ക്ലബ്ബ് ഫുട്ബാളിൽ മാത്രം 325 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിരോധനിര താരം || Welcome COSTA NHAMOINESU

2016 നവംബറിലെ യൂറോപ്പ ലീഗ് ടീം ഓഫ് ദി വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്കും അന്നത്തെ അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനും എഎസ് റോമ വിങ്ങർ എഡിൻ ഡെക്കോയ്ക്കും ഒപ്പം ടീമിൽ ഇടം നേടിയ പ്രതിഭാശാലി.

 

യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം.

 

നിരവധി ചെക്ക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള മദ്ധ്യ യൂറോപ്പിലെ ഏറ്റവും വിജയ ചരിത്രമുള്ള ക്ലബുകളിൽ ഒന്നായ സ്പാർട്ട പ്രാഹക്കായി ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞ ആദ്യ ആഫ്രിക്കൻ താരവും 7 സീസണുകളിൽ ആയി ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (203 മത്സരങ്ങൾ) ആദ്യ വിദേശ താരവുമായ പ്രതിഭാധനനായ ഫുട്ബോളർ.

 

ക്ലബ്ബ് ഫുട്ബാളിൽ മാത്രം 325 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിരോധനിര താരം.19 ഗോളുകളും 21 അസ്സിസ്റ്റുകളും.

 

സിംബാബ്‌വെ ദേശീയ ടീമിനായി ആഫ്രിക്കൻ നേഷൻസ് കപ്പും ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പടെ 9 മത്സരങ്ങൾ.

 

 

ചെക്ക് റിപ്പബ്ലിക്, ആർസെനൽ, ബൊറൂസ്സിയ ഡോർട്മുണ്ട്, സ്പാർട്ട പ്രാഹ തുടങ്ങിയ ടീമുകൾക്കായി പന്തുതട്ടിയ ചെക്ക് റിപ്പബ്ലിക്കൻ ഇതിഹാസം തോമസ് റോസിക്കി സ്പോർട്ടിങ് ഡയറക്ടർ പദവി വഹിക്കുന്ന ചെക് റിപ്പബ്ലിക്കൻ ടോപ് ഡിവിഷൻ ക്ലബ്ബ് ആയ സ്പാർട്ട പ്രാഹ ലെജൻഡറി സ്റ്റാറ്റസ് നൽകി ആദരിച്ച ആഫ്രിക്കൻ ഫുട്ബോളർ.

 

2016-ൽ സ്പാർട്ട പ്രാഹയെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽസിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരം.

 

സ്പാർട്ട പ്രഹയ്ക്കായി ഒരു ടോപ് ഡിവിഷൻ ലീഗ് കിരീടം, 2 ചെക്ക് കപ്പ് കിരീടങ്ങൾ, ഒരു സൂപ്പർ കപ്പ് കിരീടം ഉൾപ്പടെ 4 കിരീടങ്ങൾ നേടിയ പ്രതിഭാശാലിയായ ഫുട്ബോൾ താരം.

 

 

ആരാണ് ആ പ്രതിഭാശാലി ???

 

കോസ്റ്റ നമൊയ്നെസു ❤

 

ഒരു വർഷത്തെ കരാറിൽ ആണ് സ്പാർട്ട പ്രാഹ ആരാധകരുടെ പ്രിയതാരമായ കോസ്റ്റയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്.

 

പൊസിഷൻ : സെന്റർബാക്ക് / ലെഫ്റ്റ്ബാക്ക്

 

വയസ്സ് : 34

 

രാജ്യം : സിംബാബ്‌വെ

 

ഉയരം : 6 അടി 2 ഇഞ്ച്

 

സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെയിലെ ചിടുംഗ്വിസക്കു സമീപമുള്ള ഗ്രാമ പ്രദേശമായ ചിഹോട്ടയിൽ ആണ് കോസ്റ്റ ജനിച്ചു വളർന്നത്.കുട്ടിക്കാലത്തു അധ്യാപകൻ ആകാൻ മോഹിച്ചു പ്രൊഫെഷണൽ ഫുട്ബോളിൽ എത്തപ്പെട്ട താരം ആണ് കോസ്റ്റ.ദരിദ്ര കുടുംബത്തിൽ ജനിക്കുകയും, മാതാപിതാക്കളോടൊത്തു ഒറ്റമുറി വീട്ടിൽ താമസസൗകര്യത്തിനു പോലും ബുദ്ധിമുട്ടുകയും ചെയ്ത കോസ്റ്റ ആ സമയങ്ങളിൽ തന്റെ മുത്തച്ഛനും മുത്തശ്ശിയോടൊപ്പവും ബന്ധുക്കളോടൊപ്പവുമാണ് കഴിഞ്ഞിരുന്നത്.കുട്ടിക്കാലത്തു തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചിരുന്ന കോസ്റ്റയ്ക്കു മിഡിൽ സ്കൂൾ കാലഘട്ടത്തിൽ നടത്തിയ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സിംബാബ്‌വെയിലെ ഡാർറിൻ ടെക്സ്റ്റെയിൽസ് യുണൈറ്റഡ് എഫ്‌സി തങ്ങളുടെ ക്ലബ്ബിൽ കളിക്കാനുള്ള അവസരത്തോടൊപ്പം സ്കോളർഷിപ്പോടു കൂടി പഠനത്തിനും താമസത്തിനുമുള്ള അവസരവും ഒരുക്കി നൽകി.കോസ്റ്റയുടെ സ്കൂൾ ഫീസും ക്ലബ്ബ് തന്നെയാണ് വഹിച്ചിരുന്നത്.

