കലൂർ സ്റ്റേഡിയം – മറീന അറീന ചെന്നൈ

Manjappada to Chennai
  • March 11, 2018
  • manjappada
  • Fans Blog
  • 0
  • 3938 Views
ഡിസംബർ 21
പതിവിന് വിപരീതമായി അൻപതിൽ പരം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ രാത്രി എട്ട് മണിക്ക് സ്റ്റേഡിയം റൗണ്ടിൽ കണ്ടപ്പോൾ രാത്രി നടക്കാൻ ഇറങ്ങിയവരുടെയും, ഓഫീസ് കഴിഞ്ഞു പോവുന്നവരുടെയും മുഖത്തു ഒരു ആശ്ചര്യ ചിഹ്നം! കളി നാളെ ചെന്നൈയിൽ അല്ലെ, ഇവന്മാർ എന്തിനാ ഈ രാത്രി ഇവിടെ വന്നു നിൽക്കുന്നേ!! ചിലർ കാര്യം തിരക്കി തലയാട്ടി നടന്നു പോയി, ചിലർ ഒരു ഓൾ ദി ബെസ്റ്റ് പാസ്സാക്കി മടങ്ങി. ഒരു ഒൻപത് മണിയായപ്പോൾ മഞ്ഞപ്പട ബുക്ക് ചെയ്തിരുന്ന ബസ്സ് എത്തി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബാനറും, ഫ്ലാഗും എല്ലാം ബസ്സിൽ കയറ്റി ഡ്രൈവർ സുരേഷേട്ടനോട് വണ്ടി നേരെ ചെന്നൈയിലേക്ക് വെച്ചു പിടിക്കാൻ പറഞ്ഞു.
ബസ്സിൽ കേറിയ ഉടൻ ചിലർ ഉറക്കത്തിലേക്ക് നീങ്ങിയപ്പോഴും, ഭൂരിഭാഗം പേരും നാളത്തെ മത്സരത്തിന്റെ ചർച്ചയിലേക്ക് നീങ്ങി. ഇടക്ക് ചർച്ച 15ന് കഴിഞ്ഞ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലേക്ക് നീങ്ങി. വിനീതേട്ടൻ നേടിയ 24ആം മിനിറ്റിലെ ഗോൾ, രഹനേശിന്റെ റെഡ് കാർഡ് വരെ ചർച്ചയായി. സീസണിലെ ആദ്യ വിജയമായിരുന്നു അത്. അതും നമ്മുടെ സ്റ്റേഡിയത്തിൽ!
ചർച്ച ഒന്നുകൂടി ഉഷാറാവാൻ മഞ്ഞപ്പട പേജിൽ ഒരു ഫേസ്ബുക്ക് ലൈവ് അങ്ങു പോയി. പിന്നെ പറയാൻ ഉണ്ടോ, ബസ്സിൽ ചാന്റുകൾ പാടാൻ തുടങ്ങി, ഇടയിൽ ചിലർ ചെന്നൈക്കിട്ടു രണ്ടു കൊടുക്കുന്ന പോലെ ഉള്ള ചാന്റും പാടി. അങ്ങനെ പാലക്കാട് എത്തി നമ്മുടെ മലപ്പുറം വിങ്ങിൽ ഉള്ള പിള്ളേരേയും, തൃശ്ശൂർ വിങ്ങിലെ പിള്ളേരേയും അവിടെന്നു എടുത്തു. കുറച്ചു നേരം അവിടെ ഹൈവേയിൽ ബസ് നിർത്തി ഇട്ടു, ചിലർ വെള്ളം കുടിക്കാനും സെൽഫി എടുക്കാനും നീങ്ങിയപ്പോൾ, ചിലർ റോഡിൽ ചാന്റ് പാടി ചെന്നൈ യാത്രക്ക് തുടക്കം കുറിച്ചു.
വീണ്ടും മറീന അറീന ലക്ഷ്യം വെച്ചു മഞ്ഞപ്പടയുടെ ബസ് യാത്ര തുടർന്നു. നേരിട്ടു കാണാതെ വാട്സാപ്പ് വഴി മാത്രം പരിചയമുണ്ടായിരുന്ന ചിലരെ നേരിട്ടു കാണുകയും ചെയ്തപ്പോൾ ബസ് വീണ്ടും ഉണർന്നു. വീണ്ടും ചാന്റുകളും, സംസാരങ്ങളുമായി ബസ് കേരളാ അതിർത്തി കടന്നു. ചെക്ക്പോസ്റ് കടന്ന ഉടൻ ബസ്സിന്റെ പിറകിലെ സീറ്റിൽ നിന്ന് ഒരുത്തന്റെ കമെന്റ് ‘ചെന്നൈ ഫാൻസിന്റെ ശ്രെദ്ധയ്ക്ക്, നിങ്ങളുടെ വീട് കൊച്ചിയാക്കാൻ മഞ്ഞപ്പട ഇതാ എത്തി’. യാത്ര ചെയ്തു അവിടെ എത്തി ടീമിനെ സപ്പോർട്ട് ചെയ്യേണ്ടത് കൊണ്ട് എല്ലാവരും പിന്നെ ഉറക്കത്തിലേക്ക് തിരിഞ്ഞു.
