ചേലോര് നിൽക്കും ചെലോര് നിക്കൂല്ല. പക്ഷെ ഹക്കു നിൽക്കും 😎

മലയാളി താരം അബ്‌ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്.

2023 വരെയാണ് ബ്ലാസ്റ്റേഴ്‌സ് അബ്ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്.

അബ്ദുൾ ഹക്കു നെടിയോടത്ത് 🔴⚫️

മലപ്പുറം സ്വദേശി. 25 വയസ്സ് പ്രായം.

സെന്റർ ബാക്ക്.

6 അടിയിൽ കൂടുതൽ ഉയരമുള്ള താരമാണ് അബ്ദുൾ ഹക്കു.

മലപ്പുറത്തെ വാണിയന്നൂരിൽ ആണ് ഹക്കു ജനിച്ചു വളർന്നത്.കുട്ടിക്കാലത്തു തന്റെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ കണ്ടു വളർന്ന ഹക്കുവിനു പിന്നീട് ഫുട്ബോൾ തന്റെ സ്വപ്നമായി മാറുകയായിരുന്നു.

സ്പോർട്സ് അക്കാഡമി തിരൂരിൽ ആണ് ഹക്കു ഫുട്ബാളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.5 വർഷത്തോളം ഹക്കു സ്പോർട്സ് അക്കാഡമി തിരൂരിൽ ചിലവഴിച്ചു.ഹക്കുവിന്റെ കരിയറിൽ നിർണ്ണായക വഴിത്തിരിവായതും സാറ്റ് തിരൂരിലെ പരിശീലനം തന്നെയായിരുന്നു.സാറ്റ് തിരൂർ അക്കാഡമി മാനേജർ മൊയ്തീൻ കുട്ടിയെയെയും പരിശീലകൻ പീതാംബരനെയും ഹക്കു നന്ദിയോടെ സ്മരിക്കുന്നു.
പിന്നീട് ഹക്കു പൂണെയിലെ ഡി എസ് കെ ശിവാജിയൻസ് അക്കാഡമിയിൽ എത്തി.ഹക്കുവിന്റെ ആദ്യ പ്രൊഫെഷണൽ അക്കാഡമി ആയിരുന്നു ഡി എസ് കെ ശിവാജിയൻസ് അക്കാഡമി.ഡി എസ് കെ ശിവാജിയൻസ് അക്കാഡമിയിലെ വിദഗ്ദ്ധ പരിശീലനത്തിനു ശേഷം ഹക്കു അവർക്കു വേണ്ടി യൂത്ത് ചാംപ്യൻഷിപ്പുകളിൽ അടക്കം നിരവധി മത്സരങ്ങൾ കളിച്ചു.പിന്നീട് ഹക്കു ഡി എസ് കെ ശിവാജിയൻസ് ബി ടീമിൽ എത്തി.

2016-ൽ ഈസ്റ്റ്‌ ബംഗാളിനെതിരെ ഡി എസ് കെ ശിവാജിയൻസ് ജേഴ്‌സിയിൽ ഹക്കു ഐ ലീഗിൽ അരങ്ങേറി.അരങ്ങേറ്റ മത്സരത്തിൽ മുഴുവൻ സമയവും കളിക്കാൻ ഹക്കുവിനായി.ഡി എസ് കെ ശിവാജിയൻസിനായി 2015-2016 സീസണിൽ 13 മത്സരങ്ങളിൽ ആണ് ഹക്കു കളത്തിലിറങ്ങിയത്.
3 വർഷത്തോളം ഹക്കു ഡി എസ് കെ ശിവജിയൻസിൽ തുടർന്നു.

തുടർന്നു ആ സീസൺ അവസാനം ഫത്തേഹ് ഹൈദരാബാദ് എഫ് സിയുമായി ഹക്കു കരാറിൽ എത്തി.ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ ഫത്തേഹ് ഹൈദരാബാദ് എഫ് സിക്കായി തകർപ്പൻ ഫോമിൽ കളിച്ച ഹക്കു ആ സീസണിൽ 15 മത്സരങ്ങളിൽ ഒരു ഗോൾ നേടുകയും ചെയ്തു.