ഡാർറിൻ ടെക്സ്റ്റൈൽ യുണൈറ്റഡ് എഫ്‌സിയിലെ മികച്ച പ്രകടനം കോസ്റ്റയെ 2004-2005 സീസണിൽ സിംബാബ്‌വെയിലെ അമസുലു എഫ്‌സിയിൽ എത്തിച്ചു.അപ്പോഴും പഠനം തുടരുകയായിരുന്ന കോസ്റ്റയുടെ പഠനചിലവുകളും താമസവും എല്ലാം അമസുലു എഫ്‌സി ഏറ്റെടുത്തു.

2005 സീസണിൽ അമസുലു ലോവർ ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോൾ ഫുട്ബോൾ ഉപേക്ഷിക്കാനും തന്റെ ചൈൽഡ്ഹുഡ് ഡ്രീം ആയ ടീച്ചർ എന്ന പ്രൊഫഷനിലേക്കു തിരിയുന്നതിനായി ടീച്ചിങ് കോഴ്സിൽ ചേരാനുമുള്ള ചിന്തകളുമായി മുന്നോട്ടു പോയ കോസ്റ്റയെ തേടി തൊട്ടടുത്ത സീസണിൽ സിംബാബ്‌വെയിലെ ടോപ് ഡിവിഷൻ ലീഗ് ആയ സിംബാബ്‌വെ പ്രീമിയർ സോക്കർ ലീഗിൽ കളിക്കുന്ന ക്ലബ്ബ് ആയ മാസ്വിൻഗോ യുണൈറ്റഡ് എഫ്‌സി എത്തി.4 വർഷത്തേക്കായിരുന്നു കോസ്റ്റയുമായുള്ള മാസ്വിൻഗോ എഫ്‌സിയുടെ കരാർ.ലുക്ക്‌ മസോമെറെ എന്ന മാസ്വിൻഗോ എഫ്‌സിയുടെ പരിശീലകന്റെ താല്പര്യപ്രകാരം ആയിരുന്നു കോസ്റ്റയെ അവർ ടീമിൽ എത്തിച്ചത്.ക്ലബ്ബിലെ ആദ്യ ദിവസങ്ങളിൽ നന്നേ ബുദ്ധിമുട്ടിയ കോസ്റ്റ പതിയെ താളം കണ്ടെത്തുകയും ടീമിന്റെ സിസ്റ്റവുമായി ഇഴുകിച്ചേരുകയും ചെയ്തു.തുടർന്നു മിന്നും ഫോമിൽ കളിച്ച കോസ്റ്റ തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ക്ലബ്ബിനു 2006-ൽ സിംബാബ്‌വിയൻ ഇൻഡിപെൻഡൻസ് കപ്പ് നേടിക്കൊടുന്നതിൽ പ്രധാന പങ്കുവഹിച്ചു.

