പ്രതികൂല സാഹചര്യത്തിലും ബൂട്ട് കെട്ടാനുറച്ച് ഇന്ത്യയും ജോർദാനും

  • November 17, 2018
  • manjappada
  • News
  • 0
  • 944 Views

ഇന്ത്യ ഇന്ന് ജോർദാനെതിരെ സൗഹൃദ മത്സരത്തിനു ഇറങ്ങും. രാത്രി 10:30 ന് അമാനിലെ കിംഗ് അബ്‍ദുള്ള ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് കിക്ക്‌ ഓഫ്. ഏറെ ദിവസത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഉപേക്ഷിച്ചു എന്ന വാർത്തയാണ് രാവിലെ നമ്മൾ കേൾക്കാനിടയായത്. തുടർച്ചയായി പെയ്യുന്ന മഴമൂലമാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്. മാത്രമല്ല ഇന്ത്യയുടെ ഓഫീഷ്യൽസും ചില പ്ലെയേഴ്സും ഷാർജയിൽ ഫ്ലൈറ്റ് കിട്ടാതിനാൽ അവർക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്ലെയേഴ്‌സ് എത്തി എന്നാണ്. പ്രതികൂല സാഹചര്യത്തിലും ബൂട്ട് കെട്ടാനുറച്ചാണ് ഇന്ത്യ ഇന്ന് ജോര്ദാനെതിരെ കളത്തിലിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം സന്ദേശ് ജിങ്കാനാവും ഇന്ത്യയെ നയിക്കുന്നത്. നിലവിൽ ഇന്ത്യ 97 ആം സ്ഥാനത്ത് ആണ്. ജോർദാനാണെങ്കിൽ 112 ആം സ്ഥാനത്തും. അതുകൊണ്ട് തന്നെ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം. ഏഷ്യ കപ്പിനു മുന്നോടിയായുള്ള ഈ സഹൃദ മത്സരങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നു മാത്രമല്ല ഏഷ്യകപ്പിൽ കളിക്കുന്നതിന് ഇത് കൂടുതൽ ഉപകാരപ്രദമാവുകയും ചെയ്യും. രണ്ട് മലയാളികൾ ടീമിൽ ഇടം നേടിയെന്നത് നമുക്ക് അഭിമാനകരമായ നേട്ടമാണ്. അനസ് എടത്തൊടികയും , ആഷിഖ് കരുണിയനുമാണ് ടീമിൽ ഇടം നേടിയ മലയാളികൾ. ഇത് കൂടാതെ ബ്ലാസ്റ്റേഴ്സ് താരമായ ഹോളി ചരൻ നർസാരിയും ഇന്ത്യക്ക് വേണ്ടി കളിക്കും.

സുനിൽ ഛേത്രിക്ക് പരിക്ക് മൂലം ഈ മത്സരം കളിക്കാൻ സാധിക്കുകയില്ല.
ഐ എസ് എല്ലിൽ നിന്നും ലഭിക്കുന്ന പരിചയ സമ്പത്ത് കൊണ്ട് നമ്മുടെ പ്ലെയേഴ്സിന് ലഭിക്കുന്ന ആത്മവിശ്വാസം ഒന്നും ചെറുതല്ല. അതുകൊണ്ട് തന്നെ ആരെയും ഭയക്കാതെ കളത്തിലിറങ്ങാം. ഇതിനു മുൻപ് ഇന്ത്യ ചൈനയോട് ആയിരുന്നു സൗഹൃദ മത്സരം കളിച്ചത്. മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചതെങ്കിലും മികച്ച ഒരു പോരാട്ടം തന്നെയാണ് ഇന്ത്യ അന്ന് കാഴ്ച വെച്ചത്. ഇന്നും അത് പോലെ ; അതിനേക്കാൾ മികച്ച ഒരു പ്രകടനം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. സന്ദേശ് ജിങ്കാൻ നയിക്കുന്ന ഇന്ത്യൻ ടീം വളരെ ആവേശത്തോടെയാണ് കളത്തിലിറങ്ങാൻ പോവുന്നത്. കളിക്കളത്തിലെ പ്രതികൂല സാഹചര്യങ്ങൾ എല്ലാം തരണം ചെയ്ത് തന്നെയാണ് ടീം മത്സരിക്കാൻ ഇറങ്ങുന്നത്. മത്സരം സ്റ്റാർ സ്പോർട്സിലും , ഏഷ്യാനെറ്റ് മൂവിസിലും തത്സമയ സംപ്രേഷണം ഉണ്ടാവും. കാത്തിരിക്കാം ഏവരും കാത്തിരുന്ന തീ പാറും മത്സരത്തിനായി.

#Back_the_blues
#Asian_dream

©manjappada

Facebook Comments