മഞ്ഞപ്പടയൊരുക്കം

മഞ്ഞപ്പടയൊരുക്കം എന്ന നാമധേയത്തിൽ മഞ്ഞപ്പട മലപ്പുറം വിംങ് സംഘടിപ്പിച്ച പ്രബന്ധ മത്സരം വൻ വിജയമായി തീർന്നു. ലഭിച്ച 150 ഓളം രചനകളിൽ നിന്നും മികച്ച മൂന്നെണ്ണം തിരഞ്ഞെടുക്കക എന്നുള്ളത് കഠിന പ്രയത്നമായിരുന്നെങ്കിലും, പത്ര മാധ്യമങ്ങളിലൂടെ തൂലികയിൽ വിസ്മയം തീർക്കുന്ന നമ്മുടെ മുഖ്യ ജഡ്‌ജ്‌ മാത്രഭൂമി സ്പോർട്സ് ഡെസ്ക്കിലെ സബ് എഡിറ്റർ ശ്രീ: അനീഷ് പി നായർ അത് മനോഹരമായി നിർവഹിച്ചതോടെ അർഹിച്ചവർക്ക് അതിന്റെ അംഗീകാരം ലഭിച്ചു.

മത്സരത്തിൽ
ഒന്നാം സ്ഥാനം
റഷാദ് അച്ഛനമ്പലം
ഗ്രൂപ്പ്‌ 10

രണ്ടാം സ്ഥാനം
ജുമാന ഹസീൻ തുവ്വൂർ
ഗ്രൂപ്പ്‌ 21

 മൂന്നാം സ്ഥാനം
ആഷിഫ് പെരിന്തൽമണ്ണ
 ഗ്രൂപ്പ്‌ 21

എന്നിവർ കരസ്തമാക്കി. വിജയികൾക്ക് മഞ്ഞപ്പടയുടെ അഭിനന്ദനങ്ങൾ.

ഒന്നാം സ്ഥാനം ലഭിച്ച പ്രബന്ധം

WC027

ഇന്ത്യൻ ഫുട്ബോൾ പിന്നിട്ട നാഴികകല്ലുകൾ…

ഉറങ്ങിക്കിടക്കുന്ന സിംഹം- അതായിരുന്നു മുൻ ഫിഫ അധ്യക്ഷൻ സെപ് ബ്ലാറ്റർ ഇന്ത്യൻ കാൽപന്ത് കളിയെ നിരീക്ഷിച്ച വിധം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാൽപന്ത് ചരിത്രം ഉറക്കത്തിലേക്ക് വീണതുതന്നെയായിരുന്നു. 1948-ലെ ലണ്ടൻ ഒളിമ്പിക്സിലെ പുൽ മൈതാനക്കുമപ്പുറം സാമ്രാജ്യത്വത്തെയും ബ്രിട്ടീഷ് അതിശത്വത്തെയും വിറപിച്ചു നിർത്താൻ വരെ ഈ ഉറക്കം നടിക്കുന്ന ഇതിഹാസത്തിനായി.