മാസ്വിൻഗോ യുണൈറ്റഡ് എഫ്‌സിയിൽ തുടർച്ചയായി മികച്ച കളി കാഴ്ച്ചവെച്ച കോസ്റ്റയെ സിംബാബ്‌വെക്കാരനായ പ്രിൻസ് മറ്റോറെ എന്നൊരു ഏജന്റ് നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു.2007 അവസാനം മാസ്വിൻഗോ എഫ്‌സിയുമായുള്ള കരാർ അവസാനിച്ചു ജന്മസ്ഥലമായ ഹരാരെയിലേക്കു ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന കോസ്റ്റയെ തേടി കരിയറിനു വഴിത്തിരുവായ ഒരു ഫോൺ കോൾ എത്തി.പ്രിൻസ് മറ്റോറെ എന്ന ഏജന്റ് ആയിരുന്നു കോസ്റ്റയെ ബന്ധപ്പെട്ടത്.ഒരു ലെഫ്റ്റ്ബാക്കിനായുള്ള അവരുടെ അന്വേഷണം കോസ്റ്റയിൽ എത്തുകയായിരുന്നു.അദ്ദേഹം കോസ്റ്റയെ സിംബാബ്‌വെയിലെ ഡിടി ആഫ്രിക്ക യുണൈറ്റഡ് എഫ്‌സിയുടെ ഉടമസ്ഥനും പരിശീലകനുമായ ഗ്രബ്വോസ്കിയുടെ അടുത്തെത്തിച്ചു.ആ സമയത്തു സ്ട്രോങ്ങ്‌ ലെഫ്റ്റ് ഫൂട്ടഡ് പ്ലയെർ ആയിരുന്ന കോസ്റ്റയെ ഒരു മാസത്തിലേറെ നീണ്ട കഠിന പരിശീലനത്തിനൊടുവിൽ ഇരു കാലുകളും ഉപയോഗിച്ചു ഒരേപോലെ കളിക്കാൻ കഴിയുന്ന താരമാക്കി മാറ്റിയെടുക്കാൻ ഗ്രബ്വോസ്കി എന്ന പരിശീലകനു കഴിഞ്ഞു.കോസ്റ്റക്കു യൂറോപ്പിലേക്കുള്ള വഴി തുറക്കുകയായിരുന്നു ഗ്രബ്വോസ്കിയുടെ ലക്ഷ്യം.

തുടർന്നു 2008 മാർച്ചിൽ പ്രിൻസ് മറ്റോറെയുടെയും ഗ്രബ്വോസ്കിയുടെയും ശ്രമഫലത്താൽ കോസ്റ്റ പോളണ്ടിലെ അഞ്ചാം ഡിവിഷൻ അമച്വർ ക്ലബ്ബ് ആയ വിസ്റ്റ ഉസ്‌റ്റോണിയാങ്കയിൽ എത്തി.21 വയസ്സായിരുന്നു അപ്പോൾ കോസ്റ്റയുടെ പ്രായം.മാസ്വിൻഗോ എഫ്‌സിയുമായി സ്ഥിരം കരാർ ഉണ്ടായിരുന്ന കോസ്റ്റ 6 മാസത്തെ ലോണിൽ ആയിരുന്നു പോളിഷ് ക്ലബ്ബിൽ എത്തിയത്.

അവിടെയും മികച്ച പ്രകടനം തുടർന്ന കോസ്റ്റയെ പോളിഷ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബ് ആയ സഗ്ലെബീ ലുബിൻ 2008-ൽ 2 വർഷത്തെ ലോണിൽ സ്വന്തമാക്കി.ക്ലബ്ബിനായുള്ള തന്റെ ആദ്യ സീസണിൽ തന്നെ തകർത്തു കളിച്ച കോസ്റ്റ 27 മത്സരങ്ങളിൽ അവർക്കായി കളിക്കാനിറങ്ങി.കോസ്റ്റ ഉൾപ്പടെയുള്ള താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സഗ്ലബീ ലുബിൻ 2009-2010 സീസണിൽ പോളിഷ് ടോപ് ഡിവിഷൻ ലീഗ് ആയ എക്സ്ട്രാക്‌ളാസയിലേക്കു സ്ഥാനക്കയറ്റം നേടി.പോളിഷ് ടോപ് ഡിവിഷൻ ലീഗിലെ ആദ്യ സീസണിൽ സഗ്ലബീ ലുബിനായി 24 മത്സരങ്ങൾ കളിച്ച കോസ്റ്റ ഒരു ഗോളും തന്റെ പേരിൽ കുറിച്ചു.സഗ്ലെബീ ലുബിനിൽ കളിക്കുന്ന അവസരത്തിൽ പോളിഷ് ലീഗിലെ ഹൈലി റേറ്റഡ് ലെഫ്റ്റ്ബാക്ക് ആയി കോസ്റ്റ മാറി.

സഗ്ലെബി ലുബിനായി 2 വർഷത്തെ ലോൺ പീരീഡിൽ മിന്നും ഫോമിൽ കളിച്ച കോസ്റ്റയെ തുടർന്നു 5 വർഷത്തെ സ്ഥിരം കരാറിൽ അവർ സ്വന്തമാക്കി.തുടർന്നു എക്സ്ട്രാക്ലാസയിൽ 2011-2012 സീസണിൽ 27 മത്സരങ്ങളും 2012-2013 സീസണിൽ 23 മത്സരങ്ങളും കോസ്റ്റ കളിച്ചു.

പോളിഷ് ടോപ് ഡിവിഷൻ ലീഗ് ആയ ഏക്സ്ട്രാക്‌ളാസയിൽ മാത്രം 85 മത്സരങ്ങൾ ആണ് കോസ്റ്റ ക്ലബ്ബിനായി കളിക്കാനിറങ്ങിയത്.4 ഗോളുകളും കോസ്റ്റ അവർക്കായി സ്വന്തമാക്കി.പോളിഷ് കപ്പിലും ക്ലബ്ബിനായി 7 മത്സരങ്ങൾ കോസ്റ്റ കളിച്ചു.