ഫത്തേഹ് ഹൈദരാബാദ് എഫ് സിയിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2017-2018 സീസണിൽ ഹക്കുവിനെ പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ടീമിൽ എത്തിച്ചു.സീസണിലെ മോശം തുടക്കത്തെത്തുടർന്നു ജോവോ ഡി ഡിയൂസിനു പകരം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകൻ ആയി ചെൽസി,വെസ്റ്റ്ഹാം യുണൈറ്റഡ്,ഘാന ഉൾപ്പടെയുള്ള ടീമുകളെ പരിശീലിപ്പിച്ച വിഖ്യാത പരിശീലകൻ അവ്റാം ഗ്രാന്റ് എത്തുന്നതും ആ സീസണിൽ ആണ്. എൽക്കോ ഷറ്റോറി ആയിരുന്നു ടീമിന്റെ സഹ പരിശീലകൻ.

നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായി ജാംഷെഡ്പൂർ എഫ് സിക്കെതിരെ എമേർജിങ് പ്ലെയർ പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു ഹക്കുവിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം. നിർഭാഗ്യത്തിന്റെ രൂപത്തിൽ പരിക്ക് വേട്ടയാടിയ ആ സീസണിൽ 4 മത്സരങ്ങൾ നോർത്ത് ഈസ്റ്റ്‌ ജേഴ്‌സിയിൽ കളിക്കാൻ ഇറങ്ങിയ ഹക്കു 3 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.12 ക്ലിയറൻസ് നടത്തിയ ഹക്കു 102 പാസ്സുകളും നൽകി.
ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണിൽ 4 മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളു എങ്കിലും കളിക്കാനിറങ്ങിയ മത്സരങ്ങളിൽ എല്ലാം തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കാനും അതിലൂടെ ഫുട്ബോൾ നിരീക്ഷകരുടെയും അവ്റാം ഗ്രാന്റും എൽക്കോ ഷട്ടോരിയും ഉൾപ്പെട്ട വിദഗ്ദ്ധരായ പരിശീലക സംഘത്തിന്റെയും പ്രശംസ പിടിച്ചു പറ്റാനും ഹക്കുവിനു സാധിച്ചു.

2018/2019 സീസണിൽ ആണ് ഹക്കു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2 വർഷത്തേക്കായിരുന്നു കരാർ.ഡേവിഡ് ജെയിംസും പിന്നീട് നെലോ വെൻഗാഡയും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലകൾ വഹിക്കുകയും കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്ത ആ സീസണിൽ 2 മത്സരങ്ങളിൽ മാത്രം ആണ് ഹക്കുവിനു കളിക്കാൻ കഴിഞ്ഞത്. കളത്തിൽ ഉണ്ടായിരുന്നത് വെറും 30 മിനിറ്റുകൾ മാത്രം.അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ തുടങ്ങിയ പരിചയസമ്പന്നരായ സെൻട്രൽ ഡിഫെൻഡർമാരുടെ സാന്നിധ്യം തന്നെയായിരുന്നു ഹക്കുവിന് അവസരം ലഭിക്കാതിരിക്കാൻ കാരണം.പരിക്കേറ്റതും ആ സീസണിൽ ഹക്കുവിനു തിരിച്ചടിയായി.

തുടർന്നു എൽക്കോ ഷട്ടോരി എന്ന ഡച്ച് ടാക്ടീഷ്യൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ചുമതല ഏറ്റെടുത്ത ടീമിനൊയൊന്നാകെ പരിക്ക് വേട്ടയാടിയ 2019/ 2020 സീസണിൽ 5 മത്സരങ്ങളിൽ ആണ് ഹക്കു കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയത്.307 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്ന ഹക്കു 5 ടാക്കിളുകളൂം 51 ക്ലിയറൻസും നടത്തി. 138 പാസ്സുകളും 209 ടച്ചുകളും ഹക്കുവിന്റെ ഭാഗത്തു നിന്നും ഉണ്ടായി.27.6 ആയിരുന്നു ഓരോ മത്സരത്തിലെയും ഹക്കുവിന്റെ പാസ്സിങ്‌ ശരാശരി.കിട്ടിയ അവസരങ്ങൾ ഹക്കു പരമാവധി മുതലാക്കി എന്നു കണക്കുകളിൽ നിന്നും വ്യക്തമാണ്.