തിരിഞ്ഞുനോട്ടം:-

പുതുതായി രൂപീകരിക്കപ്പെട്ട സ്വതന്ത്ര ഇന്ത്യ 1948-ലെ ലണ്ടൻ ഒളിമ്പിക്സിൽ 17000 കാണികളുടെ ആർപ്പവിളികൾക്ക് ഇടയിൽ പന്ത് തട്ടിയത് സാക്ഷാൽ ഫ്രാൻസിന് എതിരെയായിരുന്നു. 11ൽ 8 പേരും നഗ്ന പാദവുമായി പോരാടി നേടിയത് സരംഗപാനി രാമന്റെ കാലിൽ നിന്ന് പിറന്ന എക ഗോളിന്റെ പിൻബലത്തിൽ 2- 1 ന്റെ സ്വപ്ന തോൽവിയും. “നിങ്ങൾ കണ്ടില്ലെ, ഞങ്ങൾ ഇന്ത്യക്കാരാണ് “കാൽ” പന്ത് കളിച്ചത്. നിങ്ങളാകട്ടെ ബൂട്ട് കൊണ്ടുള്ള കളിയും” എന്ന് നർമ്മ രൂപേണ ഒരു ഇന്ത്യൻ കളിക്കാരൻ അന്ന് പറഞ്ഞത്രെ! 1952ലെ ഹെൽസിംഗിയിലും ഇന്ത്യൻ ഇതിഹാസം സൈലൻമന്നക്ക് കീഴിൽ ലോക വേദിയിൽ വന്നെങ്കിലും 10-1 ന്റെ ചരിത്ര തോൽവി ആയിരുന്നു വിധി (യൂഗോസ്ലോവിയക്ക് എതിരെ). അടുത്ത തവണ മെൽബണിൽ വെറുതെ വന്നതായിരുന്നില്ല ഇന്ത്യൻ സംഘം . സമർബാനർജിയുടെ നേതൃത്വത്തിൽ 4-2നു ആതിഥേയരെ തോൽപിച്ചു. ആദ്യ ജയം, ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് നേട്ടവും നേവില്ല ഡിസൂസയുടെ വകയായി വന്നു ചേർന്നു. നിർഭാഗ്യമെന്നോണം സെമി ഫൈനലിൽ യൂഗോസ്ലോവിയയോട് വീണ്ടും തോൽക്കാൻ ആയിരുന്നു വിധി എങ്കിലും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആ ഒളിമ്പിക്സിലെ നാലാംസ്ഥാനം സുവർണ ലിപികളിൽ എഴുതി ചേർത്തു കഴിഞ്ഞിരുന്നു അപ്പോഴേക്കും.

ഒടുവിലോരിക്കൽ പീറ്റർ തങ്കരാജുo, പി കെ ബാനർജിയും, ചുനി ഗോസ്വാമിയും അടങ്ങുന്ന സംഘം 1960-ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു റോമിൽ എത്തിയെങ്കിലും പെറുവിനെതിരെ പിന്നോട്ട് പോയി. പക്ഷെ, അതിനു മുമ്പുള്ള മത്സരങ്ങളിൽ ഹംഗറിയെ വിറപ്പിച്ചും ഫ്രാൻസിനെ സമനിലയിൽ തളച്ചിട്ടും കരുത്തു കാട്ടി എന്നത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

ഒളിമ്പിക്‌സ് പോലുള്ള സ്വപ്ന വേദികളിലേക്ക് ഒരുക്കി വിടാൻ ഒരുപിടി നല്ല ടൂർണമെന്റ്കൾ അതിനുമൊരുപാട് മുമ്പെ നടന്നു വന്നിരുന്നു. 1888-ൽ ആരംഭിച്ച ഡ്യൂറണ്ട് കപ്പ് ലോകത്തിലെ തന്നെ പഴക്കമേറിയ മൂന്നാമത്തെ ഫുട്ബാൾ ടൂർണമെന്റ് ആയിരുന്നു. എന്നിരുന്നാലും സുവർണ്ണ കാലഘട്ടങ്ങൾക്ക് വേണ്ടി അമ്പതുകളും അറുപതുകളും വരെ കാത്തിരിക്കേണ്ടി വന്നു. 1950 ൽ ഇന്നും സ്വപ്നമായ ലോകകപ്പിന്റെ പടി വാതിൽ വരെ എത്തി ഭാരതം. “ലോകകപ്പിന് ഇത്ര പ്രാധാന്യം ഉണ്ടെന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അന്ന് ഒളിമ്പിക്‌സ് ആയിരുന്നു എല്ലാം”. ഇന്ത്യ തട്ടി തെറിപ്പിച്ച ആ അവസരത്തെ കുറിച്ചു സൈലന്റ് മന്ന പറഞ്ഞു വെച്ചത് ഇങ്ങനെ ആയിരുന്നു.