5 വർഷത്തെ സഗ്ലെബീ ലുബിൻ കരിയറിൽ 119 മത്സരങ്ങളിൽ ആണ് കോസ്റ്റ കളിക്കാനിറങ്ങിയത്.4 ഗോളുകളും കോസ്റ്റ സ്വന്തം പേരിൽ കുറിച്ചു.

തുടർന്നു 2013-2014 സീസണിൽ കോസ്റ്റയെ ചെക് റിപ്പബ്ലിക്കൻ വമ്പന്മാരായ സ്പാർട്ട പ്രാഹ സ്വന്തമാക്കി.2 വർഷത്തേക്കായിരുന്നു കരാർ.

ജർമ്മനി, തുർക്കി,റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓഫർ മറികടന്നാണ് അന്നു കോസ്റ്റ സ്പാർട്ട പ്രാഹയുമായി കരാറിൽ എത്തിയത്.

തന്റെ അരങ്ങേറ്റ സീസണിൽ ചെക് റിപബ്ലിക് ടോപ് ഡിവിഷൻ ലീഗ് ആയ ഫോർച്യുന ലീഗയിൽ 24 മത്സരങ്ങൾ കളിക്കാനിറങ്ങിയ കോസ്റ്റ 3 ഗോളുകളും നേടി സ്പാർട്ട പ്രാഹയ്ക്കു തങ്ങളുടെ 33ആം ചെക്ക് റിപ്പബ്ലിക്ക് ടോപ് ഡിവിഷൻ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ബ്രൂസ് ഗ്രോബ്ബെല്ലാറിനു ശേഷം ഒരു യൂറോപ്യൻ ക്ലബ്ബ് ടൈറ്റിൽ നേടുന്ന ആദ്യ സിംബാബ്‌വെ താരം എന്ന റെക്കോർഡും ഇതോടെ കോസ്റ്റ നേടി.

ഫോർച്യുന ലീഗയിലെ മത്സരങ്ങൾ ഉൾപ്പടെ 30 മത്സരങ്ങളിൽ ആണ് കോസ്റ്റ ആ സീസണിൽ സ്പാർട്ട പ്രാഹയ്ക്കായി കളിക്കാനിറങ്ങിയത്.

2013-2014 സീസണിൽ ചെക് റിപ്പബ്ലിക്കിലെ ഏറ്റവും മികച്ച വിദേശ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോസ്റ്റയെ ആയിരുന്നു.2013-2014 സീസണിൽ ചെക്ക് ആരാധകർ തിരഞ്ഞെടുത്ത മികച്ച ഇലവനിൽ കോസ്റ്റയും ഉൾപ്പെട്ടിരുന്നു.

തുടർന്നു 2014-2015 സീസണിൽ ഫോർച്യൂന ലീഗയിൽ 28 മത്സരങ്ങളിലും തൊട്ടടുത്ത സീസണിൽ 25 മത്സരങ്ങളിലും കോസ്റ്റ സ്പാർട്ട പ്രാഹ ജേഴ്‌സിയിൽ കളിക്കാനിറങ്ങി.2015-2016 സീസണിൽ 3 ഗോളുകളും കോസ്റ്റ നേടി.

സ്പാർട്ട പ്രാഹയിൽ തുടർച്ചയായ സീസണുകളിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റയെ സ്വന്തമാക്കാനായി ടർക്കിഷ് വമ്പൻമാരായ ബെസിക്താസും കസിംപാസ്,കൊന്യസ്പോർ തുടങ്ങിയ ക്ലബുകളും സൗത്ത് ആഫ്രിക്കൻ വമ്പന്മാരായ കൈസർ ചീഫ്സും ചില ജെർമൻ ക്ലബുകളും രംഗത്തു വന്നു.

എന്നാൽ ക്ലബ്ബിനായി തുടർച്ചയായ സീസണുകളിൽ മികച്ച ഫോമിൽ കളിക്കുകയും ആരാധകരുടെ പ്രിയ താരമായി മാറുകയും ചെയ്ത കോസ്റ്റയെ വിട്ടു നൽകാൻ സ്പാർട്ട പ്രാഹ തയ്യാറായില്ല.കോസ്റ്റയുമായുള്ള കരാർ സ്പാർട്ട പ്രാഹ വീണ്ടും പുതുക്കി.

തുടർന്നു 2016-2017 സീസണിൽ ഫോർച്യുന ലീഗയിൽ 16 മത്സരങ്ങൾ കോസ്റ്റ കളിച്ചു.ആ സീസണിൽ ചെക്ക് റിപ്പബ്ലിക്കൻ ഇതിഹാസം തോമസ് റോസിക്കിയോടൊപ്പം സ്പാർട്ട പ്രാഹയിൽ കളിക്കാനും കോസ്റ്റക്കു കഴിഞ്ഞു.

