിദഗ്ദ്ധ പരിശീലനത്തിനായി തിരഞ്ഞെടുത്തു. ജർമ്മനിയിലെ ഹോഫൻഹെയ്മിൽ പരിശീലനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ആയുഷ് രണ്ടാം ഘട്ടം പൂർത്തിയാക്കിയത് ജർമനിയിലെ തന്നെ ബിറ്റ്ബർഗിൽ ആയിരുന്നു. വിദേശത്തെ വിദഗ്ദ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ 4 വർഷത്തോളം പരിശീലനവും ക്ലാസ്സുകളും മത്സരങ്ങളുമായി ആയുഷ് ജെർമ്മനിയിൽ ചിലവഴിച്ചു.

ആയുഷിലെ പ്രതിഭയെ മിനുക്കിയെടുക്കുന്നതിൽ ജർമ്മനിയിലെ പരിശീലനം വലിയ പങ്കാണു വഹിച്ചത്. ഫുട്ബാളിന്റെ അടിസ്ഥാന പാഠങ്ങൾ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്തോടെ കൂടുതൽ മികവോടെ മനസ്സിലാക്കാനും വിദേശ താരങ്ങളോടൊപ്പം പരിശീലിക്കാനും കളിക്കാനും ആയുഷിനു ജെർമനിയിലെ പരിശീലനം സഹായിച്ചു.

4 വർഷത്തെ പരിശീലനത്തിനു ശേഷം 2018-2019 സീസൺ തുടക്കത്തിൽ ആണ് ആയുഷ് ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷനിലും ബെംഗളൂരു സൂപ്പർ ഡിവിഷൻ ലീഗിലും മത്സരിക്കുന്ന ബെംഗളൂരു ക്ലബ്‌ ആയ ഓസോൺ എഫ്സിയുമായി ആയുഷ് കരാറിൽ എത്തി. ഓസോൺ എഫ്‌സിക്കായി ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ 4 മത്സരങ്ങൾ കളിച്ച ആയുഷ് അവരെ പ്ലേഓഫിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. തുടർന്നു അവർക്കായി ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ പ്ലേഓഫിലും 3 മത്സരങ്ങൾ ആയുഷ് കളിച്ചു.ആ സീസണിൽ ഓസോൺ എഫ്സിയിൽ തകർത്തു കളിച്ച ആയുഷിനെ തുടർന്നു ഡൽഹി സന്തോഷ്‌ ട്രോഫി ടീമിലും ഉൾപ്പെടുത്തി.

അപ്പോഴേക്കും ആയുഷ് ഇന്ത്യൻ സൂപ്പർ ലീഗിലെ പല വമ്പൻ ക്ലബുകളുടെയും റഡാറിൽ ആയിക്കഴിഞ്ഞിരുന്നു. ഒട്ടും വൈകിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് 2019-ൽ ആയുഷുമായി കരാറിൽ എത്തി. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലായിരുന്നു ആയുഷിനെ ഉൾപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി ചില മത്സരങ്ങളിലും ആയുഷ് കളിക്കാനിറങ്ങി. അപ്പോഴും ഡൽഹി സന്തോഷ്‌ ട്രോഫി ടീമിനായി ആയുഷ് കളി തുടർന്നു. മിന്നും ഫോമിൽ കളിച്ച ആയുഷ് 6 ഗോളുകളുമായി ആ സീസണിൽ ഡൽഹി സന്തോഷ്‌ ട്രോഫി ടീമിന്റെ ടോപ്സ്‌കോറർ ആയി മാറി.മഹാരാഷ്ട്രയുടെ ആരിഫ് ഷെയ്ക്കിനൊപ്പം ആ ടൂർണമെന്റിലെ ടോപ്സ്‌കോറർ സ്ഥാനം പങ്കിടാനും ആയുഷ് അധികാരി എന്ന പ്രതിഭാശാലിക്കു കഴിഞ്ഞു.

അപ്പോഴേക്കും ആയുഷിനായി ഇന്ത്യൻ ആരോസ് പരിശീലകൻ ഷൺമുഖം വെങ്കടേഷ് രംഗത്തെത്തിയിരുന്നു. യുവ താരമായതിനാൽ ബ്ലാസ്റ്റേഴ്സിൽ അധികം അവസരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മത്സര പരിചയത്തിനായി ആയുഷിനെ ലോൺ വ്യവസ്ഥയിൽ ഇന്ത്യൻ ആരോസിനു നൽകി.പ്ലെയിങ് ടൈം തന്നെയായിരുന്നു ആയുഷിന്റെയും ലക്ഷ്യം.ഐ ലീഗിൽ വിദേശ താരങ്ങൾ താരങ്ങൾ അടങ്ങിയ മറ്റു ടീമുകൾക്കെതിരെയുള്ള മത്സരപരിചയവും ഈ നീക്കത്തിൽ മറ്റൊരു ലക്ഷ്യം ആയിരുന്നു.