മാൻ മാർക്കിങ്‌ എബിലിറ്റിയും ഏരിയൽ ബോളുകളിൽ അപകടം ഒഴിവാക്കാനുള്ള പ്രത്യേക കഴിവും ഹക്കുവിനുണ്ട്.ക്ലിയറൻസിലും മിടുക്കൻ ആണ് ഹക്കു.സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിയുന്നു എന്നതും ഹക്കുവിന്റെ പ്ലസ് പോയിന്റ് ആണ്.

ചില സമയങ്ങളിൽ നിസാരമായി പിഴവുകൾ വരുത്തുന്നതാണ് ഹക്കുവിന്റെ പോരായ്മ.കരിയറിൽ ഉടനീളം വേട്ടയാടിക്കൊണ്ടിരിക്കുന്ന പരിക്കും തിരിച്ചടിയായിട്ടുണ്ട്.

തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നവൻ ആണ് പോരാളി.
തന്റെ പിഴവുകൾ തിരുത്തുന്നതിനും ശാരീരിക ക്ഷമത നിലനിർത്തുന്നതിനും ഹക്കു നിരന്തരം പരിശ്രമിക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ സമ്മർദ്ദ ഘട്ടങ്ങളിൽ കൂൾ ആയി കളിക്കുന്ന ഹക്കുവിനെ നമ്മൾ കണ്ടതാണ്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സര പ്രാധാന്യത്തെപ്പറ്റിയും കളിക്കാരൻ എന്ന നിലയിൽ സ്ഥിരത പുലർത്തേണ്ടതിനെക്കുറിച്ചും ഹക്കുവിനു നല്ല ബോധ്യം ഉണ്ട്.തികഞ്ഞ അർപ്പണ ബോധം ഉള്ള താരം കൂടിയാണ് ഹക്കു.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ആരാധകൻ ആണ് ഹക്കു.കഠിനാദ്ധ്വാനത്തിന്റെയും ശാരീരിക ക്ഷമതയുടെയും കാര്യത്തിൽ ഹക്കു മാതൃകയാക്കിയിരിക്കുന്നതും ക്രിസ്റ്റിയാനോ റൊണാൾഡോയെ തന്നെയാണ്.ഇന്ത്യൻ താരങ്ങളിൽ സുനിൽ ഛേത്രിയാണ് ഹക്കുവിന്റെ ഇഷ്ട താരം.മലയാളി താരം അനസ് എടത്തൊടികയെ തന്റെ ഫുട്ബോൾ കരിയറിലെ വഴികാട്ടിയായിട്ടാണ് ഹക്കു നോക്കികാണുന്നത്.

ഈ കോവിഡ് കാലത്തും തന്റെ ശാരീരിക ക്ഷമത നിലനിർത്തുന്നതിനും തന്റെ പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള കഠിന പ്രയത്നത്തിൽ ആണ് ഹക്കു.

ഇന്ത്യൻ സൂപ്പർ ലീഗിലെ മികവുറ്റ പരിശീലകരുടെ കീഴിൽ ഉള്ള പരിശീലനം ഹക്കുവിനെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കം ഇല്ല.സന്ദേശ് ജിങ്കന്റെ അഭാവത്തിൽ വരുന്ന സീസണിൽ ഹക്കുവിനു കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നുറപ്പാണ്.

ഹക്കു ഇപ്പോഴും ചെറുപ്പമാണ്.ഇനിയും അവസരങ്ങൾ ഉണ്ട്.ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സെൻട്രൽ ഡിഫെൻഡർമാരുടെ അഭാവം എന്നുള്ളതും ഹക്കുവിനെ പോലെയുള്ള താരങ്ങൾക്ക് മികച്ച അവസരമാണ്.

യുവ കളിക്കാരിലെ പൊട്ടൻഷ്യൽ മനസ്സിലാക്കി കൂടുതൽ അവസരങ്ങൾ നൽകുന്ന കിബു വികുന എന്ന സ്പാനിഷ് പരിശീലകൻ ഹക്കുവിനു കൂടുതൽ അവസരങ്ങൾ നൽകും എന്നു തന്നെ പ്രതീക്ഷിക്കാം.

ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം ആണ് ഹക്കുവിന്റെ സ്വപ്‍നം.

ഹക്കു എന്ന യുവ താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയം ഇല്ല.സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളിലൂടെ തന്റെ സ്വപ്നം നേടിയെടുക്കാൻ ഹക്കുവിനു കഴിയട്ടെ എന്നാശംസിക്കുന്നു. 💛

Facebook Comments

error: Content is protected !!