കപ്പടിച്ചില്ല… ആരാധകരുടെ നെഞ്ചത്തടിച്ച് ബ്ലാസ്റ്റേർസ്

  • March 2, 2018
  • manjappada
  • Fans Blog
  • 0
  • 6607 Views

കടം വീട്ടാനും,കലിപ്പടക്കാനും,കപ്പടിക്കാനും നാലാം സീസൺ തുടങ്ങിയ മഞ്ഞക്കുപ്പായക്കാർക്ക് സീസൺ അവസാനിക്കുമ്പോൾ കടം കേറി പുറത്ത് പോകേണ്ടി വന്നു. കളിക്കുന്നത് ഫുട്ബോൾ ആണെന്നും, കളിയിൽ ജയവും,തോൽവിയും,സമനിലകളും കടന്നു വരുമെന്നും ഏതൊരാരാധകനെ പോലെ കണക്കുകൂട്ടി തന്നേയാണ് മഞ്ഞപ്പടയിലെ ഓരോ വ്യക്തിയും കാശ് മുടക്കി യാത്ര ചെയ്ത് കൊച്ചിയും, കൊച്ചിക്ക് പുറമേ ബ്ലാസ്റ്റേർസ് കളിക്കുന്ന ഓരോ മൈതാനവും മഞ്ഞപ്പുതക്കുന്നത്, എന്നാൽ ഈ ആരാധക കൂട്ടം കാണിക്കുന്ന നൂറിൽ ഒരു തരി ആത്മാർത്ഥത ടീം മാനേജ്മെന്റും, താരങ്ങളും കാണിച്ചിരുന്നെങ്കിൽ കലിപ്പടക്കി കപ്പടിക്കാമായിരുന്നു…

പിഴച്ചതെവിടെ..

ആരാധകരുടെ മുറവിളി മാനിച്ച് ജിങ്കനേയും, വിനീതിനേയും നിലനിർത്തിയ മാനേജ്മെന്റ് സീസൺ തുടങ്ങും മുമ്പേ നല്കിയ പ്രതീക്ഷ വളരെ വലുതായിരുന്നു, തുടർന്ന് സിങ്ടോയുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റിലൂടെ കൊണ്ടുവന്ന ഇന്ത്യൻ താരങ്ങളും പേരിൽ പ്രതീക്ഷ നല്കി കാത്തിരിപ്പിന് ആവേശം കൂട്ടി.

എന്നാൽ കഴിഞ്ഞ മൂന്നു സീസണുകൾക്കും വിപരീതമായി റിനേ മ്യുളൻസ്റ്റീൻ പല്ലു കൊഴിഞ്ഞതും, സ്ഥിരത ഇല്ലാത്തതും ടീം ഘടനക്ക് അനുയോജ്യമല്ലാത്തതുമായ വിദേശ താരങ്ങൾക്ക് പിറകേ പോയതോടെ ടീമിന്റെ തകർച്ച തുടങ്ങി.സീസൺ തുടങ്ങുമ്പോൾ പോലും പേരിന് മികച്ചൊരു മധ്യനിര താരത്തിന്റെ അഭാവം ഇന്ന് അവസാന മത്സരത്തിലും വെളിവായി.

ഇടയ്ക്ക് കിസിറ്റോ വന്ന് പ്രതീക്ഷ നല്കിയെങ്കിലും വിധി വില്ലനായി , നായനാക്കി കൊണ്ടുവന്ന പുൾഗയും മാനേജ്മെന്റിന്റെ പിടിപ്പ് കേട് വ്യക്തമാക്കുന്നു. മുഴുവൻ സമയവും അദ്വാനിച്ച് കളിക്കാൻ കഴിവുള്ള താരങ്ങൾക്ക് പുറകേ പോകാതേ, കളി അവസാനിപ്പിച്ച് വീട്ടിൽ ഇരിന്നിരുന്ന ബർബറ്റോവ്, ബ്രൗൺ, റാച്ചുമ്പക്ക തുടങ്ങി താരങ്ങളെ കൊണ്ടുവന്നു റെനേ ആദ്യം ആരാധകരുടെ നെഞ്ചത്ത് അടിച്ചു.