ആ നീക്കം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു എന്നു കാലം തെളിയിച്ചു.കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിൽ എത്തിയ ആയുഷ് വിക്രം പ്രതാപ് സിങ്ങിനും ഗിവ്സൺ സിംഗിനും രോഹിത് ഡാനുവിനും ഒപ്പം ഒരു തീപാറും സഖ്യം തന്നെ രൂപപ്പെടുത്തി.

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ 13 മത്സരങ്ങളിൽ 12 മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാൻ ആയുഷിനു കഴിഞ്ഞു.ചർച്ചിൽ ബ്രദേയ്‌സിനെതിരെയായിരുന്നു ആയുഷിന്റെ ഐ ലീഗ് അരങ്ങേറ്റം.നെറോക്ക എഫ്സിക്കെതിരെയുള്ള മാൻ ഓഫ് ദി മാച്ച് പ്രകടനവും ഗോളും ആയുഷിന്റെ പ്രതിഭ വിളിച്ചോതുന്നതായി മാറി. തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ആരോസിന്റെ എൻജിൻ ആയി കഴിഞ്ഞ സീസണിൽ ആയുഷ് മാറി.

തന്നെ മിഡ്ഫീൽഡിൽ പക്വത കൈവരിച്ച താരമാക്കി മാറ്റിയെടുത്തതിൽ ഇന്ത്യൻ ആരോസ് പരിശീലകൻ ഷൺമുഖം വെങ്കടേഷ് നിർണ്ണായക പങ്കുവഹിച്ചതായി ആയുഷ് കരുതുന്നു.തന്റെ കരിയറിനു ഗുണകരമാകുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ വെങ്കടേഷ് എന്ന പരിശീലകനിൽ നിന്നും ലഭിച്ചതായും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചതായും ആയുഷ് വെളിപ്പെടുത്തുന്നു.

എന്താണ് ആയുഷിന്റെ പ്രത്യേകതകൾ ???

ക്രിയേറ്റീവ് മിഡ്ഫീൽഡർ ആണ് ആയുഷ്.ഗ്രൗണ്ടിൽ ടൈറ്റ് മാർക്കിംഗുള്ള ഏരിയയിൽ ബോൾ ഹോൾഡ് ചെയ്തു കളിക്കാനും സ്‌പേസുകൾ കണ്ടത്തി സഹതാരങ്ങൾക്ക് കൃത്യമായി പാസ്സുകൾ നൽകാനും കഴിയുന്ന കൃത്യമായ വിഷനുള്ള പ്രതിഭാശാലിയായ ആയുഷ് ഒരു ഫാൾസ് 9 സിസ്റ്റത്തിൽ ഫോർവേഡ് ആയി ഉൾപ്പെടുത്താനും കഴിയുന്ന താരമാണ്. മികച്ച സ്പീഡും ഡ്രിബ്ലിങ് മികവുമുള്ള കഠിനാദ്ധ്വാനിയായ താരം കൂടിയാണ് ആയുഷ്. വേഗത്തിൽ ടേൺ ചെയ്യാൻ കഴിവുള്ള ആയുഷ് അറ്റാക്കിങ് മിഡ്ഫീൽഡിൽ മാത്രം അല്ല ഡിഫെൻസിവ് മിഡ്ഫീൽഡിലും വിങ്ങുകളിലും അത്യാവശ്യ ഘട്ടത്തിൽ ഫോർവേഡ് ആയും കളിക്കാൻ കഴിവുള്ള യൂട്ടിലിട്ടി പ്ലയെർ ആണ്.പ്രതിരോധത്തെ കീറിമുറിക്കാൻ കഴിയുന്ന ക്വാളിറ്റി പാസ്സുകൾ നൽകാൻ കഴിവുള്ള ആയുഷ് മികച്ച പാസ്സിങ് റേഞ്ചുള്ള താരമാണ്.ബോളിൽ മികച്ച കണ്ട്രോളുള്ള ആയുഷ് ബെന്റിങ് ഷോട്ടുകൾ പായിക്കാൻ കഴിവുള്ള താരമാണ്.സമ്മർദ്ദ ഘട്ടങ്ങളിൽ അനായാസമായി ആയി കളിക്കാൻ കഴിയുന്നു എന്നതാണ് ആയുഷിന്റെ മറ്റൊരു പ്രത്യേകത.ജർമ്മനിയിലെ വിദഗ്ദ്ധ പരിശീലനം ആയുഷിനു ഗുണകരമായി എന്നു തന്നെ പറയാം.

