ത്രിമൂർത്തികൾ വീണ്ടും ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക്

  • July 10, 2018
  • manjappada
  • Fans Blog
  • 0
  • 24421 Views

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ 2017-18 സീസണിൽ തങ്ങളുടെ കളിമികവ് കൊണ്ട് ആരാധകരുടെയും മാനേജ്മെന്റിന്റെയും മനസ്സിൽ സ്ഥാനമുറപ്പിച്ച മൂന്ന് വിദേശ താരങ്ങളെ 2018-19 ടീമിൽ നിലനിർത്തിയതായി മാനേജ്മെന്റ് അറിയിച്ചു. നെമാഞ്ച ലസിച്ച് പെസിച്ച്, പെക്കുമോൻ എന്ന ഓമനപ്പേരിൽ അറിയുന്ന കറേജ് പെക്കൂസൺ,ഡൂഡ് എന്ന ഓമനപ്പേരിൽ അറിയുന്ന കിസീറോൺ കിസീറ്റോ എന്നിവരെയാണ് മാനേജ്മെന്റ് നില നിർത്തിയത്.

ഡൂഡ്😎
2018 ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലാണ് ഈ ഉഗാണ്ടൻ താരം ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് വരുന്നത്, വെറും നാലു മത്സരങ്ങൾ മാത്രം കളിച്ച കിസീറ്റോ ആരാധക മനസ്സിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിച്ചു. ഡൂഡ് എന്ന വളരെ പ്രശസ്തമായ ഒരു കഥാപാത്രത്തിന്റെ രൂപസാദൃശ്യം ഉള്ളതിനാൽ അവനെ ആ ഓമനപേരിലാണ് വിളിച്ചിരുന്നത്.ചടുലമായ വേഗതയും അളന്ന് മുറിച്ച പാസുകളും പിന്നെ തന്റെ കഠിനാധ്വാനവും ചേരുമ്പോൾ ഏത് മത്സരവും തന്റെതാക്കുവാൻ ഡൂഡിന് കഴിയും. അത് അദ്ദേഹം തെളിയിച്ചട്ടുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഡൂഡിനെ കൊച്ചിയുടെ ഫുട്ബോൾ മാമാങ്കത്തിലേക്ക് സ്നേഹപൂർവ്വം മഞ്ഞപ്പട സ്വാഗതം ചെയ്യുന്നു

നെമാഞ്ച, ഇങ്ങനൊരു പേരു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരിക ഒരു യോദ്ധാവിനെയാണ് നീണ്ട പന്ത്രണ്ട് വർഷം ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ കാവൽഭടൻ ആയിരുന്ന നെമഞ്ച വിദിച്ചിനെ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് നിരയിലൊരു നെമാഞ്ച നാമധാരിയെ കണ്ടപ്പോളെ ഉറപ്പിച്ചിരുന്നു എന്തെങ്കിലും സംഭവിക്കുമെന്ന്, തെറ്റിയില്ല ക്യാപ്റ്റൻ ജിംഗനും വെസ് ബ്രൗണിനും ലാലുമോനുമൊപ്പം നെമാഞ്ച ലാസിച്ച് പെസിച്ച് എന്ന ഈ യോദ്ധാവു കൂടെ വന്നപ്പോൾ സംഗതി ജോറായി. കഴിഞ്ഞ സീസണിൽ ഈ പ്രതിരോധഭടന്റെ കഴിവും ടീമിനോടൊപ്പമുള്ള സ്നേഹവും തിരിച്ചറിഞ്ഞ മാനേജ്മെന്റ് ഇപ്രാവശ്യവും കൂടെ കൂട്ടുകയാണ്. ഈ വിശ്വാസത്തെ അവൻ തന്റെ പ്രകടനങ്ങൾ കൊണ്ട് കീഴടക്കുമെന്ന് മഞ്ഞപ്പടക്ക് ഉറപ്പുണ്ട്. കാരണം അവന്റെ പേര് നെമാഞ്ച എന്നാണ്, അവനൊരു സെർബിയനാണ്‌.

പെക്കുമോൻ, അങ്ങനൊരു പേര് തനിക്ക് വരുമെന്ന് പെക്കൂസൺ ജന്മത്തിൽ വിചാരിച്ച് കാണില്ല. കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് ശേഷം, ആദ്യ കളിക്ക് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. പ്രിയപ്പെട്ടവരെ സ്നേഹത്തിൽ പൊതിഞ്ഞ് പേരു വിളിക്കാറുള്ള മലയാളികൾ വാത്സല്യത്തോടെ കറേജ് പെക്കൂസനെ പെക്കുമോനാക്കി മാറ്റി. കളിക്കളത്തിന് പുറത്ത് നാണം കുണുങ്ങിയാണെങ്കിലും കളിക്കളത്തിൽ ചെക്കൻ കഠിനധ്വാനിയും ആരോടും ഏറ്റുമുട്ടാൻ മടിക്കാത്തവനും ആണെന്ന് ഏവരും തിരിച്ചറിഞ്ഞു. എണ്ണം പറഞ്ഞ പാസുകളും ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഈ മിഡ്ഫീൽഡ് താരത്തിനെ അപ്പോൾ എങ്ങിനെ മാറ്റി നിർത്തുവാൻ മാനേജ്മെന്റിന് സാധിക്കും. ഈ ധൈര്യശാലിയെ മഞ്ഞപ്പട വീണ്ടും കൊച്ചിയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

🖋Arun Sreemadhavam

Facebook Comments