അന്നത്തെ ഇന്ത്യൻ സംഘം ഏഷ്യയിലെയോ ഈസ്റ്റ് യൂറോപ്പിലെയോ ഏത് ടീമിനെയും ആട്ടിമറിക്കാൻ പോന്നതായിരുന്നു എന്നത് ഒരേ സമയം അത്ഭുതവും ദുഃഖവുമാണ്.
എന്നാൽ 1960 മുതൽ കഥ മാറി. കൃത്യമായി നിരീക്ഷിച്ചാൽ 1960ലെ ഏഷ്യൻ കപ്പു മുതൽ ഇന്ത്യ കീഴ്പോട്ടുള്ള ലക്ഷണങ്ങൾ കാട്ടിതുടങ്ങി. 1963ലും 1964ലും ഒക്കെ ഏഷ്യൻ രാജ്യങ്ങൾക്ക് കളി കാര്യമായി തുടങ്ങിയപ്പോൾ ഏഷ്യയിലെ ബ്രസീൽ എന്നറിയപ്പെട്ട ഇന്ത്യ വന്നവഴി മറന്നു പിന്തിരിഞ്ഞു തുടങ്ങി. 1960ലെയും 1968ലെയും എ.എഫ്സി കപ്പിൽ യോഗ്യത പോലും നേടിയില്ല.പിന്നീടങ്ങോട്ട് കാൽപന്തിനേ മറന്നു തുടങ്ങി, കളിയേയും കളിക്കാരെയും വളർത്തിയെടുക്കാൻ തിടുക്കം കാണിക്കാതെ കാണികളായി മാത്രം മാറിത്തുടങ്ങിയതും ഡ്യുറന്റ് മുതൽ ഐ.എഫ്.എ ഷീൽഡ്, സുബ്രതോ, സന്തോഷ്‌ ട്രോഫി, നാഗ്ജി, ഫെഡറേഷൻ കപ്പ്‌, നെഹ്‌റു കപ്പ്‌ പോലുള്ള ടൂർണമെന്റുകൾ കാലഹരണപ്പെടുകയോ ജനഹൃദയങ്ങളിലെ സ്ഥാനം നഷ്ടപ്പെടുകയോ ചെയ്തതും കാലാന്തരങ്ങളിൽ പികകോട്ടുള്ള യാത്രയെ ആയാസമാക്കി. ഇതിനിടയിൽ 1985 ലെയും 1987ലെയും സൗത്ത് ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലും സാഫ് ചാമ്പ്യൻഷിപ്പിലെ ഏഴ് കിരീടനേട്ടങ്ങളും ഒരാശ്വാസം കണക്കെ എണ്ണിത്തീർക്കാമെന്നു മാത്രം.
1996-ൽ നാഷണൽ ഫുട്ബോൾ ലീഗുമായി എ.ഐ.എഫ്.എഫ് ഒരു തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും അനക്കമുണ്ടായില്ല. 2006-ൽ വീണ്ടും പഴയ കുപ്പിയിൽ പുതിയ വീഞ്ഞുമായി ഐ ലീഗ് എത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ഇതിനു കാരണങ്ങൾ പലതായിരുന്നു, ജനങ്ങളിലേക്ക് ആകർഷകമായി എത്തിക്കാനാകാത്തത്,കുരുന്നുകളിക്കാരെ വളർത്തിയെടുക്കാനാകാത്തത്, സാമ്പത്തികമായ ബാധ്യതകൾക്ക് മുമ്പിൽ പിടിച്ചു നിലക്കാനാകാതെ ക്ലബ്ബുകൾ അടച്ചു പൂട്ടിയത്, മികച്ച സൗകര്യങ്ങളുടെയും കളിസ്ഥലങ്ങളുടെയും അഭാവം, അങ്ങനെ പലതും
ഇതിനെയെല്ലാം തിരിച്ചറിഞ്ഞും ഇന്ത്യൻ സാധ്യതകളെ പഠനം നടത്തിയും എഫ്.എസ്.ഡി.എൽ പുതിയൊരു രൂപരേഖയൊരുക്കി എ.ഐ. എഫു മായി ചേർന്ന് പുതിയ ചേരുവകൾ ചേർത്ത് 2013ൽ ഐ.എസ് എല്ലിനെ ലോകത്തിനു മുമ്പിൽ സമർപിച്ചു പുത്തൻ ഉണർവായി. പുതിയ ചേരുവകളും വർണങ്ങളും ഇന്ത്യൻ കാൽപന്തിനു പൊൻതൂവൽ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ. നോർത്തീസ്റ്റ് ഇന്ത്യൻ വിപ്ലവവും കൂണു പോലെ മുളക്കുന്ന അക്കാദമികളും ഇന്ത്യക്ക് അതിനൊപ്പം ചേർന്ന് പതിനൊന്നു മികച്ച കളിക്കാരെ നൽകി ഇന്ത്യ ഉയർത്തെഴുന്നേൽക്കും, ഉറക്ക് വെടിഞ്ഞ്!. സെപ് പറഞ്ഞ പോലെ!
ശുഭം
**********************************************************************************