ഡിസംബർ 22 രാവിലെ
ഉറക്കമുണർന്ന എല്ലാവരും ഒരേ ചോദ്യം ചെന്നൈ എത്തിയോ എന്ന്, എല്ലാവർക്കും സുരേഷേട്ടന്റെ ഒരേ ഉത്തരം ‘ഇനിയും ഉണ്ട് മക്കളെ’ വീണ്ടും ഒരു ഉറക്കത്തിലേക്ക് എല്ലാവരും   പോവുന്നതിനു മുൻപ് ഭക്ഷണം കഴിക്കാൻ വണ്ടി ഒരു ഹോട്ടലിൽ നിർത്തി. പെട്ടെന്ന് ഭക്ഷണം കഴിച്ചു എല്ലാവരും പുറത്തെത്തി, മൊബൈൽ എടുത്തു സെൽഫികളും ഗ്രൂപ്പ് ഫോട്ടോ പിടുത്തവും തുടങ്ങി. എല്ലാം അപ്പോൾ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു കൂടെ ഒരു ഹാഷ്ടാഗ് #AwayDays!
വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ കണ്ടുവരാത്ത ഒരു ഫുട്ബോൾ പാരമ്പര്യമാണ് എതിർ ടീമിന്റെ സ്റ്റേഡിയത്തിലേക്ക് സ്വന്തം ടീമിനെ എല്ലാവിധ പിന്തുണയും നൽകാൻ യാത്ര പോവുന്നത്. അതിന് ഒരു മാറ്റമായിരുന്നു 2016ലെ മഞ്ഞപ്പടയുടെ ചെന്നൈ യാത്ര, ഒരു വെല്ലുവിളിയുടെ ഹരം ഏറ്റു പിടിച്ചു രണ്ടായിരത്തിൽപരം ബ്ലാസ്റ്റേഴ്‌സ് ആരാധകരായിരുന്നു അന്ന് മറീന പിടിച്ചടക്കിയത്! അതിന്റെ തുടർച്ച എന്നതുപോലെ ഈ കൊല്ലവും അത് തുടർന്ന്, കൂടുതൽ ശക്തിയോടെ. യൂറോപ്പിൽ മാത്രമേ ഇത് നടക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്ന എല്ലാവരും മൂക്കിൽ വിരൽ വെച്ചു, മഞ്ഞപ്പട അങ്ങു കാണിച്ചു കൊടുത്തു, യൂറോപ്പിൽ മാത്രമല്ല വേണമെങ്കിൽ ഇന്ത്യയിലും എവേ ട്രാവൽ ഉണ്ടാകാം എന്ന്.
സമയം 12:30 റോഡിലെ ട്രാഫിക്ക് ഒക്കെ കണ്ടപ്പോൾ ഉറപ്പിച്ചു ‘ ഹാ ചെന്നൈ എത്തി’ എന്ന്. നേരെ മറീന ബീച്ചിലേക്ക് അവിടെ ചെന്നു എല്ലാവരും കൂടി നിന്ന് മഞ്ഞപ്പട എന്ന് എഴുതിയ ബാനർ പിടിച്ചു ഒരു ഗ്രൂപ്പ് ഫോട്ടോ. 10 മിനുട്ട് കഴിഞ്ഞപ്പോൾ ദേ ആ ഫോട്ടോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ. അവിടെ എത്തി കുറേ മഞ്ഞ ജേഴ്‌സി കണ്ടപ്പോൾ കൂട്ടത്തിൽ ഒരാളോട് ഒരു തമിഴ് പയ്യന്റെ ചോദ്യം ‘ചെന്നൈ സൂപ്പർ കിംഗ്‌ ഫാൻസ് അണ്ണാ?’ ചോദ്യം കേട്ട് ചിലർക്ക് ചിരി വന്നു ചിലർക്ക് അരിഷവും! ഒരു വിധത്തിൽ ആ പയ്യനെ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ചു പറഞ്ഞു കൊടുത്തു എല്ലാവരും ബസ്സിൽ കയറി ചെന്നൈ വിങ് റെഡിയാക്കിയ ഹോട്ടലിലേക്ക് യാത്ര തിരിച്ചു.