ഇന്ത്യൻ സൂപ്പർ ലീഗ് എന്ന വലിയ വേദിയാണ് ആയുഷിനു മുന്നിലുള്ള വെല്ലുവിളി.ആയുഷ് കൂടുതൽ മത്സരപരിചയം നേടേണ്ടതുണ്ട്.

ഡൽഹി ഫുട്ബോൾ അസോസിയേഷൻ 2018-2019 സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത് ആയുഷിനെ ആയിരുന്നു.ഡൽഹിക്കായി സന്തോഷ്‌ ട്രോഫിയിൽ 6 ഗോളുകൾ നേടി ആയുഷ് ടോപ്സ്‌കോറർ പട്ടം കരസ്ഥമാക്കിയിരുന്നു.

തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയ യൂത്ത് ടീമുകളിലും ആയുഷ് ഇടം നേടി.

ഇന്നു ഇന്ത്യയിൽ പുതുതലമുറയിലെ താരങ്ങളിൽ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിൽ ഒരാൾ ആണ് ആയുഷ് അധികാരി എന്ന കാര്യത്തിൽ സംശയം ഇല്ല. ഏതു ടീമും മോഹിക്കുന്ന താരം.

യുവ താരങ്ങൾക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിൽ ആയുഷ് അധികാരി എന്ന പ്രതിഭാധനനായ ഈ യുവ താരത്തിനു പ്രീ സീസൺ സ്‌ക്വാഡിൽ അവസരം നൽകിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ വരുന്ന ദിവസങ്ങളിലെ പ്രാക്ടീസ് സെഷനുകളും പ്രീ സീസൺ മത്സരങ്ങളും ആയുഷിന്റെ സീനിയർ ടീമിലേക്കുള്ള ഭാവി നിർണ്ണയിക്കും.

സീനിയർ ടീമിലെ സ്ഥാനത്തിനായി ആയുഷിനു മത്സരിക്കേണ്ടത് ബ്ലാസ്റ്റേഴ്സിലെ പ്രതിഭാധനരായ ഒരു കൂട്ടം യുവതാരങ്ങളോടു കൂടിയാണ്.

തനിക്കു ഫുട്ബാളിൽ എത്താൻ പ്രചോദനമായതു തന്റെ അച്ഛൻ ആണെന്നും എക്കാലത്തും തന്റെ പ്രചോദനം അച്ഛൻ തന്നെയാണെന്നും ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ മഹേഷ്‌ ഗാവ്ലി ആണ് തന്റെ ഹീറോ എന്നും ആയുഷ് വെളിപ്പെടുത്തുന്നു.

ലോക ഫുട്ബോളിൽ ഇതിഹാസ താരം സിനദിൻ സിദാനെയും ടോണി ക്രൂസിനെയും ലൂക്കാ മോഡ്രിചിനെയും ആയുഷ് ഏറെയിഷ്പ്പെടുന്നു.

നിരന്തരം മെച്ചപ്പെടാൻ പരിശ്രമിക്കുന്ന പ്രതിഭാശാലിയായ ആയുഷിനു പ്ലെയിങ് ടൈം തന്നെയാണ് ലക്ഷ്യം.ഇന്ത്യൻ ദേശീയ സീനിയർ ടീമിലേക്കുള്ള പ്രവേശനം ആയുഷിന്റെ സ്വപ്നമാണ്.

ആയുഷ് എന്ന യുവ താരത്തിന്റെ പ്രതിഭയിൽ ആർക്കും തർക്കമുണ്ടാവില്ല.

തന്റെ പ്രതിഭ തെളിയിക്കുന്ന തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ വരുന്ന സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ ഇടം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ആയുഷിനു കഴിയട്ടെ എന്നാശംസിക്കുന്നു.

– ലക്ഷ്മികാന്ത്

Facebook Comments

error: Content is protected !!