രണ്ടാം സ്ഥാനം ലഭിച്ച പ്രബന്ധം

WC074

*കാൽപന്തിലെ ഭാരത പൈതൃകം!*
“ഞങ്ങൾ കളിക്കുന്നത് ഫുട്ബോൾ ആണ്, നിങ്ങൾ കളിക്കുന്നത് ബൂട്ട്ബോളും.” ഇന്ത്യയിൽ വളക്കൂറില്ലെന്ന് പറഞ്ഞ് പലരും എഴുതി തള്ളിയ കായിക ഇനമാണ് ഫുട്ബോൾ. ബൂട്ബോൾ കളിക്കാതെ ഫുട്ബാൾ കളിക്കാൻ ധൈര്യപ്പെട്ട ഒരു താരനിര ഉണ്ടായിരുന്നു ഇന്ത്യൻ ഫുട്ബാളിന്. രാജ്യാന്തര വേദികളിൽ രാജ്യത്തിന് തന്നെ അപമാനമെന്ന് അനേകം പേർ ഇപ്പോൾ പരിഹസിക്കുന്ന ഭാരത ഫുട്ബോൾ പിന്നിട്ട നാഴിക കല്ലുകൾ പലർക്കും അറിയില്ല,ആർക്കും അറിയണമെന്നില്ല. അവയിൽ ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം.

ലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചിട്ടുള്ളത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ താലിമാരൻ എ ഒ യുടെ വാക്കുകളാണ് സ്വാതന്ത്ര്യലബ്ധിയുടെ ഒരാണ്ട് തികയും മുന്നേ 1948 ലണ്ടൻ ഒളിംപിക്സിൽ എന്ത് കൊണ്ട് നഗ്നപാദരായി കളിച്ചു എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണിത്. പ്രസ്തുത ഒളിംപിക്സിൽ ‘ഭംഗ്ര ബോയ്സ്’ നേരിട്ടത് നിലവിലെ ലോക ചാമ്പ്യൻമാരെയാണ് നിർഭാഗ്യത്തെ തീർത്തും പഴിക്കാവുന്ന ആ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ച് നിർത്തിയ ഇന്ത്യ അവസാന മിനുട്ടിൽ തോൽവി വഴങ്ങി. ഈ തോൽവിക്ക് ഇന്ത്യൻ നാഴികല്ലുകളുടെ വിഷയത്തിൽ എന്ത് പ്രസക്തിയെന്നോ? സ്വാതന്ത്ര്യ ഇന്ത്യക്ക് ഒരു വയസ്സ് പ്രായമാകുന്നതിന് മുന്നേ ഇന്ത്യൻ ടീമിനെ ഒളിമ്പിക്സിന് അയക്കാൻ എ ഐ എഫ് എഫ് കാണിച്ച ചങ്കൂറ്റം ഇന്ത്യൻ ഫുട്ബോളിൽ വഴിതിരിവായി എന്ന് തന്നെ വിശ്വസിക്കാം. ഇതിന് ശേഷമുള്ള ഏകദേശം പതിനഞ്ച് വർഷത്തോളം കാലം ഇന്ത്യൻ ഫുട്ബാളിന് സുവർണ്ണയുഗമായിരുന്നു.