ജയിംസ് എത്തിയതോടെ ടീം ഉണർന്നെങ്കിലും വൈകിപ്പോയിരുന്നു, സിഫ്നിയോസിൻ പകരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഗുഡ്ജോണിനെ പോലൊത്തൊരു താരത്തേ കൊണ്ടു വന്നപ്പോൾ കളിക്കളത്തിൽ വലിയ മാറ്റങ്ങളും,മുന്നേറ്റങ്ങളും കണ്ടു, എന്നാൽ കിസിറ്റോക്ക് പകരം നിലവിൽ ടീമുകളില്ലാത്ത, പരിക്കിൻ പേരുകേട്ട പുൾഗയെ കൂടെ കൊണ്ടുവന്നു മാനേജ്മെന്റ് ആരാധകരുടെ നെഞ്ചത്ത് വീണ്ടും ചവിട്ടി. ചവിട്ടിയാലും വീഴാതെ അടിമകളെ പോലെ മഞ്ഞപ്പട നിവർന്നു നിന്നു, മഞ്ഞ പൂശി, മഞ്ഞ വീശി… തൊണ്ടപ്പൊട്ടി പാടി. കാറ്ററിങിൻ പോയും, വീട്ടിലും,നാട്ടിലും കാലുപ്പിടിച്ച് കടം മേടിച്ചും പൊരി വെയിലത്തും ,കൊടും തണുപ്പിലും അവർ ടീമിന്റെ കൂടെ നിവർന്നു നിന്നു, പക്ഷേ അവർ നിവരുമ്പോൾ അവരെ കുനിക്കുകയായിരുന്നു ബ്ലാസ്റ്റേർസ്, സീസൺ മഞ്ഞപ്പുതക്കാൻ പതിനായിരങ്ങൾ പങ്കുവെച്ച് മേടിച്ച് കുട്ടിയ ബാനറുകളും, കൊടികളും തോളിലേറ്റി അവർ നിങ്ങളുടെ കൂടെ വരുന്നത് നിങ്ങൾ തലക്കുനിക്കുന്നത് കാണാനല്ല, അവരെ പോലെ തല ഉയർത്തി ആഘോഷിക്കുന്നത് കാണാനാണ്. നിങ്ങൾ നല്കുന്ന കാശല്ല അവരുടെ അദ്വാനത്തിന്റെ,
വിയർപ്പിന്റെ കാശാണ് അവർ നിങ്ങൾക്കായി മാറ്റി വെക്കുന്നത്.

പകരം നിങ്ങൾ മുടക്കുന്ന കാശിന് ഇത്തിരി ആത്മാർത്ഥതയും, ആരോഗ്യവും കാണിക്കുന്ന ഹ്യൂമിനേയോ, ജിങ്കനേയോ, ലാലുവിനേയോ…. കിസീറ്റോയേ അല്ലെങ്കിൽ അവസാനം വന്ന ഗുഡ് ജോണിനേയോ പോലൊത്ത ഒരു പിടി താരങ്ങളെ നല്കിയിരുന്നെങ്കിൽ ഇന്ന് ബാംഗ്ലൂരുവിൽ മഞ്ഞപ്പുതച്ച നങ്ങൾക്ക് തല കുനിച്ച് മടങ്ങേണ്ടി വരില്ലാർന്നു…

നങ്ങൾക്കാവശ്യം കഴിഞ്ഞക്കാലങ്ങളിൽ പേരുകേട്ടവരെ അല്ല…. നാളെ നങ്ങളിലൂടെ പേരുകേൾക്കേണ്ടവരെ ആണു… നെഞ്ചിൽ തീയുള്ള കളിച്ച് തെളിയിക്കാൻ ഇനിയും വെമ്പൽ കൊള്ളുന്ന താരങ്ങളെയാണ്… അതിന് കുന്നുകയറി വടക്കൻ മലനിരകൾ താണ്ടേണ്ട… ഇങ്ങ് ഈ കൊച്ചു സംസ്ഥാനത്തിന്റെ ഓരോ കോണിലും കാണും.. കിസിറ്റോയേ പോലെ പ്രതിഭകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മേന്മ ഇല്ലെങ്കിലും കളിക്കുന്ന ടീമിനോട് കൂറു കാണും… അത്തരം താരങ്ങളെയാണ് ഈ ടീമിനാവശ്യം… കാരണം മലയാളികൾ ഫുട്ബോൾ കാണുന്നത് പേരുകൾ കണ്ടിട്ടല്ല… കാൽപ്പന്തിന്റെ സൗന്ദര്യം കണ്ടിട്ടാണ്…

Blog by: ലാസിഫ് ഉമർ

Facebook Comments