ഉച്ച ഭക്ഷണവും, മറ്റു കാര്യങ്ങളും കഴിഞ്ഞു ഒരു നാല് മണിയായപ്പോൾ എല്ലാവരും നിശ്ചയിച്ച സ്ഥലത്ത് ഒത്തുകൂടി, ബസ്സിൽ വന്ന  അൻപതിൽ പരം മെമ്പേഴ്‌സും, ചെന്നൈ വിങ്ങിലെ അഞ്ഞൂറിൽ പരം മെമ്പേഴ്‌സും, പിന്നെ കേരളത്തിന്റെ പല ജില്ലകളിൽ നിന്നായി എത്തിയ എല്ലാവരും ഒത്തുകൂടി മറീന അരിനയിലെ ഗേറ്റ് ലക്ഷ്യമാക്കി മാർച്ചു തുടങ്ങി. ചാന്റുകളും, മഞ്ഞ പുകയുമായി ആകെ ഒരു കലൂർ ഫീൽ ചെന്നൈയിൽ. ഗേറ്റിന്റെ മുന്നിൽ മറ്റുള്ളവരെ കാത്തു നിൽക്കുമ്പോൾ ദേ വരുന്നു ചെന്നൈയിൻ ഫ്‌ സിയുടെ ഫാൻസ്. വരവിൽ തന്നെ ഞങ്ങളെ കണ്ടപ്പോൾ ബ്ലാസ്റ്റേഴ്സിനെയും, മഞ്ഞപ്പടയേയും കളിയാക്കിയുള്ള പാട്ടുകൾ തുടങ്ങി. അല്പനേരം മിണ്ടാതെ ഇരുന്ന മഞ്ഞപ്പട അംഗങ്ങൾ പെട്ടന്നു കൈ ഉയർത്തി ക്ലാപ് ചെയാൻ തുടങ്ങി ‘വീട്ടിൽ വരുന്നവരെ ഇങ്ങനെയാണല്ലേ സ്വീകരിക്കുക നന്നായി മക്കളെ’ എന്നുള്ള രീതിയിൽ കയ്യടിച്ചു. മിനുറ്റുകൾക്കകം ചെന്നൈയിൻ ഫാൻസ് അവരുടെ പാട്ടുകൾ നിർത്തി സോറി എന്ന രീതിയിൽ എല്ലാവർക്കും ഹസ്തദാനം നൽകി, മഞ്ഞപ്പട തിരിച്ചും. അവിടെയാണ് മഞ്ഞപ്പടയ്ക്ക് എന്തു കൊണ്ട് ഈ രാജ്യത്തെ മികച്ച ഫാൻ ക്ലബ്ബിനുള്ള പുരസ്കാരം നൽകാൻ ഉള്ള കാരണങ്ങളിൽ ഒന്ന് കാണാൻ കഴിഞ്ഞത്.
ശേഷം ഗാലറിയിൽ….
കളി തുടങ്ങാൻ ഇനിയും ഒരു മണിക്കൂർ ഉണ്ട് മഞ്ഞപ്പട ഇരിക്കുന്ന ഭാഗം മാത്രം മുഴുവൻ കസേരകളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. എല്ലാവരും ചാന്റുകളിലും ബാനർ കെട്ടുന്നതിന്റെയും തിരക്കിൽ. ചിലർ എല്ലാ ചാന്റുകളും അവിടെ കൂടിയവരെ പഠിപ്പിക്കുന്നു. ചെന്നൈ പോലീസിന്റെ ‘സഹായം’ കൊണ്ട് സ്റ്റേഡിയം ഉള്ളിലേക്ക് ഫ്ലാഗിന്റെ പ്ലാസ്റ്റിക്‌ പൈപ്പുകൾ കയറ്റുവാൻ അനുവാദം കിട്ടിയില്ല. എന്നിരുന്നാലും എല്ലാവരും ഫ്ലാഗ് സ്വന്തം കൈയിലും, കഴുത്തിലും കെട്ടി ഇട്ടു.