കൃത്യമായി പറഞ്ഞാൽ 1950-62 കാലഘട്ടം ഭാരത ഫുട്ബോളിന് സഫലവേളയായിരുന്നു. ഇന്ത്യ ‘ഏഷ്യയിലെ ബ്രസീൽ’ എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട സുന്ദര കാലം!ആധുനിക ഇന്ത്യൻ ഫുട്ബാളിന്റെ ശില്പിയായി അറിയപ്പെടുന്ന സയ്യിദ് അബ്ദുൽ റഹിം കെട്ടിപടുത്ത ഇന്ത്യൻ ടീം വിജയങ്ങൾ കൊയ്തു, അംഗീകാരങ്ങൾ നേടി. ഇന്ത്യ ആതിഥ്യം വഹിച്ച 1951 ഏഷ്യൻ ഗെയിംസിലെ വിജയത്തോടെ നേട്ടങ്ങൾക്ക് തുടക്കമിട്ടു.
ശ്രീ ലങ്കയിൽ വെച്ച് നടന്ന 1952-ലെ കൊളംബോ ക്വഡ്രാങ്കുലർ കപ്പിലും ഇന്ത്യൻ ടീം തങ്ങളുടെ ഫോം തുടർന്നു.1953,1954,1955 ക്വഡ്രാങ്കുലർ കപ്പുകളിൽ ഇന്ത്യ വിജയം ആവർത്തിച്ചു തുടർന്ന് എട്ടാം സ്ഥാനകാരായി 1954 ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചു. 1956 ഒളിംപിക്സിൽ സെമിഫൈനലിൽ പ്രവേശിചച്ച് ചരിത്രം കുറിച്ചു. ഇതോടെ ഒളിംപിക്സ് സെമിഫൈനലിൽ കടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ഖ്യാതി ഇന്ത്യക്കായി. ആതിഥേയരായ ഓസ്ട്രേലിയയെ 4-2ന് ഇന്ത്യ തകർത്തു. അന്ന് ഹാട്രിക്ക് നേടിയ നെവില്ലെ ഡിസൂസയാണ് ഒളിംപിക്സിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഏഷ്യാകാരൻ. തുടർന്ന് 1958 ഏഷ്യൻ ഗെയിംസിൽ നാലാമതായും, 1959 മെർഡെക്ക കപ്പിൽ രണ്ടാമതായും ഫിനിഷ് ചെയ്തു.1962-ലെ ഏഷ്യൻ ഗെയിംസിലെ സ്വർണജേതാക്കളും ഭാരതത്തിന്റെ നീലകടുവകളായിരുന്നു.