2017-2018 സീസണിലും 16 മത്സരങ്ങളിൽ ആണ് ഫോർച്യൂന ലീഗയിൽ കോസ്റ്റ സ്പാർട്ട പ്രാഹക്കായി കളിക്കാനിറങ്ങിയത്.

2018-2019 സീസണിൽ ഫോർച്യുന ലിഗ, ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പടെ 28 മത്സരങ്ങളിൽ സ്പാർട്ട പ്രാഹ ജേഴ്സി അണിഞ്ഞ കോസ്റ്റ 2 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

കോസ്റ്റയെ പരിക്കു വേട്ടയാടിയ 2019-2020 സീസണിൽ പരിശീലകൻ വാക്ലാവ് ജിലെകിനു കീഴിൽ ഫോർച്യൂന ലിഗയിലും ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് മത്സരങ്ങളിലുമായി 9 മത്സരങ്ങളിൽ ആണ് താരം കളത്തിലിറങ്ങിയത്.സ്പാർട്ട പ്രാഹക്കായി ഫോർച്യൂന ലീഗയിൽ ഒരു ഗോൾ ആണ് കഴിഞ്ഞ സീസണിൽ കോസ്റ്റ നേടിയത്.

കഴിഞ്ഞ സീസണിൽ 2 യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിലും ക്ലബ്ബിനായി കളത്തിലിറങ്ങിയ കോസ്റ്റ ടർക്കിഷ് ടോപ് ഡിവിഷൻ ക്ലബ്ബ് ആയ ട്രബ്സോൻസ്പോറിനെതിരെ ഗോൾ നേടിയും പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചും സ്പാർട്ട പ്രാഹക്കു 2020-2021 സീസണിലെ യൂറോപ്പ ലീഗിനു യോഗ്യത നേടിക്കൊടുക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.

തൊട്ടു മുമ്പത്തെ സീസണിൽ ക്ലബിന്റെ ആക്ടിങ് ക്യാപ്റ്റൻ ആയിരുന്ന കോസ്റ്റക്കു കഴിഞ്ഞ സീസണിൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനം നൽകാനും പരിശീലകൻ വാക്ലാവ് ജിലെക് തയ്യാറായി.

2019-2020 സീസണിൽ സ്പാർട്ട പ്രാഹ ജേഴ്സിയിൽ ഒരു ചെക്ക് കപ്പ്‌ കിരീടം നേടാനും കോസ്റ്റക്കു കഴിഞ്ഞു.

7 സീസണുകളിൽ ആയി ഫോർച്യുന ലീഗയിൽ മാത്രം 146 മത്സരങ്ങൾ കളിച്ച കോസ്റ്റ 9 ഗോളുകളും തന്റെ പേരിൽ കുറിച്ചു.

സ്പാർട്ട പ്രാഹയിൽ എത്തി ആദ്യം സീസൺ മുതൽ കഴിഞ്ഞ സീസൺ വരെയും ക്ലബ്ബിനായി യൂറോപ്യൻ കോമ്പറ്റിഷനുകളിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു കോസ്റ്റ.യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പടെ 40 മത്സരങ്ങൾ യൂറോപ്യൻ കോമ്പറ്റിഷനിൽ മാത്രം സ്പാർട്ട പ്രാഹക്കായി കളിച്ചിട്ടുള്ള താരമാണ് കോസ്റ്റ.5 ഗോളുകളും യൂറോപ്യൻ കോമ്പറ്റിഷനിൽ കോസ്റ്റ സ്വന്തമാക്കിയിട്ടുണ്ട്.

സ്പാർട്ട പ്രാഹക്കായി 7 വർഷത്തെ കരിയറിൽ ഒരു ലീഗ് കിരീടവും ഒരു ചെക്ക് സൂപ്പർ കപ്പ് കിരീടവും 2 ചെക്ക് കപ്പ് കിരീടങ്ങളും ഉൾപ്പെടെ 4 കിരീടങ്ങൾ ആണ് കോസ്റ്റ നേടിയത്.7 സീസണുകളിൽ ആയി 10 വിവിധ പരിശീലകരുടെ കീഴിൽ കളിച്ച കോസ്റ്റ അവർക്കായി മൊത്തത്തിൽ 203 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

മദ്ധ്യ യൂറോപ്പിലെ ഏറ്റവും കൂടുതൽ വിജയ ചരിത്രമുള്ള ക്ലബ്ബ് ആയ സ്പാർട്ട പ്രാഹക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമെന്ന റെക്കോർഡും ഇതോടെ കോസ്റ്റ നേടി. ക്ലബ്ബിനായി ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞ ആദ്യ ആഫ്രിക്കൻ താരവും കോസ്റ്റ തന്നെയായിരുന്നു.