സമയം എട്ടു മണി കളി തുടങ്ങി, ഒപ്പം ഗാലറിയും. മഞ്ഞപ്പടയ്ക്കായിരുന്നു ഗാലറിയിൽ മുൻതൂക്കം, അൾബലത്തിലും, ടീമിനെ ഉത്തേജിപ്പിക്കുന്നതിലും. 43ആം മിനിറ്റിൽ റിനോ ആന്റൊയ്ക്കു പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാക്കി, പകരമിറങ്ങിയ ഷാധാപ് നല്ല കളി പുറത്തു എടുത്തപ്പോൾ വീണ്ടും ഊർജം!!
ആദ്യ പകുതിയിൽ രണ്ടു ടീമുകളും കാര്യമായ നേട്ടങ്ങൾ ഉണ്ടാകാത്തത് കൊണ്ട് ഫാൻസും തുല്യനീതി പാലിച്ചു.
രണ്ടാം പകുതിയിൽ കളിയുടെ മികവിന് കോട്ടം തട്ടുന്നത് പോലെ റെഫറിയുടെ പെനാൽറ്റി വിധി, അതും ബ്ലാസ്റ്റേഴ്‌സിന് എതിരായി. ഒരു നിമിഷം നിശബ്ദതമായ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്, പെട്ടെന്ന് റച്ചുബ്ക്കയുടെ പേര് മറീന അറീനയിൽ മുഴങ്ങി! പക്ഷെ റച്ചുബ്ക്കയെ മറികടന്നു മിഹെലിക് ഗോൾ നേടി. പിന്നെ കണ്ടത് കലി തുള്ളിയ ബ്ലാസ്റ്റേഴ്സിനായിരുന്നു, 88ആം മിനിട്ടിൽ താൻ കാരണം വഴങ്ങിയ ഗോളിനെ ഒരു മറുപണി കൊടുക്കാതെ പോവില്ല എന്ന വാശിയോടെ സന്ദേശ് ജിങ്കൻ ചെന്നൈയിൻ ബോക്സിൽ, വലതുകാൽ കൊണ്ട് ഗോൾ പോസ്റ്റിന്റെ മുന്നിലേക്ക് ഒരു ചെറിയ പാസ്സ്, നിമിഷ നേരം കൊണ്ട് ഓടിയെത്തിയ വിനീതിനു ഒന്നു കാൽ വെക്കുകയെ വേണ്ടി വന്നുള്ളൂ…. പിന്നെ വിനീത് മഞ്ഞപ്പടയുടെ മുന്നിൽ വന്നു ആ ഗോൾ അങ്ങു ആഘോഷിച്ചു. അസ്ഥാനത്തു കിട്ടിയ ഗോൾ മറക്കാൻ പറ്റാതെ ചെന്നൈ ആരാധകരും, അവസാന നിമിഷം നേടിയ സമനില ഗോൾ ആഘോഷിച്ചു ബ്ലാസ്റ്റേഴ്‌സ് ആരാധകരും!!
ചാന്റുകളും ആഘോഷവുമായി പുറത്തു ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നേരിടണം എന്ന് മുൻകൂട്ടി കരുതിയ പോലെ പുറത്തു ചെന്നൈ ആരാധകർ. ആദ്യമാദ്യം അസഭ്യമായിരുന്നത് പിന്നെ കല്ലെറിലും, ഉന്തുംതള്ളിലും തീർന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആൾബലത്തിൽ കൂടുതൽ ആയതുകൊണ്ടാണ് തോന്നുന്നു, അനിഷ്ടസംഭവങ്ങൾ ഉണ്ടാകാൻ വന്നവർ നിമിഷ നേരം കൊണ്ട് സ്ഥലം വിട്ടു.
മഞ്ഞപ്പട തിരിച്ചു ഹോട്ടലിലേക്ക് നല്ല പോലെ ആഘോഷിച്ചു പോവുക തന്നെ ചെയ്തു.
തിരിച്ചു എറണാകുളത്തേക്ക് മടങ്ങുമ്പോൾ ഒന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളു, ഇനി എന്ന്? മഞ്ഞപ്പടയുടെ കൂടെ ഇതുപോലെ ഒരു യാത്ര, ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോൾ മത്സരം മറ്റു സ്റ്റേഡിയത്തിൽ പോയി ആഘോഷിക്കുക,
 ഒരു ഒന്നൊന്നര യാത്ര തന്നെയായിരുന്നു!
ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രകളുടെ കൂടെ ഈ യാത്രയും ചേർക്കാം, ഈ യാത്ര മാത്രമല്ല, മഞ്ഞപ്പട കൂടെ ഉള്ള ഒരോ യാത്രയും…
Blog By : Ali Salman ( Manjappada Malappuram )

Facebook Comments