ഒരു ‘കട്ട’ ബ്ലാസ്റ്റേഴ്സ് ആരാധകൻ !!!

  • March 16, 2019
  • manjappada
  • Features
  • 0
  • 1616 Views

ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് അഞ്ചാം സീസൺ നിരാശയോടെ കടന്നുപോയെങ്കിലും നാം തീർച്ചയായും പരിചയപ്പെടേണ്ട ഒരു ആരാധകൻ നമ്മുടെ കൂട്ടത്തിലുണ്ട്. മഞ്ഞപ്പട ചെന്നൈ വിങ് മെമ്പർ ആഷിൻ ജോൺ.

ഇനി എന്താണ് ആഷിനെ പരിചയപ്പെടേണ്ട കാര്യം എന്നല്ലേ..?! കാര്യമുണ്ട്, ആരാധന നമുക്കെല്ലാവർക്കുമുള്ളതാണ്. ആരാധന കടുക്കുമ്പോൾ മത്സര ദിവസം നാം കൊടിതോരണങ്ങളുമായി സ്റ്റേഡിയത്തിലേക്ക് ചെല്ലും അതല്ലെങ്കിൽ വീട്ടുകാർക്കൊപ്പമോ കൂട്ടുകാർക്കൊപ്പമോ ടി.വി സ്ക്രീനിനു മുന്നിൽ സ്ഥാനമുറപ്പിക്കും പിന്നെ അവസാന നിമിഷം വരെ നെഞ്ചിടിപ്പാണ്. കളിക്കുന്നത് ബ്ലാസ്റ്റേഴ്സാണെങ്കിൽ പിന്നെ പറയേണ്ടതില്ല നെഞ്ചിടിപ്പിന്റെ വേഗം കൂടും എന്നാൽ ഇതൊന്നുമല്ലാത്തൊരു ആരാധന രീതിയാണ് ചോറ്റാനിക്കര സ്വദേശി ആഷിൻ ജോണിനെ വേറിട്ടുനിർത്തുന്നത്.

ഐ.എസ്.എൽ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനായ ആഷിൻ അന്നു മുതൽ ഇന്നുവരെയുള്ള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ പത്ര കുറിപ്പുകളും ഫോട്ടോകളും സൂക്ഷിച്ച് വച്ചിരിക്കുകയാണ്. കൂടാതെ ആഷിൻ കാണാൻ പോയിട്ടുള്ള മത്സരങ്ങളുടെ ടിക്കറ്റുകൾ ഒരു നിധിപോലെ എടുത്തു വയ്ക്കുക എന്നൊരു ശീലം കൂടെയുണ്ട് ഈ ഫുട്ബോൾ പ്രേമിക്ക്.

എന്നാൽ ഇതിലൊക്കെ രസകരമാണ് ചോറ്റാനിക്കര വീട്ടിലെ ആഷിന്റെ കിടപ്പുമുറി, ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ‘ബ്ലാസ്റ്റേഴ്സ് ഗാലറി’യാണത്. ചുമരുകൾ നിറയെ മഞ്ഞയും നീലയും കലർന്ന ഛായങ്ങൾ, ബ്ലാസ്റ്റേഴ്സ് ഓർമകൾ തുളുമ്പുന്ന ഫോട്ടോ ഫ്രെയിമുകൾ, ജേഴ്സിയും, സ്കാർഫും, ക്യാപ്പും തുടങ്ങി വിവിധ അലങ്കാരപണികൾ എന്തിനേറെ പറയുന്നു ബെഡ്ഷീറ്റു മുതൽ ക്ലോക്കിലും സീലിംഗ് ഫാനുലുംവരെയുണ്ട് ബ്ലാസ്റ്റേഴ്സ് ടച്ച്.

ആഷിൻ ജോണിന്റെ ഓരോ ദിനവും ആരംഭിക്കുന്നത് ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെയും കലൂർ സ്റ്റേഡിയത്തിന്റെയും ഇരമ്പലിലൂടെയാണ് അത്രമേൽ ബ്ലാസ്റ്റേഴ്സിനെ ആരാധിക്കുന്ന ആഷിൻ ഒരു മികച്ച ചിത്രകാരൻ കൂടെയാണ്. ബ്ലാസ്റ്റേഴ്സ് യുവതാരം കണ്ണൂർ സ്വദേശി സഹൽ അബ്ദുൾ സമദിന്റെ ചിത്രം വരഞ്ഞ് അത് സഹലിനു സമ്മാനിച്ച ദിവസം തന്നെ സഹൽ ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യ ഗോൾ നേടിയ സന്തോഷത്തിലാണ് ആഷിനിപ്പോൾ.

അച്ഛനും അമ്മയും ജേഷ്ഠനുമടക്കുന്നതാണ് ആഷിൻന്റെ കുടുംബം. നിലവിൽ ചെന്നൈയിൽ ആനിമേഷൻ വിദ്യാർത്ഥിയായ ആഷിൻ ചെന്നൈ മഞ്ഞപ്പട എഫ്.സി താരവും കൂടെയാണ്.

  • ശരത് കുയ്യാറ്റിൽ

Facebook Comments