2016-ൽ സ്പാർട്ട പ്രാഹയെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽസിൽ എത്തിക്കാൻ കഴിഞ്ഞതു കോസ്റ്റയുടെ കരിയറിലെ പൊൻതൂവൽ ആയി വിലയിരുത്തപ്പെടുന്നു.2016 സീസണിലെ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബ് ആയ സതാംപ്ടനെതിരെ കോസ്റ്റ നേടിയ വിജയ ഗോളും വിസ്മരിക്കാനാവില്ല.

ക്ലബ്ബിൽ കോസ്റ്റ 200 മൽസരങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ ജേഴ്സിയുടെ പിറകിൽ 200 എന്നു പ്രിന്റ് ചെയ്ത സ്പെഷ്യൽ മെമെന്റോ ജേഴ്‌സി നൽകി താരത്തെ ആദരിക്കാനും അവർ മറന്നില്ല.

സ്പാർട്ട പ്രാഹയുടെ ഇതിഹാസം എന്ന വിശേഷണം നൽകിയാണ് ക്ലബ്ബിൽ കോസ്റ്റയുടെ സഹതാരവും നിലവിൽ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറും ചെക് റിപ്പബ്ലിക്കൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ തോമസ് റോസിക്കി അദ്ദേഹത്തെ ആദരിച്ചത്.

കോസ്റ്റ ക്ലബ്ബിനായി 200 മത്സരങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ സ്പാർട്ട പ്രാഹ തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൌണ്ടിൽ ഇങ്ങനെ എഴുതി :

“200 matches for sparta. The man , the legend… COSTA !!!

സ്പാർട്ട പ്രാഹ ആരാധകരുടെ പ്രിയ താരമായിരുന്നു കോസ്റ്റ.ക്ലബിന്റെ 125ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ക്ലബിന്റെ ഇതിഹാസ താരങ്ങളുടെ സ്പെഷ്യൽ ബ്ലാക്ക് റെട്രോ ജേഴ്സികൾ ലേലത്തിനു വെച്ചപ്പോൾ കോസ്റ്റയുടെ 26ആം നമ്പർ ജേഴ്‌സി 300 യൂഎസ് ഡോളർ ആണ് നേടിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച മൂന്നാമത്തെ ജേഴ്‌സി കോസ്റ്റയുടേതായിരുന്നു.

തന്റെ ക്ലബ്ബ് ഫുട്ബോൾ കരിയറിൽ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും നിരവധി തവണ വംശീയമായ അധിക്ഷേപത്തിനു കോസ്റ്റ ഇരയായിട്ടുണ്ട്.പക്ഷെ എല്ലാത്തിനോടും സമചിത്തതയോടെ പെരുമാറുന്ന വ്യക്തിത്വമാണ് കോസ്റ്റയുടേത്.വംശീയ അധിക്ഷേപം നേരിടുന്ന താരങ്ങൾക്കു പിന്തുണയർപ്പിച്ചു പല മൂവ്മെന്റ്സിലും കോസ്റ്റ പങ്കെടുത്തിട്ടുണ്ട്.

സിംബാബ്‌വെ ദേശീയ ടീമിനായി ആഫ്രിക്കൻ നേഷൻസ് കപ്പിൽ 3 മത്സരങ്ങളും ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ടിൽ 6 മത്സരങ്ങളും കോസ്റ്റ കളിച്ചിട്ടുണ്ട്.

പലതവണ കോസ്റ്റയെ വിവിധ പരിശീലകർ സിംബാബ്‌വെ ദേശീയ ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചെക്ക് ലീഗിലെ തിരക്കിട്ട ഷെഡ്യൂളും യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങളും കാരണം ടീമിനൊപ്പം ചേരാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.തുടർന്നു 2015 സെംപ്റ്റംബറിൽ പരിശീലകൻ കളിസ്തോ പസുവക്കു കീഴിൽ 29ആം വയസ്സിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ടിൽ മലാവിക്കെതിരെയായിരുന്നു കോസ്റ്റയുടെ ദേശീയ ടീം ജേഴ്‌സിയിലെ അരങ്ങേറ്റം.
2016 മാർച്ചിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തിൽ സ്വാസിലാൻഡിനെതിരെ കോസ്റ്റ സിംബാബ്‌വെക്കായി തന്റെ ആദ്യ ഗോൾ നേടി.
2017ൽ ടുണീഷ്യക്കെതിരെയായിരുന്നു കോസ്റ്റയുടെ സിംബാബ്‌വെ ദേശീയ ടീം ജേർസിയിലെ അവസാന മത്സരം.2018 മാർച്ചിൽ സാമ്പിയയിൽ ഒരു മത്സരത്തിനായി കോസ്റ്റയെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും കൃത്യ സമയത്തു ക്യാമ്പിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ കോസ്റ്റ ആ യാത്ര ഉപേക്ഷിച്ചു. തുടർന്നു 2019-ൽ ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ടീമിൽ കോസ്റ്റയെ ഉൾപ്പെടുത്തിയെങ്കിലും ഷോൾഡർ ഇഞ്ചുറിയെത്തുടർന്നു ടീമിനൊപ്പം ചേരാൻ കോസ്റ്റയ്ക്കു കഴിഞ്ഞിരുന്നില്ല.