1950-62 കാലഘട്ടത്തിന്റെ മുൻപും പിമ്പും ഇന്ത്യക്ക് നേട്ടങ്ങളുണ്ടായിട്ടുണ്ട്. ഡ്യുറണ്ട് കപ്പിന്റെ പൈതൃകം ഇന്ത്യക്കെന്നും അഭിമാനത്തോടെ അവകാശപ്പെടാവുന്നതാണ്. ഐ എഫ് എ ഷിൽഡ് നേട്ടമുൾപ്പടെ നിരവധി നേട്ടങ്ങൾ കരസ്തമാക്കിയ മോഹൻ ബഗാൻ ക്ലബ്‌ ഇന്ത്യൻ ഫുട്ബാളിന്റെ അഭിമാന ഭാഗമാണ്.1964-ലെ ഏഷ്യ കപ്പ്‌ ഇന്ത്യക്ക് നഷ്ട്ടമായത് ഫൈനൽ തോൽവിയിലാണ്. സുവർണ്ണ കാലഘട്ടത്തിന് ശേഷവും സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു.1993 മുതൽ 2015 വരെ,2003 പതിപ്പൊഴിച്ചാൽ, ഇന്ത്യ ഫൈനൽ കളിക്കാതെയിരുന്നിട്ടില്ല.2007,2009,2012 നെഹ്‌റു കപ്പ്‌ വിജയങ്ങളും നീലകടുവകൾക്ക് സ്വന്തം.

താലിമരൻ എ ഒ മുതൽ ഇപ്പോൾ സുനിൽ ചേത്രി വരെ നയിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ നാളിതുവരെ നിരവധി നാഴികകല്ലുകൾ താണ്ടിയിരിക്കുന്നു. എന്നിരുന്നാലും നാമെല്ലാം ആഗ്രഹിക്കുന്ന തലത്തിലേക്ക് ഇന്ത്യൻ ഫുട്ബാളിന് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. സൃഷ്ടിപരമായ തീരുമാനങ്ങളിലൂടെ പൈതൃകം കാത്ത് സൂക്ഷിച് ഭാരത ഫുട്ട്ബോൾ മുന്നേറട്ടെ. നിർഭാഗ്യത്തിന്റെയും വിഘ്നങ്ങുളുടെയും കാർമേഘങ്ങൾ നീങ്ങി ഇന്ത്യൻ ഫുട്ട്ബാളിൽ ഇനിയും പോൻപുലരി വിരിയട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.

**********************************************************************************

മൂന്നാം സ്ഥാനം ലഭിച്ച പ്രബന്ധം

WC076

ഇന്ത്യൻ ഫുട്ബോൾ പിന്നിട്ട നാഴികക്കല്ലുകൾ

136 കോടി ജനങ്ങൾ താമസിക്കുന്ന ലോകത്തിൽ തന്നെ അറിയപ്പെടുന്ന രാജ്യം ഭാരതം. 150 വർഷത്തെ ഫുട്ബോൾ പാരമ്പര്യം ഉണ്ടായിട്ടും ഇന്ന് വരെ ഇന്ത്യക്ക് ലോകകപ്പിൽ ബൂട്ടണിയാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്നറിയുമ്പോള്‍ ലോകത്തിന് മുമ്പില്‍ നമ്മൾ  ഭാരതീയര്‍ എല്ലാവരും തലകുനിച്ച് നില്‍ക്കുന്നു. ലോകത്തിൽ തന്നെ എറ്റവും പഴക്കമുള്ള മൂന്നാമത്തെ ടൂര്‍ണമെന്റും ഏഷ്യയിലെ ആദ്യത്തെ ടൂര്‍ണമെന്റുമായ “ഡ്യൂറണ്ട് കപ്പ് ” ഇന്ത്യയിൽ ആണെന്ന് അറിയുമ്പോൾ തന്നെ ഇന്ത്യയുടെ ഫുട്ബോൾ പാരമ്പര്യം എത്ര കണ്ട് വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം.

ഇന്ത്യൻ ഫുട്ബോൾ പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുകയാണെങ്കിൽ  1937 ല്‍ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ നിലവില്‍ വന്നു. ആദ്യമായി ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത് ഇപ്പോഴത്തെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് എതിരെ ആയിരിന്നു. അന്ന് രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ ഉദയം അവിടെ തുടങ്ങുകയായിരുന്നു. 1950 ല്‍ ബ്രസീലിൽ വെച്ച് നടന്ന ആദ്യ ലോകകപ്പിന് ഏഷ്യയിൽ നിന്ന് തന്നെ ഇന്ത്യക്ക് മാത്രമായിരുന്നു ക്ഷണം. അന്ന് അതിൽ പങ്കെടുക്കാൻ ഇന്ത്യക്ക് സാധിച്ചില്ല ;അതിന് കാരണം അന്ന് ഒളിമ്പിക്സിനായിരിന്നു മുന്‍ഗണന കൊടുത്തിരുന്നത്. ഫെഡറേഷന്റെ സാമ്പത്തികപരമായുള്ള ബുദ്ധിമുട്ട്‌ കാരണം ലോകകപ്പിൽ കളിക്കേണ്ട എന്ന തീരുമാനം ഉണ്ടായത്.
ഇന്ത്യൻ ഫുട്ബോളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 50 കളും 60 കളും. 48 മുതൽ 60 വരെ ഒളിമ്പിക്സില്‍ സ്ഥിരസാന്നിധ്യമായിരിന്നു ഇന്ത്യ. 1956 ല്‍ മെൽബണിൽവെച്ച് നടന്ന ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ എക്കാലത്തെയും വലിയ നേട്ടമായി അത് മാറി

1951-1962 ഏഷ്യൻ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാക്കൾ,1964 ല്‍ ഇസ്രായേലിൽ വെച്ച് നടന്ന ഏഷ്യൻ കപ്പിലെ റണേഴ്സ് കൂടിയായിരിന്നു ഇന്ത്യ. പിന്നീട് ഇന്ത്യൻ ഫുട്ബോളിന് മങ്ങലേൽക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതിന്റെ പ്രധാന കാരണം ക്രിക്കറ്റിന്റെ ആധിപത്യം ആയിരിക്കാം. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോക കപ്പ് എടുത്തില്ലായ്രുന്നെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ന് വലിയ മാറ്റം സംഭവിച്ചേനെ. ക്രിക്കറ്റിന് കിട്ടിയ പരിഗണന ഇന്ത്യൻ ഫുട്ബോളിന് കിട്ടിയോ എന്ന എന്ന സംശയം നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാക്കും. (എന്നിരുന്നാലും നിലവിലെ കളിക്കാരിൽ എറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിക്കൊണ്ട്  ലോകോത്തര താരങ്ങളായ മെസ്സിയുടെയും റൊണോൾഡയുടേയും കൂടെ നമ്മുടെ ഇന്ത്യൻ ക്യാപ്റ്റന്‍ ഛേത്രിയും ഉണ്ടെന്നുള്ളത് നമ്മുക്ക് വളരെയധികം അഭിമാനം നല്‍കുന്നു).

പിന്നീട് ഐ ലീഗിന്റെ വരവോടെ ഇന്ത്യൻ ഫുട്ബോൾ വീണ്ടും ഉണര്‍ന്നു 1996 ല്‍ AIFF ആദ്യ ഫുട്ബോൾ ലീഗ് ആയി അംഗീകരിച്ചു. 2014 ല്‍ IPL മോഡൽ ISL നിലവില്‍ വന്നു. ISL ന്റെ വരവോടെ ഇന്ത്യൻ ഫുട്ബോൾ അടിമുടി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലോക റാങ്കിങ്ങിൽ 100-ന് താഴെ എത്താനും ഏഷ്യൻ കപ്പിൽ തുടർച്ചയായി യോഗ്യത നേടാനും കഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഇന്ത്യൻ ഫുട്ബോളിന് കഴിയും. അത് പോലെ ഒരു പിടി ലോകോത്തര താരങ്ങളെ വാര്‍ത്തെടുക്കാനും കഴിയും

136 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമാണ് ഇന്ത്യൻ ഫൂട്ട്ബോൾ. 2030 ലോക കപ്പില്‍ ഇന്ത്യയും ബൂട്ടണിയും എന്ന പ്രതീക്ഷയോടെ…….

Facebook Comments