പിന്നീട് അപ്രതീക്ഷിതമായി ഒരു ദിവസം കോസ്റ്റ സിംബാബ്‌വെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.

 

 

എന്താണ് കോസ്റ്റയുടെ പ്രത്യേകതകൾ ???

 

 

റോക്ക് സോളിഡ് & ബ്രേവ് ഡിഫെൻഡർ,കോസ്റ്റയെ ഒറ്റവാക്കിൽ അങ്ങനെ പറയാം.എതിർ ടീം താരങ്ങൾ പന്തുമായി തന്നെ മറികടന്നു പോകുന്നത് ഒട്ടും ദഹിക്കാത്ത പ്രകൃതം.യൂറോപ്പിലെ ടോപ് ലീഗുകളിൽ 12 വർഷത്തെ പരിചയസമ്പത്തുള്ള മികച്ച സ്റ്റാമിനയുള്ള ഡിഫെൻഡർ ആണ് കോസ്റ്റ.6 അടി 2 ഇഞ്ച് ഉയരമുള്ള കോസ്റ്റ നാച്ചുറൽ സ്ട്രെങ്ത് ഉള്ള പ്ലയെർ ആണ്.മികച്ച ശാരീരിക ക്ഷമതയും ഡിഫെൻഡിങ്‌ എബിലിറ്റിയും കോസ്റ്റയ്ക്കുണ്ട്.പവർഫുൾ ഹെഡ്ഡറുകൾ ഉതിർക്കാൻ കഴിവുള്ള കോസ്റ്റയുടെ സാന്നിദ്ധ്യം സെറ്റ്പീസുകളിൽ ടീമിനു മുതൽക്കൂട്ടാകുംടൈറ്റ് മാൻ മാർക്കിങ്ങിലും മികവു പ്രകടിപ്പിക്കുന്ന കോസ്റ്റയുടെ ജംപിങ് റീച്ചും മികച്ചതാണ്.സ്ലൈഡിങ് ടാക്കിൾസിലും സ്റ്റാൻഡിങ് ടാക്കിൾസിലും ഇന്റർസെപ്ഷൻസിലും മികച്ചു നിൽക്കുന്ന കോസ്റ്റ ബോക്സിനുള്ളിൽ ലോങ്ങ്‌ ത്രോ നൽകുന്നതിലും മിടുക്കൻ ആണ്.അഗ്ഗ്രെസ്സീവ് പ്ലയെർ ആയ കോസ്റ്റയുടെ ഉയരം അദ്ദേഹത്തിനു ഏരിയൽ ബോളിലും ഹെഡ്ഡറുകളിലും വലിയ അഡ്വാൻറ്റേജ് നൽകുന്നുണ്ട്.മികച്ച വർക്ക്‌റേറ്റുള്ള താരമായ കോസ്റ്റയുടെ പൊസിഷനിങും മോശമല്ല.അത്യാവശ്യം ഡ്രിബ്ലിങ് സ്കിൽസുള്ള കോസ്റ്റ മിന്നൽ വേഗത്തിൽ കുതിക്കാൻ കഴിവുള്ള പ്ലെയർ ആണ്.ഏരിയൽ ഡ്യുവൽസിലും മികവു പ്രകടിപ്പിക്കുന്ന കോസ്റ്റയുടെ ബാലൻസും മികച്ചതാണ്.എല്ലാത്തിലും ഉപരിയായി കോസ്റ്റ ഒരു ടീം പ്ലയെർ ആണ്.സ്പാർട്ട പ്രാഹയെ പല മത്സരങ്ങളിലും നയിച്ചിട്ടുള്ള കോസ്റ്റ ലീഡർഷിപ്പ് ക്വാളിറ്റിയുള്ള താരം കൂടിയാണ്.കഠിനാദ്ധ്വാനിയായ കോസ്റ്റ കളിക്കളത്തിലെ തികഞ്ഞ പോരാളിയാണ്.

സ്പാർട്ട പ്രാഹയിലെ അവസാന 2 സീസണുകളിൽ ചെറിയ പരിക്കുകൾ കോസ്റ്റയെ വേട്ടയാടിയിരുന്നു.ടഫ് ടാക്കിളുകൾക്കു പേരുകേട്ട താരമാണ് കോസ്റ്റ.എന്നാൽ ചെക്ക് റിപ്പബ്ലിക്ക് ടോപ് ഡിവിഷൻ ലീഗ് ആയ ഫോർച്യൂന ലീഗയിൽ ഒരു തവണയും പോളിഷ് ടോപ് ഡിവിഷൻ ലീഗ് ആയ എക്സ്ട്രാക്ലാസയിൽ ഒരു തവണയും ഉൾപ്പടെ 325 മത്സരങ്ങൾ നീണ്ട കരിയറിൽ 2 ഡയറക്റ്റ് റെഡ് കാർഡുകളും 4 ഇൻഡയറക്റ്റ് റെഡ് കാർഡുകളും മാത്രം ആണ് കോസ്റ്റ വഴങ്ങിയിട്ടുള്ളത്.

ഇന്ത്യയിലെ കാലാവസ്ഥയോടും മത്സര സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് കോസ്റ്റക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

തന്റെ മകന്റെ ഓരോ നേട്ടത്തിലും അഭിമാനിക്കുന്ന ഒരു അമ്മയുടെ പ്രാർത്ഥനകളും കോസ്റ്റക്കു ഒപ്പമുണ്ട്.

താൻ പരിക്കുകളിൽ നിന്നും പൂർണ്ണമായും മോചനം നേടിയെന്നും കളിക്കളത്തിൽ ഇനിയുമേറെ നൽകാൻ തനിക്കു കഴിയുമെന്നും കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോസ്റ്റ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തിയിരുന്നു.ഈ കോവിഡ് പ്രതിസന്ധി കാലത്തും കഠിന പരിശീലനത്തിൽ ആണ് കോസ്റ്റ.

സ്പെയിനിലെ ബാർസലോണയിലെ ലോക പ്രശസ്തമായ യൊഹാൻ ക്രൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്പോർട്സ് മാനേജ്‌മെന്റിൽ കോസ്റ്റ മാസ്റ്റർ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.

സ്പോർട്സ് അക്കാഡമിയും സ്പോർട്സ് ഏജൻസികളുമായി ബന്ധപ്പെടുത്തി ഒരു ബിസിനസ്സ് പ്ലാനും കോസ്റ്റ രൂപപ്പെടുത്തിയിട്ടുണ്ട്.കളിയിൽ നിന്നും വിരമിച്ചതിനു ശേഷം ആഫ്രിക്കയിലെയും സിംബാബ്‌വെയിലെയും കുരുന്നു പ്രതിഭകളെയും യുവ പ്രതിഭകളെയും കണ്ടെത്തി മികച്ച പരിശീലനം നൽകുകയും അവർക്കു പരമാവധി അവസരങ്ങൾ നൽകുകയുമാണ് കോസ്റ്റയുടെ ലക്ഷ്യം.

ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് കോസ്റ്റ.ഇതിനോടകം തന്നെ താൻ ജനിച്ചു വളർന്ന ഗ്രാമത്തിലും പുറത്തും നിരവധി സഹായങ്ങൾ ഈ മനുഷ്യ സ്നേഹി ചെയ്തു കഴിഞ്ഞു.

കോസ്റ്റയുടെ കാലഘട്ടത്തിൽ 2011 സീസണിൽ പോളിഷ് ക്ലബ്ബ് ആയ സഗ്ലെബീ ലുബിനിൽ ടീമിന്റെ സഹ പരിശീലകൻ ആയിരുന്ന ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബുവിനു അദ്ദേഹത്തിന്റെ ടാലന്റ് തീർച്ചയായും അറിയാം. അതു തന്നെയാണ് കോസ്റ്റ ബ്ലാസ്റ്റേഴ്സിൽ എത്താൻ കാരണമായതെന്നും വിശ്വസിക്കുന്നു.

യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ ഉൾപ്പടെ നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കോസ്റ്റയുടെ പ്രതിഭയിൽ ആർക്കും തർക്കമുണ്ടാവില്ല.

ലെഫ്റ്റ്ബാക്ക് പൊസിഷനിലും സെന്റർബാക്ക് പൊസിഷനിലുമായി നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാശാലിയാണ് കോസ്റ്റ.

പരിക്കുകൾ വേട്ടയാടിയില്ലെങ്കിൽ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വന്മതിൽ ആകാൻ ശേഷിയുള്ള താരം ആണ് കോസ്റ്റ.

 

ഇനി തെളിയിക്കേണ്ടത് കാലമാണ്.

 

13 വർഷത്തോളം യൂറോപ്പിലെ ടോപ്ഫ്ലൈറ്റ് മത്സരങ്ങളിൽ നിറസാന്നിദ്ധ്യം ആയിരുന്ന കോസ്റ്റക്കു വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യൻ കിബു വികുനക്കു കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

Facebook Comments

error: Content is protected !!